സന്ദീപ് റായ് റാത്തോഡ്
തേനി: തമിഴ്നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡൻമാരെ ആക്രമിച്ച് 17 തടവുകാർ ചാടിപ്പോയ സംഭവത്തിൽ ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ സ്ഥാനത്തുനിന്ന് മാറ്റി തമിഴ്നാട് സർക്കാർ. പകരം എഡിജിപി കെ. ശങ്കറിന് ജയിൽ വകുപ്പിന്റെ ചുമതല നൽകി.
അതേസമയം, രണ്ട് ദിവസം നീണ്ട ഊർജിത തെരച്ചിലിനൊടുവിൽ ജയിൽ ചാടിയ 17 തടവുകാരെയും പൊലിസ് പിടികൂടി. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ കസ്റ്റഡിയിലെടുത്തത്. ചിന്നമന്നൂരിന് സമീപമുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വലയിലായത്.
ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പകൽ എട്ട് പേരെയും പിടികൂടിയിരുന്നു. ആദ്യം പിടിയിലായ അഞ്ചുപേരെ ആണ്ടിപ്പെട്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ ഉടൻ കോടതിയിൽ ഹാജരാക്കും. ജയിൽ ചാടിയ തടവുകാർക്കെല്ലാം നേരത്തെ തന്നെ ഒന്നിലധികം കേസുകളുണ്ട്.
ജയിൽ ചാട്ടത്തിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഏഴ് പുതിയ വകുപ്പുകൾ കൂടി ചുമത്തി കേസെടുത്തിട്ടുണ്ട്. തടവുകാർക്ക് കൂട്ടത്തോടെ രക്ഷപ്പെടാൻ ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Jailbreak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash