ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപക കേസില്‍ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാനുള്ള പൊലിസിന്‍റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ പതിനേഴുകാരന്‍റെ കുടുംബത്തിന്‍റെ വാദം കോടതി ഇന്ന് കേള്‍ക്കും.
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷന്‍റെ കുടുംബവും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. എങ്ങനെയാണ് വാഹനമോടിക്കാന്‍ പഠിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ പതിനേഴുകാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് പ്രതിക്ക് നേരത്തെ ജാമ്യം അനുവദിച്ചത്.
അതേസമയം, പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി വ്യാഴാഴ്ച സ്‌റ്റേ ചെയ്തിരുന്നു. പൊലിസ് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവ്. താന്‍ ഉറങ്ങുന്നതിനിടെ മകന്‍ കാറെടുത്ത് പോവുകയായിരുന്നു എന്നാണ് ജഡ്ജി മൊഴി നല്‍കിയിരുന്നത്. ഇന്നലെ നാലു മണിക്കൂറോളം ജഡ്ജിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
Tags : CheranalloorAccident BailPlea Minor Judge