പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഭക്ഷണത്തോടൊപ്പം കൂടുതൽ കറി ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം നടന്നത്. കാർ ഡ്രൈവറായ സന്ദീപ് (35) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ കടയുടമയായ ചിന്തു ഗുപ്തയെ പൊലിസ് പിടികൂടി.
ജ്വാലാപുരി നാലയ്ക്ക് സമീപമുള്ള ചന്തയിൽ ചോലെ ഭട്ടൂരെ വിൽക്കുന്ന ചിന്തു ഗുപ്തയുടെ കടയിലാണ് സന്ദീപ് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ചുകൂടി കറി ആവശ്യപ്പെട്ടത് ചോദ്യം ചെയ്ത കച്ചവടക്കാരനുമായി വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയും പ്രകോപിതനായ ചിന്തു ഗുപ്ത സന്ദീപിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കടയുടമയായ ചിന്തു ഗുപ്തയെ പൊലിസ് പിടികൂടി റിമാൻഡ് ചെയ്തു. ആദ്യം വധശ്രമത്തിന് കേസെടുത്ത പശ്ചിം വിഹാർ വെസ്റ്റ് പൊലിസ് സന്ദീപിന്റെ മരണത്തെ തുടർന്ന് വകുപ്പ് ഭേദഗതി ചെയ്ത് കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്.
Tags : Crime Curry Shopkeeper Arrest