ഫ്ലാവിയോ ബോൾസൊനാരോ
ബ്രസീലിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ പലായനം ചെയ്ത് അമേരിക്കയിലെത്തിയ ഫ്ലാവിയോ ബോൾസൊനാരോ ബ്രസീലിന്റെ യഥാർഥ നേതാവ് താനാണെന്നു പ്രഖ്യാപിച്ചു. പ്രസിഡന്റ് ലുലാ ഡാ സിൽവയും ബ്രസീലിയൻ സുപ്രീംകോടതിയും നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഇരയാണു താനെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ മകനും സെനറ്ററുമായ ഫ്ലാവിയോ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ലുലായോട് 45 ലക്ഷം വോട്ടിനാണു തോറ്റത്.
പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതി പാസ്പോർട്ട് കണ്ടുകെട്ടാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് ഫ്ലാവിയോ കുടുംബത്തോടൊപ്പം നാടുവിട്ടത്.അമേരിക്കയിലെത്താൻ സഹായിച്ച അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയ്ക്കും അമേരിക്കയിൽ വീസ അനുവദിച്ച പ്രസിഡന്റ് ട്രംപിനും ഫ്ലാവിയോ നന്ദി പറഞ്ഞു. ‘ബ്രസീലിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്’ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടുള്ള കത്താണ് ഫ്ലാവിയോ ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇത് വൈകാതെ ഡിലീറ്റ് ചെയ്യുകയും ‘ബ്രസീലിന്റെ യഥാർഥ നേതാവ് താനാണ്’ എന്നവകാശപ്പെടുന്ന മറ്റൊരു കത്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെ ലുലാ ഡാ സിൽവയുടെ തെരഞ്ഞെടുപ്പ് ജയം ബ്രസീലിലെ ഇലക്ടറൽ കോടതിയും ആഗോള നേതാക്കളും അംഗീകരിച്ചിട്ടുണ്ട്.
Tags : FlavioBolsonaro Brazil BrazilPolitics Bolsonaro Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth