Sports
ബംഗളൂരു: ദുലിപ് ട്രോഫി ചതുർദിന ക്രിക്കറ്റ് സെമിഫൈനലിൽ സൗത്ത് സോണ്‍ നോർത്ത് സോണിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. നേരത്തേ ഈസ്റ്റ് സോണ്‍ സെൻട്രൽ സോണിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്നു.
സൗത്ത് സോണിന്റെ തിലക് വർമയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും സ്വന്തമാക്കി.
ആറിന് നടക്കുന്ന ഫൈനലിൽ സൗത്ത് സോണ്‍ ഈസ്റ്റ് സോണിനെ നേരിടും.
Sports
ലണ്ടൻ: 2026-27 സീസണ് പ്രീമിയർ ലീഗ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. മൂന്ന് മത്സരങ്ങളുടെ സമയമാണ് മാറ്റിയത്. പുതിയ സമയക്രമം:
സെപ്റ്റംബർ 20, ലീഡ്സ് യുണൈറ്റഡ്- ക്രിസ്റ്റൽ പാലസ് 1.00 pm.
ഒക്്ടോബർ 25, ലിവർപൂൾ- ബ്രൈറ്റണ് 2.00 pm.
ഒക്്ടോബർ 31 ആസ്റ്റണ്‍വില്ല- ഫുൾഹാം 8.00 pm.
Sports
ഇന്തോനേഷ്യ: ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 100 പുരുഷ സിംഗിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ൽ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച് പ്രണോയ് ചൈനീസ് തായ്പേയിയുടെ ലിയാവോ ജുവോ-ഫുവിനെ പരാജയപ്പെടുത്തി.
ലിയാവോയെ 18-21, 21-15, 21-19 സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. ചൈനയുടെ ഷുവാൻ ചെൻ ഷു ആണ് താരത്തിന്റെ അടുത്ത മത്സരത്തിലെ എതിരാളി.
Sports
ചെന്‍ഷോ അരീന: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഡബിൾസ് ടൂർണമെന്റിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് മികച്ച തുടക്കം.
പുരുഷ ഡബിൾസ് വിഭാഗം ’റൗണ്ട് ഓഫ് 32’ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അനായാസ വിജയം നേടി. മലേഷ്യൻ ജോഡിയായ ജുനൈദി ആരിഫ്- കാങ് ഖായ് സിംഗ് സഖ്യത്തെ 21-11, 21-16 സ്കോറിനാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തി.
ലക്ഷ്യ സെൻ പുറത്ത്
കാനഡയുടെ വിക്ടർ ലായിയോട് നേരിട്ടുള്ള ഗെയിമുകൾക്ക് (14-21, 7-21) പരാജയപ്പെട്ടതോടെ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന്റെ മുന്നേറ്റം റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.
Sports
തൃശൂര്‍: ചെസ് സെലക്ഷന് മത്സരനടത്തിപ്പിനു ചെസ് അസോസിയേഷന് ഓഫ് കേരളയ്ക്കു വിലക്കു തുടരും.
സെലക്ഷന് മത്സരം നടത്താനുളള അവകാശം സംസ്ഥാന ചെസ് ടെക്നിക്കല്‍ കമ്മിറ്റിക്കു നല്കിയ നടപടിയുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി.
അഴിമതി ആക്ഷേപവും ക്രമക്കേടും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഏഴ് അന്തര്‍ദേശീയ താരങ്ങള്‍ മുമ്പു നല്കിയ പരാതിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് 2024ല്‍ സംഘടനയ്ക്കു പ്രവര്‍ത്തനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Sports
ഓസ്ട്രേലിയ: മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ഹസി ക്രിക്കറ്റ് ഓസ്ട്രേലിയയിൽ പാർട്ട് ടൈം കണ്‍സൾട്ടന്റായി ചുമതലയേൽക്കുന്നു.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാകാനുള്ള ക്ഷണം നിരസിച്ചാണ് ഹസി ഓസീസിന് കരുത്ത് പകരുന്ന തീരുമാനം എടുത്തത്.
അതേസമയം, പുതിയൊരു ബാറ്റിംഗ് പരിശീലകനെ കണ്ടെത്തുന്നത് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന് വെല്ലുവിളിയാകും.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനായും ദ ഹണ്ഡ്ര ഡിൽ വെൽഷ് ഫയർ ടീമിന്റെ മുഖ്യ പരിശീലകനായും ഹസി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഫോക്സ് സ്പോർട്സിലെ കമന്ററി, ക്രിക്കറ്റ് പണ്ഡിറ്റ് ചുമതലകളും ഹസിക്കുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ അനുഭവസന്പത്തുള്ള ഹസിയുടെ സാന്നിധ്യം വരാനിരിക്കുന്ന ആഷസിൽ ഓസ്ട്രേലിയയ്ക്ക് കരുത്താകും.
2007ൽ ലോകകപ്പ് കിരീടം നേടിയ ടീം അംഗമായിരുന്ന ഹസി 2013ലാണ് വിരമിച്ചത്.
Sports
മാഞ്ചെസ്റ്റർ: അർജന്ൈറൻ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.
ബ്രിട്ടീഷ് ട്രാൻസ്ഫർ റിക്കാർഡിനൊപ്പം എത്തുന്ന 125 ദശലക്ഷം പൗണ്ടിന്റെ (1,586.17 കോടി രൂപ) വന്പൻ കരാറിലാണ് ചെൽസിയിൽനിന്നും സിറ്റി എൻസോയെ സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കാൻ ലിവർപൂൾ, ന്യൂകാസിലിന് നൽകിയ റിക്കാർഡ് തുകയ്ക്ക് തുല്യമാണിത്.25കാരനായ എൻസോ ഫെർണാണ്ടസ് ഇനി സിറ്റിയുടെ മധ്യനിരയിലുണ്ടാകും.
Sports
ബാഴ്സലോണ: ഇംഗ്ലീഷ് ക്ലബ് ആഴ്സണലിൽനിന്ന് ബ്രസീലിയൻ ഫോർവേഡ് ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ് ബാഴ്സലോണ.
ബാഴ്സയുമായി താരം 2029 വരെയുള്ള കരാറിൽ താരം ഒപ്പുവച്ചു. ട്രാൻസ്ഫറിനായി 10 മില്യണ്‍ യൂറോ (ഏകദേശം 1,100.47 കോടി രൂപ) ആണ് ബാഴ്സ ചെലവാക്കിയത്.
ആഴ്സണലിൽ നാല് സീസണുകളിലായി 32 ഗോളുകളും അതിന് മുന്‍പ് മാഞ്ചെസ്റ്റർ സിറ്റിയിൽ ആറ് വർഷത്തിനിടെ 95 ഗോളുകളും ജീസസ് നേടിയിട്ടുണ്ട്.
Sports
പന്തുകളിക്കാൻ മിശിഹാ ഭൂമിയിലേക്കു പറഞ്ഞുവിട്ട റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേ മെസിയുടെ ഒരു സ്വപ്നയാത്ര പൂർണമായിരിക്കുന്നു. അയാൾക്കുവേണ്ടി ഭൂമിയും കാലവും കാത്തുനിന്ന കാൽപ്പന്തിന്റെ കഥകൾ നാടോടിക്കഥകളായി ഫുട്ബോളിന്റെ ചരിത്രത്തിലുണ്ടാകും.
ഫുട്ബോളിൽ യൗവനം പടിയിറങ്ങിയകാലത്തും മെസി തന്റെ ഇടംകാൽകൊണ്ട് സൃഷ്ടിച്ചതെല്ലാം കാൽപ്പന്തിലെ സൗന്ദര്യപൂർണങ്ങളായ അധ്യായങ്ങളായിരുന്നു. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽനിന്ന് അയാൾ പടിയിറങ്ങുന്പോഴും, ഇന്റർ മയാമിക്കുവേണ്ടി അടിച്ച നാലു ഗോളുകളുടെ മുഴക്കം അവസാനിച്ചിരുന്നില്ല.
ലോകകപ്പ് ഫുട്ബോളിലും നാമത് കണ്ടു. കേപ് വെർദെയ്ക്കെതിരേ, ഇംഗ്ലണ്ടിനെതിരേ മെസി സൃഷ്ടിച്ച പന്തിന്റെ മായികകാഴ്ചകളുടെ അലയൊലി ഇപ്പോഴും അവസാനിച്ചിട്ടില്ല.
ലയണൽ ആന്ദ്രേ മെസിയെക്കുറിച്ച് എഴുതുന്പോഴെല്ലാം തന്റെ വാക്കുകളുടെ അപര്യാപ്തതയെപ്പറ്റി കീർ റാഡ് നെഡ്ജ് എന്ന വിശ്രുത ഫുട്ബോൾ എഴുത്തുകാരൻ പരിതപിച്ചിട്ടുണ്ട്. ഫുട്ബോൾ മൈതാനത്തെ മെസിയുടെ നീക്കങ്ങളും ഗോളുകളുമെല്ലാം വാക്കുകൾകൊണ്ട് വിശദീകരിക്കാനാവാത്ത ഫുട്ബോൾ അനുഭവങ്ങളാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
അർജന്റീനയുടെ ഫുട്ബോൾ സാമ്രാജ്യത്തിൽ അനേകം പോരാളികളുണ്ടെങ്കിലും ചരിത്രത്തിന്റെ ഭാരവും അംഗീകാരവും ഒടുവിൽ വന്നുചേർന്നത് മെസിയിലാണ്. അതിൽ ആദ്യത്തെയാളായ ഡി സ്റ്റിഫാനോ അർജന്റീനയ്ക്കുവേണ്ടി വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് ബൂട്ടു കെട്ടിയത്. രണ്ടാമൻ സാക്ഷാൽ ഡിയേഗോ അർമാന്റോ മാറഡോണ 1986ൽ തന്റെ രാജ്യത്തിനുവേണ്ടി കിരീടം നേടിക്കൊണ്ട് ചരിത്രം മാറ്റിയെഴുതി.
1986ൽ മാറഡോണ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്റെ കൈകൊണ്ടൊരു ഗോളും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു ഗോളും നേടുന്പോൾ മെസി ജനിച്ചിരുന്നില്ല. പിന്നെയും ഒന്നര വർഷം കഴിഞ്ഞാണ് മെസി ഭൂമിയിലെത്തിയത്. പിന്നീട് 20 വർഷം തികഞ്ഞപ്പോൾ ഡിയേഗോയുടെ അതേ കുതിപ്പോടെ ഗെറ്റാഫെയ്ക്കെതിരേ ഒരു ഗോൾ നേടി ചരിത്രത്തിൽ ഇടംപിടിച്ചു. എസ്പാന്യോളിനെതിരേ കൈകൊണ്ടും ഗോളടിച്ച് മാറഡോണയെ വീണ്ടും ഓർമിപ്പിച്ചു. ചില കളിയെഴുത്തുകാർ അപ്പോൾ മെസിഡോണ എന്നു വിളിച്ചു. ഈ താരതമ്യം അതോടെ അവസാനിക്കുന്നു. മാറഡോണയല്ല മെസി. അവർ രണ്ടു കാലങ്ങളിൽ പിറന്നവരും രണ്ടു ശൈലിയിൽ കളിച്ചവരുമാണ്. എന്നാൽ, അവർ രണ്ടുപേരും ഫുട്ബോളിലെ സൃഷ്ടിപരതകൊണ്ട് കളിയുടെ രണ്ടുതരം സൗന്ദര്യലോകങ്ങൾ സൃഷ്ടിച്ചു.
മാറഡോണ ഒരു ബുൾഡോസർപോലെ ഇടിച്ചുകയറി കളിക്കും. എതിരാളികളെ ഫിസിക്കലായി മറികടക്കും. ഓട്ടത്തിന്റെ വേഗത്തിലും പന്തടക്കത്തിലും പോരാട്ടവീര്യത്തിലും അയാളൊരു പ്രതിഭാസമാണ്. ഒരു സൈനികജനറലിനെപ്പോലെ അയാൾ ടീമിനെ നയിക്കുകയും ചെയ്തു. എന്നാൽ, സ്ഥിതിവിവരക്കണക്കുകളിൽ മാറഡോണയേക്കാൾ മുന്നിലാണ് മെസി. മെസിയുടെ കളികളിലാണ് ലോകം സ്തോഭംനിറഞ്ഞ സൗന്ദര്യം കണ്ടത്.
മെസിയുടെ ഏറ്റവും വലിയ ശക്തി അയാളുടെ ശരീരമാണ്. മനസ് ഇച്ഛിക്കുന്നിടത്ത് അയാൾക്ക് ശരീരം കൊണ്ടുപോകാൻ കഴിയുന്നു. അത്യപൂർവമായ സർഗാത്മകശേഷികൂടി ഒത്തുചേരുന്പോൾ സെക്കൻഡുകൾക്കുള്ളിൽ അയാൾക്ക് പന്തുമായി കുതിക്കാൻ കഴിയുന്നു. ശരീരത്തിന്റെ ഈ ഫ്ളക്സിബിലിറ്റികൊണ്ട് അയാൾക്ക് എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നോട്ടു കുതിക്കാൻ കഴിയുന്നുണ്ട്. എങ്കിലും മെസിയും ഫുട്ബോളിൽ അതിമാനുഷൻ അല്ല. പലപ്പോഴും അയാൾക്ക് സ്വന്തം ടീമിനെ ഒറ്റയ്ക്കു ചുമലേറ്റേണ്ട നിമിഷങ്ങളുണ്ടായിട്ടുണ്ട്.
2006 മുതൽ മെസി അർജന്റീനയുടെ ലോകകപ്പ് പോരാട്ടങ്ങളിലുണ്ട്. 2010ൽ ഡിയേഗോ അർജന്റീനയുമായി ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെത്തിയപ്പോൾ മെസിയായിരുന്നു വജ്രായുധം. പക്ഷേ, ജർമനിയുടെ കൈകളിൽ തോൽക്കാനായിരുന്നു വിധി. എന്നാൽ, 2014 മുതൽ ഓരോ ലോകകപ്പ് വേദിയിലും മെസിയായിരുന്നു അർജന്റീനയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും പേറിയത്.
ഫൈനൽ കളിച്ചെങ്കിലും ബ്രസീലിലെ ലോകകപ്പ് മെസിക്ക് നിരാശ നല്കി. അതിനു പിന്നാലെ കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജന്റീനയെ ചിലി 4-2ന് തകർത്തപ്പോൾ ആ പരാജയഭാരം താങ്ങാനാവാതെ താൻ കളംവിടുകയാണെന്ന് മെസി പ്രഖ്യാപിച്ചു. ഒടുവിൽ ലോകത്തിന്റെ പ്രാർഥനകളും അഭ്യർഥനകളും മെസി കേട്ടു. 2021ലെ കോപ്പ കിരീടം അർജന്റീനയ്ക്ക് നേടിക്കൊടുത്താണ് മെസി പരാജയത്തിന്റെ വഴികൾ അടച്ചുകളഞ്ഞത്. പിന്നാലെ ഒരു തവണകൂടി മെസി കോപ്പ അമേരിക്ക നാട്ടിലേക്ക് കൊണ്ടുവന്നു.
ഖത്തറിലെ 2022 ലോകകപ്പ് നേടിയില്ലായിരുന്നുവെങ്കിൽ മെസിയുടെ കളിജീവിതത്തിന്റെ പ്രകാശം കുറയുമായിരുന്നോ? ഇല്ല എന്നാണ് അതിന്റെ ഉത്തരം. ഷോക്കേസുകളിലെ കിരീടങ്ങൾകൊണ്ടല്ല നാം ഡിസ്റ്റിഫാനോയേയും ക്രൈഫിനേയും പുഷ്കാസിനേയും പെലെയേയും അളന്നത്.
പക്ഷേ, ഇന്നത്തെ ആരാധകർ അന്‍പതുകളിൽ ഫുട്ബോളിനെ ഹൃദയത്തിലേറ്റിയ മനുഷ്യരല്ല. ഇന്നത്തെ ഫുട്ബോൾ മനോരഥങ്ങൾ പുതിയതരം ആരാധന സൃഷ്ടിച്ചുകഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ സൂക്ഷ്മമായ കണക്കുകളും വിശകലനങ്ങളും രാഷ്ട്രീയ ചായ്വുകളും സോഷ്യൽ മീഡിയയുടെ സ്വപ്നങ്ങളും ചേർന്ന് പ്രത്യേകതരം ഐക്കണ്‍ നിർമാണത്തിൽ എത്തിനിൽക്കുന്നു. ഇനി ഈ കണക്കുകളിലും മെസി നിൽക്കുന്ന ലോകം മറ്റെല്ലാവരേക്കാളും ഒരുപിടി മുകളിലാണ്. അതുകൊണ്ടാവണം ഖത്തറിലെ ലോകകപ്പ് മറ്റൊരു സ്വപ്നസാക്ഷാത്കാരമായി അയാൾക്കു തോന്നിയത്.
ഏഴു ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ, ഏഴു കളികൾ - മെസി ആ ലോകകപ്പ് മാറോടണച്ച് കിടന്നുറങ്ങി. 347 പാസുകൾ, അഞ്ച് ടാക്കിളുകൾ, 32 ഷോട്ടുകൾ, 18 ലക്ഷ്യവേധിയായ ഷോട്ടുകൾ, 21 കീപാസുകൾ, 34 ഡ്രിബ്ബിളുകൾ, 15 വിജയകരമായ ഡ്രിബ്ബിളുകൾ. ഇതെല്ലാം ഖത്തർ ലോകകപ്പിലെ മെസിയുടെ കണക്കുകൾ മാത്രമാണ്. പക്ഷേ മെസി നല്കിയ പന്തുകളിയുടെ ആനന്ദം അതിനേക്കാൾ നിരുപമമാകുന്നു.
മെസി നീന്തിത്തുടിച്ച പരാന നദിയുടെ തീരത്താണ് അയാളുടെ റൊസാരിയോ നഗരം. അത് ഏണസ്റ്റോ ചെഗുവേരയുടെ ജന്മനഗരംകൂടിയാണ്. "ചെ'യുടെ ജീവിതം വിപ്ലവത്തിനാണ് സമർപ്പിക്കപ്പെട്ടത്. അതേ റൊസാരിയോ മാറഡോണയുടെ ആദ്യത്തെ പ്രഫഷണൽ ക്ലബ്ബായ ന്യൂ വെൽ ഓൾഡ് ബോയ്സിന്റെ നഗരംകൂടിയാണ്.
ഡിയേഗോയ്ക്ക് ചെഗുവേര ദൈവതുല്യനായിരുന്നു. ആ ക്ലബ്ബിനു കരാർവച്ച ദിനം ഡിയേഗോ പോയത് ഉർക്വിസ് തെരുവിലെ ചെയുടെ ഭവനത്തിലേക്കാണ്. പിന്നീട് ഡിയേഗോ, തന്റെ ഹൃദയതാരത്തിന്റെ ചിത്രം പച്ചകുത്തി. ഡിയേഗോയിൽനിന്ന് തുടങ്ങിയ തുകൽപ്പന്തിന്റെ യാത്ര മെസിയിലാണ് പൂർണമായത്. തന്റെ മഹത്തായ ദൗത്യം പന്തുകളിയാണെന്ന് വിശ്വസിച്ച മെസി ഗോളുകൾ അടിച്ചുകൊണ്ട് മാത്രമല്ല തലക്കെട്ടുകൾ സൃഷ്ടിച്ചത്; 500 ഗ്രാം ഭാരമുള്ള പന്തിലൂടെ ചലനങ്ങളുടെ സാമ്രാജ്യം സൃഷ്ടിച്ചുകൊണ്ടാണ്. ഫുട്ബോളിലെ ഈ സിയോണ്‍ സഞ്ചാരി, സൃഷ്ടിച്ചതിനെല്ലാം ഇന്നു സംഘർഷപൂർണമായ ലോകം ഹൃദയപൂർവം നന്ദി പറയുന്നു...
Sports
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് രണ്ടാം റൗണ്ടില്‍. റഷ്യയുടെ റൊമാന് സഫിയുള്ളിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് രണ്ടാം സീഡായ അല്‍കരാസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
സ്കോര്‍: 6-4, 6-4, 6-4. പരിക്കിനെത്തുടര്‍ന്ന് 139 ദിനം നീണ്ട ഇടവേളയ്ക്കുശേഷം അല്‍കരാസ് മടങ്ങിയെത്തിയ ടൂര്‍ണമെന്റാണ്.
പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, ഫ്രാന്‍സെസ് തിയാഫൊ, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, കാനഡയുടെ ഫിലിക്സ് അഗര്‍ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ അരീന സബലെങ്ക, ആറാം സീഡ് ചെക്കിന്റെ ലിന്‍ഡ നോസ്കോവ, എട്ടാം സീഡ് പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, 10-ാം സീഡ് അമാന്‍ഡ അനിസിമോവ, 13-ാം സീഡ് ജപ്പാന്റെ നവോമി ഒസാക്ക തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
കൊളംബിയയുടെ കമില ഒസോറിയോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അരീന സബലെങ്ക ആദ്യ റൗണ്ടില്‍ കീഴടക്കിയത്. സ്കോര്‍: 6-2, 6-4. റഷ്യയുടെ അനസ്തഷ്യ സഖറോവയെ 7-6 (8-6), 7-6 (8-6)ന് ഒസാക്ക തോല്‍പ്പിച്ചു. ചൈനയുടെ വാങ് സിയുവിനെയാണ് ഇഗ ഷ്യാങ്ടെക് മറികടന്നത്. സ്കോര്‍: 6-2, 6-3.
Sports
നിലമ്പൂര്‍: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന്റെ രണ്ടാമത് ദേശീയ പാര്‍ഷ്യലി സൈറ്റഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കള്‍.
ഫൈനലില്‍ ഒഡീഷയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം കിരീടം നേടുന്നത്.
നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശി ആഷിഫാണ് ക്യാപ്റ്റന്‍. കേരളത്തിന്റെ സ്നേഹിത് എസ്. കുമാര്‍ ടൂര്‍ണമെന്റിലെ ടോപ് സ്കോററായും മുഹമ്മദ് ശുഹൈബ് മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
സ്നേഹിത് എസ്. കുമാര്‍, പി. അഹദ്, ടി. മുഹമ്മദ് ശുഹൈബ് (ഗോള്‍കീപ്പര്‍) എന്നിവരെ ഇന്ത്യന്‍ ക്യാന്പിലേക്കു തെരഞ്ഞെടുത്തു.
Sports
കാര്യവട്ടം: കൊല്ലം സെയ്ലേഴ്സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂര്‍ ടൈറ്റന്‍സ് 2026 സീസൺ കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20യുടെ ആദ്യ നാലില്‍ ഇടം പിടിച്ചു.
കൊല്ലം മുന്നോട്ടുവച്ച 161 റണ്‍സ് വിജയലക്ഷ്യം 19.2-ാം ഓവറില്‍ മറികടന്നാണ് തൃശൂര്‍ സെമിയില്‍ ഇടംപിടിച്ചത്. സ്കോര്‍: കൊല്ലം സെയ്ലേഴ്സ് 20 ഓവറില്‍ എട്ടിന് 160. തൃശൂര്‍ ടൈറ്റന്‍സ് 19.2 ഓവറില്‍ ആറിന് 162
കൊല്ലത്തിന്റെ സ്കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ അഭിഷേക് ജി. നായരെ (ഒന്ന്) ശരത്ചന്ദ്രന് പുറത്താക്കി. 12-ാം ഓവറില്‍ സെയ്ലേഴ്സിന്റെ സ്കോര്‍ 100 പിന്നിട്ടു.
എം.എസ്. അഖിലിന്റെ പന്ത് വേലിക്കെട്ടിനു പുറത്തേയ്ക്ക് പായിച്ച് ആനന്ദ് അര്‍ധസെഞ്ചുറി നേടി. 35 പന്തില്‍നിന്നും ആറു സിക്സും മൂന്നു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ആനന്ദിന്റെ (65) ഇന്നിംഗ്സ്. അര്ജുന് വേണുഗോപാല്‍ (31) കൊല്ലത്തിന്റെ സ്കോര്‍ 150 കടത്തി.
കെ.ആര്. രോഹിത്ത് (27), ഷോണ്‍ റോജര്‍ (20), സഞ്ജീവ് സതീശന് (16), എം.എസ്. അഖില്‍ (15) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ തൃശൂര്‍ പ്രതിരോധത്തിലായി. എന്നാല്‍, നിഖില്‍ തോട്ടത്തിലിന്റെയും (22 പന്തിൽ 41 നോട്ടൗട്ട്) മുഹമ്മദ് ഇനാന്റെയും (17 നോട്ടൗട്ട്) ബാറ്റിംഗ് മികവ് തൃശൂരിനെ സെമിയിലേക്കു പിടിച്ചു കയറ്റി.
Sports
ബംഗളൂരു: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റില്‍ സെന്‍ട്രല്‍ സോണിനെ നാലു വിക്കറ്റിനു കീഴടക്കി ഈസ്റ്റ് സോണ്‍ ഫൈനലില്‍. ഇഷാന് കിഷന് നയിക്കുന്ന നോര്‍ത്ത് സോണില്‍ കൗമാര സൂപ്പര്‍ ബാറ്റര്‍ വൈഭവ് സൂര്യവംശി, അഭിമന്യു ഈശ്വരന്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍ തുടങ്ങിയവരാണ് അണിനിരന്നത്.
ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: സെന്‍ട്രല്‍ സോണ്‍ 266, 158. ഈസ്റ്റ് സോണ്‍ 266, 162/6.
മറ്റൊരു സെമിയില്‍ നോര്‍ത്ത് സോണിന് എതിരേ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മത്സരം ഇന്നാണ് അവസാനിക്കുന്നത്. സ്കോര്‍: നോര്‍ത്ത് സോണ്‍ 195, 256/7. സൗത്ത് സോണ്‍ 312.
Sports
കൊച്ചി: സംരംഭകരുടെ കൂട്ടായ്മയായ ലീഗ് ഓഫ് എന്റര്‍പ്രണേഴ്സ് സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തു.
തിരുവനന്തപുരത്ത് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനൊപ്പമുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് ചടങ്ങിനിടെയാണ് ട്രോഫി അനാവരണം ചെയ്തത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രഞ്ചൈസി ലേലം 20ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. വിവിധ മേഖലകളില്‍നിന്നുള്ള സംരംഭകരും ബിസിനസ് പ്രതിനിധികളും ലേലത്തില്‍ പങ്കെടുക്കും. അല്മിയ ഗ്രൂപ്പാണ് ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്സര്.
Sports
ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിലെ ഏഴു താരങ്ങളെ തിരികെ വിളിച്ചും രണ്ടു കോച്ചുമാരെ പുറത്താക്കിയും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വിവാദച്ചുഴിയില്‍.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യരണ്ടു മത്സരങ്ങളിലും പാക്കിസ്ഥാന് പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് പിസിബിയുടെ അത്യപൂര്‍വമായ നടപടി.
Sports
ന്യൂയോര്‍ക്ക്: ഇതിഹാസം ഇനി അര്‍ജന്റീനയ്ക്കായി ബൂട്ടണിയില്ല. അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നു വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വൈകാരികകുറിപ്പിലൂടെയാണ് മെസി അറിയിച്ചത്. അമേരിക്കന്‍ സോക്കർ ലീഗിലെ ഇന്റര്‍ മയാമി താരമായ മെസി ക്ലബ് ഫുട്ബോളില്‍ തുടരും. 39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ.
ഇത്തവണത്തെ ലോകകപ്പ് ഫൈനലിനു പിന്നാലെ വിരമിക്കാന്‍ ആലോചിച്ചിരുന്നതായി മെസി പറഞ്ഞു. പിതാവിന്റെ മരണത്തിനു പിന്നാലെ അന്താരാഷ് ട്ര ഫുട്ബോളില്‍നിന്നു വിരമിക്കു കയാണെന്ന സൂചന മെസി നല്‍കിയിരുന്നു.
ദൈവത്തിനു നന്ദി...
“അര്‍ജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ട്. അഭിമാനത്തോടെയും സമാധാനത്തോടെയുമാണു പടിയിറക്കം. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. 21 വര്‍ഷത്തെ സ്നേഹത്തിനു നന്ദി”. -മെസി പറഞ്ഞു.
ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോടേറ്റ തോല്‍വി മെസിയെ വല്ലാതെ ഉലച്ചിരുന്നു. ഫൈനല്‍വരെ ഉജ്വലമായി മുന്നേറിയ അര്‍ജന്റൈന്‍ ടീം കലാശപ്പോരില്‍ കളിമറന്ന് ദയനീയ പരാജയമേറ്റുവാങ്ങി.
207 മത്സരങ്ങൾ, 125 ഗോളുകൾ
207 അന്താരാഷ് ട്ര മത്സരങ്ങളില്‍നിന്ന് 125 ഗോളാണ് മെസി അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവുമധികം അന്താരാഷ്ട്ര ഗോള്‍ സ്വന്തമായുള്ള താരമാണ് ഈ അര്ജന്റീനക്കാരന്. 2022 ലോകകപ്പ് നേടിയതാണ് മെസിയുടെ കരിയറിലെ ഏറ്റവും ഉജ്വല നേട്ടം. 2014ലും 2026ലും അര്‍ജന്റീനയെ ലോകകപ്പ് ഫൈനിലെത്തിക്കാനും ക്യാപ്റ്റന്‍ മെസിക്കായി. 2008 ഒളിംപിക്സ് സ്വര്‍ണം, 2021, 2024 കോപ്പ അമേരിക്ക കിരീടം എന്നിവയും മെസിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളില്‍ അര്‍ജന്റൈന്‍ ജഴ്സിയണിഞ്ഞു.
പോരാട്ടവീര്യം കെട്ടടങ്ങാത്ത ഈ മഹാപ്രതിഭ ശനിയാഴ്ച ഇന്റര്‍ മയാമിക്കുവേണ്ടി നാലു ഗോളാണ് അടിച്ചുകൂട്ടിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് മെസിയെന്ന ലോകോത്തര താരത്തെ പരുവപ്പെടുത്തിയത്. ബാഴ്സയ്ക്കായി 17 വര്‍ഷം കളിച്ച മെസി 520 മത്സരങ്ങളില്‍നിന്ന് 474 ഗോള്‍ നേടി. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടിയും മെസി ബൂട്ടണിഞ്ഞു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ രണ്ടു തവണ നേടിയ ഏക താരമാണ് ഇദ്ദേഹം.
Sports
ആൽബിസെലെസ്റ്റെയുടെ വെള്ളയിൽ ആകാശനീല വരയുള്ള കുപ്പായത്തിൽ ആ കുറിയ മനുഷ്യൻ ഇനിയില്ല. എന്നാൽ, അയാൾ ദീർഘചതുര പച്ചപ്പുൽത്തട്ടിൽ ഇടം-വലം കാലുകൊണ്ട് എഴുതിയ കവിതകൾ ഇനിയുമെത്രയോകാലം വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. ഫിഫ ലോകകപ്പിൽ ആറു തവണയാണ് ലയണൽ ആന്ദ്രേസ് മെസി അർജന്റീനയ്ക്കായി ബൂട്ടണിഞ്ഞത്. അതിലെ ഓരോ മത്സരവും ഓരോ കഥയും ചരിത്രവുമാണ്.
ലോകകപ്പിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കാർഡാണ് അർജന്റീനയ്ക്കായി അവസാനമായി മെസിയുടെ കാലിൽനിന്നും പിറന്നത്. ആറു ലോകകപ്പുകൾ കളിക്കുന്ന ഭൂഗോളത്തിലെ രണ്ടേരണ്ടു (ക്രിസ്റ്റ്യാനൊ റൊണാൾഡോ) താരങ്ങളിൽ ഒരാളെന്ന പകിട്ടുമായാണ് മെസി 2026 എഡിഷൻ പൂർത്തിയാക്കിയത്; ഈ ലോകകപ്പോടെ വിരമിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിൽ.
ഒരു കിരീടംകൂടി ആ മഹത്വത്തിന്റെ വലയത്തിലേക്കെന്ന് ആരാധകർ കൊതിച്ചിരുന്നു. പ്രാണനായി കരുതുന്ന പിതാവിന്റെ അനാരോഗ്യം പലപ്പോഴും ഉള്ളുലച്ചെങ്കിലും ആൽബിസെലെസ്റ്റയെ ഫൈനൽ വരെ എത്തിച്ചു. 2006ൽ ജർമനി ആതിഥേയത്വം വഹിച്ച ലോകകപ്പിലൂടെ കാൽപ്പന്തിന്റെ ഭൂഗോളപോരാട്ട വേദിയിൽ പതിനെട്ടാം വയസിൽ അരങ്ങേറി.
സെർബിയ ആൻഡ് മൊണ്ടനെഗ്രയോയ്ക്കെതിരേ ഗോൾനേടി തുടങ്ങി. 2010 ലോകകപ്പിൽ ക്ലബ് ഫുട്ബോളിലെ മിന്നുംതാരമായിരുന്നിട്ടും ആ കാലുകൾ നിരാശപ്പെടുത്തി. ഇതിഹാസമായ ഡിയേഗോ മാറഡോണയുടെ പരിശീലനത്തിലായിരുന്നു ദക്ഷിണാഫ്രിക്കയിൽ അർജന്റീന എത്തിയത്. രണ്ട് ഇതിഹാസങ്ങൾ ഒരുമിക്കുന്നുവെന്ന ഹൈപ്പും രക്ഷയായില്ല. മെസിക്ക് ഒരു ഗോൾപോലും നേടാനായില്ല. ക്വാർട്ടറിൽ അർജന്റീന പുറത്തായി.
ക്ലബ് ഫുട്ബോളിൽ മാജിക്കുകൾ തീർക്കുന്ന ലയൺ അർജന്റീന കുപ്പായത്തിൽ ക്യാറ്റാവുന്നു എന്നത് അക്കാലത്തെ ഫുട്ബോൾ പണ്ഡിറ്റുകളിടെ ചുണ്ടിലെ വല്ലാത്ത ചൊല്ലായിരുന്നു. എന്നാൽ, 2014 ലോകകപ്പിൽ മെസിയുടെ ചിറകിലേറി അർജന്റീന ഫൈനൽവരെയെത്തി. നാല് ഗോളുകൾ നേടിയ മെസിക്കായിരുന്നു ഗോൾഡൻ ബോൾ. 2018ൽ ജോർജ് സാംപോളിയുടെ പരിശീലനത്തിലെത്തിയ അർജന്റീനയും മെസിയും നിരാശപ്പെടുത്തി. റഷ്യയിൽ ഒരു ഗോൾ മാത്രമാണ് നേടാനായത്. 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ ഉള്ളകാലം ഓർത്തിരിക്കുന്ന ടൂർണമെന്റ്. മെസി കിരീടം ചൂടണമെന്ന് വിരോധികൾ പോലും ആഗ്രഹിച്ച കാലം. സൗദിയോട് തോറ്റ് തുടങ്ങിയെങ്കിലും ഫ്രാൻസിനെ വീഴ്ത്തി കിരീടം ചൂടി ദി അൾട്ടിമേറ്റ് ഗോട്ടായി.
ലോകകപ്പിൽ മെസിയുടെ റിക്കാർഡുകൾ നിരവധിയാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിക്കളത്തിൽ ചെലവഴിച്ച താരം (3,054 മിനിറ്റ്). നായകനായി കൂടുതൽ (27) മത്സരങ്ങൾ. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് വഴിയൊരുക്കിയ താരം (12 അസിസ്റ്റുകൾ). അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ അസിസ്റ്റ് നൽകിയ ഏക താരം. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും.
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള 'ഗോൾഡൻ ബോൾ' പുരസ്കാരം രണ്ട് തവണ (2014, 2022) നേടിയ ഒരേയൊരു താരം. ലോകകപ്പിന്റെ ഒരു എഡിഷനിൽ (2022) ഗ്രൂപ്പ് ഘട്ടം, പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിലെല്ലാം ഗോൾ നേടിയ ഏക കളിക്കാരൻ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ താരവും (14 തവണ) മറ്റാരുമല്ല. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന (38) റിക്കാർഡും2026 ലോകകപ്പിൽ സ്വന്തം പേരിലാക്കി. അതെ, മെസിയുടെ രാജ്യാന്തര കരിയർ ലോകകപ്പിലെ സുവർണ മണിക്കൂറുകളിലെ തിളക്കവും ചേർന്നതാണ്...
Sports
“ഫിഫ 2026 ലോകകപ്പ് ഫൈനലിനുശേഷമുള്ള ഈ ഇടവേളയില്‍ ഏറെ ആലോചിച്ചു. ഒടുവില്‍ ആ തീരുമാനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണ്...
എന്റെ മനസിനെ ആഴത്തില്‍ വേദനിപ്പിച്ച, വേദനിപ്പിക്കുന്ന ഒരു തീരുമാനമാണിത്. എങ്കിലും, ഇത് അതിനുള്ള ശരിയായ സമയമാണെന്നു ബോധ്യമുണ്ട്. നമ്മള് എല്ലാം നേടിയെടുത്ത കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മാത്രമല്ല, അതിനുമുമ്പും എപ്പോഴും എന്റെ സര്‍വസ്വവും ടീമിനായി നല്കി. നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും ഫുട്ബോളിലൂടെ അര്ജന്റീനക്കാരനായതിലും അഭിമാനിക്കുന്നു. ഈ ജഴ്സിക്കു വേണ്ടി ഞാന്‍ എപ്പോഴും പോരാടുകയും എല്ലാം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമയം അതിവേഗം കടന്നുപോകുന്നു. പലതും അവസാനിക്കുന്നു; അതില്‍ എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് അര്‍ജന്റൈന്‍ ജഴ്സി ഊരുക എന്നത്. ദേശീയ ടീമിന്റെ ഭാഗമാകുന്നത് ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച കാര്യമാണ്. അന്നും ഇന്നും എന്നും... രാജ്യത്തിനായി ഞാന്‍ എല്ലാം നല്‍കിക്കഴിഞ്ഞു, ഇനി ബാക്കിയൊന്നുമില്ല. മാത്രമല്ല, എനിക്കുശേഷം ആ സ്ഥാനത്തിന് അര്‍ഹരായ മികച്ച യുവതാരങ്ങള്‍ കടന്നുവരുന്നുണ്ട്.
ഇക്കാലത്തിനിടയില്‍ നിങ്ങള്‍ നല്കിയ എല്ലാ സ്നേഹത്തിനും നന്ദി. ടീമിനായി കളത്തിലിറങ്ങുമ്പോള്‍ നിങ്ങൾ നടത്തിയ ആര്‍പ്പുവിളികള്‍ കേള്‍ക്കുന്നത് ഇനി വല്ലാതെ മിസ് ചെയ്യും. ഇനി മുതല്‍ നിങ്ങളില്‍ ഒരാളായി, പുറത്തുനിന്നുകൊണ്ട് എപ്പോഴും ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കും (നല്ല സമയത്തും പ്രത്യേകിച്ച് മോശം സമയങ്ങളിലും).
എപ്പോഴും കൂടെയുണ്ടായിരുന്നതിനും മനോഹരവും എന്നാല്‍ ദുഷ്കരവുമായ ഈ യാത്രയില്‍ എന്നോടൊപ്പം സഞ്ചരിച്ചതിനും എന്റെ കുടുംബത്തിന് നന്ദി. ഈ യാത്ര പങ്കിടാന്‍ അവസരം ലഭിച്ച ഓരോ പരിശീലകരോടും സഹതാരങ്ങളോടും മാനേജര്‍മാരോടും നന്ദി പറയുന്നു. മായാത്ത ഓര്‍മകളും നിമിഷങ്ങളും മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഞാന്‍ മടങ്ങുന്നത്.
എന്റെ എല്ലാ സഹതാരങ്ങളോടും നിങ്ങള്‍ക്ക് സ്വപ്നതുല്യമായ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തോടും സമാധാനത്തോടും കൂടിയാണ് ഞാന്‍ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം സുവര്‍ണ നിമിഷങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞത് അവിശ്വസനീയമായ കാര്യമായിരുന്നു. എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു!
എന്നെ അര്‍ജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി”...
Sports
ന്യൂയോര്‍ക്ക്: 25-ാം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടം എന്ന റിക്കാര്‍ഡിനായുള്ള സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ കാത്തിരിപ്പിപ്പിന് കണ്ണീരുപ്പ്.
2026 സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണിന്റെ ആദ്യറൗണ്ടില്‍ ജോക്കോവിച്ച് പുറത്ത്.
48-ാം റാങ്കുകാരനായ അര്‍ജന്റൈന്‍ താരം മരിയാനോ നവോണിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിച്ച് പരാജയപ്പെട്ടു. നാലാം സീഡായ ജോക്കോവിച്ച് രണ്ടും മൂന്നും സെറ്റുകള്‍ നേടി. എന്നാല്‍, നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 3-1നു പിന്നില്‍ നില്ക്കുമ്പോള് പരിക്കിന്റെ വേട്ടയാടല്‍. അതോടെ മാനസികമായും ജോക്കോ തകര്‍ന്നു.
കണ്ണുകള്‍ നിറഞ്ഞൊഴുകി. അവസാന സെറ്റില്‍ പിന്നീട് ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല. സ്കോര്‍: 6-7 (5-7), 7-5, 6-4, 2-6, 1-6. മുപ്പത്തൊമ്പതുകാരനായ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യറൗണ്ടില്‍ പരാജയപ്പെടുന്നത് ഇതാദ്യം.
Sports
കാര്യവട്ടം: രാജകീയ തിരിച്ചുവരവ് നടത്തി ട്രിവാന്‍ഡ്രം റോയല്‍സ്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ തറപറ്റിച്ച് ട്രിവാന്‍ഡ്രം റോയല്‍സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. 14 റണ്‍സിനാണ് ട്രിവാന്‍ഡ്രം വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 50 പന്തില്‍ നിന്നും 82 റണ്‍സ് നേടിയ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ട്രിവാന്‍ഡ്രം റോയല്‍സിനെ ബാറ്റിംഗിന് അയച്ചു. ഓപ്പണര്‍ കൃഷ്ണപ്രസാദ് രണ്ടു റണ്‍സെടുത്ത് പുറത്തായയത് ട്രിവാന്‍ഡ്രത്തെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കി. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം.
കൃഷ്ണപ്രസാദിനു പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഗോവിന്ദ് ദേവ് പൈയുടെ മികച്ച ഇന്നിംഗ്സ് ട്രിവാന്‍ഡ്രത്തിനു അടിത്തറ നല്കി.അഭിഷേക് പി. നായരുമായി ചേര്‍ന്ന് ഗോവിന്ദ് മികച്ച കൂട്ടുകെട്ട് പടുത്തിയര്‍ത്തി. ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ അഭിഷേകിനെ (57) സിബിന് ഗിരീഷ് ടി.കെ. അക്ഷയുടെ കൈകളിലെത്തിച്ചു.
ഗോവിന്ദ് പൈയ്ക്കൊപ്പം സിജോമോന്‍ ജോസഫ് ഒത്തുചേര്‍ന്നതോടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു. 25 പന്തില്‍ 63 റണ്‍സ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തു. 50 പന്തില്‍ നിന്ന് ഗോവിന്ദ ദേവ് പൈ 82ഉം 13 പന്തില്‍ നിന്നും സിജോമോന്‍ 31 റണ്‍സും അടിച്ചുകൂട്ടിയതോടെ ട്രിവാന്‍ഡ്രം 194 റണ്‍സ് എന്ന അതിശക്തമായ നിലയിലെത്തി.
195 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. ആറാം ഓവറില്‍ ആലപ്പിയുടെ വിശ്വസ്ത ബാറ്റ്സ്മാന് അസ്ഹറുദീന്റെ (15 റണ്‍സ്) വിക്കറ്റ് പോയതോടെ ടീം പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ സച്ചിന് ബേബി (91) പുറത്തായതോടെ ആലപ്പിയുടെ വിജയപ്രതീക്ഷ മങ്ങി.
Sports
ദുബായ്: ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഇന്ന് കിരീട പ്രതീക്ഷയിൽ ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് എയിൽ തായ്ലന്ഡാണ് എതിരാളി.
പ്രതീക്ഷ x ആശങ്ക:
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വനിതാ ട്വന്റി20 ഏഷ്യാ കപ്പിൽ ഏറ്റവും ആധിപത്യം പുലർത്തിയ ടീമാണ് ഇന്ത്യ. 2016-17 മുതൽ നടന്ന അഞ്ച് ടൂർണമെന്റുകളിൽ മൂന്നിലും കിരീടം ചൂടി. എന്നാൽ നിലവിലെ പ്രകടനം ആത്മവിശ്വാസത്തേക്കാൾ ആശങ്കകളാണ് ഉയർത്തുന്നത്.
ഈ വർഷം കളിച്ച 16 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്‍പതിലും ഇന്ത്യ പരാജയപ്പെട്ടു. വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരേയുണ്ടായ തോൽവി ടീമിനെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുകയും ചെയ്തു.
ചാമ്പ്യന്മാർ:
മികച്ച താരങ്ങളുടെ സംഘമാണ് ഇന്ത്യ. ബാറ്റിംഗിൽ മറ്റ് ടീമുകൾക്ക് വെല്ലുവിളിയുയർത്തുന്ന താരസന്പത്ത്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ഓൾറൗണ്ട് മികവിൽ ദീപ്തി ശർമ, ഫിനീഷറായി റിച്ച ഘോഷ്. ഏത് സ്കോറും പിന്തുടരാൻ ആത്മവിശ്വാസം. എത്ര അപകടകാരികളായ ബൗളർമാരെയും അനായാസം നേരിടാൻ മികവുള്ളവർ.
