അഖിലേഷ് യാദവ്
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസി ഉൾപ്പെടുന്ന മേഖലയിൽ സമാജ്വാദി പാർട്ടി നിലമെച്ചപ്പെടുത്തുന്നതിൽ ബിജെപിക്ക് ആശങ്ക. നിയമനിർമാണ കൗൺസിലിലെ (എംഎൽസി) അധ്യാപകമണ്ഡലം നിലനിർത്തിയ പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടി (എസ്പി) ബിരുദധാരികളുടെ മണ്ഡലത്തിലും മുന്നേറ്റം തുടരുകയാണ്. ആകെ വോട്ടെണ്ണൽ നടന്ന 11 എംഎൽസി സീറ്റുകളിൽ ആറെണ്ണത്തിൽ ബിജെപിയും നാലെണ്ണത്തിൽ സമാജ്വാദി പാർട്ടിയും വിജയിച്ചു.
വാരാണസി ബിരുദധാരി മണ്ഡലത്തിലെ അന്തിമ ഫലം പുറത്തുവരാനുണ്ട്. കഴിഞ്ഞ തവണ ഈ 11 സീറ്റുകളിൽ രണ്ടെണ്ണം മാത്രം നേടിയ സമാജ്വാദി പാർട്ടി, വാരാണസി സീറ്റുകൂടി പിടിച്ചെടുത്താൽ ആകെ സീറ്റുകളുടെ എണ്ണം അഞ്ചാക്കി ഉയർത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതു പ്രതിപക്ഷത്തിനു വലിയ രാഷ്ട്രീയനേട്ടമാണ്.
അതേസമയം, വാരാണസി ബിരുദധാരി മണ്ഡലത്തിലെ വോട്ടെണ്ണൽ വലിയ നാടകീയതകൾക്കു വഴിവച്ചിരിക്കുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച് 49 മണിക്കൂറിലധികം പിന്നിട്ടിട്ടും ഇരുപാർട്ടികളും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ ബിജെപി - സമാജ്വാദി പാർട്ടി നേതാക്കൾ ധർണ നടത്തുകയും പരസ്പരം ക്രമക്കേട് ആരോപിക്കുകയും ചെയ്യുന്നുണ്ട്.
അധ്യാപക, ബിരുദധാരി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാവിഭാഗം ജനങ്ങളുടെയും പൊതുവികാരം പൂർണമായി പ്രതിഫലിപ്പിക്കുന്നതല്ലെങ്കിലും വിദ്യാസമ്പന്നരായ ജനവിഭാഗത്തിന്റെ നിലപാട് എന്താണെന്നു വ്യക്തമാക്കുന്നതാണ്. തൊഴിലില്ലായ്മയ്ക്കെതിരേയും മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേയും ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഫലത്തിനു വലിയ പ്രാധാന്യമുണ്ട്.
Tags : UP Election BJP Congress MLCElection SP YogiAdityanath