ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി മാധ്യമങ്ങളോടു പ്രതികരികരിക്കുന്നു
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ മരിച്ച കേസില്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടീപ്പിച്ചുവെന്ന ആരോപണത്തെ എതിര്‍ത്ത് മരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി. ആരും ഭീഷണിപ്പെടുത്തുകയോ നിര്‍ബന്ധിച്ചിട്ടോ അല്ല വക്കാലത്ത് ഒപ്പിട്ടതെന്ന് ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.
പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജയബാലകൃഷ്ണന്‍റെ ബന്ധുവായ ജയലക്ഷ്മി ഭീഷണിപ്പെടുത്തിയാണ് വക്കാലത്തില്‍ ഒപ്പിടീച്ചതെന്ന് ആരോപിച്ചത്. മാധ്യമങ്ങള്‍ പറയുമ്പോഴാണ് ഇക്കാര്യം താന്‍ അറിയുന്നതെന്ന് ഭദ്രകീര്‍ത്തി പ്രതികരിച്ചു.
അഡ്വ. ശ്രീജിത്ത് അച്ഛനും അമ്മക്കും വളരെ അടുത്ത വ്യക്തിയാണ്. ആത്മബന്ധമുള്ള വക്കീലാണ്. ഞാന്‍ തന്നെയാണ് വക്കാലത്ത് ഒപ്പിട്ടു നല്‍കിയത്. ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചിട്ടോ അല്ല. ആദ്യം തന്നെ ലീഗല്‍ അഡ്വൈസിന് വേണ്ടി ചോദിച്ചതാണ്. മുന്നോട്ട് സാര്‍ മതിയെന്ന് കരുതിയാണ് വക്കാലത്ത് കൊടുത്തത്.
കേസ് എടുക്കാമെന്ന് പറഞ്ഞ് കുറേപ്പേര് വന്നിരുന്നു. എന്നാല്‍ ഓപ്പോസിറ്റ് നില്‍ക്കുന്നത് ജഡ്ജിയാണ് ആളുകളെ സ്വാധീനിക്കും എന്നൊക്കെ അറിയാം. അഡ്വ. ശ്രീജിത്ത് തന്നെയാകും വക്കീല്‍. അപ്പീല്‍ തിരുത്താന്‍ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും ഭദ്രകീര്‍ത്തി വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ കുടുംബത്തെ കണ്ട് മടങ്ങിയപ്പോഴാണ് ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും ഭദ്രകീര്‍ത്തി പറഞ്ഞു. മുഖ്യമന്ത്രിക്ക് കുടുംബം നിവേദനവും നല്‍കിയിട്ടുണ്ട്.
Tags : CheranalloorAccident Jayabalakrishnan Daughter Allegation