മധു, ആനന്ദ് ശ്രീവാസ്തവ
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. മധുവിനെയാണ് ഭർത്താവ് ആനന്ദ് ശ്രീവാസ്തവ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ആനന്ദ് ശ്രീവാസ്തവയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് മധു മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദ് നേരിട്ട് പൊലിസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പൊലിസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ആനന്ദും മധുവും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് ദമ്പതികളുടെ കുട്ടി പൊലിസിനോട് പറഞ്ഞു. കൊലപാതകത്തിന് തലേദിവസം ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി കുട്ടി വെളിപ്പെടുത്തി. 2010-ലായിരുന്നു ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്.
എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.