സാല്‍സ്ബര്‍ഗ് (ഓസ്ട്രിയ): ക്ലബ് ഫുട്ബോള്‍ പോരാട്ടങ്ങളുടെ പുതുസീസണിനു സൂപ്പര്‍ തുടക്കം. 2026 യുവേഫ സൂപ്പര്‍ കപ്പ് കിരീടപോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് സംഘമായ ആസ്റ്റണ്‍ വില്ലയും ഏറ്റുമുട്ടും.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നാണ് പിഎസ്ജി x ആസ്റ്റണ്‍ വില്ല സൂപ്പര്‍ ഫൈനലിന്റെ കിക്കോഫ്. നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് കിരീട ജേതാക്കളാണ് ഇരുടീമും.
ഡബിളിനായി പിഎസ്ജി
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ പിഎസ്ജിയാണ് നിലവിലെ സൂപ്പര്‍ കപ്പ് കിരീടാവകാശികള്‍. ചാമ്പ്യന്‍സ് ലീഗിനു പിന്നാലെ സൂപ്പര്‍ കപ്പിലും കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ലൂയിസ് എന്‍ റിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജി.
യുവേഫ സൂപ്പര്‍ കപ്പ് ഇതുവരെ നിലനിര്‍ത്തിയത് രണ്ടു ടീമുകള്‍ മാത്രം. 1989, 1990 വര്‍ഷങ്ങളില്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാനും 2016, 2017 എഡിഷനുകളില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡും. 2025ലാണ് പിഎസ്ജി ആദ്യമായി സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3നു കീഴടക്കിയായിരുന്നു പിഎസ്ജിയുടെ കിരീടധാരണം. 2-2 സമനിലയായതോടെയാണ് വിധിനിര്‍ണയിക്കാന്‍ ഷൂട്ടൗട്ട് അരങ്ങേറിയത്.
2026-27 പ്രീ സീസണ് പിഎസ്ജിയെ സംബന്ധിച്ച് അത്ര മികച്ചതല്ലായിരുന്നു. പ്രീ സീസണില്‍ കളിച്ച രണ്ടു സൗഹൃദ മത്സരങ്ങളിലും പിഎസ്ജിക്കു ജയിക്കാന്‍ സാധിച്ചില്ല. മയ്യോര്‍ക്കയോട് 3-0നു പരാജയപ്പെട്ട പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് 1-1 സമനില വഴങ്ങി.
വില്ലാളി വില്ല
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2025-26 സീസണില്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത ആസ്റ്റണ്‍ വില്ല, യുവേഫ യൂറോപ്പ കിരീടപോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബായ എസ് സി ഫ്രൈബര്ഗിനെയാണ് (3-0) കീഴടക്കിയത്. 44 വര്‍ഷത്തിനുശേഷമായിരുന്നു ആസ്റ്റണ്‍ വില്ല ഒരു യൂറോപ്യന്‍ ട്രോഫിയില്‍ ചുംബിച്ചതെന്നതും ശ്രദ്ധേയം. ആസ്റ്റണ്‍ വില്ലയെ ചരിത്രനേട്ടത്തില്‍ എത്തിച്ചത് ഉനായ് എമറി എന്ന പരിശീലകന്റെ തന്ത്രങ്ങളാണ്. പിഎസ്ജിക്ക് എതിരായ ഫൈനലിലും വില്ലക്കാര്‍ എമറി മാജിക്കിനായി കാത്തിരിക്കുന്നു.
യൂറോപ്പ ലീഗ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ കോച്ച് എന്ന റിക്കാര്‍ഡിനുടമയാണ് എമറി എന്നതും മറ്റൊരു വസ്തുത. എന്നാല്‍, ഇതുവരെ ഈ സ്പാനിഷ് മാനേജര്‍ക്കു യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
2024-25 സീസണിനുശേഷം പങ്കെടുത്ത 10 ചാമ്പ്യന്‍ഷിപ്പുകളില്‍ എട്ടിലും ജയിച്ച ടീമാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. 2025 ഫിഫ ക്ലബ് ലോകകപ്പും കോപ്പ ഡെ ഫ്രാന്‍സും മാത്രമാണ് ഇതിനിടെ പിഎസ്ജിക്കു നഷ്ടപ്പെട്ടത്. 24-25 സീസണിനുശേഷം ഒമ്പതാം ട്രോഫിക്കായി ഇറങ്ങുന്ന പിഎസ്ജിയെ തകര്‍ത്ത് വില്ലാളി വില്ലന്മാരാകുമോ ആസ്റ്റണ്‍ വില്ല എന്നതിനുള്ള ഉത്തരം നാളെ പുലര്‍ച്ചെയോടെ അറിയാം...