ഏഷ്യാ കപ്പിൽ നിന്നും ഏഷ്യൻ ഗെയിംസിൽ നിന്നും വിശ്വസ്തയായ ബാറ്റർ ജെമീമ റോഡ്രിഗസ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. പകരം പ്രതിക റാവലിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മിഡിൽ ഓർഡറിൽ ഇന്ത്യ പരീക്ഷിക്കപ്പെടും.
ബാഡ് ബൗളിംഗ്:
അതേസമയം, ബൗളിംഗിൽ സുഖകരമല്ല നീലപ്പടയുടെ പ്രകടനം. മികച്ച ബൗളർമാർ പലരുണ്ട്. ബൗളർമാരുടെ സ്ഥിരതയില്ലാഴ്മയാണ് ഇന്ത്യയെ വലയ്ക്കുന്നത്.
സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഓൾറൗണ്ടർ ദീപ്തി ശർമയാണ്. ശ്രീ ചരണി, രാധ യാദവ്, പ്രേമ റാവത്ത് എന്നിവരും കരുത്താകും.
രേണുക സിംഗ് ഠാക്കൂറിനൊപ്പം ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, നന്ദനി ശർമ എന്നിവർ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും.
തായ്ലന്ഡ്:
ഹോങ്കോംഗിനെതിരായ ആദ്യ മത്സരത്തിൽ നേടിയ വിജയം തായ്ലന്‍ഡിന് ആത്മവിശ്വാസം പകരും. ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 120 റണ്‍സ് സ്കോർ മാത്രമാണ് തായ്ലന്‍ഡിന് നേടാനായതെങ്കിലും മികച്ച ബൗളിംഗിലൂടെഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് 114 റണ്‍സിൽ ഒതുക്കാൻ അവർക്ക് സാധിച്ചു.
ഗ്രൂപ്പ് എ:
തായ്ലന്ഡ്, ഹോങ്കോംഗ്, പാക്കിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. ടൂർണമെന്റിൽ ആകെ എട്ട് ടീം. വനിതാ ട്വന്റി20 ഏഷ്യാ കപ്പിനുശേഷം ഒക്ടോബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മത്സരിക്കും.
Sports
തിരുവനന്തപുരം: കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന് വിൻഡീസിന്റെ ഇടംകൈയൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ൽ.
കെസിഎൽ പോലുള്ള ടൂർണമെന്റുകളിലൂടെ താരങ്ങൾ ഉയർന്നുവരണമെന്നും ഗെയ്ൽ പറഞ്ഞു. കെസിഎൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയായ ഗെയ്ൽ തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു പ്രതികരണം.
മുന്‍പ് ഒരിക്കൽ കേരളത്തിൽ വന്നിട്ടുണ്ട്. കേരളത്തിലേക്ക് തിരികെ എത്തിയതിൽ ഒരുപാട് സന്തോഷം. ഒരുപാട് മികച്ച താരങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്കുള്ള മികച്ച അവസരമാണ് കെസിഎൽ. ഇതുപോലുള്ള ടൂർണമെന്റുകളിലൂടെ അവർ ഉയർന്നുവരണം-ഗെയ്ൽ പറഞ്ഞു.
Sports
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സര പരന്പര തൂത്തുവാരി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പട്ടികയിൽ മുന്നേറാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ, രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യക്ക് തിരിച്ചടിയേറ്റു.
ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനെ മറികടക്കാൻ ഇന്ത്യക്കായിട്ടില്ല.
11 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ 51.52 ആണ് പോയിന്റ് ശതമാനം. ബംഗ്ലാദേശാണ് പട്ടികയിൽ നാലാമത്. ന്യൂസീലൻഡ് മൂന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. കിവീസിന് 72.22 പോയിന്റ് ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് 75 പോയിന്റ് ശതമാനവുമുണ്ട്.
പട്ടികയിൽ തലപ്പത്ത് ഓസ്ട്രേലിയ തന്നെയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി 80 പോയന്റ് ശതമാനമുണ്ട്.
ഇന്ത്യക്ക് ഇനി വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാണ്. ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്. ന്യൂസീലൻഡിൽ രണ്ടും ഓസ്ട്രേലിയക്കെതിരേ നാട്ടിൽ അഞ്ച് ടെസ്റ്റും.
ഈ മത്സരങ്ങളിലെ വിജയങ്ങളുടെ എണ്ണം കുറയും തോറും ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേൽക്കും. മാത്രവുമല്ല, മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമാകേണ്ടതുമുണ്ട്.
Sports
വിൻഡ്ഹോക്ക്: ട്വന്റി20 ത്രിരാഷ്ട്ര പരന്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നമീബിയ. വിൻഡ്ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 18 റണ്‍സിനായിരുന്നു നമീബിയയുടെ ജയം. സ്കോർ: നമീബിയ- 20 ഓവറിൽ 163/9. ദക്ഷിണാഫ്രിക്ക- 20 ഓവറിൽ 145/9.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയയ്ക്ക് ഓപ്പണർമാരായ യാൻ ഫ്രൈലിങ്കും ലൗറൻ സ്റ്റീൻകാന്പും ചേർന്ന് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 84 റണ്‍സിന്റെ കൂട്ടുകെട്ട്. ഫ്രൈലിങ്ക് 38 പന്തിൽ 60 റണ്‍സും സ്റ്റീൻകാന്പ് 29 പന്തിൽ 41 റണ്‍സുമെടുത്തു.
എന്നാൽ മധ്യ ഓവറുകളിൽ ക്യാപ്റ്റൻ ബിജോണ്‍ ഫോർചൂയിന്റെയും ഓഫ് സ്പിന്നർ പ്രെനലൻ സുബ്രായന്റെയും ബൗളിംഗ് പ്രകടനത്തിൽ നമീബിയ തകർച്ച നേരിട്ടു. 17 റണ്‍സിനിടെ നമീബിയയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി. അരങ്ങേറ്റ മത്സരം കളിച്ച പേസർ ദുവാൻ യാൻസനും രണ്ട് വിക്കറ്റ് നേടി.
164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു.
Sports
കോയന്പത്തൂർ: 60-ാമത് പിഎസ്ജി ട്രോഫി അഖിലേന്ത്യാ ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനലിൽ റെസ്റ്റ് ഓഫ് തമിഴ്നാടിനോട് 67-76ന് പരാജയപ്പെട്ട് കഐസ്ഇബി തിരുവനന്തപുരം പുറത്തായി.
ഫൈനലിൽ റെസ്റ്റ് ഓഫ് തമിഴ്നാട് രണ്ടാം സെമി പോരാട്ടത്തിലെ ഇന്ത്യൻ ബാങ്ക്- ഒഎൻജിസി വിജയികളെ നേരിടും.
രാജ്യത്തെ മികച്ച ഏഴ് മുൻനിര പുരുഷ ടീമുകൾ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ടൂർണമെന്റ് ഇന്ന് സമാപിക്കും.
Sports
റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ താവൂനെ തകർത്ത് അൽ നസ്ർ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ ജയം. മുഹമ്മദ് അൽ ഹുറൈജിലൂടെ 11-ാം മിനിറ്റിൽ അൽ താവൂൻ ആണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സാമു കോസ്റ്റ അൽ നസ്റിനെ ഒപ്പമെത്തിച്ചു. 50-ാം മിനിറ്റിൽ റൊണാൾഡോ വിജയ ഗോൾ നേടി. താരത്തിന്റെ കരിയറിലെ 978-ാം ഗോൾ കൂടിയായിരുന്നു ഇത്. 1000 ഗോളിലേക്ക് ഇനി 22 ഗോളുകൾ മാത്രമാണ് ബാക്കിയുള്ളത്.
Kerala
കാര്യവട്ടം: വിജയി ആരെന്നറിയാൻ അവസാന പന്ത് വരെ കാത്തിരുന്ന മത്സരം. കേരളാ ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാന്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിൽ കൊച്ചിക്ക് ഒരു റണ്‍സ് ജയം.
ഉണ്ണികൃഷ്ണൻ മനുകൃഷ്ണന്റെ അർധസെഞ്ചുറിയുടേയും (35 പന്തിൽ 50 റണ്‍സ്) സച്ചിൻ സുരേഷിന്റെ (46) ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി 171 റണ്‍സ് നേടി. 172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് 170 റണ്‍സ് നേടാനേ സാധിച്ചുള്ളു. സ്കോർ: കൊച്ചി ബ്ല്യൂ ടൈഗേഴ്സ്- 19.1 ഓവറിൽ 171. തൃശൂർ ടൈറ്റൻസ്- 20 ഓവറിൽ 170.
ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചിയ്ക്ക് സ്കോർബോർഡിൽ 18 റണ്‍സുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ 10 റണ്‍സ് എടുത്ത വിപുൽ ശക്തിയെ പി. നാസൽ നിഖിൽ തോട്ടത്തിലിന്റെ കൈകളിലെത്തിച്ചു.
സ്കോർ ബോർഡിൽ 48 റണ്‍സുള്ളപ്പോൾ വിനൂപ് മനോഹരനെയും (26) കൊച്ചിക്ക് നഷ്ടമായി. മുഹമ്മദ് ഷാനു (12) വേഗത്തിൽ പവലിയനിലേക്ക് മടങ്ങി. ഒരു വശത്ത് വിക്കറ്റ് കടപുഴകിയപ്പോഴും മറുവശത്ത് ശ്രദ്ധയോടെ ബാറ്റുവീശിയ മനു കൃഷ്ണൻ കൊച്ചിയുടെ സ്കോർ മുന്നോട്ടു നീക്കി. 35 പന്തിൽ അർധശതകം തികച്ച മനുവിനെ ശരത്ചന്ദ്രപ്രസാദ് ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ചു.
ക്യാപ്റ്റൻ സാലി സാംസണ് (10) വേഗത്തിൽ പുറത്തായി. എസ്. സച്ചിൻ 23 പന്തിൽ നേടിയ 46 റണ്‍സാണ് ടീം സ്കോർ 150 കടത്താൻ നിർണായകയമായത്. അബ്ദുൾ റമീസിന്റെ പന്തിൽ മുഹമ്മദ് ഇനാൻ ക്യാച്ചെടുത്ത് സച്ചിനെ പുറത്താക്കി. വാലറ്റത്തെ ബാറ്റർമാർക്ക് രണ്ടക്കം കണ്ടെത്താൻ കഴിയാതെ വന്നതോടെ 19.1 ഓവറിൽ കൊച്ചി 171ന് പുറത്തായി.
172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് രണ്ടാം ഓവറിലെ അവസാന പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി 11 പന്തിൽ 10 റണ്‍സെടുത്ത സഞ്ജീവ് സതീശനെ സാലി സാംസണ് മനു കൃഷ്ണന്റെ കൈകളിലെത്തിച്ചു. തൃശൂരിന്റെ വിശ്വസ്ത ബാറ്റ്സ്മാൻ അഹമ്മദ് ഇമ്രാന്റെ (അഞ്ച്) വിക്കറ്റ് ബേസിൽ തന്പി പിഴുതു. ഷോണ്‍ റോജർ (34 പന്തിൽ 41 റണ്‍സ്), നിഖിൽ തോട്ടത്തിൽ (17 പന്തിൽ 31 റണ്‍സ്്) എ.കെ. അർജുൻ (25 പന്തിൽ 32 റണ്‍സ്) എന്നിവർ തൃശൂരിനു വേണ്ടി പോരാട്ടം നടത്തിയെങ്കിലും വിജയ റണ്‍സ് കണ്ടെത്താൻ കഴിഞ്ഞില്ല.
മുഹമ്മദ് ഇനാൻ (പൂജ്യം), എം.എസ്. അഖിൽ(15), ഷാരോണ്‍ (24) അബ്ദുൾ റമീസ് (മൂന്നു പന്തിൽ ആറു റണ്‍സ്) ബിജു നാരായണൻ (പൂജ്യം) ശരത്ചന്ദ്രപ്രസാദ് (ഒന്ന്) എന്നിവർ വേഗത്തിൽ പുറത്തായതോടെ തൃശൂരിന്റെ സ്കോർ 20 ഓവറിൽ 170ൽ അവസാനിച്ചു. അതോടെ, കൊച്ചിക്ക് ഒരു റണ്‍സ് ജയം.
Sports
സെന്റ് ലൂയിസ്: ഇന്ത്യന്‍ ചെസ് വിസ്മയം ആര്. പ്രഗ്നാനന്ദ ചരിത്ര നേട്ടത്തില്‍. 2026 ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ പ്രഗ്നാനന്ദ കുറിച്ചത്.
അമേരിക്കയിലെ സെന്റ് ലൂയിസില്‍ അരങ്ങേറിയ ഗ്രാന്‍ഡ് ഫൈനല്‍സില്‍ 15-13ന് അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ കീഴടക്കിയാണ് പ്രഗ്നാനന്ദയുടെ ചരിത്രനേട്ടം. രണ്ടു ലക്ഷം ഡോളറാണ് (1.90 കോടി രൂപ) സമ്മാനത്തുക. ചെന്നൈ സ്വദേശിയായ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.
ആദ്യം സെമി ഫൈനല്‍
പ്രഗ്നാനന്ദയ്ക്കും ഫാബിയാനൊ കരുവാനയ്ക്കും പുറമേ വിന്‍സെന്റ് കീമര്‍ (ജര്‍മനി), വെസ്ലി സൊ (അമേരിക്ക) എന്നിവരായിരുന്നു ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സിലേക്കു യോഗ്യത നേടിയത്. ഈ നാലു പേരും സെമിയില്‍ ഏറ്റുമുട്ടി. പ്രഗ്നാനന്ദയും കീമറും തമ്മിലായിരുന്നു ആദ്യ സെമി. വെസ്ലി സൊയും കരുവാനയും രണ്ടാം സെമിയില്‍ ഏറ്റുമുട്ടി. ക്ലാസിക്ക്, റാപ്പിഡ്, ബ്ലിറ്റ്സ് എന്നിങ്ങനെ മൂന്നു ഫോര്‍മാറ്റിലും ഓരോ റൗണ്ട് വീതമായാണ് ഗ്രാന്‍ഡ് ഫൈനല്‍സ് അരങ്ങേറുന്നത്. കീമറിനെ ക്ലാസിക്കില്‍ 9-3നും റാപ്പിഡില്‍ 8-0നും ബ്ലിറ്റ്സില്‍ 6-2നും പ്രഗ്നാനന്ദ തോല്‍പ്പിച്ചു. അതോടെ സെമിയില്‍ ഇന്ത്യന്‍ താരത്തിന്റെ ജയം 19-9ന്.
വെസ്ലി സൊയെ ക്ലാസിക്കില്‍ 8-6നു തോല്‍പ്പിച്ച കരുവാന റാപ്പിഡില്‍ 4-4നു സമനില വഴങ്ങി. തുടര്‍ന്നു ബ്ലിറ്റ്സില്‍ 6-2നു ജയിച്ച്, ആകെ 18-12ന്റെ ലീഡുമായി ഫൈനലിലേക്കു യോഗ്യത നേടി.
പ്രഗ്നാനന്ദ x കരുവാന
ഗ്രാന്‍ഡ് ഫൈനല്‍സിന്റെ കിരീട പോരാട്ടം തോല്‍വിയോടെയാണ് പ്രഗ്നാനന്ദ ആരംഭിച്ചത്. ക്ലാസിക്കല്‍ ഗെയിമില്‍ കരുവാന 9-3ന്റെ ജയം നേടി. ആറു പോയിന്റിനു പിന്നിലായാണ് ടൂര്‍ണമെന്റിന്റെ അവസാനദിനം പ്രഗ്നാനന്ദ ആരംഭിച്ചത്. അവസാനദിനത്തിലെ ആദ്യ മത്സരമായ റാപ്പിഡ് പോരാട്ടത്തില്‍ പ്രഗ്നാനന്ദ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 8-0ന്റെ ആധികാരിക ജയം. അതോടെ ആറു പോയിന്റിന്റെ കടംവീട്ടി, രണ്ടു പോയിന്റ് ലീഡും സ്വന്തം. തുടര്‍ന്നു നിര്‍ണായകമായ ബ്ലിറ്റ്സ്. ബ്ലിറ്റ്സ് പോരാട്ടത്തില്‍ 4-4ന്റെ സമനില. അങ്ങനെ 15-13ന്റെ ജയവുമായി ടൂര്‍ണമെന്റിന്റെ ചാമ്പ്യന്പട്ടാഭിഷേകം...
Sports
ഇന്നു ദേശീയ കായികദിനം. ഇതിഹാസ ഹോക്കിതാരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികമാണ് രാജ്യം കായികദിനമായി ആചരിക്കുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കാനായി സ്വപ്നം കാണുന്ന 2036 ഒളിമ്പിക്സിലേക്ക് 10 വര്‍ഷത്തിന്റെ അകലം മാത്രമെന്നതാണ് ഇത്തവണത്തെ ദേശീയ കായികദിനത്തിലെ പ്രത്യേകത. 2036 ഒളിമ്പിക്സിലേക്കുള്ള ഒരുക്കങ്ങളുടെ ആദ്യപടിയായി 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദില്‍ ഇന്ത്യ വേദിയൊരുക്കുകയാണ്.
ലോക കായിക ഭൂപടത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസ്. 2010ല്‍ ഡല്‍ഹിയില്‍വച്ചും ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിരുന്നു. എന്നാല്‍, 2036 ഒളിമ്പിക്സ് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ രണ്ടാമതൊരു കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതെന്നതാണ് പ്രത്യേകത.
2036 ഒളിമ്പിക്സ് വേദിക്കായി ശ്രമിക്കാനുള്ള ആദ്യചുവട് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച യോഗം വ്യാഴാഴ്ച നടന്നു.
2030 കോമണ്‍വെല്‍ത്ത് ഗെയിംസിനും മുമ്പ് 2029 പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസിനും അഹമ്മദാബാദ് വേദിയാകും. 2036 ഒളിമ്പിക്സ് ബിഡ്, 2029 പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസ്, 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലൂടെ ഇന്ത്യ ആഗോള കായിക വിനോദ കേന്ദ്രമാക്കാനുള്ള തയാറെടുപ്പ് ആരംഭിച്ചതായാണ് അമത് ഷാ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2026 ഏഷ്യന്‍ ഗെയിംസിലേക്ക് ഇനിയുള്ളത് 21 ദിനങ്ങളുടെ അകലം മാത്രം. ജപ്പാനാണ് 20-ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 492 അംഗ സംഘം ഗെയിംസില്‍ പങ്കെടുക്കും. 265 പുരുഷന്മാരും 227 സ്ത്രീകളും ഉള്‍പ്പെടെയാണിത്. പുരുഷ-വനിതാ ക്രിക്കറ്റ് ഉള്‍പ്പെടെ ഇന്ത്യ 35 ഇനങ്ങളില്‍ മത്സരിക്കും. 2022 ഏഷ്യന്‍ ഗെയിംസില്‍ 28 സ്വര്‍ണം, 38 വെള്ളി, 40 വെങ്കലം എന്നിങ്ങനെ 106 മെഡല്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അത്ലറ്റിക്സില് 10 മലയാളികള്‍
2026 ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത്. 35 പുരുഷന്മാരും 38 സ്ത്രീകളും ഉള്‍പ്പെടെ അത്ലറ്റിക്സ് സംഘത്തില്‍ 73 അംഗങ്ങളുണ്ട്. ഇതില്‍ 10 മലയാളികളും ഉള്‍പ്പെടും.
എം. ശ്രീശങ്കര്‍ (ലോംഗ്ജംപ്), തൗഫീഖ് (ഡെക്കാത്തലണ്‍), മുഹമ്മദ് അഫ്സല് (800 മീറ്റര്‍) ടി.എസ്. മനു (4x400 മീറ്റര്‍ മിക്സഡ് റിലേ, റിലേ), യു. കാര്‍ത്തിക് (ട്രിപ്പിള്‍ജംപ്), അന്സബാബു (4x400 മീറ്റര്‍ മിക്സഡ് റിലേ, റിലേ), കെ. അനാമിക (ഹെപ്റ്റാത്തലണ്‍), ആര്. അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), ആന്‍സി സോജന് (ലോംഗ്ജംപ്), മുഹമ്മദ് അഷ്ഫാഖ് (4x400 റിലേ) എന്നിവരാണ് അത്ലറ്റിക്സ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
Sports
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ പിന്തുടര്ന്ന് മിന്നും ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ (112 നോട്ടൗട്ട്) പിന്‍ബലത്തില്‍ ആലപ്പി റിപ്പിള്‍സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് സ്വന്തമാക്കി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 215 എടുത്തു ജയം നേടി.
ആര്‍പ്പോ ആലപ്പി
120 പന്തില്‍ ആലപ്പിയുടെ വിജയലക്ഷ്യം 214 റണ്‍സ്. രണ്ടാമത് ബാറ്റ് ചെയ്ത് ഈ സ്കോര്‍ മറികടക്കുകയെന്നത് അപ്രാപ്യമെന്നു കരുതിയിടത്തു നിന്നാണ് ആലപ്പിയുടെ വിജയക്കുതിപ്പിന് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ ആകാശ് സി. പിള്ളയെ (1) നഷ്ടമായി.
സ്കോര്‍ 43ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചില്‍ ബേബിയും (19) മടങ്ങി. തുടര്‍ന്നെത്തിയ ടി.കെ. അക്ഷയുമൊത്തുള്ള മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആലപ്പിയുടെ സ്കോര്‍ അതിവേഗം ഉയര്‍ത്തി. 60 പന്തില്‍ നിന്നു 10 സിക്സും അഞ്ചു ഫോറും ഉള്‍പ്പെടെ പുറത്താവാതെ 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് വിജയശില്പി. ഈ സീസണില്‍ അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ചുറി.
കാലിക്കട്ട് പോരാട്ടം
അഖില്‍ സ്കറിയയും വരുണ്‍ നായനാരും കാലിക്കട്ടിനു വേണ്ടി ബാറ്റുകൊണ്ട് തകര്‍ത്താടി മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും ആലപ്പി വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് കാലിക്കട്ടിനെ ബാറ്റിംഗിന് അയച്ചു. കാലിക്കട്ടിനു വേണ്ടി 38 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന അഖില്‍ സ്കറിയയും 36 പന്തില്‍ 62 റണ്‍സ് നേടിയ ഓപ്പണര്‍ വരുണ്‍ നായനാരുമാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ നിര്‍ണായ പിന്തുണ നല്‍കിയത്.
വരുണ്‍ നായനാര്‍-രോഹന് കുന്നുമ്മല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ മൂന്നു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 42 റണ്‍സായിരുന്നു രോഹന്റെ സമ്പാദ്യം. അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് അഖില്‍ വാരിക്കൂട്ടിയത്.
Sports
റിയൊ ഡി ഷനേറൊ: ബ്രസീല്‍ ഫുട്ബോള്‍ ക്ലബ്ബായ സാന്റോസ് എഫ്സിയുടെ കടം സൂപ്പര്‍ താരം നെയ്മര്‍ ജൂണിയര്‍ വീട്ടി.
ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയുമായി ഉണ്ടായിരുന്ന രണ്ട് മില്യണ്‍ യൂറോ (22.14 കോടി രൂപ) ബാധ്യതയാണ് നെയ്മറിന്റെ കമ്പനി വീട്ടിയത്. ഇക്കാര്യം സാന്റോസ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ജീന്‍ ലൂക്കാസിന്റെ ട്രാന്‍സ്ഫറിലെ അവസാനഗഡുവായ രണ്ട് മില്യണ്‍ യൂറോ നല്‍കിയില്ലെന്ന് എഎസ് മൊണാക്കോ കഴിഞ്ഞ വര്‍ഷം ഫിഫയ്ക്കു പരാതി നല്‍കിയിരുന്നു.
ഇതോടെ ഫിഫ സാന്റോസിനു ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെയാണ് നെയ്മറിന്റെ കമ്പനിയായ എന്‍ആര്‍ സ്പോര്‍ട്സ് ഇടപെട്ടതും പലിശയടക്കമുള്ള കടം വീട്ടിയതും.
Sports
സൂറിച്ച്: പുരുഷ ജാവലിന്‍ ത്രോയില്‍ തരംഗമായി ശ്രീലങ്കയുടെ റുമേഷ് തരംഗ. 2026 സീസണില്‍ തുടര്‍ച്ചയായ നാലാം ഡയമണ്ട് ലീഗിലും റുമോഷ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
സൂറിച്ച് ഡയമണ്ട് ലീഗില്‍ 92.07 മീറ്റര്‍ ക്ലിയര്‍ ചെയ്ത് ഒന്നാം സ്ഥാനം സ്വന്തമാക്കിയതോടെയാണിത്. സീസണില്‍ അഞ്ച് ഡയമണ്ട് ലീഗില്‍ മാത്രമാണ് ജാവലിന്‍ത്രോ അരങ്ങേറുന്നതെന്നതാണു ശ്രദ്ധേയം. സീസണില്‍ രണ്ടാം തവണയാണ് ശ്രീലങ്കന്‍ താരം 92 മീറ്ററിനു മുകളില്‍ ജാവലിന്‍ പായിക്കുന്നത്.
റോം ഡയമണ്ട് ലീഗില്‍ റുമേഷ് എറിഞ്ഞ 92.62 മീറ്ററാണ് പുരുഷ ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരം. ഈ വര്‍ഷം നടന്ന 12 ജാവലിന്‍ ത്രോ പോരാട്ടങ്ങളില്‍ 11ലും ഈ ഇരുപത്തിമൂന്നുകാരന് ജേതാവായി.
Sports
ബ്രസല്‍സ്: 2026 സീസണ് ഡയമണ്ട് ലീഗ് ഫൈനലില്‍ ഇന്ത്യയുടെ ജാവലിന്‍ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര പങ്കെടുക്കും.
സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ ബ്രസല്‍സിലാണ് 2026 ഡയമണ്ട് ലീഗ് ഫൈനല്‍. ഈ സീസണില്‍ രണ്ട് ഡയമണ്ട് ലീഗ് മത്സരങ്ങളില്‍ മാത്രമാണ് നീരജ് പങ്കെടുത്തത്.
Sports
ലോഡ്സ്: പാക്കിസ്ഥാന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 180 റൺസ് ലീഡ്.
ജെമി സ്മിത്ത് (61), ജോര്ഡന് കോക്സ് (55) എന്നിവരുടെ അര്‍ധസെഞ്ചുറിയിലൂടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 290 റൺസ് നേടി. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 110ൽ അവസാനിച്ചു.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കായി റോഡ്രി അരങ്ങേറ്റം നടത്തി. അത്ലറ്റിക്കൊ ബില്‍ബാവോയ്ക്ക് എതിരായ ഹോം മത്സരത്തിലായിരുന്നു ബാഴ്സ ജഴ്സിയില്‍ റോഡ്രി അരങ്ങേറ്റം നടത്തിയത്.
മത്സരത്തില്‍ ആതിഥേയര്‍ 2-0ന്റെ ജയം സ്വന്തമാക്കി. റാഫീഞ്ഞ (37-ാം മിനിറ്റ്), ഫെര്‍മിന്‍ ലോപസ് (82-ാം മിനിറ്റ്) എന്നിവര്‍ നേടിയ ഗോളുകളിലായിരുന്നു ബാഴ്സലോണയുടെ ജയം.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയില്നിന്നായിരുന്നു റോഡ്രി ബാഴ്സലോണയിലെത്തിയത്. 2026 ഫിഫ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന്റെ ക്യാപ്റ്റനായ റോഡ്രിക്കുവേണ്ടി 89 മില്യണ്‍ ഡോളര്‍ (851 കോടി രൂപ) ബാഴ്സ മുടക്കി.
Sports
കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.
ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.
തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
Sports
ന്യൂയോർക്ക്: 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റൈൻ ഇതിഹാസതാരം ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.
അമേരിക്കയിലെ ഹെറിറ്റേജ് ഓക്്ഷൻസിലാണ് ഈ ചരിത്ര പന്ത് ശനിയാഴ്ച ലേലത്തിന് വച്ചത്. ലേലത്തിൽ പന്തിന് 95 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിലൊന്നായാണ് ഈ പന്തിനെ കണക്കാക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ 2-1ന് അർജന്റീന വിജയിച്ച മത്സരത്തിലായിരുന്നു ചരിത്രം പിറന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് മറഡോണ കൈകൊണ്ട് തട്ടിയിട്ട പന്ത് വലയിൽ കയറുകയായിരുന്നു. ഇതേ മത്സരത്തിൽതന്നെ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ മറികടന്ന് അദ്ദേഹം നേടിയ മറ്റൊരു ഗോൾ പിന്നീട് ഫുട്ബോൾ ലോകത്തെ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നറിയപ്പെട്ടു.
അന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022ൽ 22 കോടി രൂപയ്ക്ക് വിറ്റു. പുതിയ ഉടമ 2023ൽ വീണ്ടും ലേലത്തിന് വച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വിൽപന നടന്നില്ല. 2022ലെ ലേലത്തിൽ മറഡോണ ഇതേ മത്സരത്തിൽ ധരിച്ച ഷർട്ടിന് 92 കോടി ലഭിച്ചിരുന്നു.
Sports
സ്പെയ്ൻ: സ്പാനിഷ് ലാ ലിഗയിൽ ഇന്നലെ നടന്ന രണ്ടു മത്സരങ്ങളും മനിലയിൽ അവസാനിച്ചു. ലെവന്റെയും ഒസാസുനയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇരു ടീമും മത്സരാവസാനം വരെ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
മറ്റൊരു മത്സരത്തിൽ ഡിപോർട്ടീവോ (1-1) മാലാഗായുമായി സമനിലയിൽ പിരിഞ്ഞു. ഇരു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്റെ 21-ാം മിനിറ്റിൽ പൈറേ എമെറിക് ഒൗബമെയാംഗ് ഡിപോർട്ടീവോയ്ക്കായി ഗോൾ നേടി. 34-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചുപ്റ്റെ ലക്ഷ്യത്തിലെത്തിച്ച് മാലാഗായെ സമനിലയിൽ എത്തിച്ചു.
ബാഴ്സ സ്റ്റാർ...
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ തുടക്കം ഗംഭീരമാക്കി ബാഴ്സലോണ. ഹാട്രിക് ലീഗ് വിജയം ലക്ഷ്യമിടുന്ന ബാഴ്സ സീസണിലെ ആദ്യ മത്സരത്തിൽ എൽചെയെ 5-0ന് തോൽപ്പിച്ചു.
ക്യാപ്റ്റൻ റാഫിഞ്ഞ (14 പെനൽറ്റി, 67), ഫെർമിൻ ലോപ്പസ് (71, 79) എന്നിവർ ഇരട്ട ഗോളുകൾ നേടിയതാണ് ബാഴ്സയ്ക്ക് തകർപ്പൻ ജയം ഒരുക്കിയത്.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ സീനിയർ ഫുട്ബോൾ ടീം പനാമയുമായി സൗഹൃദ മത്സരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 26ന് മത്സരം നടക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. അതേസമയം മത്സര വേദി പ്രഖ്യാപിച്ചിട്ടില്ല.
പനാമയെ ആദ്യമായി നേരിടുന്ന ഇന്ത്യക്കും ഖാലിദ് ജമീലിനും കരുത്തറി യിക്കാനുള്ള അവസരം കൂടിയാണിത്. 44-ാം റാങ്കുകാരാണ് പനാമ.
Sports
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് പരിശീലനം ആരംഭിച്ചു. കണ്ണൂര്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ സഹപരിശീലകന്‍ ഷഫീഖ് ഹസന്റെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്.
നിലവില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും ടീമിനൊപ്പമുണ്ട്. കൂടാതെ, കണ്ണൂര്‍ വാരിയേഴ്സ് സംഘടിപ്പിച്ച സെലക്ഷന് ട്രയല്‍സില്‍നിന്നു തെരഞ്ഞെടുത്ത പതിനൊന്ന് താരങ്ങളും ടീമിനൊപ്പം പരിശീലിക്കുന്നുണ്ട്. അവസാനഘട്ട പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സെലക്ഷന് ട്രയല്‍സിലെ താരങ്ങള്‍ക്കു സീനിയര്‍ ടീമില്‍ ഇടം ലഭിക്കും.
മുഖ്യപരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ്, മധ്യനിര താരങ്ങളായ അസിയര്‍ ഗോമസ്, എര്‍നെസ്റ്റന്‍ ലാവ്സാംബ, ഫ്രെഡറിക് അന്‍സ ബോച്ച്വേ പ്രതിരോധ താരം വാരോ അല്‍വാരസ് എന്നിവരാണ് നിലവില്‍ കണ്ണൂര്‍ വാരിയേഴ്സിലെത്തിയ വിദേശ താരങ്ങള്‍.
രണ്ട് അറ്റാക്കിംഗ് താരങ്ങള്‍കൂടി ടീമിലെത്തും. ഇവരുടെ പേരുവിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ 25 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണു കണ്ണൂര്‍ വാരിയേഴ്സിന്റെ ആദ്യ മത്സരം.
മുഖ്യപരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ് ഇന്ന് എത്തും. ഉച്ചകഴിഞ്ഞ് 3.15 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യപരിശീലകന്‍ കണ്ണൂര്‍ വാരിയേഴ്സ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് സ്വീകരണം നല്ക്കും.
Sports
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിൾസിൽ ഗെയ്ൽ മോൻഫിൽസ്- എലീന സ്റ്റിവോലിന സഖ്യത്തിന് ജയം.
റൗണ്ട് ഓഫ് 16ൽ ഫെലിക്സ് ഓഗർ അലിസിമി- അലക്സാന്ദ്ര ഏല സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. 4-1, 4-1 സ്കോറിന് ഏകപക്ഷിയാമായായിരുന്നുഗെയ്ൽ- എലീന സഖ്യത്തിന്റെ ജയം.
Sports
ന്യൂഡൽഹി: നെതർലൻഡ്സിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിൽ ടീം മാനേജ്മെന്റിനെതിരേ രൂക്ഷ വിമർശനവും പരിഹാസവുമായി മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്.
