സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട് സിബിഐയും എൻഐഎയും അന്വേഷിക്കുന്ന കേസുകൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതികൾ രൂപവത്കരിക്കാൻ സുപ്രീംകോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ആസാം ഹൈക്കോടതി ചീഫ് ജസ്റ്റീസിന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. പ്രതിദിന അടിസ്ഥാനത്തിൽ വിചാരണ പൂർത്തിയാക്കാനാണു നിർദേശം.
കേസുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സ്റ്റാറ്റസ് റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർദേശിച്ചു. കേസിലെ അന്വേഷണത്തിലും തുടർനടപടികളിലും ബെഞ്ചിന്റെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.
കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ വിവരങ്ങള്‍, കേസ് നമ്പറുകള്‍, കേസിന്റെ നിലവിലെ അവസ്ഥ എന്നിവ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ലഭ്യമാക്കുന്ന രീതിയില്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച 31 കേസുകളില്‍ 27 എണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. ഇതിൽ 22 കേസുകളിൽ കുറ്റപത്രം നൽകിയപ്പോൾ അഞ്ചു കേസുകളിൽ ക്ലോഷർ റിപ്പോർട്ടാണു സമർപ്പിച്ചത്. ശേഷിച്ചവയിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്‍ഐഎ അന്വേഷിച്ച 30 കേസുകളില്‍ 15 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡൽഹി, ആസാം, മണിപ്പുർ സംസ്ഥാനങ്ങളിലായാണു എൻഐഎ കേസുകളുള്ളത്.
സിബിഐ കേസുകളിൽ മാത്രം 904 സാക്ഷികളുള്ളതിൽ 891 പേരെ ഇനി വിസ്തരിക്കാനുണ്ട്. വൻതോതിലുള്ള സാക്ഷികളുടെ വിസ്താരം വേഗത്തിലാക്കാനാണ് മണിപ്പുർ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതി എന്ന നിർദേശം.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മണിപ്പുരിലെ സിബിഐ കേസുകളുടെ വിചാരണ മുന്‍പ് സുപ്രീംകോടതി, ആസാം തലസ്ഥാനമായ ഗോഹട്ടിയിലേക്കു മാറ്റിയിരുന്നു. കേസിൽ തുടർന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി അടുത്ത ഹിയറിംഗിന് മുന്‍പായി സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
Tags : ManipurConflict SupremeCourt Orders SpecialCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash