Sports
റബാത്ത് (മൊറോക്കോ): ലോകകപ്പ് അടക്കമുള്ള ഫിഫ ടൂര്‍ണമെന്റുകളില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നീക്കം പരാജയപ്പെട്ടെങ്കിലും വിവാദങ്ങള്‍ക്ക് അവസാനമില്ല.
പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനായി ഇന്‍ഫാന്റീനോ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത് മൊറോക്കോയില്വച്ചായിരുന്നു. 2030 ഫിഫ ലോകകപ്പ് ഫൈനല്‍ മൊറോക്കോയില്‍ അനുവദിക്കാമെന്ന ധാരണയിലാണ്, ഇന്‍ഫാന്റീനോ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയാറെടുക്കുകയാണ് ഇന്‍ഫാന്റീനോ.
അവകാശവാദവുമായി സ്പെയിൻ രംഗത്ത്
ഇന്‍ഫാന്റീനോ 2030 ഫൈനല്‍ തീരുമാനിച്ചു കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സ്പാനിഷ് കായിക മന്ത്രാലയം രംഗത്തെത്തി.
2030 ഫിഫ ലോകകപ്പ് ഫൈനല്‍ സ്പെയിനിന് അര്‍ഹതപ്പെട്ടതാണെന്നു കായിക മന്ത്രി മിലാഗ്രോസ് ടൊലോണ് വ്യക്തമാക്കി. അതേസമയം, 2030 ലോകകപ്പ് ഫൈനല്‍ മൊറോക്കോയ്ക്കു നല്‍കാമെന്ന ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഫിഫ പത്രക്കുറിപ്പിറക്കി.
സ്പെയിന്, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ഫൈനല്‍ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികമെന്ന നിലയില്‍, പ്രഥമ ലോകകപ്പിന്റെ (1930) ആതിഥേയ ഭൂഖണ്ഡമെന്ന നിലയില്‍ ലാറ്റിനമേരിക്കയിലെ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നിവിടങ്ങളില്‍ സെന്റിനറി മത്സരങ്ങളും നടക്കും.
ബുവേനോസ് ഐറിസ്/ലണ്ടന്‍: അര്‍ജന്റീന, മെക്സിക്കോ ഫുട്ബോള്‍ അസോസിയേഷനുകള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്ക് പൂര്‍ണ പിന്തുണ നല്കി.
കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ഫാന്റീനോയുടെ നേതൃത്വത്തിലുള്ള ഫിഫ എക്സിക്യൂട്ടീവ് നടത്തിയ മികച്ച പ്രകടനത്തിനൊപ്പം അടിയുറച്ചു നില്ക്കുന്നതായി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ അറിയിച്ചു. മെകിസ്ക്കന്‍, ആഫ്രിക്കന്‍ അസോസിയേഷനുകളും ഇന്‍ഫാന്റീനോയ്ക്ക് ഒപ്പമുണ്ട്.
എന്നാല്‍, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് പിന്തുണ പിന്‍വലിച്ചു.
Sports
ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ നടക്കുന്ന ലോക ജൂണിയർ സ്ക്വാഷ് വനിതാ വ്യക്തിഗത ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് ഇന്ത്യയുടെ അനഹത് സിംഗ്.
സെമിഫൈനലിൽ ഡൽഹിയിൽനിന്നുള്ള ഒന്നാം സീഡ് താരം ഈജിപ്ഷ്യൻ എതിരാളി ബാർബ് സമേഹിനെ 11-3, 8-11, 11-4, 11-6 സ്കോറിന് പരാജയപ്പെടുത്തി.
2005ൽ ജോഷ്ന ചിന്നപ്പയ്ക്ക് ശേഷം വേൾഡ് ജൂണി യർ സ്ക്വാഷ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായ അനഹത് ഇന്ത്യയുടെ ആദ്യത്തെ ലോക ജൂണിയർ സ്ക്വാഷ് ചാന്പ്യൻ നേട്ടത്തിന് ഒരു മത്സരം അകലെയാണ്.
ലോക റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള അനഹത് കഴിഞ്ഞ വർഷത്തെ വെങ്കല മെഡൽ ജേതാവ് കൂടിയാണ്. ഫൈനലിൽ അനാഹത് ഈജിപ്ഷ്യൻ രണ്ടാം സീഡ് റുഖയ്യ സലേമിനെ നേരിടും.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിനുള്ള ആദ്യ ഇലവൺ പുറത്തുവിട്ട് അർജന്റീനയും സ്പെയിനും. മൂന്ന് മാറ്റങ്ങളുമായാണ് അർജന്റീന കളത്തിലിറങ്ങുന്നത്. മോളീന, പരേഡസ്, സിമിയോണി എന്നിവർക്ക് പകരം മോണ്ടിയൽ, ഡീപോൾ, നിക്കോ ഗോൾസാലസും ആദ്യ ഇലവണിലെത്തി.
അർജന്റീന ആദ്യ ഇലവൺ: എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയൽ, റോഡ്രിഗോ ഡീപോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, നിക്കോ ഗോൺസാലസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസി.
സ്പെയിൻ ആദ്യ ഇലവൺ: ഉനയ് സിമോൺ, കുബാർസി, ലപോർട്ടെ, പോറോ, കുക്കുറെല്ല, റോഡ്രി, ഫാബിയാന്‍ റൂയിസ്, ലമൈൻ യമാൽ, ഡാനി ഓൽമോ, ബയേന, ഒയർസബാൽ.
Kerala
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് നിർദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Kerala
ഷില്ലോംഗ്: കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാരും. ഫൈനൽ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്. ഫുട്ബോളിനോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
"മേഘാലയയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഫൈനൽ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങൾ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?" - കോൺറാഡ് സാംഗ്മ വീഡിയോയിലൂടെ ചോദിച്ചു.
ഇന്ത്യൻ സമയം അനുസരിച്ച് അർദ്ധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കിരീടപ്പോരാട്ടം നടക്കുന്നത്. ഫൈനൽ മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ ക്ലാസുകളിൽ ഹാജരാകുക ബുദ്ധിമുട്ടാകും എന്നതിനാലാണ് ഭരണകൂടത്തിന്റെ ഈ ഇടപെടൽ. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മേഘാലയയിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസവും ആവേശവും പകരുന്നതാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം.
Kerala
ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി സിപിഎം നേതാവ് എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കറന്റിനും വേണം ഗ്യാരന്റി എന്നും മണി കൂട്ടിച്ചേർത്തു. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്.
ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്‍ വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
Sports
തിരുവനന്തപുരം: ഫിഫ ഫുട്ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
സിനിമ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതി.
കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദർശനമുണ്ടാകും. കായിക പ്രേമികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം, ഫുട്ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്കാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു.
Sports
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍.
സെമി ഫൈനല്‍ പോരാട്ടത്തിനിടെ എതിരാളിയും ലോക നാലാം നമ്പറുമായ ചൈനയുടെ ചെന്‍ യുഫെയ് പരിക്കേറ്റു മടങ്ങി.
21-19, 15-10ന് സിന്ധു മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ചെന്‍ മടങ്ങിയത്. ഫൈനലില്‍ ജപ്പാന്റെ അകനെ യാമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
SUNDAY DEEPIKA
ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ സ്പെയിനും അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ അതിനെ നൂറ്റാണ്ടിന്റെ പോരാട്ടം എന്നല്ലാതെ മറ്റൊന്നുകൊണ്ടും വിശേഷിപ്പിക്കാനാവില്ല. 48 ടീമുകള്‍ തുടങ്ങിയ യാത്രയിലെ ഏറ്റവും മികച്ച രണ്ടു ടീമുകളായാണ് സ്പെയിനും അര്‍ജന്റീനയും ഫൈനല്‍ കിക്കോഫിനായി തയാറെടുക്കുന്നത്. വാര്, സാങ്കേതിക വിദ്യകള്‍, എഐ തുടങ്ങിയ എല്ലാ ആധുനികതയാലും സമ്പുഷ്ടമായ ലോകകപ്പ്.
പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍നിന്ന് 48 ആക്കിയപ്പോള്‍, ലോകകപ്പിന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്നുള്ള വിമര്‍ശനങ്ങള്‍ കാറ്റിൽപറത്തിയാണ് 23-ാം എഡിഷന് സമാപനവേദിയില്‍ എത്തിനില്ക്കുന്നതെന്നതും ശ്രദ്ധേയം. റാങ്കിംഗ് കളത്തിലല്ല കടലാസില്‍ മാത്രമാണെന്നു തെളിയിക്കാനും ഈ ലോകകപ്പിനു സാധിച്ചു. അതിന്റെ ഉദാഹരണമായിരുന്നു കേപ് വെര്‍ദെയുടെ മുന്നേറ്റം.
ചെറു രാജ്യങ്ങള്‍പോലും കനത്ത പോരാട്ടം കാഴ്ചവച്ച് കാണികളുടെ മനംകവര്‍ന്ന ലോകകപ്പ്. അട്ടിമറി ഭീഷണി ഉയര്‍ത്തിയെങ്കിലും നാടകീയ തിരിച്ചുവരവിലൂടെ പരമ്പരാഗത ശക്തികള്‍ മത്സരം തിരിച്ചുപിടിച്ചത് ഈ ലോകകപ്പിനെ ഏറെ ആവേശത്തിലാക്കി.
ലാ റോജ എന്നറിയപ്പെടുന്ന സ്പെയിന് യുവരക്തത്തിളപ്പിലാണുള്ളത്. 90 മിനിറ്റും ഓരേ വേഗത്തിലും താളത്തിലും കളിക്കുന്ന ടീമാണ് സ്പെയിന്. കളിക്കളത്തില്‍ പന്ത് നഷ്ടപ്പെട്ടുകഴിഞ്ഞാല് ഒരുപോലെ ഡിഫെന്‍സിലേക്ക് വലിയാനും സെക്കന്‍ഡുകള്‍ക്കകം പന്തിന്റെ നിയന്ത്രണം തിരികെ പിടിച്ചെടുക്കാനുമുള്ള സ്പെയിനിന്റെ കഴിവ് ഇതിനോടകം വ്യക്തം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്പെയിന് നടത്തുന്ന പൊസഷന്‍ ഫുട്ബോള്‍ എതിരാളികള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്നതാണ്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ കണ്ടുപഠിക്കേണ്ടും ഇതുതന്നെ.
ശാരീരികമായ മേധാവിത്വത്തിനപ്പുറം ടെക്നിക്കല്‍/ടാക്റ്റിക്കല്‍ മികവാണ് സ്പെയിനിന്റെ കരുത്ത്. കളിക്കളത്തില്‍ പൂര്‍ണമായി ഡോമിനേറ്റ് ചെയ്തു കളിക്കുന്നു എന്നതാണ് അവരുടെ സൗന്ദര്യം. യുവത്വവും പരിചയ സമ്പത്തും ഒന്നുപോലെ സമന്വയിപ്പിച്ച ടീമിനെ ഒരു അധ്യാപകന്റെ പക്വതയോടെയാണ് മുഖ്യപരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യൂന്റെ നിയന്ത്രിക്കുന്നത്. ഫ്യൂന്റെയുടെ ബുദ്ധിവൈഭവവും സ്പെയിനിന്റെ ഹൈലൈറ്റാണ്.
ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍, സെന്‍ട്രല്‍ ഡിഫെന്‍ഡറായി എയ്മെറിക് ലാപോര്‍ട്ടെ, തൊട്ടുമുന്നിലായി ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നായകനായ റോഡ്രി.
അറ്റാക്കിംഗില്‍ ആധുനിക മെസി എന്ന നിലയിലേക്ക് ഉയരുന്ന ലാമിന് യമാല്‍ നയിക്കുന്ന നിരയില്‍ മൈക്കല്‍ ഒയര്‍സബാല്‍, ഡാനി ഓള്‍മോ, നിക്കോ വില്യംസ്, പെഡ്രി എന്നീ വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന വൈവിധ്യം നിറഞ്ഞ നിര. ഒപ്പം ബ്രയാന്‍ റൂയിസ്, സൂപ്പര്‍ സബ്ബായ മൈക്കല്‍ മെറിനോ. ഓരോ മത്സരത്തെയും വ്യത്യസ്തമായ തരത്തില്‍ സമീപിച്ച് താളം നഷ്ടപ്പെടാതെ ഓരേ വേഗത്തില്‍ കളിക്കുന്ന ടീമാണ് സ്പെയിന്. 2010ല്‍ ലോകകപ്പ് നേടിയ കാലത്തെ ഓര്‍മിപ്പിക്കുന്ന ടീം.
ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ക്കുശേഷം ഫിഫ ലോകകപ്പ് നിലനിര്‍ത്തുന്ന മൂന്നാമതു സംഘം എന്ന നേട്ടത്തിനായാണ് അര്‍ജന്റീന ഇറങ്ങുന്നത്. അദ്ഭുതവും അവിശ്വസനീയവും എന്നല്ലാതെ അര്‍ജന്റൈൻ ടീമിന്റെ പ്രകടനത്തെക്കുറിച്ച് വിവരിക്കാനാകില്ല. തോല്‍വിയുടെ വക്കില്‍നിന്നും ആവേശകരമായ വിജയം, ഒന്നല്ല പലവട്ടം; അതു മെസിയുടെ അര്ജന്റീനയ്ക്കല്ലാത മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. 2022 ഖത്തര്‍ ലോകകപ്പ് നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരെയും നിലനിര്‍ത്തിയ കോച്ച് ലിയോണല്‍ സ്കലോനിയുടെ തന്ത്രം പൂര്‍ണമായും വിജയിച്ചെന്നു പറയാം.
കഴിഞ്ഞ തവണത്തെ അത്രഫോമില് അല്ലെങ്കിലും ഗോള്‍കീപ്പിംഗ് എമിലിയാനൊ മാര്‍ട്ടിനെസിന്റെ കൈകളില്‍ ഭദ്രം. ക്രിസ്റ്റ്യന്‍ റൊമേറോയും ലിസാന്‍ഡ്രോയും നയിക്കുന്ന ഡിഫെന്‍സ്. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്-മക് അല്ലിസ്റ്റര്‍-പരേഡസ് സഖ്യം. അവര്‍ക്കു മുന്നില്‍ സാക്ഷാല്‍ മെസി. മുന്നേറ്റത്തില്‍ ഉഗ്രശേഷിയുള്ള, എപ്പോള്‍വേണമെങ്കിലും ഗോള്‍നേടാന്‍ കഴിയുന്ന ജൂലിയന്‍ ആല്‍വരെസും ലൗതാരൊ മാര്‍ട്ടിനെസും.
മധ്യനിരയില്‍ സ്ലോ ബില്ഡപ്പുമായി മുന്നേറുന്ന അര്‍ജന്റീന അറ്റാക്കിംഗില്‍ വ്യക്തിഗത മികവിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഫൈനലില്‍ എന്തെങ്കിലും അദ്ഭുതം ഒളിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടറിയണം. ലോകഫുട്ബോള്‍ ചരിത്രത്തിലെ അപൂര്‍വ പ്രതിഭാസമായി മെസിയുടെ പേര് തങ്കലിപികളില്‍ എഴുതുമോ എന്നതായിരിക്കും ഈ ഫൈനല്‍ കഴിഞ്ഞാലുള്ള ചര്‍ച്ച. ഫൈനല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കും. സ്പെയിനിന്റെ മികവിനെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴും മെസിയുടെ അര്‍ജന്റീനയെ തള്ളാന്‍ ആര്‍ക്കുണ്ടാകും ചങ്കൂറ്റം..? കാല്‍പ്പന്തു കളി വീണ്ടും ഒരിക്കല്‍ക്കൂടി വിജയിച്ചു എന്ന അമിതാഹ്ലാദം മാത്രം...
Kerala
തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി നൽകണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിങ്കൾ അവധി നൽകി മറ്റൊരു ദിവസം പ്രവർത്തി ദിവസമാക്കാമെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയോടാണ് മുൻ മന്ത്രിയുടെ ആവശ്യം. സംസ്ഥാനത്ത് ഇതുവരെ രണ്ട് സ്കൂളുകൾക്കാണ് ലോകകപ്പ് പ്രമാണിച്ച് അവധി നൽകിയിരിക്കുന്നത്. കൂടാതെ അവധി നൽകണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺ വിളികൾ എത്തുന്നുണ്ടെന്നും എന്നാൽ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി എൻ. ഷംസുദ്ദീനും പറഞ്ഞിരുന്നു. അതിനിടെയാണ് അവധി നൽകണമെന്ന വാദം ശക്തമാവുന്നത്.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്കൂളിനും മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കും തിങ്കളാഴ്ച അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചു.
കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസിൽ ഇരിക്കാതിരിക്കാനും കുട്ടികൾക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നൽകുന്നതെന്നാണ് അധികൃതരുടെ വാദം.
അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക. കൃത്യമായ സമയത്ത് അവസാനിച്ചാൽ തന്നെ 2.30 ആകും മത്സരം അവസാനിക്കുക. സമ്മാനദാന ചടങ്ങ് കൂടി കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാൽ പുലർച്ചെയാകും മത്സരം അവസാനിക്കുക.
ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. അതേസമയം, അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അധ്യായന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നൽകേണ്ടിവരും. അക്കാര്യത്തിൽ ഒരു തീരുമാനം പറയാനാവില്ലെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.
Sports
അങ്ങനെ ലോകകപ്പ് ഫൈനൽ പോരാട്ടം ഉറപ്പിച്ചു! മെസി മാജിക്കിൽ അർജന്റീനയോ, കരളുറപ്പിന്റെ വീറിൽ സ്പെയിനോ? കാൽപന്താട്ടം ഒരു മാസം പിന്നിടുമ്പോൾ അവശേഷിക്കുന്ന ഏക ചോദ്യം! ഫുട്ബോളിലെ സുവർണ സിംഹാസനത്തിനായി ലോക ചാമ്പ്യന്മാരായ അർജന്റീന യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനുമായി മുട്ടുമ്പോൾ ആരാധകരുടെ ഉദ്വേഗത്തിന് പെരുമ്പറയുടെ മുഴക്കം. പ്രതീക്ഷകൾക്ക് ആവേശത്തിന്റെ വർണപ്പകിട്ട്.
സെമിയിൽ ഫ്രാൻസിനെ ചിതറിച്ച കളി കണ്ടോ?... സ്പാനിഷ് ആരാധകർ നീലപ്പടയുടെ മൂക്ക് തൊടുന്നു. എത്ര പിന്നിൽ പോയാലും മെസി അവതരിക്കും... കാളക്കൂറ്റന്റെ കൊമ്പിൽത്തന്നെയാണ് അർജന്റീന ആരാധകരുടെ മരണപ്പിടിത്തം. ലാമിൻ യമാൽ എന്ന പേര് പറഞ്ഞുതീരുംമുമ്പ് എതിരാളികളുടെ മുഖത്ത് കൊച്ചുപയ്യൻ പാവം എന്ന പുച്ഛം. ഉരുക്കു പടക്കപ്പലുകളാണ് സ്പാനിഷ് അർമാഡയുടേതെന്ന് നെഞ്ചുവിരിച്ച് ലാ റോജയുടെ പടപ്പാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെ 12.30ന്റെ കിക്കോഫ് വരെ സമ്മർദം മുറുകിക്കൊണ്ടിരിക്കും. ഫൈനൽ വിസിലിൽ ആഘോഷവിസ്ഫോടനം യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ?
ആ കാത്തിരിപ്പിനൊരു സുഖമുണ്ട്. കടുത്ത കളിജ്വരത്തിന്റെയും അന്തമില്ലാത്ത പ്രതീക്ഷകളുടെയും ഉച്ചസ്ഥായിയിലേക്കുള്ള യാത്രയും അവിടന്ന് ആഘോഷരാവിന്റെ വന്യതയിലേക്കുള്ള കൂപ്പുകുത്തലും. ഫുട്ബോൾ എന്ന കല അതിന്റെ സർവസൗന്ദര്യത്തോടെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ അർമാദിക്കട്ടെ!
സെമി ഫൈനലിൽ ശക്തരായ ഫ്രാൻസിനെ ഞെട്ടിച്ചതാണ് സ്പെയിൻ. അതുവരെ കണ്ട ഫ്രാൻസിന്റെ കളി ചാമ്പ്യന്മാരുടേതായിരുന്നു. അവരുടെ ആരാധകർക്കെങ്കിലും അക്കാര്യത്തിൽ സംശയമില്ലായിരുന്നു. എന്നാൽ, മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ സംഘം ആ വിശ്വാസം പൊളിച്ചടുക്കി. കൃത്യതയാർന്ന ഫിനിഷിംഗിലൂടെയും പന്ത് കൈയടക്കിയുള്ള മികച്ച കളിയിലൂടെയും ഫ്രഞ്ച് പടയെ അവർ അക്ഷരാർഥത്തിൽ ശ്വാസം മുട്ടിക്കുകയായിരുന്നു.
ഈ ലോകകപ്പിൽ സ്പെയിനിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ഗ്രൂപ്പ് എച്ചിൽ ഒന്നാമന്മാരായാണ് സ്പെയിൻ ലോകകപ്പ് പ്രയാണം ആരംഭിച്ചതെങ്കിലും കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. ഉദ്ഘാടന മത്സരത്തിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ കേപ് വെർദെ അവരെ ഗോളില്ലാ സമനിലയിൽ തളച്ചു. എന്നാൽ, സൗദി അറേബ്യക്കെതിരേ ഉണർന്നു നാല് ഗോളുകൾ അടിച്ചുകൂട്ടി. ഒടുവിൽ കടുത്ത പോരാട്ടം നടത്തിയ ഉറുഗ്വേയെ 1-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിച്ചു.
റൗണ്ട് ഓഫ് 32ൽ ഓസ്ട്രിയയെ 3-0ന് തകർത്ത് സ്പെയിൻ സുഖകരമായി മുന്നേറി. എന്നാൽ, തുടർന്നുള്ള രണ്ട് റൗണ്ടുകളിലും യൂറോപ്യൻ എതിരാളികളുടെ കടുപ്പം മറികടക്കാൻ അവർക്ക് മൈക്കൽ മെറിനോയുടെ അവസാന നിമിഷ വിജയഗോളുകൾ വേണ്ടിവന്നു. റൗണ്ട് ഓഫ് 16ൽ പോർച്ചുഗലിനെതിരേ (1-0) ആയിരുന്നു മെറിനോയുടെ ആദ്യ ഗോൾ. പിന്നാലെ ബെൽജിയത്തിനെതിരായ മത്സരത്തിൽ (2-1) വീണ്ടുമൊരു അവസാന നിമിഷ വിജയം. ടൂർണമെന്റിൽ സ്പെയിൻ ഇതുവരെ വഴങ്ങിയ ഏക ഗോൾ.
ഓരോ മത്സരം കഴിയുന്തോറും സ്പെയിൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഫ്രാൻസിനെതിരായ മത്സരം അവരിലെ ചാമ്പ്യനെ പുറത്തുകൊണ്ടുവന്നു. ആദ്യമായി ഫൈനലിലെത്തി കിരീടം ചൂടിയ 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന് ശേഷം മറ്റൊരു ഫൈനൽ.
മറുഭാഗത്ത്, ആവേശക്കടലിലൂടെയാണ് അർജന്റീനയുടെ യാത്ര. സ്വപ്നസമാനം, ഇതിഹാസതുല്യം എന്നൊക്കെ വിശേഷിപ്പിക്കാം. എത്ര ഗോൾ സ്വന്തം വലയിൽ വീണാലും അതിലപ്പുറം എതിർവലയിൽ അടിച്ചുകൂട്ടാനും അടിപ്പിക്കാനും കെൽപ്പുള്ള മെസി അസാധ്യ ഫോമിലാണ്. തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണവർക്ക്. ചരിത്രത്തിലെ ഏഴാം ഫൈനലും. അർജന്റീനയുടെ വഴി കഠിനമെങ്കിലും ആവേശഭരിതമായിരുന്നു. ഗ്രൂപ്പിൽ മൂന്നു വിജയങ്ങളോടെ തുടക്കം. മെസി ഈ ടൂർണമെന്റിൽ മാത്രം ഇതുവരെ എട്ടു ഗോളുകളും തന്റെ ലോകകപ്പ് കരിയറിലാകെ 21 ഗോളുകളും നേടിക്കഴിഞ്ഞു.
മെസിയുടെ ഹാട്രിക് മികവിൽ അൾജീരിയയെ 3-0നും, മെസിയുടെതന്നെ രണ്ട് ഗോളുകളുടെ കരുത്തിൽ ഓസ്ട്രിയയെ 2-0നും അർജന്റീന പരാജയപ്പെടുത്തി. തുടർന്ന് ജോർദാനെതിരെ 3-1 ന് വിജയം നേടിയപ്പോഴും മെസിയുടെ ഒരു ഗോൾ ഉണ്ടായിരുന്നു. അങ്ങനെ ഗ്രൂപ്പ് ഘട്ടത്തിൽ പൂർണാധിപത്യം. നോക്കൗട്ട് റൗണ്ടുകളിൽ കാര്യങ്ങൾ കൂടുതൽ കഠിനമായി. റൗണ്ട് ഓഫ് 32ൽ കേപ് വെർദെയുടെ കനത്ത വെല്ലുവിളി. കളി അധിക സമയത്തേക്ക് നീണ്ടു. 3-2ന് കൊച്ചുദാവീദിനെ മറികടക്കാൻ ലയണൽ സ്കലോണിയുടെ സംഘത്തിന് നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു.
റൗണ്ട് ഓഫ് 16ലാകട്ടെ നാടകീയത ഉച്ചിയിൽ കയറി. ഈജിപ്തിനെതിരേ 79-ാം മിനിറ്റ് വരെ 0-2ന് പുറകിൽ. അവസാന നിമിഷങ്ങളിൽ അവിശ്വസനീയമായ തിരിച്ചുവരവ്. 3-2 ന് വിജയം പിടിച്ചടക്കുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡുമായി കട്ടക്കട്ട പോരാട്ടം. സ്കോർ 1-1ൽ നിൽക്കേ എതിരാളികൾ 10 പേരായിട്ടും ജയിക്കാൻ അധികസമയം വേണ്ടിവന്നു. ജൂലിയൻ ആൽവരെസിന്റെ ഉജ്വല ഗോളാണ് സ്വിസ് പ്രതിരോധം തകർത്തത്. ഒപ്പം ലൗതാരൊ മാർട്ടിനെസ് മൂന്നാമതൊരു ഗോൾ കൂടി നേടി വിജയം ഉറപ്പിച്ചു.
സെമി ഫൈനലിലും നാടകീയത ഒട്ടും കുറഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്റണി ഗോർഡനിലൂടെ ലീഡ് നേടി ഇംഗ്ലണ്ട് വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ, എൻസോ ഫെർണാണ്ടസിന്റെ ലോംഗ് റേഞ്ച് അവരുടെ നെഞ്ചിൽ ഇടിവാളായി മിന്നി. പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാർട്ടിനെസിന്റെ ഹെഡർ ഇംഗ്ലണ്ട് ഹൃദയം പിളർക്കുകയും ചെയ്തു. രണ്ടു ഗോളും വന്നത് മെസി മാന്ത്രികത്തിലൂടെ.
1966ൽ വില്ല പാർക്കിലായിരുന്നു ഇതിനു മുമ്പത്തെ ഏക സ്പെയിൻ - അർജന്റീന ലോകകപ്പ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരമായിരുന്നു അത്. രണ്ടാം പകുതിയിൽ പിറന്ന ഗോളുകളുടെ ബലത്തിൽ അർജന്റീന 2-1ന് ജയിച്ചു. രണ്ട് ഗോളും നേടിയത് സെന്റർ ഫോർവേഡ് ലൂയിസ് ആർട്ടിം. മിഡ്ഫീൽഡർ പിരിയാണ് സ്പെയിനിനു വേണ്ടി ഗോൾ മടക്കിയത്.
ഫുട്ബോളിന്റെ പ്രണയക്കടലിൽ സ്പാനിഷ് പടക്കപ്പൽ അർജന്റൈൻ ടൈറ്റാനിക്കിനെ മുക്കുമോ? ജീവിതംപോലെ പ്രവചനാതീതമാണ് ഫുട്ബോളും. അവസാനവിസിൽ വരെ ആർക്കും മോഹിക്കാം...
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ഫൈനലില്‍.
ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ അര്‍തര്‍ ഫെറിയെ കീഴടക്കിയാണ് സ്വരേവ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. സ്കോര്‍: 7-6 (7-0), 6-2, 6-4. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ് സ്വരേവ്.
ചെക് ഫൈനല്‍
വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്നു നടക്കും. ചെക് താരങ്ങളായ കരോളിന മുചോവയും ലിന്‍ഡ നോസ്കോവയും തമ്മിലാണ് കലാശപ്പോരാട്ടം. നോസ്കോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്. മുചോവയുടെ രണ്ടാമത്തെതും.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്.
ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: ജോർജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോളാ കാരി, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്, ലൂസി ഹാമിൽടൺ.
ടീം ഇംഗ്ലണ്ട്: ആമൈ ജോൺസ് (വിക്കറ്റ് കീപ്പർ), ഡാനി വയാറ്റ്-ഹോഡ്ജ്, നാറ്റ് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയേലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ, ലിൻസ് സ്മിത്ത്, സോഫി എക്ലെസ്റ്റോണ്ട, ലോറൻ ബെൽ.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റുകൾക്ക് തകർത്താണ് ഓസ്ട്രേലിയ ഫൈനലിൽ കടന്നത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 13 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. അർധ സെഞ്ചുറി നേടിയ ബെത് മൂണിയുടെയും ആഷ്ലെ ഗാർഡ്നറിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഓസ്ട്രേലിയ അനായാസമായി ലക്ഷ്യം മറികടന്നത്.
ബെത് മൂണി 61 റൺസാണെടുത്തത്. 36 പന്തിൽ എട്ട് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്സ്. ഗാർഡ്നർ 35 റൺസാണ് സ്കോർ ചെയ്തത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും ചിനെലെ ഹെൻറിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 125 റൺസെടുത്തത്.
30 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും 26 റൺസെടുത്ത ഡിയാൻഡ്ര ഡോട്ടിന്റെയും 22 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാംപ്ബെല്ലെയുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മോളിനെക്സും ആഷ്ലെ ഗാർഡ്നറും ജോർജിയ വെസർഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്നാബെൽ സതർലൻഡ് ഒരു വിക്കറ്റെടുത്തു.
ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയിയെ ആണ് ഓസ്ട്രേലിയ ഫൈനലിൽ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ.
Sports
കൊച്ചി: പ്രഥമ ബാസ്കറ്റ്ബോള്‍ ലീഗ് കേരളയില്‍ ആതിഥേയരായ കൊച്ചി സ്റ്റാലിയന്‍സും കാലിക്കട്ട് വാരിയേഴ്സും ഫൈനലില്‍.
കാലിക്കട്ട്, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ കൊച്ചിയും കാലിക്കട്ടും കൊമ്പുകോര്‍ക്കും. അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ കാലിക്കട്ട് തൃശൂര്‍ ടസ്കേഴ്സിനെയാണ് നേരിടുക.
അണ്ടര്‍-14 ബോയ്സ് കലാശപ്പോരാട്ടത്തില്‍ കാലിക്കട്ട് കോട്ടയം ബൈസണ്സുമായി ഏറ്റുമുട്ടും. അണ്ടര്‍-19 ബോയ്സ് വിഭാഗത്തില്‍ തൃശൂര്‍ ഫൈനലില്‍ ഇടം നേടി.
Sports
പാരീസ്: റഷ്യൻ കൗമാരസുന്ദരി മീറ ആന്ദ്രേവ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. യുക്രെയ്ന്റെ മാർത്ത കോസ്റ്റിയുകിനെ പരാജയപ്പെടുത്തിയാണ് മീറ ഫൈനലിൽ കടന്നത്.
മീറയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണ്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു 19കാരിയുടെ കുതിപ്പ്. സ്കോർ: 6-1, 6-3.
മാർട്ടിന ഹിംഗിസ്, കിം ക്ലിസ്റ്റേഴ്സ്, കൊക്കോ ഗഫ് എന്നിവർക്ക് ശേഷം കഴിഞ്ഞ 30 വർഷത്തിനിടെ റോളണ്ട് ഗാരോസിൽ കലാശപ്പോരിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മീറ.
National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
Sports
ബുഡാപെസ്റ്റ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്.
യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ബഡാ ഫെസ്റ്റ്, ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ അരങ്ങേറും. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് സംഘമായ ആഴ്സണല്‍ എഫ്സിയും തമ്മിലുള്ള കിരീട ഫൈനലിന്റെ കിക്കോഫ് ഇന്ത്യന്‍ സമയം രാത്രി 9.30നു നടക്കും.
റയല്‍ മാഡ്രിഡിനുശേഷം (2016-17, 2017-18) നിലവിലെ ചാമ്പ്യന്മാര് ഫൈനലില്‍ എത്തുന്നത് ഇതാദ്യമാണ്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ആഴ്സണല്‍ എഫ്സി കളത്തില്‍ ഇറങ്ങുന്നത്. ഗണ്ണേഴ്സിന്റെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. 2005-26 സീസണില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും എഫ്സി ബാഴ്സലോണയോട് പരാജയപ്പെട്ടു.
ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്ന ഏഴാമത് ഇംഗ്ലീഷ് ക്ലബ് എന്ന നേട്ടവും ഇത്തവണ പ്രീമിയര്‍ ലീഗ് നേടിയ ആഴ്സണല്‍ ലക്ഷ്യംവയ്ക്കുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയും ആഴ്സണലും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇത് എട്ടാം തവണ.
ഇതുവരെ നടന്ന ഏഴ് മുഖാമുഖങ്ങളില്‍, ഇരുടീമും രണ്ട് ജയം വീതം നേടി. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഒരു തോല്വിപോലുമില്ലാതെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന 10-ാമത് ടീം എന്ന റിക്കാര്‍ഡിലേക്ക് ആഴ്സണലിനു മുന്നില്‍ പിഎസ്ജി മാത്രമാണുള്ളതെന്നതും ശ്രദ്ധേയം.
Sports
ധരംശാല: ഗുജറാത്ത് ടൈറ്റൻസിനെ വീഴത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിനു തകർത്താണ് നിലവിലെ ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശനം.
ബംഗളൂരു ഉയർത്തിയ 255 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 19.3 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫി, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാം ദർ, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ, ഒരു വിക്കറ്റെടുത്ത ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഗുജറാത്തിനെ തകർത്തത്.
അർധസെഞ്ചറിയുമായി പൊരുതി രാഹുൽ തെവാത്തിയ (68) ആണ് ഗുജറാത്തിനെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ജോസ് ബട്ലർ (11 പന്തിൽ 29), സായ് സുദർശൻ (9 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. സ്കോർ: ബംഗളൂരു 254/5 ഗുജറാത്ത് 162 (19.3).
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 254 റൺസ് നേടിയത്. രജത് പടിധാര്‍ (33 പന്തില്‍ പുറത്താവാതെ 93), വിരാട് കോഹ്ലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ ഇന്നിംഗ്സുകളാണ് അവരെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഒന്നാം ക്വാളിഫയറിൽ തോൽവി വഴങ്ങിയെങ്കിലും ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്.
എലിമിനേറ്റര്‍ ജയിച്ചുവരുന്ന ടീമുമായി ഗുജറാത്ത് ഇനി കളിക്കും. ആർസിബിയുടെ അഞ്ചാം ഐപിഎൽ ഫൈനലും തുടർച്ചയായ രണ്ടാം ഫൈനലുമാണിത്. 2016ൽ ഗുജറാത്ത് ലയൺസിനെ തോൽപ്പിച്ചായിരുന്നു ആർസിബിയുടെ ഫൈനൽ പ്രവേശം. ഇതുകൂടാതെ 2009, 2011, 2025 വർഷങ്ങളിലാണ് ആർസിബി ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്.
Sports
ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ല ഫൈനലിൽ. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി നോട്ടിംഗ് ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ആസ്റ്റൺ വില്ല ഫൈനലിലെത്തിയത്.
വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചാണ് ആസ്റ്റൺ വില്ല ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസും എമി ബ്യൂണ്ടിയയും ഓരോ ഗോൾ വീതവും നേടി.
ആദ്യ പാദ മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഈ മാസം 20ന് നടക്കുന്ന ഫൈനലിൽ ആസ്റ്റൺ വില്ല ഫ്രെയ്ബർഗിനെ നേരിടും.
Sports
ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് രണ്ടില്‍ ഇന്ത്യന്‍ വനിതാ റിക്കര്‍വ് ടീം ഫൈനലില്‍.
10 തവണ ഒളിമ്പിക് ചാമ്പ്യനായ ദക്ഷിണകൊറിയയെയാണ് ഇന്ത്യന്‍ ടീം സെമിയില്‍ കീഴടക്കിയത്. അതേസമയം, പുരുഷ ടീം ആദ്യറൗണ്ടില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് പുറത്തായി.
ദീപിക കുമാരി, അങ്കിത ഭകത്, കുംകും മൊഹദ് എന്നിവരാണ് വനിതാ റിക്കര്‍വ് ടീമില്‍ ഇന്ത്യക്കായി അണിനിരന്നത്. 5-1ന് ആയിരുന്നു സെമിയില്‍ ഇന്ത്യന്‍ ജയം. ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
NRI
ഡബ്ലിൻ: അയർലൻഡ് ദേശീയ വോളിബോൾ ലീഗ് ഫൈനലിൽ മലയാളികൾ നയിക്കുന്ന കോർക്ക് ലയൺ വോളിബോൾ ക്ലബ് ഫൈനലിൽ എത്തി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ടീം ദേശീയ വോളിബോൾ ലീഗിൽ ഫൈനലിൽ എത്തുന്നത്.
കഴിഞ്ഞ നാലു മാസങ്ങളായി നടത്തിവന്ന ചാമ്പ്യൻഷിപ്പിൽ എട്ട് മത്സരങ്ങൾ വിജയിച്ചു കയറിയാണ് ടീം ഫൈനലിൽ എത്തിയത്. മേയ് മൂന്നിന് വൈകുന്നേരം അഞ്ചിന് ഡബ്ലിൻ ബ്ലാഞ്ചഡ്സ്ടൗണിലാണ് ഫൈനൽ മത്സരം.
Sports
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ സിറ്റി. ശനിയാഴ്ച നടന്ന സെമിഫൈനലിൽ സതാംപ്ടണെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിലെത്തിയത്.
ജെറെമി ഡോക്കുവും നിക്കോ ഗോൺസാലസും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഫിൻ അസാസാണ് സതാംപ്ടണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
എഫ്എ കപ്പ് ഫുട്ബോളില്‍ ഏഴുവട്ടം ചാമ്പ്യന്മാരാണ് മാഞ്ചെസ്റ്റര്‍ സിറ്റി. കഴിഞ്ഞവര്‍ഷം ഫൈനലിലെത്തിയെങ്കിലും ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു. 2023-ലാണ് സിറ്റി അവസാനമായി എഫ്എ കപ്പ് നേടിയത്.
ഇന്ന് രാത്രി നടക്കുന്ന ചെല്‍സി-ലീഡ്സ് മത്സരത്തിലെ വിജയികളെയാകും സിറ്റി ഫൈനലില്‍ നേരിടുക. രാത്രി 7.30-നാണ് ചെല്‍സി-ലീഡ്സ് മത്സരം.
Sports
ലെവര്കുസെന്: ജര്‍മന്‍ കപ്പ് ഫുട്ബോളില്‍ എഫ്സി ബയേണ്‍ മ്യൂണിക് ഫൈനലില്‍. സെമിയില്‍ ബയെര്‍ ലെവര്കുസെനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബയേണ്‍ മ്യൂണിക് ഫൈനലില്‍ പ്രവേശിച്ചത്.
ഹാരി കെയ്ന്‍ (22), ലൂയിസ് ഡിയസ് (90+3) എന്നിവരുടെ വകയായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ഗോളുകള്‍. 2025-26 സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ഹാരി കെയ്ന്റെ ഗോള്‍ സമ്പാദ്യം 52 ആയി.2020നുശേഷം ആദ്യമായാണ് ബയേണ്‍ ജര്‍മന്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
Sports
മിലാന്: കോപ്പ ഇറ്റാലിയ ഫുട്ബോളില്‍ ഇന്റര്‍ മിലാന് ഫൈനലില്‍. സെമിയില്‍ 3-2ന് കൊമൊയെ കീഴടക്കിയാണ് ഇന്റര്‍ മിലാന് ഫൈനലില്‍ ഇടംപിടിച്ചത്. ഗോള്‍രഹിതമായ ആദ്യപാദത്തിനുശേഷം, രണ്ടാം പാദത്തിലായിരുന്നു ഇന്ററിന്റെ ജയം. രണ്ടാംപാദ സെമിയില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷമാണ് ഇന്റര്‍ മിലാന്റെ തിരിച്ചുവരവ് ജയം.
മാര്ട്ടിന് ബറ്റുറിന (32), ലൂക്കാസ് ഡകുന്‍ഹ (48) എന്നിവരിലൂടെ കൊമൊ 2-0ന്റെ ലീഡ് നേടി. എന്നാല്‍, ഹകന്‍ ചാല്ഹാനോഗ്ലുവിന്റെ (69, 86) ഇരട്ടഗോളിലൂടെ ഇന്റര്‍ മത്സരത്തിലേക്കു തിരിച്ചെത്തി. 89-ാം മിനിറ്റില്‍ പീറ്റര്‍ സുസിക് ജയം കുറിച്ച മൂന്നാം ഗോള്‍ നേടി. ഇറ്റാലിയന്‍ സീരി എയില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ഇന്റര്‍ മിലാന്, സീസണ് ഡബിളിന്റെ വക്കിലാണ്.
Sports
ന്യൂഡല്‍ഹി: ജൂണിയര്‍ എന്‍ബിഎ ദേശീയ 3x3 ബാസ്കറ്റ്ബോള്‍ ഫൈനല്‍സിന്റെ കലാശപ്പോരാട്ടത്തിന് കേരള ചാമ്പ്യന്മാരായ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്എസ്എസ് യോഗ്യത നേടി.
കെ.ഡി. ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിഫൈനലില്‍ പ്രയാഗ്രാജിലെ മാ ശാരദ പബ്ലിക് സ്കൂളിനെ 20-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പ്രോവിഡന്‍സ് ഫൈനലിലെത്തിയത്.
ഫൈനലില്‍ ലുഥിയാനയിലെ സെന്റ് സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂളാണ് എതിരാളികള്‍.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ കിവീസിന് തൊട്ടതെല്ലാം പിഴച്ചു. അഹമ്മദാബാദിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അവിടം മുതൽ കിവീസിന്റെ കണ്ടകശനി ആരംഭിച്ചു.
പവർപ്ലേയിൽ സഞ്ജു അഭിഷേക് സഖ്യം അടിച്ചുതകർത്തതോടെ ഇന്ത്യയുടെ റൺറേറ്റ് വേഗത്തിൽ ഉയർന്നു. പിന്നാലെ വന്ന ഇഷാൻ കിഷനും കൂറ്റനടികളുമായി കളംപിടിച്ചതോടെ ഇന്ത്യശക്തമായ അടിത്തറയുണ്ടാക്കി. അവസാന ഓവറുകളിൽ ശിവം ദുബെയും നിറഞ്ഞാടിയതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ 255 റൺസ് പിറന്നു.
കൂറ്റൻ ടോട്ടൽ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് പവർപ്ലേയിൽ തന്നെ ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. നാലാം വിക്കറ്റിൽ ഒന്നിച്ച ടീം സെയ്ഫർട്ട് - മാർക് ചാപ്മാൻ സഖ്യം ന്യൂസീലൻഡിനെ കരകയറ്റാൻ നോക്കിയെങ്കിലും എട്ടാം ഓവറിൽ ചാപ്മാനെ ബൗൾഡാക്കി ഹാർദിക് കിവീസിനു കനത്ത പ്രഹരം നൽകി.
വിക്കറ്റ് വീണുകൊണ്ടിരുന്നെങ്കിലും ഒരറ്റത്ത് ആക്രമിച്ച് കളിച്ച സെയ്ഫർട്ട് ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും വരുൺ ചക്രവർത്തി സെയ്ഫർട്ടിനെ കൂടാരം കയറ്റി. ആറാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ - ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ സഖ്യമാണ് കിവീസിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.
ഇരുവരും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ വിജയത്തിലേക്ക് ആ ബാറ്റിംഗ് മതിയാകുമായിരുന്നില്ല. ബുംറയുടെ പന്തിൽ നിന്ന് തീതുപ്പിയതോടെ കിവീസ് ബാറ്റ്സ്മാൻമാർ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു.
ടിം സെയ്ഫർട്ട് (52), ഡാരിൽ മിച്ചൽ (17) മിച്ചൽ സാന്റ്നർ (43) എന്നിവർക്കുമാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ. 2007, 2024 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്‍പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടരുന്ന ന്യൂസിലൻഡ് പതറുന്നു. 3.1 ഓവറിൽ കിവീസിന്റെ രണ്ട് വിക്കറ്റ് വീണു.
ഫിൻ അലനും രചിൻ രവീന്ദ്രയും ആണ് പുറത്തായത്. ഒമ്പത് റൺസെടുത്ത അലനെ അക്സർ പട്ടേലാണ് പുറത്താക്കിയത്.
ജസ്പ്രീത് ബുംറയാണ് രചിൻ രവീന്ദ്രയെ മടക്കി അയച്ചത്. ഒരു റണാണ് രചിൻ എടുത്ത്. നിലവിൽ നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട് ന്യൂസിലൻഡ്. ടിം സൈഫർട്ടും ഗ്ലെൻ ഫിലിപ്പ്സും ആണ് ക്രീസിൽ.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ താരം ഇഷാൻ കിഷനും അർധ സെഞ്ചുറി. 23 പന്തിലാണ് ഇഷാൻ അർധ സെഞ്ചുറി തികച്ചത്.
നാല് ഫോറും നാല് സിക്സും അടിച്ചെടുത്തിട്ടുണ്ട് ഇഷാൻ. സഞ്ജു സാംസൺ 89 റൺസെടുത്ത് പുറത്തായി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. നാലോവറിൽ ടീം സ്കോർ 50 കടന്നു. വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസാണ് ഇന്ത്യ എടുത്തത്.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. സഞ്ജു 24 റൺസും അഭിഷേക് 23 റൺസും എടുത്തിട്ടുണ്ട്.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. പുരുഷ സിംഗിൾസ് സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്യെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്.
സെമിയിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ ജയിച്ചപ്പോൾ രണ്ടാം ഗെയിം സ്വന്തമാക്കി വിക്ടർ ലായ് ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിം വിജയിച്ച് ലക്ഷ്യം മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 21-16, 18-21, 21-15.
97 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ഫൈനലിൽ ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയുടെ എതിരാളി.
Sports
ലോക ക്രിക്കറ്റില്‍ ഏറ്റവും പവര്‍ഫുള്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ബ്ലൂസ് ഗ്യാംഗ്. സ്കൈ, ചേട്ടന്, കുംഗ്ഫു പാണ്ഡ്യ, ബാപ്പു, ബൂം ബൂം, ബേബി ഹിറ്റ്മാന്, ടിവി എന്നിങ്ങനെ ചെല്ലപ്പേരുള്ളവര് അണിനിരക്കുന്ന ഡെഡ്ലി കോമ്പിനേറ്റഡ്, കോള്‍ഡ് ഹാര്‍ട്ടഡ് ഗ്യാംഗ്; ലോക ഒന്നാം നമ്പര്‍ ട്വന്റി-20 ടീം. പൈറേറ്റ്സ് ഓഫ് കരീബിയന്‍സ് ആയ വെസ്റ്റ് ഇന്‍ഡീസിന്റെ കപ്പല്‍പ്പടയെ കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മുക്കി സെമിയിലേക്ക്. 196 എന്ന ലക്ഷ്യത്തിനായി ബാറ്റ് ആയുധമാക്കിയ സഞ്ജു ചേട്ടന്റെ പ്രഹരത്തില്‍ ഈഡന് ഗാര്‍ഡന്‍സില്‍ കലിപ്സോ സംഗീതം നിലച്ചു.
ഹാരിയും ജോസേട്ടനും ജാക്ക് ആന്‍ഡ് ജേക്കബുമെല്ലാം നയിക്കുന്ന, ബിര്മിംഗ്ഹാമില്നിന്നുള്ള പീക്കിബ്ലൈന്ഡേഴ്സ് ഗ്യാംഗായിരുന്നു സെമിയിലെ എതിരാളികള്‍; ലോക രണ്ടാം നമ്പര്‍ ട്വന്റി-20 ടീം. സി (ചേട്ടായീസ്) കമ്പനിയുടെ തറവാട്ടുമുറ്റമായ മുംബൈ വാങ്കഡെയില്‍ സൂപ്പര്‍ ത്രില്ലര്‍ സെമി. മുടി പിന്നി, അഗ്രങ്ങളില്‍ വൈറ്റ് കളര്‍ ചാലിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിനെ, തങ്ങളുടെ ആരാച്ചാരാകാന്‍ അനുവദിക്കാതെ കടന്നാക്രമിച്ച് സഞ്ജു സാംസണ് ചേട്ടായീസ് ഗ്യാംഗിന്റെ പണി ആദ്യംതന്നെ തുടങ്ങി. 42 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജുച്ചേട്ടനൊപ്പം ഇഷാന് കിഷനും (18 പന്തില്‍ 39), ശിവം ദുബെയും (25 പന്തില്‍ 43), ഗ്യാംഗ് ലീഡര്‍ സ്കൈ എന്ന സൂര്യകുമാര്‍ യാദവും (6 പന്തില്‍ 11), കുംഗ്ഫു ഹാര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 27) ടിവി എന്നറിയപ്പെടുന്ന തിലക് വര്‍മയും (7 പന്തില്‍ 21) പണി ഭംഗിയാക്കിയപ്പോള് സ്കോര്‍ ഷീറ്റില്‍ 253/7.
തുടര്‍ന്ന് പീക്കിബ്ലൈന്ഡേഴ്സിന്റെ മറുപണി, കൂടെയുള്ളവര്‍ വീണപ്പോഴും ജേക്കബ് ബെഥേല്‍ ഫൈനല്‍ എന്ന സ്വര്‍ഗരാജ്യത്തേക്കുള്ള രക്തച്ചൊരിച്ചില്‍ തുടര്‍ന്നു. വരുണ്‍ ചക്രവര്‍ത്തിയെയും അര്‍ഷദീപ് സിംഗിനെയുമെല്ലാം നിലംതൊടാതെ ഗാലറിയിലേക്ക് എടുത്തെറിഞ്ഞ ബെഥേല്‍ എന്ന ഇളമുറക്കാരന് 48 പന്തില്‍ 105 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയുടെ കണക്കുകൂട്ടല്‍ തെറ്റാതെയുള്ള ത്രോയില്‍ സഞ്ജു ബെഥേലിനെ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, റണ്ണൗട്ട്. ഇതിനിടെ ബാപ്പു എന്ന അക്സര്‍ പട്ടേലിന്റെ സ്പൈഡര്മാന് സ്റ്റൈല്‍ ക്യാച്ചുകള്‍. ബൂം ബൂം ബുംറയുടെ ഡെഡ്ലി ഡെത്ത് ഓവര്‍. മാലയില്‍നിന്നു വേര്‍പെട്ടുപോയ രണ്ടുമൂന്നു ഓലപ്പടക്കം കണക്കെ അവസാന ഓവറില്‍ ആര്‍ച്ചറിന്റെ മൂന്ന് സിക്സ്. ഏഴു റണ്‍സ് അകലെ ഗ്യാംഗ് ഓഫ് ലണ്ടന്‍ നിര്‍ജീവം.
► പകവീട്ടാന്‍ സഞ്ജു
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ (97 നോട്ടൗട്ട്, 89), രണ്ടു പ്ലെയര്‍ ഓഫ് ദ മാച്ച്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മുന്നിലുള്ളത് ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ 97 നോട്ടൗട്ടോടെ ഓപ്പണിംഗ് സ്ഥാനം തിരികെപ്പിടിച്ച സഞ്ജുവിന് ഒരു കടം വീട്ടാനുണ്ട്, ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചില്‍ സഞ്ജുവിനെ ഇരുത്തിയ കിവീസിന് എതിരായ കടം.
ലോകകപ്പിനു മുന്നോടിയായി ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ശോഭിക്കാന്‍ സാധിക്കാതിരുന്നതോടെ സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തായി. തുടര്‍ന്ന് ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വീണുകിട്ടിയ അവസരം മുതലാക്കിയുള്ള തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. തന്റെ പ്ലേയിംഗ് ഇലവന് സ്ഥാനം നഷ്ടപ്പെടുത്തിയ, ന്യൂസിലന്‍ഡ് ടീമിനോടുള്ള പക ഫൈനലില്‍ സഞ്ജു വീട്ടുമോ എന്നതാണ് ചോദ്യം. നാളെ അഹമ്മദാബാദിലാണ് ഇന്ത്യ x ന്യൂസിലന്‍ഡ് ഫൈനല്‍. ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏകവേദിയാണ് (സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ) അഹമ്മദാബാദ്. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവീസ് ഫൈനലില്‍ എത്തിയത്.
► ബൂം ബൂം ബുംറ
“പ്ലെയര്‍ ഓഫ് ദ മാച്ചിന് ഏറ്റവും അര്‍ഹന്‍ ജസ്പ്രീത് ബുംറയാണ്. വണ്‍സ് ഇന്‍ എ ജെനറേഷന് ബൗളര്‍. ബുംറയുടെ ഡെത്ത് ഓവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ പുരസ്കാരം എനിക്ക് ലഭിക്കില്ലായിരുന്നു’’- മത്സരശേഷം സഞ്ജുവിന്റെ വാക്കുകള്‍. 40 ഓവറില്‍ 499 റണ്‍സാണ് ഇന്ത്യയും ഇംഗ്ലണ്ടും ചേര്‍ന്ന് അടിച്ചെടുത്തത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 18-ാം ഓവറില്‍ ക്ലാസിക്ക് ബൗളിംഗിലൂടെ ആറ് റണ്‍സ് മാത്രം വഴങ്ങി ബുംറ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലേക്കെത്തിച്ചു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് ബുംറ നേടി. സ്കോറിംഗ് റേറ്റ് ഓവറില്‍ 13ന് അടുത്തായിരുന്ന മത്സരത്തില്‍, ബുംറയുടെ ഇക്കോണമി 8.25 മാത്രമായിരുന്നു. അഞ്ച്, 11, 16, 18 ഓവറുകളായിരുന്നു ബുറ എറിഞ്ഞത്.
► പറക്കും ബാപ്പു
ബാപ്പു എന്നറിയപ്പെടുന്ന അക്സര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായി തിളങ്ങിയില്ല. എന്നാല്‍, ഫീല്‍ഡിംഗില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം വഴിത്തിരിവായി. ട്വന്റി-20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിലൂടെ ഹാരി ബ്രൂക്കിനെ അക്സര്‍ പുറത്താക്കി. എക്സ്ട്രാ കവറില്‍ 20 വാരയോളം പിന്നോട്ട് ഓടി ഡൈവ് ചെയ്തായിരുന്നു അക്സറിന്റെ ക്യാച്ച്.
ജേക്കബ് ബെഥേലും വില്‍ ജാക്സും 39 പന്തില്‍ 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്കു തലവേദന സൃഷ്ടിക്കുമ്പോഴായിരുന്നു അക്സറിന്റെ രണ്ടാമത്തെ ഉജ്വല ഫീല്‍ഡിംഗ്. വില്‍ ജാക്സിനെ പുറത്താക്കാനായി ഡീപ്പ് മിഡ് വിക്കറ്റില്‍ സാഹസികമായി പന്ത് കൈപ്പിടിയിലൊതുക്കിയ അക്സര്‍ ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായി, അതോടെ പന്ത് തൊട്ടടുത്തായുള്ള ദുബെയ്ക്കു നല്കി.
തിടുക്കപ്പെട്ടുള്ള/അനാവശ്യ ഷോട്ടിലൂടെ സഞ്ജു പുറത്തായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 13.1 ഓവറില്‍ 160/3. അതോടെ ഇന്ത്യയുടെ താളം നഷ്ടപ്പെട്ടു. എന്നാല്‍, 25 പന്തില്‍ 43 റണ്‍സ് നേടിയ ദുബെയും 12 പന്തില്‍ 27 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ഏഴ് പന്തില്‍ 21 നേടിയ തിലക് വര്‍മയും നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു.
► സഞ്ജു Vs ആര്‍ച്ചര്‍
ജോഫ്ര ആര്‍ച്ചറിനെതിരായ സഞ്ജുവിന്റെ ടാക്റ്റിക്കല്‍ വിജയമായിരുന്നു മത്സരം ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. സഞ്ജു 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും അടക്കം 89 റണ്‍സ് നേടി. 211.90 സ്ട്രൈക്ക് റേറ്റ്. പേസ് ബൗളര്‍മാര്‍ക്കെതിരേ കടന്നാക്രമണം, അതും ജോഫ്ര ആര്‍ച്ചറിനെതിരേ. ഇന്നിംഗ്സിനിടെ പേസര്‍മാരുടെ 27 പന്ത് സഞ്ജു നേരിട്ടു. 69 റണ്‍സ് നേടി. ആര്‍ച്ചറിന്റെ 14 പന്തില്‍ 38ഉം സാം കറന്റെ ഒമ്പത് പന്തില്‍ 22ഉം റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയില്‍ മൂന്നു തവണ സഞ്ജു ആര്‍ച്ചറിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ആ പരമ്പരയില്‍ ആര്‍ച്ചറിന്റെ 23 പന്തില്‍ 25 റണ്‍സ് മാത്രമായിരുന്നു നേടിയത്. അതില്‍നിന്നും പാഠമുള്‍ക്കൊണ്ടുള്ള ഇന്നിംഗ്സായിരുന്നു വാങ്കഡെയില്‍ സഞ്ജു കാഴ്ചവച്ചതെന്നതാണ് ശ്രദ്ധേയം.
Sports
ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കാഷ്മീരിനെതിരെ കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ സന്ദർശകർ ഉയർത്തിയ 584 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കർണാടക ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്.
86 റൺസുമായി മായങ്ക് അഗർവാളും 25 റൺസുമായി ശ്രേയസ് ഗോപാലുമാണ് ക്രീസിൽ. ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കെ.എൽ. രാഹുൽ (13), ആർ. സമ്രാൻ (പൂജ്യം), കരുൺ നായർ (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
ജമ്മു കാഷ്മീരിനു വേണ്ടി 30 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ പേസർ ആക്വിബ് നബിയാണ് കർണാടക മുൻനിരയെ തകർത്തത്. സുനിൽ കുമാർ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തിൽ 527 റണ്ണെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ജമ്മുവിന് 57 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. സെഞ്ചുറി നേടിയ ശുഭം പണ്ഡിറ്റ് (121), അർധസെഞ്ചുറി നേടിയ യാവെർ ഹസൻ (88), ക്യാപ്റ്റൻ പരസ് ദോഗ്ര (70), അബ്ദുൾ സമദ് (61), കനല്യ വധാവൻ (70), സഹിൽ ലോട്ര (72) എന്നിവരുടെ ഇന്നിംഗ്സുകളാണ് ജമ്മു കാഷ്മീരിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
കർണാടകയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ 98 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോൾ വിദ്യാധർ പാട്ടീൽ, വി. വൈശാഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശ് എയ്ക്കെതിരെ ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണെടുത്തത്.
തേജൽ ഹസബ്നിസിന്റെ അർധ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രാധാ യാദവിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ എ ഭേദപ്പെട്ട സ്കോറിലെത്തിയത്. തേജൽ 51 റൺസാണെടുത്തത്. 34 പന്തിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു തേജലിന്റെ ഇന്നിംഗ്സ്.
രാധാ യാദവ് 36 റൺസാണ് സ്കോർ ചെയ്തത്. വൃന്ദാ ദിനേഷ് 19 റൺസെടുത്തു. ബംഗ്ലാദേശ് എയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഫഹിമ ഖതുൻ നാല് വിക്കറ്റെടുത്തു. ഫർജാന ഈസ്മിനും ഫതെമ ജാഹൻ സോണിയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബാങ്കോക്ക്: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.
സെമി ഫൈനലിൽ ക്യാപ്റ്റൻ രാധാ യാദവിന്റെ ഓൾറൗണ്ട് മികവിൽ ശ്രീലങ്ക എ ടീമിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എ ടീം ഫൈനലിൽ കടന്നത്.
സെമിയിൽ പാക്കിസ്ഥാൻ എ ടീമിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ കടന്നത്. ഫൈനൽ ഉച്ചയ്ക്കു 12.30ന് നടക്കും. സോണി ടെന്നിലും സോണി ലിവിലും മത്സരം കാണാം.
Sports
ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് വിമൻസ് ഏഷ്യകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ എ. ബാങ്കോക്കിൽ നടന്ന സെമിയിൽ ശ്രീലങ്ക എയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ എ ഫൈനലിൽ കടന്നത്.
ശ്രീലങ്ക എ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഓപ്പണർ വൃന്ദാ ദിനേഷിന്റെയും ക്യാപ്റ്റൻ രാധാ യാദവിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ എ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
വൃന്ദ 42 റൺസാണെടുത്തത്. 20 പന്തിൽ എട്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു വൃന്ദയുടെ ഇന്നിംഗ്സ്. രാധാ യാദവ് 31 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയാണ് രാധ അടിച്ചത്. അനുഷ്ക ശർമ 27 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ശസിനി ജിംഹാനി രണ്ട് വിക്കറ്റെടുത്തു. യശാന്തി നിമാന്തിക ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. സെമി ഫൈനലിൽ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ 83 റൺസ് കൂടി ചേർത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബംഗാളിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ആകാഷ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും ജമ്മു കാഷ്മീരിന്റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ.
Sports
ധകുഅഖാന (ആസാം): സന്തോഷ സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കിക്കോഫ്. ഫിഫ പ്ലസ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.
സെമിയില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശം. സര്‍വീസസ് 2-0ന് റെയില്‍വേസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.
കൊച്ചി കണക്കു ബാക്കി
2012-13 സീസണ് ഫൈനലില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍വച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് പരാജയപ്പെട്ടതിന്റെ കണക്ക് തീര്‍ക്കാനുള്ള അവസരമാണ് കേരളത്തിന്റെ പുതുതലമുറയ്ക്കുള്ളത്.
അന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായിരുന്ന മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3ന്റെ ജയത്തോടെ സര്‍വീസസ് കപ്പുയര്‍ത്തി. ഗാലറിയില്‍ തിങ്ങിനിറഞ്ഞ 35,000 കാണികളുടെ ഹൃദയം പിളര്‍ന്ന നിമിഷം.
എട്ടാം സന്തോഷ് ട്രോഫി കിരീടത്തിനായാണ് കേരളവും സര്‍വീസസും കളത്തില്‍ ഇറങ്ങുന്നത്. ഇരു ടീമും ഇതുവരെയായി ഏഴ് തവണ സന്തോഷ് ട്രോഫിയില്‍ മുത്തംവച്ചിട്ടുണ്ട്. 2023-24 സീസണില്‍ ആയിരുന്നു സര്‍വീസസ് അവസാനം ചാമ്പ്യന്മാരായത്. കേരളമാകട്ടെ മഞ്ചേരിയില്‍നടന്ന 2021-22 സീസണിലും. എന്നാല്‍, 2024-25 സീസണ് ഫൈനലിസ്റ്റുകളാണ് കേരളം. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ് സ്വന്തമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
സര്‍വീസസും കേരളവും തമ്മില്‍ സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2012-13 സീസണിലായിരുന്നു ഇരു ടീമും തമ്മില്‍ ഇതിനു മുമ്പ് ഫൈനല്‍ അരങ്ങേറിയത്. അന്ന് കൊച്ചിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍, പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സര്‍വീസസ് 4-3ന്റെ ജയം സ്വന്തമാക്കി.
2025-26 സീസണ് സന്തോഷ് ട്രോഫിയില്‍ കേരളത്തെ കീഴടക്കിയ ഏക ടീമാണ് സര്‍വീസസ്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 1-0ന് ആയിരുന്നു കേരളത്തിന്റെ തോല്‍വി. ഈ സന്തോഷ് ട്രോഫിയില്‍ കേരളത്തിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന ഏക ടീമും സര്‍വീസസാണ്.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്.
ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി.
കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകൾ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറിൽ നേടിയ 349 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളിൽ റൺസ് എടുക്കുന്നത്. ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകൾ കുറിക്കപ്പെട്ടു.
അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വിൽ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.
Sports
ഹരാരെ: ഐസിസി അണ്ടർ19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം റിക്കാർഡ് നേട്ടത്തോടെ ഇന്ത്യ സ്വന്തമാക്കുമോ? അതോ, ഇംഗ്ലണ്ട് രണ്ടാം കപ്പുയർത്തുമോ എന്ന് ഇന്നറിയാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം.
ചാന്പ്യൻ പട്ടത്തിൽ അഞ്ച് കിരീടവുമായി ഒന്നാമതുള്ള ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂർണമെന്റിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യക്ക് നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ല. സെമിയിൽ റിക്കാർഡ് റണ്‍ ചേസിലുടെ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 311 റണ്‍സ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. എന്നാൽ, ടൂർണമെന്റിൽ അപരാജിതരായി എത്തുന്ന ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയർത്തും.
റിക്കാർഡ് കപ്പ്
നിലവിൽ അഞ്ച് പ്രാവശ്യം കപ്പുയർത്തിയ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഓസ്ട്രേലിയ നാല് പ്രാവശ്യം ചാന്പ്യൻമാരായി. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ 2024ൽ ഫൈനലിൽ കാലിടറി.
ശ്രദ്ധാകേന്ദ്രം
നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തി ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ബെൻ മയേഴ്സ് (399 റണ്‍സ്), റ്യൂ (299 റണ്‍സ്) എന്നിവരാണ്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള പേസർ മാന്നി ലുസ്ഡെൻ (15) ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയുയർത്തും. 10 വിക്കറ്റുമായി സ്പിന്നർ റാഫി ആൽബർട്ടിന്റെ പിന്തുണയുമുണ്ട്.
പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ (264) സ്ഫോടനാത്മക ബാറ്റിംഗ് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കവും ആത്മവിശ്വാസവും നൽകും. ക്യാപ്റ്റൻ ആയുഷ് മാത്രെ, സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോർജ് എന്നിവരെല്ലാം മികവ് തെളിയിച്ചു കഴിഞ്ഞു. 11 വിക്കറ്റുമായി ഹെനിൽ പട്ടേലാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.
Sports
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബാവൊ കപ്പ്) ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയും ആഴ്സണല്‍ എഫ്സിയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. രണ്ടാംപാദത്തില്‍ 3-1ന്റെ ജയം നേടിയതോടെയാണിത്.
മാഞ്ചസ്റ്റർ സിറ്റിക്കായി ഒമർ മർമോഷ് ഇരട്ടഗോൾ സ്വന്തമാക്കി. ഏഴ്, 29 മിനിറ്റുകളിലായിരുന്നു മർമോഷിന്റെ ഗോളുകൾ. തിജാനി റിജെൻഡേഴ്സിന്റെ (32) വകയായിരുന്നു മറ്റൊരു ഗോൾ. എലാൻഗ (62) ന്യൂകാസിലിന്റെ ആശ്വാസ ഗോൾ നേടി. ആദ്യപാദ സെമിയില്‍ 2-0ന് സിറ്റി ജയിച്ചിരുന്നു.
ഇരുപാദങ്ങളിലുമായി 4-2ന് ചെല്‍സിയെ കീഴടക്കിയാണ് ആഴ്സണല്‍ ഫൈനലില്‍ പ്രവേശിച്ചത്. മാര്‍ച്ച് 22നാണ് ഫൈനല്‍.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബോളിംഗ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയിൽ ടോപ്പറായിട്ടാണ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചത്.
പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടിയത്. ബംഗളൂരുവും ഡൽഹിയും രണ്ടാം തവണയാണ് ഡബ്ല്യുപിഎൽ ഫൈനലിൽ മാറ്റുരയ്ക്കുന്നത്.
2024 സീസണ് ഫൈനലിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ഡൽഹിയെ പരാജയപ്പെടുത്തി കന്നി കിരീടം ഉയർത്തിയിരുന്നു.
ടീം ബംഗളൂരു: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രേസ് ഹാരിസ്, ജോർജിയ വോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, പൂജ വസ്ത്രാകർ, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഘരെ, അരുന്ധതി റെഡ്ഡി, ലോറൻ ബെൽ.
ഡൽഹി ടീം : ഷഫാലി വർമ, ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മരിസാൻ കാപ്പ്, ചിനെല്ലെ ഹെൻറി, നിക്കി പ്രസാദ്, സ്നേഹ റാണ, മിന്നു മണി, നന്ദനി ശർമ്മ, എൻ. ശ്രീ ചരണി.
Sports
വഡോദര: തുടർച്ചയായ നാലാം ഫൈനലിൽ കന്നി കപ്പുയർത്താൻ ജെമീമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസും രണ്ടാം കപ്പുയർത്താൻ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്നു കലാശ പോരാട്ടത്തിനിറങ്ങും.
വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരം രാത്രി 7.30ന് വഡോദരയിൽ നടക്കും. പോയിന്റ് പട്ടികയിൽ ടോപ്പറായി ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടി.
കരുത്തുറ്റ ടീം
സ്മൃതി മന്ദാനയുടെ തകർപ്പൻ ഫോമിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. സീസണിൽ 48.33 ശരാശരിയിൽ 290 റണ്‍സ് താരം നേടി. നദിനെ ഡി ക്ലർക്ക് 7.25 ഇക്കോണമിയിൽ 15 വിക്കറ്റുമായി ബൗളിംഗിൽ പ്രതീക്ഷ പകരുന്നു. ഓൾറൗണ്ടറായ നദിനെയുടെ മികച്ച സീസണാണിത്. മന്ദാനയ്ക്ക് പിന്നിൽ 42.00 ശരാശരിയിൽ ബാറ്റിംഗിലും തിളക്കമുള്ള പ്രകടനമാണ് താരം നടത്തുന്നത്.
ലിസല്ലെ ലീ ആണ് ഡൽഹിയുടെ ടോപ് സ്കോറർ. 31.44 ശരാശരിയിൽ 283 റണ്‍സ് ലീ ഇതിനകം നേടി. 141.50 പ്രഹരശേഷിയിലാണ് താരം തകർത്തടിക്കുന്നത്. 16 വിക്കറ്റുമായി പർപ്പിൾ ക്യാപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള നന്ദിനി ശർമയ്ക്കാണ് ഡൽഹിയുടെ ബൗളിംഗ് ആക്രമണ ചുമതല. ഓപ്പണർ ഷഫാലി വർമയും ലോറ വോൾവർട്ടുമടങ്ങുന്ന ബാറ്റിംഗ് നിര ഡൽഹിയുടെ കരുത്ത് കൂട്ടും. ബൗളിംഗിൽ 21കാരി ചരണി 14 വിക്കറ്റുമായി ഡൽഹിക്കായി ശ്രദ്ധേയ പ്രകടനം നടത്തുന്നു.
രണ്ടാം വട്ടം
ബംഗളൂരുവും ഡൽഹിയും രണ്ടാം തവണയാണ് ഡബ്ല്യുപിഎൽ ഫൈനലിൽ മാറ്റുരയ്ക്കുന്നത്. 2024 സീസണ് ഫൈനലിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ഡൽഹിയെ പരാജയപ്പെടുത്തി കന്നി കിരീടം ഉയർത്തി. മൂന്ന് തവണ റണ്ണേഴ്സ് അപ്പായ ഡൽഹി ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ആറ് ജയത്തോടെ 12 പേയിന്റുമായി പട്ടികയിൽ ഒന്നാമതായാണ് ബംഗളൂരു ഫൈനൽ പ്രവേശനം നേടിയത്.
നേർക്കുനേർ
ഇരു ടീമും ഒന്‍പത് തവണ നേർക്കുനേർ പോരാടി. ആറ് വിജയവുമായി ഡൽഹി മേധാവിത്വം പുലർത്തുന്നു. മൂന്ന് വിജയം മാത്രമുള്ള ബംഗളൂരു 2024ൽ ഡൽഹിയെ ഫൈനലിൽ തകർത്ത് കപ്പുയർത്തിയ ചരിത്രവും ഉണ്ട്. സമീപകാല പ്രകടനത്തിലും ബംഗളൂരുവിന് മുൻതൂക്കമുണ്ട്. അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരത്തിൽ മൂന്നിലും ജയം ബംഗളൂരുവിനായിരുന്നു.
Sports
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് വനിതാ ഫുട്ബോളില്‍ കേരളം ഫൈനലില്‍. ലീഗ് റൗണ്ടില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ 8-0ന് ഭൂട്ടാനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്കു കുതിപ്പു നടത്തിയത്.
ഇന്ത്യക്കായി പേള്‍ ഫെര്‍ണാണ്ടസ് (16, 38, 40) ഹാട്രിക് സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് 4-0ന് നേപ്പാളിനെ കീഴടക്കിയതോടെയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായി ഫൈനലില്‍ എത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
Sports
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സി ഫൈനലില്‍. ഇരുപാദങ്ങളിലുമായി 4-2ന് ചെല്‍സിയെ കീഴടക്കിയാണ് ഗണ്ണേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്.
ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 1-0ന് ആഴ്സണില്‍ ജയിച്ചു.
സ്റ്റോപ്പേജ് ടൈമില്‍ കായ് ഹവേര്റ്റ്സിന്റെ (90+7) വകയായിരുന്നു ആഴ്സണലിന്റെ ഗോള്‍. ആദ്യ പാദത്തില്‍ ആഴ്സണല്‍ 3-2നു ജയിച്ചിരുന്നു.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. ഇന്ന് നടന്ന സെമിഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ 27 റൺസിന് തകർത്താണ് ഇംഗ്ലീഷ് പട ഫൈനലിലെത്തിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 88 പന്തിൽ നിന്ന് 100 റൺസാണ് പീക്ക് എടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പീക്കിന്റെ ഇന്നിംഗ്സ്.
47 റൺസെടുത്ത നിതേഷ് സാമുവലും 34 റൺസെടുത്ത ആര്യൻ ശർമയും തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യൻ മോർഗനും ജെയിംസ് മിന്റോയും മന്നി ലംസ്ഡെനും റാൽഫി ആൽബർട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലക്സ് ഫ്രെഞ്ചും ഫർഹാൻ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്റെയും കാലെബ് ഫാൽകോണറിന്റെ ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്റെ ഇന്നിംഗ്സ്.
കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ സെമി പോരാട്ടത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് ഫൈനൽ.
Sports
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീട പോരാട്ടത്തിൽ ബെലാറൂസിന്റെ ലോക ഒന്നാം നന്പർ താരം അരീന സബലെങ്കയും കസാക്കിസ്ഥാന്റെ അഞ്ചാം നന്പർ താരം എലെന റെബാകിനയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലിൽ സബലെങ്ക (6-2, 6-3) യുക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. കഴിഞ്ഞ തവണ നഷ്ടമായ കപ്പ് തിരിച്ചുപിടിക്കാൻ യോഗ്യത നേടിയ താരം നാലാം ഫൈനൽ പോരാട്ടത്തിനാണിറങ്ങുന്നത്.
മറ്റൊരു സെമിഫൈനലിൽ എലെന റെബാകിന നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കയുടെ ജസീക്ക പെഗുലയെ പരാജയപ്പെടുത്തി ഫൈനൽ ബർത്തുറപ്പിച്ചു. സ്കോർ: 6-3, 7-6. ഇന്ത്യൻ സമയം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഫൈനൽ പോരാട്ടം.
തനിയാവർത്തനം
വനിതാ കലാശ പോരാട്ടം 2023 ഫൈനലിന്റെ തനിയാവർത്തനമാണ്. 2023ലെ ഫൈനലിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സബലെങ്ക 4-6, 6-3, 6-4ന് കപ്പുയർത്തി. നവംബറിൽ റിയാദിൽ നടന്ന ഡബ്ല്യുടിഎ ഫൈനലിൽ സബലെങ്കയെ പരാജയപ്പെടുത്തിയ റെബാകിന മികച്ച ഫോമിലാണ്. കഴിഞ്ഞ 20 മത്സരങ്ങളിൽ 19 എണ്ണത്തിലും വിജയിച്ചു.
പുരുഷ സെമി ഇന്ന്
പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഇന്ന് സൂപ്പർ താരങ്ങളുടെ ഗ്ലാമർ പോരാട്ടം. ചാന്പ്യൻ പട്ടം നിലനിർത്താൻ ഇറ്റലിയുടെ യാനിക് സിന്നർ, കന്നി ഓസ്ട്രേലിയൻ ഓപ്പണിനായി സ്പെയിനിന്റെ കാർലോസ് അൽകാരസ്, 25 ഗ്രാൻ സ്ലാം കിരീടമെന്ന ചരിത്ര നേട്ടം കുറിക്കാൻ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ച്, ചൂടൻ പോരാട്ടത്തിന് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവർ ഇന്നു കളത്തിലുണ്ട്.
ആദ്യ സെമിയിൽ കാർലോസ് അൽകാരസ് അലക്സാണ്ടർ സ്വരേവിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ ഒന്‍പതിനാണ് മത്സരം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന രണ്ടാം മത്സരത്തിൽ സിന്നറും ജോക്കോവിച്ചും ഏറ്റുമുട്ടും. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് കിരീട അവകാശിയെ നിർണയിക്കുന്ന ഫൈനൽ പോരാട്ടം.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ ടോസ് നേടിയ സൗരാഷ്ട്ര ബൗളിംഗ് തെരഞ്ഞെടുത്തു. ഒന്നര മുതൽ ബംഗളൂരുവിലാണ് മത്സരം.
സെമിഫൈനലിൽ കർണാടകയെ പരാജയപ്പെടുത്തിയാണ് വിദർഭ ഫൈനലിലെത്തിയത്. ആറ് വിക്കറ്റിനാണ് വിദർഭ സെമിയിൽ വിജയിച്ചത്.
പഞ്ചാബിനെ സെമിയിൽ തകർത്താണ് സൗരാഷ്ട്ര ഫൈനലിൽ കടന്നത്. ഒമ്പത് വിക്കറ്റിനാണ് സൗരാഷ്ട്ര വിജയിച്ചത്.
ടീം വിദർഭ: അഥർവ ടായ്ഡെ, അമാൻ മോഖഡെ, ഫായിസ് മുഹമ്മദ് ഷെയ്ഖ്, രവികുമാർ സമർത്ത്, രോഹിത്ത് ബിൻകർ (വിക്കറ്റ് കീപ്പർ), യഷ് റാത്തോഡ്, നചികേത് ഭൂട്ടെ, ഹർഷ് ദുബെ (ക്യാപ്റ്റൻ), പർത് രേഖഡെ, യഷ് ഠാക്കൂർ, ദർശൻ നൽകണ്ഡെ.
ടീം സൗരാഷ്ട്ര: ഹർവിക്ക് ദേശായ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), വിശ്വരാജ് ജഡേജ, പ്രേരക് മങ്കഡ്, സമ്മർ ഗജ്ജർ, ചിരാഗ് ജെനി, രുചിത് അഹിർ, പാർശ്വരാജ് റാണ, ദർമേന്ദ്രസിൻഹ് ജഡേജ, അൻഗുർ പൻവർ, ജയ്ദേവ് ഉനദ്കട്ട്, ചേതൻ സക്കാരിയ.
Sports
റാബത്ത് (മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ഫൈനലില്‍ സെനഗലും ആതിഥേയരായ മൊറോക്കോയും ഏറ്റുമുട്ടും. മുഹമ്മദ് സലയുടെ ഈജിപ്തിനെ സാദിയൊ മാനെ 78-ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-0നു കീഴടക്കിയായിരുന്നു സെനഗലിന്റെ ഫൈനല്‍ പ്രവേശം.
മൊറോക്കോ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ നൈജീരിയയെ 4-2നു കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോള്‍രഹിത സമനിലയായിരുന്നു.
Sports
മിലാന്: നാപ്പോളി ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍. സെമിയില്‍ എസി മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കിയാണ് നാപ്പോളിയുടെ ഫൈനല്‍ പ്രവേശം.
ഡേവിഡ് നെറെസ് (39), റാസ്മസ് ഹോജുലന്ഡ് (63) എന്നിവരുടെ ഗോളുകളിലാണ് നാപ്പോളിയുടെ ജയം.
ബൊലോഞ്ഞ x ഇന്റര്‍ മിലാന് സെമി ഫൈനല്‍ ജേതാക്കളാണ് 22നു നടക്കുന്ന ഫൈനലില്‍ നാപ്പോളിയുടെ എതിരാളികള്‍.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പിൽ സ്വപ്ന ഫൈനൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ദുബായിയിലെ ഐസിസി അക്കാദമി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാവിലെ 11നാണ് മത്സരം.
ഇന്ന് നടന്ന ആദ്യ സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ശ്രീലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.
വിഹാൻ മൽഹോത്രയുടെയും ആരോൺ ജോർജിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്. വിഹാൻ 61 റൺസും ആരോൺ 58 റൺസുമെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി രസിത് നിംസാര രണ്ട് വിക്കറ്റെടുത്തു.
രണ്ടാം സെമിയിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ ഫൈനലിൽ കടന്നത്. ബംഗ്ലാദേശ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ പാക്കിസ്ഥാൻ മറികടന്നു.
Sports
കണ്ണൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണ് ഫൈനലിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30ന് കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
കണ്ണൂർ വാരിയേഴ്സ് എഫ്സി സെമി ഫൈനലിൽ നിലവിലെ ചാന്പ്യന്മാരും ഗ്രൂപ്പിലെ ടോപ്പേഴ്സുമായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയപ്പോൾ തൃശൂർ മാജിക് എഫ്സി മലപ്പുറം എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
മികച്ച ഫോമിൽ തുടരുന്ന മുഹമ്മദ് സിനാൻ ആയാണ് കണ്ണൂർ വാരിയേഴ്സിന്റെ ശക്തികേന്ദ്രം. 21 വയസുമാത്രം പ്രായമുള്ള സിനാൻ നിലവിൽ 10 മത്സരങ്ങളിൽനിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഹോം മത്സരങ്ങളിൽ ഏറെ വിമർശനം നേരിട്ട പ്രതിരോധനിര അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് പുറത്തെടുത്തിരുന്നു.
ഗ്രൂപ്പ് ഘട്ടങ്ങളിൽ 21 ഗോൾ നേടിയ കാലിക്കറ്റ് എഫ്സിക്ക് മുന്പിൽ നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധനിര കോട്ടകെട്ടി രണ്ട് മത്സരങ്ങളിലും ക്ലീൻഷീറ്റ് സ്വന്തമാക്കി. തന്ത്രങ്ങൾക്ക് മറുതന്ത്രവുമായി മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസുമുണ്ട്.
സ്വന്തം മൈതാനത്താണ് ഫൈനൽ നടക്കുന്നതെന്നത് കണ്ണൂരിന് ആത്മവിശ്വാസം നൽകും. അതേസമയം ഹോം ഗ്രൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു ജയം പോലും നേടാൻ കണ്ണൂരിന് സാധിച്ചിട്ടില്ല. മത്സരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നത് പോരായ്മയായി നിഴലിക്കുന്നു. സെമി ഫൈനലിൽ പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്.
സൂപ്പർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് തൃശൂർ മാജിക് എഫ്സി. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും അടിച്ചതും തൃശൂർ മാജിക് ആണ്.
കൂടാതെ ഐ ലീഗിൽ മികച്ച താരങ്ങളിൽ ഒരാളായിരുന്ന മാർക്കസ് ജോസഫ് പരിക്ക് മാറി തിരിച്ചെത്തി മികച്ച ഫോം തുടരുന്നത് പ്രതീക്ഷയാണ്. സെമി ഫൈനലിൽ മലപ്പുറത്തിനെതിരേ ഹാട്രിക്ക് ഗോളാണ് താരം നേടിയത്. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മേഴ്സണ് ആൽവസ് നയിക്കുന്ന പ്രതിരോധനിരയും മികവുറ്റതാണ്.
കണ്ണൂർ വാരിയേഴ്സിനെതിരേ സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സീസിണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ മറ്റൊരു മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് ജയം നേടി.
Sports
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ മിനി പൂരത്തിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ സ്്രെടെക്കർ മാർക്കസ് ജോസഫിന്റെ ഹാട്രിക് മികവിൽ മലപ്പുറം എഫ്സിയെ കീഴടക്കി ആതിഥേയരായ തൃശൂർ മാജിക് എഫ്സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിഫൈനലിൽ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു മാജിക്കിന്റെ വിജയം.
ആദ്യ പകുതിയുടെ 26-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നാണ് മാർക്കസ് ജോസഫ് ഗോൾവേട്ട തുടങ്ങിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അതേ പൊസിഷനിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് മൊറോക്കൻ മിഡ്ഫീൽഡർ അബ്ദലേ എൽഫോർസി മലപ്പുറത്തെ ഒപ്പമെത്തിച്ചു. എന്നാൽ 84, 95 മിനിറ്റുകളിലെ ഗോളുകളിലൂടെ മാർക്കസ് ജോസഫ് തൃശൂരിനെ ഫൈനലിലേക്കു കൈപിടിച്ചുകയറ്റി.
19നു വൈകിട്ട് ആറിനു നടക്കുന്ന ഫൈനലിൽ തൃശൂർ മാജിക് എഫ്സി കണ്ണൂർ വാരിയേഴ്സിനെ നേരിടും. വാരിയേഴ്സിന്റെ ഹോംഗ്രൗണ്ടായ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. ആദ്യസെമിയിൽ നിലവിലെ ചാന്പ്യന്മാരായ കാലിക്കട്ട് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി കണ്ണൂർ ഫൈനലിലെത്തിയിരുന്നു.
പരിക്കിനെത്തുടർന്ന് അഞ്ചു കളികളിൽ പുറത്തിരുന്ന മാർക്കസ് ജോസഫിന്റെ കളിയാട്ടമാണ് മലപ്പുറത്തിന്റെ പോരാട്ടത്തെ മറികടക്കാൻ തൃശൂരിനെ പ്രാപ്തരാക്കിയത്.
ടൂർണമെന്റിലെ ടോപ് സ്കോറർ ജോണ്‍ കെന്നഡിയെ കൂടാതെ ഇറങ്ങിയ മലപ്പുറത്തിനു ഫിജിയൻ ഫോർവേഡ് റോയ് കൃഷ്ണ ഫോമിലാവാത്തതു തലവേദനയായി. മാജിക് എഫ്സി തുടക്കത്തിൽ ആക്രമിച്ചുകളിച്ചെങ്കിലും എൽഫോർസി കളി നിയന്ത്രിച്ചതോടെ മലപ്പുറം പതിയെ കളംപിടിച്ചു.
25-ാം മിനിറ്റിൽ മാർക്കസ് ജോസഫ് ഫ്രീകിക്കിലൂടെ മാജിക്കിനെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കെ സമനിലഗോളെത്തി.
84-ാം മിനിറ്റില്‍ മാർക്കസ് ജോസഫ് തന്നെ വീണ്ടും തൃശൂരിനെ മുന്നിലെത്തിച്ചു. ഐ ലീഗിലെ മുൻ ടോപ് സ്കോറർ കൂടിയായ മാർക്കസ് ജോസഫിന്റെ ഇടംകാല് ഗ്രൗണ്ടർ മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് ജസീനെ കീഴടക്കി. 96-ാം മിനിറ്റിലായിരുന്നു മാർക്കസിന്റെ ഹാട്രിക് ഗോൾ.
Sports
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2026 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന സാധ്യതകളാണ് സജീവ ചര്‍ച്ചാവിഷയം.
2022 ലോകകപ്പ് ജേതാക്കളാണ് മെസിയുടെ അര്‍ജന്റീന. റൊണാള്‍ഡോയ്ക്ക് കന്നി ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് 2026. ഇനിയൊരു ലോകകപ്പിന് ഇരുവരും ഉണ്ടായേക്കില്ല. അതായത് മെസിയും റൊണാള്‍ഡോയും കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും 2026.
സാധ്യതകള്‍ ഇങ്ങനെ
ലോകകപ്പ് ഗ്രൂപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും പോര്‍ച്ചുഗല്‍ കെയിലുമാണ്. ഫൈനല്‍ അടക്കമുള്ള ഏതൊരു നോക്കൗട്ട് ഘട്ടത്തിലും മെസിയും റൊണാള്‍ഡോയും നേര്ക്കുനേര്വരാനുള്ള സാധ്യതയുണ്ട്.
സാധ്യത ഒന്ന്: ഇരുടീമും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
സാധ്യത രണ്ട്: അര്‍ജന്റീന ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ രണ്ട്/മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ നോക്കൗട്ടിലെത്തിയാല്‍ ഇരുടീമും സെമിയില്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങും.
സാധ്യത മൂന്ന്: ഇരുടീമും തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
സാധ്യത നാല്: ഇതില്‍ ഒരു ടീം ഗ്രൂപ്പ് ചാമ്പ്യന്മാരും മറ്റേ ടീം രണ്ടാം സ്ഥാനക്കാരുമായാല് സ്വപ്ന ഫൈനലിലുള്ള സാധ്യത തെളിയും. കാരണം, രണ്ട് ടീമും ഫിക്സചറിന്റെ എതിര്ഭാഗത്താകും. അതോടെ ഫൈനലില്‍ മാത്രം ഏറ്റുമുട്ടാനേ സാധ്യതയുള്ളൂ.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.