പ്രതീകാത്മക ചിത്രം
പിന്തുണച്ചത് സര്‍ക്കാര്‍ മാത്രം
മെസിയുടെ കേരള സന്ദര്‍ശനത്തില്‍ അവ്യക്തത നിലനിന്നിരുന്നതിനിടെ മെസിയെ എത്തിക്കാന്‍ മുന്‍കൈയെടുത്ത സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കലൂര്‍ ജെഎൽഎൻ സ്റ്റേഡിയം നവീകരണത്തിലടക്കം പിന്തുണ അറിയിച്ചത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരും കായികവകുപ്പും മാത്രമാണ്.
സ്റ്റേഡിയം നവീകരണത്തില്‍ സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നാണ് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയും സിപിഎം ജില്ലാ നേതൃത്വവും അന്നു വ്യക്തമാക്കിയത്. നിര്മാണപ്രവര്ത്തനങ്ങള്ക്കു കരാറുണ്ടെന്നും സ്റ്റേഡിയം പരിസരത്തെ മരം മുറിച്ചത് ചുറ്റുമതില്‍ നിര്മിക്കാനാണെന്നുമായിരുന്നു വിശദീകരണം.
നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ സ്റ്റേഡിയം കൈമാറിയതില്‍ സ്പോണ്സറുമായി കരാറില്ലെന്നും കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് (കെസ്എഫ്) ജിസിഡിഎ സ്റ്റേഡിയം നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കി ജിസിഡിഎ വിഷയത്തില്‍ കൈകഴുകിയിരുന്നു. അര്‍ജന്റീന വന്നാല്‍ സ്പോണ്‍സര്‍ക്കു സ്റ്റേഡിയം വിട്ടുനല്‍കുമെന്നാണ് ജിസിഡിഎ പ്രതികരിച്ചത്. കാലാവധി കഴിഞ്ഞതോടെ നവീകരണ ജോലികള്‍ പൂര്‍ത്തീകരിക്കാതെയാണ് ജിസിഡിഎ ഒടുവില്‍ സ്റ്റേഡിയം ഏറ്റെടുത്തത്.
കെഎഫ്എ അറിഞ്ഞിരുന്നില്ല
മെസിയും അര്‍ജന്റീനയും വരുന്നുവെന്ന പേരില്‍ നടന്ന ഒരുക്കങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്(കെഎഫ്എ) ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. കെഎഫ്എയ്ക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ഇതില്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പരസ്യപ്രതികരണം നടത്തിയിരുന്നു. യഥാര്‍ഥത്തില്‍ കെഎഫ്എ, ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഫിഫ ഈ രീതിയിലാണ് പോകേണ്ടിയിരുന്നത്. അത് ഉണ്ടായില്ലെന്നതായിരുന്നു വിഷയത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം.
ഇന്‍ഷ്വറന്‍സില്ല, ബാങ്ക് ഗാരന്റി ഇല്ല; തിരിച്ചേല്‍പ്പിച്ചത് പാതിവഴിയില്‍
ബാങ്ക് ഗാരന്റിയോ ഇന്‍ഷ്വറന്‍സോ ഇല്ലാതെ സ്റ്റേഡിയം വിട്ടുനല്‍കിയത് ഗുരുതര പിഴവാണെന്നാണു കണ്ടെത്തല്‍. ഇത്തരത്തില്‍ കൈമാറിയ സ്റ്റേഡിയം സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമസ്ഥരായ ജിസിഡിഎയ്ക്ക് തിരിച്ചുനല്‍കിയത് നവീകരണം പൂര്‍ത്തിയാക്കാതെയാണ്.
സ്റ്റേഡിയം കോമ്പൗണ്ട് പ്രവൃത്തികളും പ്ലാസ്റ്ററിംഗ് പ്രവൃത്തികളും ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്കും ചുറ്റുമുള്ള ഗാര്‍ഡുകളില്‍ ഗ്രാനൈറ്റ്സ്ലാബ് പതിപ്പിക്കല്‍, പ്ലാസ്റ്റിക് പെയിന്റിംഗ്, ടൈല്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ അവശേഷിപ്പിച്ചാണ് കമ്പനി സ്റ്റേഡിയം തിരികെ നല്‍കിയത്.
70 കോടിയുടെ നവീകരണം
125 കോടി മുടക്കിയാല്‍ രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സ്റ്റേഡിയം നിര്‍മിക്കാമെന്ന് വിദഗ്ധര്‍ പറയുമ്പോഴായിരുന്നു കലൂര്‍ സ്റ്റേഡിയം 70 കോടി മുടക്കിയാണ് നവീകരിക്കുന്നതെന്ന സ്പോണ്‍സറുടെ അവകാശവാദം.
ടര്‍ഫ് നവീകരണം, നിലവിലെ സീറ്റുകളുടെ നവീകരണം സ്റ്റേഡിയത്തിലെ പ്രവേശന കവാടനിര്‍മാണം, പാര്‍ക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിര്‍മാണം, സ്റ്റേഡിയത്തിന്റെ അകത്തുള്ള ടോയ്ലറ്റുകള്, വിഐപി എന്‍ട്രി, പ്ലെയേഴ്സ് റൂം ഇവയുടെ നവീകരണം, ഫല്ഡ്ലൈറ്റില് എല്‍ഇഡി ലൈറ്റ് സ്ഥാപിക്കല്‍, ലിഫ്റ്റുകളുടെ മെയിന്റനന്‍സ് എന്നിവയായിരുന്നു പ്രധാന പ്രവൃത്തികള്‍. എന്നാല്‍ സ്പോണ്സര് പറഞ്ഞപ്രകാരമുള്ള 70 കോടിയുടെ നിര്‍മാണം ഇവിടെ നടന്നിട്ടുണ്ടോ എന്നതാണ് നിലവില്‍ ഉയരുന്ന പ്രധാന ചോദ്യം.
Tags : KaloorStadiumRenovation Messi Controversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash