പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാരിന്റെ 'സരൾ കേരളം ബില്ലി'നെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ബിൽ നിലവിലെ രൂപത്തിൽ നടപ്പിലാക്കിയാൽ സംസ്ഥാനത്തെ കൃഷിഭൂമിയും തണ്ണീർത്തടങ്ങളും വനമേഖലയും വൻതോതിൽ നഷ്ടപ്പെടുമെന്നും കുട്ടനാടിനെയും കോട്ടയം ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം നിയമസഭയിൽ മുന്നറിയിപ്പ് നൽകി.
"ഇത് സരൾ ബില്ലല്ല, നാടിന് വിനാശകരമായ 'കരാള ബിൽ' ആണ്. ഈ സർക്കാരിന്റെ കാലത്തുതന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും" എന്ന് സുധാകരൻ തുറന്നടിച്ചു. വിഷയം വേണ്ടത്ര പഠിക്കാതെയാണ് ബിൽ അവതരിപ്പിച്ചതെന്നും മന്ത്രിമാരുടെ വാക്കാലുള്ള ഉറപ്പുകൾ വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ ജി. സുധാകരൻ കൊണ്ടുവന്ന ഭേദഗതി നിർദേശത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതിപക്ഷാംഗങ്ങളും പിന്തുണച്ചു.
അതേസമയം, സരൾ ബിൽ പാസായാൽ സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾക്കും കൃഷിഭൂമിക്കും യാതൊരുവിധ കേടുപാടുകളും സംഭവിക്കില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മറുപടി നൽകി. നെൽവയലുകൾ നികത്തുന്നത് തടയാൻ കളക്ടർമാർക്ക് പൂർണ അധികാരമുണ്ടായിരിക്കുമെന്നും പാരിസ്ഥിതിക കാര്യങ്ങൾ പരിശോധിക്കാതെ അനുമതി നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാകുകയാണ് സരൾ കേരളം ബില്ലിന്റെ ലക്ഷ്യം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ബില്ലിനെ എതിർത്ത് രംഗത്തെത്തി. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
Tags : KeralaAssembly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash