സീന സാറ മജ്നു പർവതാരോഹണത്തിനിടെ
തിരുവല്ല: മലയാളി പർവതാരോഹക നേപ്പാളിലെ മലനിരകളിൽ കുടുങ്ങി. തിരുവല്ല സ്വദേശി സീന സാറ മജ്നു യാത്രക്കിടയിലെ അപകട വിവരം സമൂഹമാധ്യമത്തിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.
തിരുവല്ലയിലെ നാഷണൽ കോളജിന്‍റെ ഡയറക്ടർ കൂടിയാണ് സാറ. നേപ്പാളിൽ സമുദ്രനിരപ്പിൽ നിന്ന് 6119 അടി ഉയരത്തിലുളള ലൊബൂചെ കൊടുമുടിയിലേക്കായിരുന്നു യാത്ര. ഏഴാം ദിവസം ഇവിടെ എത്തിയ ശേഷം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ച മൂലം തന്‍റെ കൈയ്ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും വേദനയുണ്ടെന്നും പറഞ്ഞു.
മുമ്പും ഇവർ ലൊബൂച്ച കയറിയിട്ടുള്ളതാണ്. അപകട വിവരം അറിഞ്ഞതിനു പിന്നാലെ ഭർത്താവ് മജ്നു എം. രാജൻ സീനയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ അഭ്യർഥിച്ചതായും മജ്നു പറഞ്ഞു.
സഹായം തേടി ബിജെപി നേതാവ് അനൂപ് ആന്‍റണി നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. വിഷയം വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും അനൂപ് ആന്‍റണി അറിയിച്ചു.
Tags : Mountaineer Malayali Stranded Mountains Nepal