പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: നിർത്തിയുട്ടിരുന്ന ടൂറിസ്റ്റ് ബസിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു. ഡൽഹി രാജോക്രി സ്വദേശിയും ടാക്സി ഡ്രൈവറുമായ ബൂം പ്രസാദും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഡൽഹി-വഡോദര എക്സ്പ്രസ് വേയിൽ ലോഹത്കിക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളെ പൊലിസും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.
അമിതവേഗത്തിലായിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് സംശയിക്കുന്നു. ബസിന്റെ അടിയിലേക്ക് കാറിന്റെ പകുതിയിലധികം ഭാഗം ഇടിച്ചുകയറിയ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോവുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ തന്നെ പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഏറെ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ രണ്ട് കുട്ടികളെ കാറിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തത്. എന്നാൽ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും കുട്ടിയും പുരുഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസമയത്ത് ടൂറിസ്റ്റ് ബസിൽ യാത്രികർ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലം പരിശോധിച്ച പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Accident ParkedBus Dead Car