പ്രതീകാത്മക ചിത്രം.
വിദഗ്ധ ഡോക്ടറുടെ രോഗനിർണയത്തിനും ആരോഗ്യനിർദേശങ്ങൾക്കും പകരമാകുമോ നിർമിതബുദ്ധിയുടെ സേവനം? എന്തിനുമേതിനും നിർമിതബുദ്ധിയെ ആശ്രയിക്കുന്ന യുവതലമുറ അഭിമുഖീകരിക്കേണ്ടിവരുന്നതു വലിയ വിജ്ഞാനപ്രതിസന്ധിയോ? ആരോഗ്യരംഗത്തു നിർമിതബുദ്ധിയുടെ ഇടപെടലിനെക്കുറിച്ച് അടുത്തിടെ നടന്ന പഠനം വലിയ ആശങ്കയുളവാക്കുന്നതെന്നു ഗവേഷകർ വെളിപ്പെടുത്തുന്നു.
യുവതലമുറയിൽ, ആരോഗ്യസംബന്ധമായ സംശയങ്ങൾക്കു നിർമിതബുദ്ധിയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംശയനിവാരണത്തിനു മാത്രമല്ല, മരുന്നുകളുടെ ഉപയോഗം, പാർശ്വഫലങ്ങൾ തുടങ്ങിയവയെക്കുറിച്ച് അറിയാൻ എഐയുടെ സഹായം തേടുന്നു. പ്രമുഖ മെഡിക്കൽ ജേണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആശങ്കയുളവാക്കുന്ന വിവരങ്ങൾ ഗവേഷകർ പങ്കുവച്ചത്.
18-29 ഇടയിൽ പ്രായമുള്ള യുവജനങ്ങളിൽ ഏകദേശം 66 ശതമാനവും സംശയങ്ങൾ ദുരീകരിക്കുവാനും നിർദേശങ്ങൾക്കുമായി ചാറ്റ്ബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ഇതിൽ തന്നെ മൂന്നിൽ ഒരാൾ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചറിയാൻ ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട് എന്നാണു ഗവേഷകരിൽ വലിയ ആശങ്കയുളവാക്കിയത്.
ലഹരി ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളും എന്തൊക്കെയാണെന്നു മനസിലാക്കാനാണു യുവതലമുറ ഇത്തരം സാങ്കേതികവിദ്യകളെ കൂടുതലായും ആശ്രയിക്കുന്നത്. മാസത്തിൽ ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ഇത്തരം അന്വേഷണങ്ങളിൽ ഏർപ്പെടുന്നു. എന്നാൽ, എഐ ലഭ്യമാക്കുന്ന വിവരങ്ങളിൽ പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്നും ഗവേഷകർ മുന്നറിയിപ്പുനൽകുന്നു. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരാണ് ഇത്തരം അന്വേഷണങ്ങൾക്കായി നിർമിത ബുദ്ധിയെ കൂടുതലായി ആശ്രയിക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.
ആരോഗ്യമേഖലയിലെ അസമത്വങ്ങൾ, ആരോഗ്യവിദഗ്ധരെ നേരിട്ടുകാണുന്നതിലെ ദൈനംദിന ജീവിതത്തിലെ തിരക്കുകൾ തുടങ്ങിയവ നിർമിതബുദ്ധിയുടെ സഹായം തേടുന്നതിനുള്ള പല കാരണങ്ങളിൽ ചിലതാകാം. 2018-2024 കാലയളവിൽ യുവജനങ്ങളിൽ സംഭവിച്ച മരണങ്ങളിൽ കാൽഭാഗവും മദ്യം അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമാണെന്നു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിർമിതബുദ്ധിയിൽനിന്നു തേടുന്ന നിർദേശങ്ങൾ അപകടം വിളിച്ചുവരുത്തും. ഭാവിയിൽ ഇതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.
Tags : ArtificialIntelligence International AI Drugs Youth MedicalScience