പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ
കൽപറ്റ: വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. തനിക്കെതിരേ നടന്നത് രാഷ്ട്രീയ വിചാരണയാണെന്നും താൻ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ അറിയിച്ചു.
തന്നെ സംബന്ധിച്ച് ഒന്നും മറയ്ക്കാനില്ല. തന്‍റെ കുട്ടികളെ സുരക്ഷിതമായി തിരിച്ച് കൊണ്ടുവിടാനുള്ള ബാധ്യത തനിക്കുണ്ട്. ഒരുപാട് ചാനലുകാരെ വിളിച്ചുവരുത്തി ഒരു പ്രതിയെ ഇറക്കുന്നതു പോലെയാണ് തന്നെ ബസിൽ നിന്നിറക്കിയത്. രക്ഷിതാക്കളെക്കാൾ കൂടുതൽ പ്രാദേശിക രാഷ്ട്രീയക്കാരാണ് അവിടെ തടിച്ചുകൂടിയത്. അവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തന്‍റെ കുട്ടികളാരും തനിക്കെതിരേ സംസാരിച്ചിട്ടില്ലെന്നും ഷിവി കൃഷ്ണൻ കൂട്ടിച്ചേർത്തു.
ആരും പരാതിപ്പെട്ടില്ലെങ്കിലും രക്തം പരിശോധിക്കാൻ താൻ സന്നദ്ധനായി. തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്. മാനസികമായി വളരെയേറെ തകർന്നുപോയി. ഒരു കാര്യവുമില്ലാത്ത കാര്യത്തിന് പൊതുസമൂഹത്തിനു മുന്നിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്ക് പോയി.
കുറേക്കാലമായി പിടിഎയെ ബന്ധപ്പെടുത്തി കുറേയാളുകൾ രാഷ്ട്രീയപരമായി തർക്കങ്ങളുമായി രംഗത്തുണ്ട്. എന്നോട് വ്യക്തിപരമായി എതിർപ്പ് സൂക്ഷിക്കുന്നയാളുകളുണ്ട്. ഇതിന്‍റെ ഭാഗമായാണ് തനിക്കെതിരായ വിചാരണയെന്നും സത്യം തെളിയുമെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി.