അസം ഖാൻ
ലക്നോ: ഉത്തർ പ്രദേശിലെ സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ നിയന്ത്രണത്തിലുള്ള മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും ആസ്തികളും ഇഡി കണ്ടുകെട്ടി. അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
1,170 കോടിരൂപയുടെ വിപണിമൂല്യമുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്. സർവകലാശാലയുടെ ഉടമസ്ഥർ മൗലാന മൊഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ്. സർവകലാശാലയുടെ ഓണററി ചാൻസലർ പദവിയും അസം ഖാൻ വഹിക്കുന്നുണ്ട്.
സർവകലാശാലയുടെ വികസനത്തിനുവേണ്ടി സർക്കാർ ഫണ്ടും നിർമാണ സാമഗ്രികളും മറ്റ് പൊതുവിഭവങ്ങളും വഴിമാറ്റിയെന്ന് ഇഡി അറിയിച്ചു. പൊതുമരാമത്ത് ജോലികൾക്കായുള്ള സർക്കാർപണം സർവകലാശാലയ്ക്ക് വേണ്ടി വകമാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.