കായികമന്ത്രി ഒ.ജെ. ജനീഷ്.
ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.
വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കായിക വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ മുഖ്യമന്ത്രിക്കു കൈമാറിയതെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മെസി കേരളത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് താരത്തിനുതന്നെ അറിവുണ്ടായിരുന്നോ എന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയോ മറ്റ് അധികൃതരുടെയോ ഔദ്യോഗിക സ്ഥിരീകരണമോ അനുമതിയോ ഇല്ലാതെ ഇത്തരം വാഗ്ദാനങ്ങൾ നൽകിയതിൽ വലിയ ദുരൂഹതയുണ്ട്.
കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഇതിന്റെ ഗുണഭോക്താവ് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : OJJenish Investigation Promises FinancialDeals ArgentineFootballTeam LionelMessi Visit Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash