യോഗി ആദിത്യനാഥ്
ലക്നോ: ഉത്തർപ്രദേശിൽ സർക്കാർ ജോലിക്ക് ഉദ്യോഗാർഥികളുടെ സ്വാഭാവ പരിശോധന നടപടിക്രമങ്ങൾ കർശനമാക്കി യോഗി സർക്കാർ. രാജ്യത്ത് അക്രമ സ്വഭാവമുള്ള പ്രക്ഷോഭങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് സർക്കാർ ജോലി നിഷേധിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
നിയമനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ദേവരാജ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ ഉയർന്ന ഭരണമാറ്റ ആഹ്വാനങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
എന്നാൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം വച്ചുപുലർത്തുന്നു എന്നത് മാത്രം ഒരു ഉദ്യോഗാർഥിക്ക് ജോലി നിഷേധിക്കാനുള്ള കാരണമാകില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഉദ്യോഗാർഥിക്കെതിരെ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും കേസിൽ അന്വേഷണം നിലനിൽക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം അയാൾക്ക് ജോലി നിഷേധിക്കപ്പെടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷനുകൾ, കൗൺസിലുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഡയറക്ട് റിക്രൂട്ട്മെന്റിനാണ് പുതിയ ഉത്തരവ് ബാധകമാകുക. അലഹബാദ് കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നടപടി.
Tags : YogiAdityanath Uttarpradesh NewsUpdate Headlines Deepika DeepikaNewspaper