ജാർഖണ്ഡിൽ എബിവിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു.
റാഞ്ചി: സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടിനെതിരേ സമരംനടത്തിയവരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു.
റോഡിൽ ടയറുകൾ കത്തിച്ചും വാഹനങ്ങൾ കുറുകെയിട്ടും ബിജെപി പ്രവർത്തകർ ഗതാഗതം തടസപ്പെടുത്തി. ഭൂരിഭാഗം സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തലസ്ഥാനമായ റാഞ്ചിയിലും മറ്റു പ്രധാന നഗരങ്ങളിലും വാഹനങ്ങൾ ഓടിയില്ല.
തിങ്കളാഴ്ച നടന്ന സമരത്തിനു നേരേ പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ലാത്തിയും ഉപയോഗിച്ച് ക്രൂരപീഡനം നടത്തിയതോടെയാണ് പാർട്ടി ബന്ദിന് ആഹ്വാനം ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആദിത്യ സാഹു പറഞ്ഞു. രാവിലെ എട്ടു മുതൽ അർഥരാത്രിവരെ തുടർന്ന സമരത്തിൽനിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കിഷോർ ഗഞ്ച്, അർഗോറ, കാൻകെ എന്നിവിടങ്ങളിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചതായും ഹർമു ചൗക്ക്, കിഷോർഗഞ്ച് ചൗക്ക് എന്നിവിടങ്ങളിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതായും പോലീസ് ആരോപിച്ചു.
തിങ്കളാഴ്ച റാഞ്ചിയിൽ ഒത്തുചേർന്ന ആയിരക്കണക്കിനു വിദ്യാർഥികളും ഉദ്യോഗാർഥികളും നിയമസഭാ മന്ദിരത്തിലേക്ക് മാർച്ച് ചെയ്യുകയും ബാരിക്കേഡുകൾ മറികടക്കുകയും ചെയ്തതോടെയാണ് ലാത്തിച്ചാർജ് അടക്കം പോലീസ് നടപടികളുണ്ടായത്.
110 എബിവിപിക്കാരെ കസ്റ്റഡിയിലെടുത്തു
പരീക്ഷാ ക്രമക്കേടിൽ സമരം നടത്തിയവർക്കു നേരേയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ 110 എബിവിപി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പഴയ നിയമസഭാ മേഖലയിൽനിന്ന് മാർച്ച് ആരംഭിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഇവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റാഞ്ചി എസ്പി പരാസ് റാണ പറഞ്ഞു.
ലാത്തിച്ചാർജിനെ അപലപിച്ച് അഭിജിത്
ന്യൂഡൽഹി: ജാർഖണ്ഡിൽ നിരാഹാരസമരം കിടന്ന വിദ്യാർഥി നേതാവിനെ പോലീസ് തല്ലിച്ചതച്ചതിനെ അപലപിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീ പ്കെ. ലാത്തിച്ചാർച്ചിനെത്തുടർന്ന് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോയ്ക്കു ദീപ്കെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹതോയുമായി ദീപ്കെ വീഡിയോ കോളിൽ സംസാരിച്ചതായി സിജെപി പത്രക്കുറിപ്പിൽ അറിയിച്ചു. മഹ്തോ കഴിഞ്ഞ ഒൻപതു ദിവസമായി നിരാഹാര സമരം നടത്തിവരികയായിരുന്നെന്നും പോലീസ് ലാത്തിച്ചാർജോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതായും സിജെപി അറിയിച്ചു.
Tags : JharkhandBandh Life Standstill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash StudentProtest