സോണിയ ഗാന്ധി (ഫയൽ ചിത്രം)
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെതിരേ രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ള വേട്ടയാടലാണു നടന്നതെന്നും അതിനു പിന്നിൽ മാധ്യമങ്ങളും ബ്യൂറോക്രസിയും ബിജെപി-ആർഎസ്എസ് സഖ്യവും അടങ്ങുന്ന വലിയൊരു വിഭാഗം പ്രവർത്തിച്ചിരുന്നതായും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
കൽക്കരി കുംഭകോണ കേസിൽ മൻമോഹൻ സിംഗിന് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയ പശ്ചാത്തലത്തിൽ ഒരു ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്രസർക്കാരിനെതിരേയും രൂക്ഷവിമർശനവുമായി സോണിയ രംഗത്തു വന്നത്.
മൻമോഹൻ സിംഗിനെതിരേ കെട്ടിച്ചമച്ച ആരോപണങ്ങളെല്ലാം സുപ്രീംകോടതി വിധിയോടെ നിഷ്പ്രഭമായെന്നും 2017ൽ അദ്ദേഹത്തിനെതിരേ രാജ്യസഭയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വാക്കുകൾ പിൻവലിച്ച് മാപ്പ് പറയാൻ തയാറാകണമെന്നും സോണിയ ആവശ്യപ്പെട്ടു.
ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്ന രീതിയാണു നിലവിലെ മോദി സർക്കാരിന്റേത്. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് എത്തിക്കുമ്പോൾ അതുവരെ അവർക്കെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ഇല്ലാതാകുന്നതായും സോണിയ കുറ്റപ്പെടുത്തി.
യുപിഎ ഭരണകാലത്ത് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കൈവരിച്ച സാമ്പത്തികവളർച്ച, വിവരാവകാശ നിയമം, ഉച്ചഭക്ഷണ പദ്ധതി, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാനിയമം, ചരിത്രപ്രധാനമായ ഇന്ത്യ-യുഎസ് ആണവക്കരാർ എന്നിവയും സോണിയ ചൂണ്ടിക്കാട്ടി.
നീതി ലഭിച്ച ഈ ശുഭവാർത്ത കാണാൻ മൻമോഹൻ സിംഗ് ഇന്നു നമ്മോടൊപ്പം ഇല്ലെന്നത് വിഷമകരമാണെങ്കിലും ചരിത്രം തന്നോട് കൂടുതൽ ദയയുള്ളവനായിരിക്കുമെന്ന അദ്ദേഹത്തിന്റെ പഴയ പ്രവചനം സത്യമായിരിക്കുകയാണെന്നും സോണിയഗാന്ധി കൂട്ടിച്ചേർത്തു.
Tags : SoniaGandhi ManmohanSingh PoliticalHunt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash