അലക്സാണ്ടര്‍ സ്വരേവും ബെന്‍ ഷെല്‍ട്ടണും
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍ ചിത്രംതെളിഞ്ഞു. ലോക രണ്ടാം നമ്പറും ഒന്നാം സീഡുമായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും നാലാം നമ്പറും എട്ടാം സീഡുമായ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണും തമ്മിലാണ് ഗ്രാന്‍ഡ് ഫിനാലെ. നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടക്കിയവനാണ് ബെന്‍ ഷെല്‍ട്ടണ്‍.
കന്നി ബെന്‍
ഇരുപത്തിമൂന്നുകാരനായ ബെന്‍ ഷെല്‍ട്ടണിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പ്രവേശമാണിത്. സെമിയില്‍ സ്വന്തം രാജ്യക്കാരനായ ഫ്രാന്‍സെസ് തിയാഫൊയെ കീഴടക്കി ബെന്‍ ഷെല്‍ട്ടണ്‍ കിരീടപോരാട്ടത്തിനു യോഗ്യത സ്വന്തമാക്കുകയായിരുന്നു. ആദ്യസെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ബെന്നിന്റെ മടങ്ങിവരവു ജയമെന്നതും ശ്രദ്ധേയം. സ്കോര്‍: 4-6, 6-3, 6-3, 7-5.
2023 യുഎസ് ഓപ്പണ്‍, 2025 ഓസ്ട്രേലിയന്‍ ഓപ്പണുകളുടെ സെമിയില്‍ പ്രവേശിച്ചതായിരുന്നു ബെന്‍ ഷെല്‍ട്ടണിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
ഹാട്രിക് സ്വരേവ്
2026 സീസണില്‍ സ്വരേവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍. ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കരിയറില്‍ ആറാം ഫൈനലും. 2026ല്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കന്നി ഗ്രാന്‍ഡ്സ് ലാം നേട്ടത്തിലെത്തി. ഫ്രഞ്ച് ഓപ്പണിനു പിന്നാലെ ഈ സീസണില്‍ വിംബിള്‍ഡണിന്റെ ഫൈനലിലും സ്വരേവ് എത്തിയിരുന്നു.
അലക്സാണ്ടര്‍ സ്വരേവ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. റഷ്യയുടെ കരെണ്‍ ഖാച്ചനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സ്വരേവ് ഇത്തവണ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. സ്കോര്‍: 6-3, 7-6 (9-7), 7-6 (8-6).
Tags : USOpen Tennis AlexanderZverev BenShelton Final Sports