അധീർ രഞ്ജൻ ചൗധരി
ഷില്ലോംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ 'ബാപ്പ്'പരാമർശം വിവാദമായ പശ്ചാത്തലത്തിൽ, ഖാർഗെയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ചെറിയ കാര്യങ്ങളെ ബിജെപി പർവതീകരിക്കുകയാണെന്നും ഖാർഗെയുടെ പ്രയോഗം വെറുമൊരു നാട്ടുഭാഷാ ശൈലി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അക്ഷരാർത്ഥത്തിൽ 'അച്ഛൻ' എന്ന അർത്ഥത്തിലല്ല ഖാർഗെ സംസാരിച്ചതെന്നും മോദിയേക്കാൾ ശക്തനായ ഒരാൾക്ക് പോലും തോൽവി സംഭവിക്കാം എന്ന അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്നും ചൗധരി വാദിച്ചു. "എവിടെയെങ്കിലും ചെറിയൊരു പഴുത് കണ്ടാൽ അത് വൻ വിവാദമാക്കുന്ന കല കേന്ദ്രസർക്കാരിന് അറിയാം. മോദിയേക്കാൾ ശക്തനായ ആളാണെങ്കിലും പരാജയപ്പെടും എന്ന കാവ്യാലങ്കാരപരമായ അർത്ഥത്തിലാണ് നമ്മുടെ അധ്യക്ഷൻ അങ്ങനെ പറഞ്ഞത്," അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച പാറ്റ്നയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിവാദപരമായ സംഭവം നടന്നത്. പ്രധാനമന്ത്രി എവിടെയും പോകില്ലെന്ന് സദസ്സിലുണ്ടായിരുന്നയാൾ പറഞ്ഞപ്പോൾ, "മോദിയുടെ ബാപ്പ് (അച്ഛൻ) പോലും പോകും" എന്ന് ഖാർഗെ മറുപടി നൽകുകയായിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെയാണ് ഖാർഗെയുടെ വാക്കുകൾ ശൈലി മാത്രമാണെന്ന വിശദീകരണവുമായി ചൗധരി രംഗത്തെത്തിയത്.
Tags : Adhir Ranjan Choudhary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash