x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് : പി​എ​സ്ജി Vs വി​ല്ല ഫൈ​ന​ല്‍ അ​ര്‍​ധ​രാ​ത്രി 12.30ന്

വെബ്ഡെസ്ക്
Published: August 12, 2026 02:29 AM IST | Updated: August 12, 2026 02:29 AM IST

പ്രതീകാത്മക ചിത്രം

സാ​ല്‍​സ്ബ​ര്‍​ഗ് (ഓ​സ്ട്രി​യ): ക്ല​ബ് ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​സീ​സ​ണി​നു സൂ​പ്പ​ര്‍ തു​ട​ക്കം. 2026 യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സം​ഘ​മാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യും ഏ​റ്റു​മു​ട്ടും.

ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30നാ​ണ് പി​എ​സ്ജി x ആ​സ്റ്റ​ണ്‍ വി​ല്ല സൂ​പ്പ​ര്‍ ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ്. നി​ല​വി​ലെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് കി​രീ​ട ജേ​താ​ക്ക​ളാ​ണ് ഇ​രു​ടീ​മും.

ഡ​ബി​ളി​നാ​യി പി​എ​സ്ജി

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​യാ​ണ് നി​ല​വി​ലെ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ടാവ​കാ​ശി​ക​ള്‍. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​നു പി​ന്നാ​ലെ സൂ​പ്പ​ര്‍ ക​പ്പി​ലും കി​രീ​ടം നി​ല​നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലൂ​യി​സ് എ​ന്‍ റി​ക്വെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പി​എ​സ്ജി.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ഇ​തു​വ​രെ നി​ല​നി​ര്‍​ത്തി​യ​ത് ര​ണ്ടു ടീ​മു​ക​ള്‍ മാ​ത്രം. 1989, 1990 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് എ​സി മി​ലാ​നും 2016, 2017 എ​ഡി​ഷ​നു​ക​ളി​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡും. 2025ലാ​ണ് പി​എ​സ്ജി ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​ന്‍​ഹാം ഹോ​ട്ട്‌​സ്പ​റി​നെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 4-3നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ കി​രീ​ട​ധാ​ര​ണം. 2-2 സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് വി​ധി​നി​ര്‍​ണ​യി​ക്കാ​ന്‍ ഷൂ​ട്ടൗ​ട്ട് അ​ര​ങ്ങേ​റി​യ​ത്.

2026-27 പ്രീ ​സീ​സ​ണ്‍ പി​എ​സ്ജി​യെ സം​ബ​ന്ധി​ച്ച് അ​ത്ര​ മി​ക​ച്ച​ത​ല്ലാ​യി​രു​ന്നു. പ്രീ ​സീ​സ​ണി​ല്‍ ക​ളി​ച്ച ര​ണ്ടു സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും പി​എ​സ്ജി​ക്കു ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​യ്യോ​ര്‍​ക്ക​യോ​ട് 3-0നു ​പ​രാ​ജ​യ​പ്പെ​ട്ട പി​എ​സ്ജി, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ട് 1-1 സ​മ​നി​ല വ​ഴ​ങ്ങി.

വി​ല്ലാ​ളി വി​ല്ല

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് 2025-26 സീ​സ​ണി​ല്‍ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത ആ​സ്റ്റ​ണ്‍ വി​ല്ല, യു​വേ​ഫ യൂ​റോ​പ്പ കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​സ് സി ​ഫ്രൈ​ബ​ര്‍​ഗി​നെ​യാ​ണ് (3-0) കീ​ഴ​ട​ക്കി​യ​ത്. 44 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ആ​സ്റ്റ​ണ്‍ വി​ല്ല ഒ​രു യൂ​റോ​പ്യ​ന്‍ ട്രോ​ഫി​യി​ല്‍ ചും​ബി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ആ​സ്റ്റ​ണ്‍ വി​ല്ല​യെ ച​രി​ത്ര​നേ​ട്ട​ത്തി​ല്‍ എ​ത്തി​ച്ച​ത് ഉ​നാ​യ് എ​മ​റി എ​ന്ന പ​രി​ശീ​ല​ക​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ്. പി​എ​സ്ജി​ക്ക് എ​തി​രാ​യ ഫൈ​ന​ലി​ലും വി​ല്ല​ക്കാ​ര്‍ എ​മ​റി മാ​ജി​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

യൂ​റോ​പ്പ ലീ​ഗ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ കോ​ച്ച് എ​ന്ന റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​ണ് എ​മ​റി എ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത. എ​ന്നാ​ല്‍, ഇ​തു​വ​രെ ഈ ​സ്പാ​നി​ഷ് മാ​നേ​ജ​ര്‍​ക്കു യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

2024-25 സീ​സ​ണി​നു​ശേ​ഷം പ​ങ്കെ​ടു​ത്ത 10 ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ എ​ട്ടി​ലും ജ​യി​ച്ച ടീ​മാ​ണ് ഫ്ര​ഞ്ച് വ​മ്പ​ന്മാ​രാ​യ പി​എ​സ്ജി. 2025 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പും കോ​പ്പ ഡെ ​ഫ്രാ​ന്‍​സും മാ​ത്ര​മാ​ണ് ഇ​തി​നി​ടെ പി​എ​സ്ജി​ക്കു ന​ഷ്ട​പ്പെ​ട്ട​ത്. 24-25 സീ​സ​ണി​നു​ശേ​ഷം ഒ​മ്പ​താം ട്രോ​ഫി​ക്കാ​യി ഇ​റ​ങ്ങു​ന്ന പി​എ​സ്ജി​യെ ത​ക​ര്‍​ത്ത് വി​ല്ലാ​ളി വി​ല്ല​ന്മാ​രാ​കു​മോ ആ​സ്റ്റ​ണ്‍ വി​ല്ല എ​ന്ന​തി​നു​ള്ള ഉ​ത്ത​രം നാ​ളെ പു​ല​ര്‍​ച്ചെയോ​ടെ അ​റി​യാം...

Tags : UEFASuperCup PSG Villa Final Football sports

Recent News

Corehub Up