പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്ത വേൾഡ് ഹിന്ദു കോൺഗ്രസ് 2026-ന്റെ പ്രചാരണ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കെതിരെ രൂക്ഷവിമർശനവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). വീഡിയോ ഉടൻ പുനഃസ്ഥാപിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി മുന്നറിയിപ്പ് നൽകി.
2026 ഡിസംബർ 18 മുതൽ 20 വരെ മുംബൈയിൽ നടക്കുന്ന വേൾഡ് ഹിന്ദു കോൺഗ്രസിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് ഒക്ടോബർ 26-ന് പങ്കുവെച്ച റീൽ വീഡിയോ ആണ് ഇന്ത്യയിൽ കാണുന്നതിൽ നിന്ന് മെറ്റ തടഞ്ഞത്. ഐടി നിയമപ്രകാരമുള്ള നിയമപരമായ അഭ്യർഥനയെ തുടർന്നാണ് നടപടിയെന്ന് മെറ്റ വ്യക്തമാക്കിയെങ്കിലും, ഏത് നിയമവ്യവസ്ഥയുടെ ലംഘനമാണ് വീഡിയോയിൽ ഉണ്ടായതെന്ന് വ്യക്തമാക്കണമെന്ന് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘടകർ ആവശ്യപ്പെട്ടു.
മെറ്റയുടേത് ഹിന്ദുവിരുദ്ധ നടപടിയാണെന്ന് ആരോപിച്ച വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ, വിഷയത്തിൽ കേന്ദ്ര ഐ.ടി മന്ത്രാലയവും ബന്ധപ്പെട്ട മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനും മുംബൈ, ഡൽഹി പൊലിസിനും സംഘടന പരാതി നൽകിയിട്ടുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ആഗോളതലത്തിൽ നിന്ന് അയ്യായിരത്തോളം പ്രതിനിധികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : VHP DevendraFadnavis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash