Image for representation
മീനങ്ങാടി: വിദ്യാർഥികളുമായി വിനോദയാത്ര പോയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് സ്കൂളിൽ പ്രതിഷേധം. പിടിഎ പ്രസിഡന്‍റ് എസ്. ഹാജിസും മദ്യപിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പിടിഎ പ്രസിഡന്‍റിനെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് സംഭവം വിവാദമായത്.
വിനോദയാത്രയ്ക്കു ശേഷം രാവിലെ സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി. വയനാട് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർക്കാണ് അന്വേഷണച്ചുമതല. വിനോദയാത്രയ്ക്കിടെ നടന്ന സംഭവങ്ങൾ വിശദമായി പരിശോധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
വിദ്യാർഥികളുടെ സുരക്ഷയും അധ്യാപകരുടെ ഉത്തരവാദിത്വവും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് രക്ഷിതാക്കളുടെയും പ്രതിഷേധക്കാരുടെയും ആവശ്യം.
Tags : Police Principal Alcohol Allegation Students Excursion