പ്രതീകാത്മക ചിത്രം
കൊച്ചി: വിവാദമായ സ്വർണക്കടത്ത്, സോളാർ കേസുകൾക്കുൾപ്പടെ ഒന്നും രണ്ടും പിണറായി സർക്കാരുകൾ, കോടതി വ്യവഹാരങ്ങൾക്കായി ഖജനാവിൽനിന്ന് ഒഴുക്കിയതു കോടികൾ.
2016 മുതൽ 2026 വരെ ചെലവഴിച്ചത് 245.62 കോടി രൂപയാണെന്ന് കൊച്ചിയിലെ അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു. പൊതുപ്പണം ചെലവഴിച്ച വ്യവഹാരങ്ങളുടെ പട്ടികയിൽ രാഷ്ട്രീയ കൊലപാതക കേസുമുണ്ട്.
സുപ്രീംകോടതിയിലെയും മറ്റു കോടതികളിലെയും സ്റ്റാൻഡിംഗ് കോൺസൽ ഫീസ്, ഹൈക്കോടതി കേസുകളിലെ അഭിഭാഷകഫീസ്, നിയമോപദേശം, നിയമഭേദഗതികളുടെ കരട് തയാറാക്കൽ, അഭിഭാഷകരുടെയും നിയമ ഉദ്യോഗസ്ഥരുടെയും പ്രതിഫലം തുടങ്ങിയ ഇനങ്ങളിലായാണ് വ്യവഹാരച്ചെലവുകൾ. സുപ്രീംകോടതിയിലെത്തിയ 789 കേസുകൾക്കായി 38.91 കോടി രൂപ ഫീസിനത്തിൽ മാത്രം നൽകി. സുപ്രീംകോടതിയിലെ കേസുകൾക്കായി കപിൽ സിബൽ ഉൾപ്പടെ 48 മുതിർന്ന അഭിഭാഷകർ സംസ്ഥാന സർക്കാരിനായി ഹാജരായിരുന്നു.
ഹൈക്കോടതിയിലെ കേസുകളുടെ നടത്തിപ്പിന് പത്തു വർഷത്തിനിടെ 226 പേർക്കായി 193.06 കോടി രൂപ നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിന്റെ നടപടികളിൽ സർക്കാരിനു ചെലവായത് 1.03 കോടിയാണ്. സോളർ കേസിന് 1.20 കോടിയും പെരിയ ഇരട്ടക്കൊല കേസിന് 85 ലക്ഷം രൂപയും ചെലവാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട കേസിന് 45 ലക്ഷം മുടക്കിയപ്പോൾ ലോട്ടറി കേസിൽ 17.50 ലക്ഷം രൂപ സർക്കാരിന് ചെലവായി.
കപിൽ സിബലിന് അഞ്ചു കേസിന് 5.62 കോടി
കേരളത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലെ കേസിനുൾപ്പടെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് അഞ്ചു കേസുകൾക്കായി 5.62 കോടി രൂപ നൽകി.
കൂടുതൽ കേസുകളിൽ ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയ്ക്കു സർക്കാർ 8.91 കോടി നൽകേണ്ടിവന്നു. കേരളത്തിനായി കേസുകൾ ഏറ്റെടുത്ത മറ്റു പ്രധാന അഭിഭാഷകരും നൽകിയ തുകയും: വി. ഗിരി -3.96 കോടി, പല്ലവ് ശിശോദിയ -2.47 കോടി, ജയന്ത് മുത്തുരാജ് -1.28 കോടി, കെ.എൻ. ബാലഗോപാൽ -1.22 കോടി.
Tags : Government CourtExpenses Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash