വനംവകുപ്പ്
കോഴിക്കോട്: വനംവകുപ്പിലെ സ്ഥിരം ജീവനക്കാരെ ഉപയോഗിച്ച് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ രഹസ്യവിവരങ്ങള്‍ ശേഖരിക്കാനുള്ള ഇന്റലിജന്‍സ് ‘സ്ലീപ്പര്‍ സെല്ലിന്റെ’പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനായി സര്‍വീസ് നിയമങ്ങളില്‍ ഭേദഗതി.
ഇതുപകാരം സ്ലീപ്പര്‍ സെല്ലില്‍ നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പേരുവിവരങ്ങളും നിയമന നടപടികളും പൂര്‍ണമായും രഹസ്യമാക്കി വയ്ക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന് കാലത്ത് ആരംഭിച്ച സ്ലീപ്പർ സെല്ലിന്റെ പ്രവര്‍ത്തനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും തടസങ്ങളും നീക്കാനാണ് വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശിപാര്‍ശയെ തുടര്‍ന്ന് ഭേദഗതി വരുത്തിയത്.
അതീവരഹസ്യ നിയമനം
രഹസ്യ വിവരശേഖരണത്തില്‍ അഭിരുചിയും കഴിവുമുള്ള സ്ഥിരം ജീവനക്കാരെ ഫോറസ്റ്റ് ഇന്റലിജന്‍സ് മുഖേന കണ്ടെത്തും. വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇവരെ സ്ലീപ്പര്‍ സെല്ലിലേക്കു നിയമിക്കും. ജീവനക്കാരുടെ പേരുവിവരങ്ങളും നിയമന നടപടികളും പൂര്‍ണമായും രഹസ്യമായിരിക്കും. സ്ലീപ്പര്‍ സെല്ലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ അവരുടെ ദൈനംദിന ഓഫീസ് ജോലികള്‍ തടസപ്പെടാതെ തന്നെ സഹപ്രവര്‍ത്തകരടക്കം മറ്റാരും അറിയാതെ അതീവ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് ഫോറസ്റ്റ് ഇന്റലിജന്‍സിലേക്കു റിപ്പോര്‍ട്ട് ചെയ്യണം. ഓഫീസിലെ മറ്റു ജീവനക്കാര്‍ക്കോ മേലധികാരികാരികള്ക്കോ സ്ലീപ്പർ സെല്‍ അംഗത്തിന്റെ നിയമനത്തെക്കുറിച്ച് അറിവുണ്ടാകില്ല.
സ്ലീപ്പര്‍ സെല്‍ അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലില്‍നിന്നു നേരിട്ടു നല്‍കും.
ശേഖരിക്കുന്ന വിവരങ്ങള്‍ യഥാസമയം ഇന്റലിജന്‍സിനു മാത്രം കൈമാറണം. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറ്റാരുമായും പങ്കുവയ്ക്കാന്‍ പാടില്ല. സ്ലീപ്പര്‍ സെല്ലിലെ അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. അധിക പ്രതിഫലമോ മറ്റ് ആനുകൂല്യങ്ങളോ പ്രതീക്ഷിക്കാതെ സേവനം ചെയ്യാന്‍ താത്പര്യമുള്ള യോഗ്യരായ എല്ലാ സ്ഥിരം ജീവനക്കാരെയും പരിഗണിക്കും.
പ്രവര്‍ത്തനം വിലയിരുത്തും
സമര്‍പ്പിക്കുന്ന വിവരങ്ങളുടെ എണ്ണം, വൈവിധ്യം, ഗുണനിലവാരം, കൃത്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തും. നിശ്ചിത നിലവാരം പുലര്‍ത്താത്തവരെ ഒഴിവാക്കും. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം അവസാനിപ്പിക്കണോ തുടരണോ എന്ന് തീരുമാനിക്കുന്നത്.
ഫോറസ്റ്റ് ഇന്റലിജന്‍സ് ജീവനക്കാര്‍ക്കും അവരുടെ അംഗീകൃത വിവരദാതാക്കള്‍ക്കും ലഭ്യമാകുന്ന എല്ലാവിധ സംരക്ഷണവും സ്ലീപ്പര്‍ സെല്‍ അംഗങ്ങള്‍ക്കും അവര്‍ വഴിയുള്ള വിവരദാതാക്കള്‍ക്കും ലഭ്യമാകും.
Tags : Amendments ForestIntelligenceSleeperCell SecretRecruitment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash