ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യറും അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനും.
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നു മത്സര ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ തുടക്കം. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിലേക്ക് മലയാളിതാരം സഞ്ജു സാംസണ്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്.
നെറ്റ്സില്‍ ബുംറയെ നേരിടാന്‍ വിയര്‍ത്ത വൈഭവ് സൂര്യവംശിക്ക് വിശ്രമം അനുവദിച്ചേക്കും. ദുലീപ് ട്രോഫിയില്മിന്നും ഫോം പുറത്തെടുത്ത ഇഷാന് കിഷന് പരിശീലനത്തിനിടെ പരിക്കേറ്റത് തിരിച്ചടിയാണ്. അതേസമയം, സഞ്ജുവിന് സാധ്യത ഏറുകയും ചെയ്യുന്നു.
മാറ്റത്തിനു സാധ്യത
ബാറ്റിംഗില്‍ ഓപ്പണിംഗിലും ടോപ്പ് ഓര്‍ഡറിലും മാറ്റങ്ങള്‍ക്കു സാധ്യത. നെറ്റ്സില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു ദീര്‍ഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. ഇഷാന്റെ പരിക്കും വൈഭവിന്റെ നെറ്റ്സിലെ മോശം പ്രകടനവും സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാകും.
ബൗളിംഗ് മൂര്‍ച്ച കൂടും
വിശ്രമത്തിനുശേഷം തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പ്രതീക്ഷ നല്കുന്ന പ്രകടനമാണ് നെറ്റ്സില്‍ കാഴ്ചവച്ചത്. ബുംറയ്ക്കൊപ്പം അര്‍ഷദീപ് സിംഗ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. സ്പിന്‍ നിരയില്‍ രവി ബിഷ്ണോയി, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ആര്‍ക്കു നറുക്ക് വീഴുമെന്നതും ശ്രദ്ധേയം. അതേസമയം, അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. മത്സരത്തില്‍ വെല്ലുവിളി നേരിടാനുള്ള സാധ്യത കുറവാണ്.
ഇന്ത്യ സന്ദര്‍ശകര്‍
പരമ്പരയില്‍ ഇന്ത്യന്‍ ടീം ഉപയോഗിക്കുക അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ സന്ദര്‍ശകര്‍ക്കുള്ള ഡ്രസിംഗ് റൂമാണ്. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. എന്നാല്‍, ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയര്‍ അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആണ്. ഐസിസി പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസിംഗ് റൂം അനുവദിക്കുക.
നെറ്റ്സ് പരിശീലന സെഷനില്‍ ദുലീപ് ട്രോഫി ഫൈനലിനുശേഷം ദേശീയ ടീമിനൊപ്പം ചേര്‍ന്ന കൗമാര താരം വൈഭവ് സൂര്യവംശി വിയര്‍ത്തു. പരിക്കില്‍നിന്ന് മുക്തനായെത്തിയ ജസ്പ്രീത് ബുംറയുടെ പന്തുകള്‍ നേരിടാന്‍ വൈഭവ് ബുദ്ധിമുട്ടി.
നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ബുംറ 45 മിനിറ്റോളം പന്തെറിഞ്ഞു. വൈഭവ് സൂര്യവംശിയും സഞ്ജുവും പേസര്‍മാരെ നേരിട്ടു. ഇതാദ്യമായാണ് നെറ്റ്സില്‍ ബുംറ വൈഭവ് സൂര്യവംശിക്കെതിരേ പന്തെറിയുന്നത്.
ഐപിഎല്ലില്‍ ഇരുവരും മുമ്പ്് ഏറ്റുമുട്ടിയപ്പോള്‍ നേരിട്ട ആദ്യപന്തുതന്നെ വൈഭവ് അതിര്‍ത്തി കടത്തിയിരുന്നു. എന്നാല്‍, ഇത്തവണ ആ മികവ് കണ്ടില്ല.
ബുംറയുടെ വേഗതയേറിയ യോര്‍ക്കറുകള്‍ക്കു മുമ്പില്‍ വൈഭവ് പതറി. മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ജൂലൈയിലെ ഇംഗ്ലണ്ടിനെതിരായ ഏകദിനവും ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയും ബുംറയ്ക്ക് നഷ്ടമായിരുന്നു.
Tags : India Afghanistan T20Cricket Sports