ജിജോ ജെയിംസിന്‍റെ തെരഞ്ഞെടുപ്പ് പോസ്റ്റർ, ജിന്‍റോ ജോൺ
കൊച്ചി: കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം നടത്തി അറസ്റ്റിലായ അധ്യാപകന്‍ ജിജോ ജെയിംസ് കോണ്‍ഗ്രസുകാരനെന്ന തരത്തില്‍ നടത്തുന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. ഇയാള്‍ക്ക് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും 2021ല്‍ പാര്‍ട്ടി വിട്ടതാണെന്നും ജിന്‍റോ ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നുവെന്നത് സത്യമാണെങ്കിലും, തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 2021ല്‍ ഇയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറി. തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതനെയും കൂട്ടരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ജിജോ ജെയിംസ് പാര്‍ട്ടി വിട്ടത്.
അന്നത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇയാള്‍ക്ക് ഡിവൈഎഫ്‌ഐ അംഗത്വം നല്‍കി സിപിഎമ്മിലേക്ക് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കെപിഎസ്ടിഎ അംഗമായിരുന്നെങ്കിലും പാര്‍ട്ടി വിട്ടശേഷം അധ്യാപക സംഘടനയിലെ അംഗത്വം പുതുക്കിയിട്ടില്ലെന്നും ജിന്‍റോ ജോണ്‍ കുറിപ്പില്‍ വ്യക്തമാക്കി.
ടി.കെ. ഹംസയും, പി. സരിനും, കെ.പി. അനില്‍കുമാറും ലതിക സുഭാഷും പി.എസ്. പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസ് ആയിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന എന്തെങ്കിലും ചെയ്താല്‍ അതിന്‍റെ പാപഭാരം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണമെന്നും ജിന്‍റോ ജോണ്‍ വ്യക്തമാക്കി.
ജിന്‍റോ ജോണിന്‍റെ കുറിപ്പ്:
കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കായികമേളയുടെ ഭക്ഷണത്തില്‍ പുഴുവിട്ട കായികാധ്യാപകന്‍ എന്ന അധമന്‍ കോണ്‍ഗ്രസുകാരന്‍ ആണെന്നുള്ള പ്രചരണം തെറ്റാണ്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഇയാള്‍ മത്സരിച്ചിരുന്നു എന്നത് സത്യമാണ്.
എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയാണ് ജയിച്ചത്. ആ റിബല്‍ സ്ഥാനാര്‍ഥിയേയും കൂടെ പ്രവര്‍ത്തിച്ചവരേയും തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്ത വാശിക്ക് ജിജോ ജയിംസ് 2021ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു.
സിപിഎമ്മിന്‍റെ അന്നത്തെ ലോക്കല്‍ സെക്രട്ടറി ജോര്‍ജി ജോയിയുടെ നേതൃത്വത്തില്‍ അയാളെ ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് കൊടുത്ത് സിപിഎമ്മിന്‍റെ കൂടെക്കൂട്ടി. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ ഇയാള്‍ കെപിഎസ്ടിഎയുടെ മെമ്പറായിരുന്നു. പക്ഷേ കോണ്‍ഗ്രസ് വിട്ടതിന് ശേഷം അധ്യാപകസംഘടനയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടില്ല.
നിലവില്‍ കോണ്‍ഗ്രസിന്‍റെയോ കോണ്‍ഗ്രസനുഭാവ അധ്യാപക സംഘടനയുടെ പ്രവര്‍ത്തനങ്ങളിലോ യാതൊരുവിധത്തിലും സജീവമല്ലാത്ത, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാത്ത, നിലവില്‍ പാര്‍ട്ടിയുടേയോ അധ്യാപക സംഘടനയുടേയോ അംഗത്വമില്ലാത്ത ഇയാളെ കോണ്‍ഗ്രസാക്കാന്‍ കൈരളിയും ദേശാഭിമാനിയും മറ്റ് ചില മാധ്യമ സഖാക്കളും നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
ഇന്ന് രാവിലെ വരെ ഇയാളിട്ട പുഴുവിനെ ചുമന്ന് നടന്നവര്‍, ബ്രഡും പഴവും വിതരണം ചെയ്യാനിറങ്ങിയ കുട്ടി സഖാക്കള്‍ കയ്യോടെ പിടിക്കപ്പെട്ട ഈ പുത്തന്‍കൂറ്റ് സഖാവിനെ കോണ്‍ഗ്രസാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ഈ വൃത്തികെട്ടവന്‍ കോണ്‍ഗ്രസ് ആയിരുന്നാലും ഇക്കാര്യത്തില്‍ അവനെതിരെ ആയിരിക്കും നിലപാട്.
ടി.കെ. ഹംസയും, പി. സരിനും, കെ.പി. അനില്‍കുമാറും ലതിക സുഭാഷും പി.എസ്. പ്രശാന്തുമെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസായിരുന്നു എന്നുകരുതി ഇപ്പോള്‍ നില്‍ക്കുന്ന ലാവണത്തിനനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിന്‍റെ പാപഭാരം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കല്ലെന്ന് ഓര്‍ക്കണം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ പോയ പ്രശാന്തിന്‍റെ മുമ്പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച പോസ്റ്റര്‍ വച്ച് അയ്യേ കോണ്‍ഗ്രസുകാരന്‍ പ്രശാന്ത് സ്വര്‍ണ്ണക്കൊള്ള നടത്തിയേ എന്ന് പറയില്ലല്ലോ.
Tags : Congress JintoJohn JijoJames SchoolSportsMeet Controversy