അപകടമുണ്ടാക്കിയ കാർ, മരിച്ച ജയബാലകൃഷ്ണൻ
കൊച്ചി: ചേരാനല്ലൂർ കാറപകടക്കേസിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്‍റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നിർദ്ദേശം.
ബുധനാഴ്ചയും ഇയാളെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും പൊലീസ് പരിശോധന നടത്തി. പതിനേഴുകാരൻ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന ആഡംബര ബൈക്കും ചില ഡിജിറ്റൽ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം പൊലിസിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് സൗമെൻ സെന്നിന്‍റെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.
കാർ എടുത്തുകൊണ്ടുപോയത് പിതാവിന്റെ അനുമതിയോടെയാണോ എന്നതിൽ വ്യക്തതയില്ലാത്തതിനാലാണ് റിപ്പോർട്ട് കാത്തിരിക്കുന്നത്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ കണ്ട് ജുഡീഷൽ ഓഫീസർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
Tags : Accident Cheranallooraccident Judge AnticipatoryBail HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash