Sports
ബ്രസീലിയ: ഫിഫ 2026 ലോകകപ്പിനുള്ള ബ്രസീല്‍ ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ സൂപ്പര്‍ താരം നെയ്മറിനു മുന്നില്‍ രണ്ടു മാസം ശേഷിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ കാര്‍ലൊ ആന്‍സിലോട്ടി.
ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ബ്രസീല്‍ ജഴ്സി അണിഞ്ഞത്.
ജൂണ്‍ 14ന് മൊറോക്കോയ്ക്ക് എതിരേയാണ് 2026 ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരം.
Sports
ഫ്ളോറിഡ: ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പരാജയത്തിന് ക്രൊയേഷ്യയോട് പകരം വീട്ടി ബ്രസീൽ. ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി ഡാനിലോയും ഇഗോർ തിയഗോയും ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ഗോളുകൾ നേടിയത്. ഡാനിലോ 45+2-ാം മിനിറ്റിലും തിയാഗോ 88-ാം മിനിറ്റിലും മാർട്ടിനെല്ലി 90+2-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ലോവ്രോ മായെർ ആണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. 84-ാം മിനിറ്റിലാണ് മായെർ ഗോൾ നേടിയത്.
Sports
ബ്രസീലിയ: ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് ഗോള്‍ കീപ്പര്‍ ആലിസണ് ബെക്കര്‍ പുറത്ത്.
ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്ക് എതിരേയാണ് ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍. മാര്‍ച്ച് 27നാണ് ബ്രസീല്‍ x ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടം.
ഏപ്രില്‍ ഒന്നിന് കാനറികള്‍ ക്രൊയേഷ്യയെ നേരിടും. ഫിറ്റ്നസ് ഇല്ലാത്ത പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം നെയ്മറിനെ ഉള്‍പ്പെടുത്താതെയാണ് ബ്രസീല്‍ ടീമിനെ കോച്ച് കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിച്ചത്.
പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിയുടെ മത്സരങ്ങളില്‍നിന്നും ആലിസണിനെ ഒഴിവാക്കിയിരുന്നു. ആലിസണിനു പകരമായി കോറിന്ത്യന്‍സിന്റെ ഹ്യൂഹൊ സോസ ബ്രസീല്‍ ടീമില്‍ ഉള്‍പ്പെട്ടു.
Sports
സാവൊ പോളോ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലേക്ക് ഇനിയുള്ളത് 86 ദിനങ്ങളുടെ അകലം മാത്രം. പരിക്കിന്റെ പിടിയില്‍ കരിയര്‍ ആടിയുലയുന്ന ബ്രസീലിന്റെ നെയ്മര്‍ ലോകകപ്പില്‍ ഉണ്ടാകുമോ എന്നതില്‍ തീരുമാനമായിട്ടില്ല.
ബ്രസീല്‍ ക്ലബ്ബായ സാന്റോസിന്റെ താരമായ നെയ്മര്‍, കൊറിന്ത്യന്‍സിന് എതിരായ മത്സരത്തില്‍ 90 മിനിറ്റും കളത്തില്‍ ഉണ്ടായിരുന്നു. 1-1 സമനിലയില്‍ മത്സരം കലാശിച്ചു.
ഫ്രാന്‍സ്, ക്രൊയേഷ്യ ടീമുകള്‍ക്ക് എതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുമ്പായി നെയ്മറിന്റെ അവസാന മത്സരമായിരുന്നു കൊറിന്ത്യന്‍സിന് എതിരായത്.
“ദേശീയ ടീമില്‍ ഉള്‍പ്പെടാനും ലോകകപ്പ് കളിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അക്കാര്യങ്ങള്‍ എന്റെ നിയന്ത്രണത്തില്‍ അല്ല.’’ കൊറിന്ത്യന്‍സിന് എതിരായ മത്സരത്തിനുശേഷം നിരാശകലര്‍ന്ന സ്വരത്തില്‍ നെയ്മര്‍ പറഞ്ഞു.
34കാരനായ നെയ്മര്‍ ദേശീയ ജഴ്സിയില്‍ 79 ഗോള്‍ നേടിയിട്ടുണ്ട്. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്. മാര്‍ച്ച് 27നാണ് ഫ്രാന്‍സിന് എതിരായ മത്സരം.
ഏപ്രില്‍ ഒന്നിന് ക്രൊയേഷ്യയെയും നേരിടും. ഈ മത്സരങ്ങള്ക്കുശേഷമായിരിക്കും ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ കാര്‍ലോ ആന്‍സിലോട്ടി പ്രഖ്യാപിക്കുക.
Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
International
ബ്രസീലിയ: ബ്രസീലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. റിയോ ഗ്രാൻഡെ ഡോ സുളിലെ ഫെഡറൽ ഹൈവേയിൽ പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Sports
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.
ഗ്രൂപ്പ് സി
ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.
ഗ്രൂപ്പ് കെ
പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
Sports
ദോഹ: ഫിഫ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്ബോളില്‍ ലൂസേഴ്സ് ഫൈനല്‍ ജയിച്ച് ഇറ്റലി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഗോള്‍രഹിതമായ സമനിലയ്ക്കുശേഷം ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ഇറ്റലി കീഴടക്കി.
International
റിയോ ഡി ജനീറോ: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം. ഉച്ചകോടി പവലിയന് സമീപമാണ് തീപിടിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയിൽ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഷോര്‍ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്നത്.
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. പരിക്കുകകളൊന്നുമില്ലാതെ ആളുകൾ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
Sports
സാവോ പോളോ: ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലന്‍ഡോ നോറിസ് ജേതാവ്. മെഴ്സിഡസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ അന്റോനെല്ലി രണ്ടാമതും റെഡ്ബുള്ളിന്റെ മാക്സ് വെര്സ്റ്റപ്പന് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഹാമില്ട്ടണ് ദുരന്തം
ഫെരാരിയിലേക്കു ചേക്കേറിയ ലൂയിസ് ഹാമില്‍ട്ടണിനു ബ്രസീലിയൻ ഗ്രാൻപ്രീ പോരാട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2025 സീസണിനെ ഏറ്റവും വലിയ ദുരന്തമെന്നാണ് ഹാമില്ട്ടണ് വിശേഷിപ്പിച്ചത്.
2025 എഫ് വണ്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 390 പോയിന്റുമായി നോറിസാണ് ഒന്നാമത്. മക്ലാരനില് നോറിസിന്റെ സഹഡ്രൈവര്‍ ഓസ്കര് പിയാസ്ട്രിയാണ് (366) രണ്ടാം സ്ഥാനത്ത്.
International
റിയോ ഡി ഷനേറോ: റെഡ് കമാൻഡ് എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് ബ്രസീലിയൻ പോലീസ് റിയോ ഡി ഷനേറോ നഗരത്തിൽ നടത്തിയ റെയ്ഡിൽ 64 പേർ കൊല്ലപ്പെട്ടു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മാരക റെയ്ഡാണിതെന്നു പറയുന്നു.
സിവിൽ, മിലിട്ടറി പോലീസ് വിഭാഗങ്ങൾ ചൊവ്വാഴ്ച സംയുക്തമായി റിയോ നഗരത്തിന്റെ വടക്കൻ പ്രാന്തത്തിലുള്ള അലെമാവോ, പെൻഹ ജില്ലകളിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. 2500 ഭടന്മാരാണു സംഘത്തിലുണ്ടായിരുന്നത്.
ഗുണ്ടാസംഘങ്ങൾ വെടിയുതിർത്താണു പ്രതികരിച്ചത്. പോലീസിനെ തടയാൻ റോഡുകൾ ഉപരോധിച്ചു. ഇതിനു പുറമേ ഡ്രോണുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ നാലു പോലീസുകാരും ഉൾപ്പെടുന്നു. മരിച്ച 50 പേർ പലവിധ കേസുകളിലെ പ്രതികളാണ്.
80 പേരെ അറസ്റ്റ് ചെയ്യുകയും 200 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ സിവിലിയന്മാർ അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു.
മയക്കുമരുന്ന് വിതരണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന റെഡ് കമാൻഡ് ഗുണ്ടാസംഘം ബ്രസീലിൽ ശക്തിപ്രാപിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
പോലീസ് നടപടി ഭയാനകമായിരുന്നുവെന്നും സംഭവത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് ആവശ്യപ്പെട്ടു.