പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിൽ നവവധുവായ പിങ്കി മഹ്തോയുടെ ദുരൂഹ മരണത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ. സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ടതാണെന്ന കുടുംബത്തിന്റെ പരാതിയിലാണ് ആദിത്യപൂർ പൊലിസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഭർത്താവ് മനീഷ് ശർമ്മ, പിതാവ് ശ്യാം ശർമ്മ, അമ്മ പൂനം ശർമ്മ, സഹോദരൻ സതീഷ് ശർമ്മ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ആദിത്യപൂരിലെ ജോയ് നെക്സ്റ്റ് അപ്പാർട്ട്മെന്റിലായിരുന്നു പിങ്കിയും മനീഷും താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇവർ വിവാഹിതരായത്. എന്നാൽ വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പിങ്കിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിങ്കിയുടെ പിതാവ് ലളിത് മഹ്തോ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഗർഭിണിയായിരുന്ന പിങ്കിയെ സംഭവദിവസം ഭർതൃവീട്ടുകാർ മർദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ആദ്യം ജംഷഡ്പൂരിലെ എം.ജി.എം ആശുപത്രിയിലും പിന്നീട് റാഞ്ചിയിലെ റിംസിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാൽ പിങ്കിയുടെ മരണം അപ്പാർട്ട്മെന്റിന്റെ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തിയതായി കുടുംബം ആരോപിച്ചു. ഇത് സംബന്ധിച്ച് ബന്ധുക്കൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചത്. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയമായി പരിശോധിച്ച് വരികയാണെന്നും കേസിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.
Tags : Crime Newlywed Death Husband