പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ദീപേഷ് മേത്ത (52), കുമാർ മേത്ത (50), ഖേവന മേത്ത (48) എന്നിവരാണ് മരിച്ചത്.
അവിവാഹിതരായ ഇവർ മൂന്നു പേരും വാടക ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പൊലിസിൽ വിവരം അറിയിച്ചു.
പൊലിസ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ വർഷം മുതൽ ഇവർ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. സഹോദരങ്ങളിൽ ഒരാൾ പക്ഷാഘാതം ബാധിതനായിരുന്നു. മറ്റൊരാൾ അർബുദ രോഗത്തിന് ചികിത്സയിലുമായിരുന്നു.
വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ജീവനൊടുക്കാൻ കാരണമെന്ന് മരണത്തിന് മുമ്പ് ഇവർ ചിത്രീകരിച്ച വീഡിയോയിൽ പറയുന്നതായി പൊലിസ് വ്യക്തമാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.