അഭിജിത് ഗോവിന്ദറാവു വഞ്ചാരി
നാഗ്പുർ: മഹാരാഷ്ട്ര നിയമനിർമാണ കൗൺസിലിലെ (എംഎൽസി) നാഗ്പുർ ഡിവിഷൻ ബിരുദധാരികളുടെ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിജിത് ഗോവിന്ദറാവു വഞ്ചാരിക്ക് തുടർച്ചയായ രണ്ടാം ജയം. ആർഎസ്എസിന്റെ ആസ്ഥാനവും ബിജെപി സംസ്ഥാന നേതാക്കളുടെ ശക്തമായ കോട്ടയുമായ നാഗ്പുരിൽ ബിജെപിയുടെ സുധാകർ കോഹ്ലെയെ 3,271 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വഞ്ചാരി പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും ജന്മനാടും നിതിൻ ഗഡ്കരിയുടെയും ലോക്സഭാ മണ്ഡലവുമാണ് നാഗ്പുർ. ബിജെപിക്കും ആർഎസ്എസിനും വലിയ രാഷ്ട്രീയസ്വാധീനമുള്ള ഇവിടെ നേടിയ വിജയം കോൺഗ്രസിന് വൻ രാഷ്ട്രീയനേട്ടമായി വിലയിരുത്തപ്പെടുന്നു. മഹാ വികാസ് അഘാഡി (എംവിഎ) മുന്നണിയുടെ പിന്തുണയോടെയാണ് വഞ്ചാരി മത്സരിച്ചത്.
കർണാടക, ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ നാലു സംസ്ഥാനങ്ങളിലായി നടന്ന 28 എംഎൽസി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഏക ജയമാണിത്. കർണാടകയിൽ ഭരണത്തിലായിരുന്നിട്ടും നാലു സീറ്റുകളിലും തിരിച്ചടി നേരിട്ട കോൺഗ്രസിന് നാഗ്പുരിലെ ജയം വലിയ ആശ്വാസമായി.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് എംഎൽസി സീറ്റുകളിൽ മൂന്നെണ്ണത്തിൽ പ്രതിപക്ഷസഖ്യമായ എംവിഎ മുന്നണിയും ഒരെണ്ണത്തിൽ വീതം ബിജെപിയും ശിവസേനയും വിജയിച്ചു. 2020ലും ഈ മണ്ഡലത്തിൽനിന്നു വിജയിച്ച അഭിജിത് വഞ്ചാരി ജനകീയനായ അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമാണ്.
Tags : Congress election Maharashtra BJP Nagpur