ലോകകപ്പിന് വേണ്ടത്ര പ്രാധാന്യം നൽകാതെ ഏഷ്യൻ ഗെയിംസിന് ശ്രദ്ധ നൽകിയതിന് ശ്രീജേഷ് ഹോക്കി ഇന്ത്യയെ എക്സിലൂടെ പരിഹസിച്ചു. ലോകകപ്പിന് തൊട്ടുമുന്‍പ് ഇന്ത്യൻ വനിതാ ടീം പരിശീലകന് അവധി അനുവദിച്ചതിനെയും ശ്രീജേഷ് വിമർശിച്ചു.
പ്രധാന പരിശീലകൻ ലോകകപ്പ് പോലൊരു ടൂർണമെന്റിന് തൊട്ടുമുന്‍പ് അവധി ആഘോഷിക്കാൻ പോയാൽ പിന്നെങ്ങെനെ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ശ്രീജേഷ് ചോദിച്ചു. ലോകകപ്പിലുണ്ടായ ദയനീയ പരാജയവും വീഴ്ചകളും മൂടിവയ്ക്കാൻ ഹോക്കി ഇന്ത്യ ഇനി വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ ഒരു പ്രതിരോധമായി ഉയർത്തിക്കാട്ടുമെന്നും ശ്രീജേഷ് പറയുന്നു.
രണ്ടാം ഘട്ടത്തിൽ പൂൾ ഇയിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ പുരുഷ ടീം പുറത്തായത്. നെതർലൻഡ്സിനോട് ഒന്നെനെതിരേ മൂന്ന് ഗോളിന് പരാജയപ്പെട്ട ഇന്ത്യ അർജന്റീനയോടും തോറ്റു. ആദ്യ റൗണ്ടിൽ വെയ്ൽസിനേയും പാക്കി സ്ഥാനെയും ഇന്ത്യ തോൽപ്പിച്ചു. എന്നാൽ ഇംഗ്ലണ്ടിനോട് പരാജയം സമ്മതിച്ചു.
എന്നാൽ ഇന്ത്യയുടെ വനിതാ ടീമിന് സെമിഫൈനൽ നേരിയ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടത്. ആദ്യ റൗണ്ടിൽ കരുത്തരായ ചൈനയെ സമനിലയിൽ തളച്ച ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ 6-1ന് തോൽപ്പിച്ചു.
ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിലും പിടിച്ചുകെട്ടി രണ്ടാം റൗണ്ടിൽ കടന്നു. രണ്ടാം റൗണ്ടിൽ കരുത്തരായ നെതർലൻഡ്സിനോട് തോൽവി വഴങ്ങി. ഓസ്ട്രേലിയയോട് സമനിലയും പാലിച്ചതോടെ സെമിയിലെത്താതെ പുറത്തായി.
Sports
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടം മുഹമ്മദ് അസ്ഹറുദ്ദീൻ സ്വന്തമാക്കിയെങ്കിലും ആലപ്പി റിപ്പിൾസിന് നിരാശയുടെ ദിനം. 186 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയ്ലേ ഴ്സിന്റെ മുൻനിര ബാറ്റർമാർ ആലപ്പിയുടെ വിജയ സ്വപ്നം തല്ലിക്കെടുത്തി ആറു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. അഭിഷേക് നായരുടെയും വൽസൽ ഗോവിന്ദിന്റെയും അർധ സെഞ്ചുറികളാണ് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയായത്. സ്കോർ: ആലപ്പി റിപ്പിൾസ് 20 ഓവറിൽ 186/3. കൊല്ലം സെയ്ലേഴ്സ് 17.4 ഓവറിൽ 187/4.
ടോസ് നേടിയ കൊല്ലം സെയ്ലേ ഴ്സ് ആലപ്പി റിപ്പിൾസിനെ ബാറ്റിംഗിനയച്ചു. സ്കോർ ബോർഡിൽ 19 റണ്‍സുള്ളപ്പോൾ കൊല്ലത്തിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 10 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. തുടർന്ന് സച്ചിൻ ബേബി- മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് സ്കോർ മുന്നോട്ടുകൊണ്ടുപോയി. 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റണ്‍സ് എന്ന നിലയിലായിരുന്നു ആലപ്പി.
ടീം സ്കോർ 112ൽ ആലപ്പിയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സെടുത്ത സച്ചിൻ ബേബിയെ എ.ജി. അമലിന്റെ പന്തിൽ എം.ഡി. നിധീഷ് ക്യാച്ചെടുത്ത് പുറത്താക്കി. 17.3-ാം ഓവറിൽ ആലപ്പുഴയുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. ഒന്‍പത് പന്തിൽ 14 റണ്‍സുമായി നിന്ന സിബിനെ എം.ഡി. നിധീഷ് ബൗൾഡ് ആക്കി. ഇതിനിടെ മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീൻ അവകാശിയായി. 51 പന്തിൽ ഏഴു സിക്സും ആറു ബൗണ്ടറിയും ഉൾപ്പെടെ 100 റണ്‍സുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. അസ്ഹറുദ്ദീനു പിന്തുണയുമായി 17 റണ്‍സോടെ ടി.കെ. അക്ഷയ് ആയിരുന്നു ഇന്നിംഗ്സിന്റെ അവസാനം ക്രീസിൽ.
187 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന്റെ സ്കോർ ആറിലെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടു പന്തു നേരിട്ട അരുണ്‍ പൗലോസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. തുടർന്ന് അഭിഷേക് ജെ. നായർ-വൽസൽ ഗോവിന്ദ് കൂട്ടുകെട്ട് കൊല്ലത്തിന്റെ സ്കോർ 100 കടത്തി.
സ്കോർ 102ൽ അർധ സെഞ്ചുറിയുമായി നിന്ന അഭിഷേക് ജെ. നായരുടെ (52) വിക്കറ്റ് നഷ്ടമായി. കൊല്ലത്തിന്റെ സ്കോർ 15-ാം ഓവറിൽ 150 കടന്നു. 53 പന്തിൽ മൂന്നു സിക്സും 11 ബൗണ്ടറിയും ഉൾപ്പെടെ 93 റണ്‍സ് നേടിയ വൽസൽ ഗോവിന്ദിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്ലത്തിന്റെ സ്കോർ കുതിപ്പിന് ചുക്കാൻ പിടിച്ചത്. കെ. അജിനാസിന്റെ പന്തിൽ അഭിജിത് പ്രവീണ്‍ പിടിച്ചാണ് വൽസലിനെ പുറത്താക്കിയത്. തുടർന്ന് അർജുൻ വേണുഗോപാലും (12) എം. അർജുനും ചേർന്ന് കൊല്ലത്തെ വിജയത്തിൽ എത്തിച്ചു.
Sports
കളമശ്ശേരി: രാജഗിരി കാന്പസ് കോർട്ടിൽ സമാപിച്ച 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ എറണാകുളവും കിരീടം ചൂടി.
ആണ്‍കുട്ടികളുടെ ഫൈനൽ പോരാട്ടത്തിൽ കോഴിക്കോട് (64-41) സ്കോറിന് കോട്ടയത്തെ പരാജയപ്പെടുത്തി. ആലപ്പുഴയെ കീഴ്പ്പെടുത്തിയാണ് (60-46) പെണ്‍കുട്ടികളുടെ ഫൈനലിൽ എറണാകുളം കിരീടം ചൂടിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരങ്ങളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെ പരാജയപ്പെടുത്തി (56-45) എറണാകുളം വെങ്കല മെഡൽ സ്വന്തമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം (35-32) സ്കോറിന് കോഴിക്കോടിനെ മറികടന്ന് വെങ്കലം നേടി.
ചാന്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു.
എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ രക്ഷാധികാരിയും രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റവ. ഫാ. മാർട്ടിൻ മുണ്ടാടൻ സിഎംഐ, മീരാൻ ഫൗണ്ടേഷൻ ചെയർമാനും ഈസ്റ്റേണ്‍ ഗ്രൂപ്പ് സി.ഇ.ഒയും കെ.എഫ്.എ പ്രസിഡന്റുമായ നവാസ് മീരാൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി.
Sports
കാര്യവട്ടം: രോഹൻ കുന്നുമ്മലിന്റെ ബാറ്റിംഗ് മികവും ഹരികൃഷ്ണന്റെ തകർപ്പൻ ബൗളിംഗും കാലിക്കട്ടിനു സമ്മാനിച്ചത് മിന്നും ജയം.
കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസണ് മൂന്നിലെ മൂന്നാം ജയം കാലിക്കട്ട് കൈപ്പിടിയിലൊതുക്കി. ആലപ്പി റിപ്പിൾസിനെതിരേ ആറുവിക്കറ്റ് ജയമാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് സ്വന്തമാക്കിയത്.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് പ്ലയർ ഓഫ് ദ മാച്ച്. സ്കോർ: ആലപ്പി റിപ്പിൾസ്- 19.3 ഓവറിൽ 131. കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 16.5 ഓവറിൽ നാലിന് 135.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി.
132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ട്് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 47 പന്തുകളിൽ എട്ട് സിക്സും ആറു ഫോറുമടക്കം നേടിയ 93 റണ്‍സാണ് കാലിക്കട്ടിന് വിജയക്കരുത്തായത്.
ടോസ് നേടിയ കാലിക്കട്ട് ആലപ്പിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആലപ്പിക്ക് ആദ്യംതന്നെ തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വിശ്വസ്ത ബാറ്റർമാരായ ജലജ് സക്സേനയെയും (രണ്ട്) സച്ചിൻ ബേബിയെയെയും സ്പിന്നർ ഹരികൃഷ്ണൻ പുറത്താക്കി. മൂന്നാം ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (ഒന്ന്) അഖിൽ സ്കറിയ പവലിയനിലേക്ക് അയച്ചു. ഇതോടെ ആലപ്പി വലിയ തകർച്ച നേരിട്ടു.
നാല് വിക്കറ്റ് നഷ്ടത്തിൽ 16 റണ്‍സ്. ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർ വേഗത്തിൽ മടങ്ങി. അഭിജിത് പ്രവീണ്‍ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 130 കടത്തിയത്. ന ാല് ഓവറിൽ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹരികൃഷ്ണൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ടിന് തുടക്കത്തിൽ കെ.എസ്. അരവിന്ദിനെയും (രണ്ട്) വരുണ്‍ നായനാരെയും (ഒന്ന്) നഷ്ടമായി. തുടർന്ന് രോഹൻ കുന്നുമ്മൽ, അഖിൽ സ്കറിയ കൂട്ടുകെട്ട് കരുതലോടെ ബാറ്റ് വീശി.
ഇരുവരും ചേർന്ന് 106 റണ്‍സാണ് കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സുമടക്കം 94 റണ്‍സെടുത്ത രോഹനെ അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്താക്കിയത്. അഖിൽ സ്കറിയ 31 റണ്‍സുമായി പുറത്താകാതെ നിന്നു.
Sports
റെന്നസ്: ലീഗ് 1 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാരീസ് സെന്റ്-ജര്മയ്ന് സമനില തുടക്കം. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ റെന്നസിനെതിരേ പിഎസ്ജി സമനില പിടിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഫെറാൻ ടോറസ് രണ്ട് ഗോളുകൾ നേടി.
യൂറോപ്യൻ ചാന്പ്യന്മാര് ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്നു. തുടർച്ചയായി സമ്മർദം ചെലുത്തി മത്സരത്തിലേക്ക് തിരിച്ചുവന്ന പിഎസ്ജി ഒരു പോയിന്റും സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ റെന്നസ് ലീഡ് നേടി. ഒന്‍പതാം മിനിറ്റിൽ സെബാസ്റ്റ്യൻ സിമാൻസ്കി റെന്നസിനായി സ്കോറിംഗിന് തുടക്കമിട്ടു.
ഡെസിരെ ഡൗവേയുടെ ഷോട്ടിൽ സ്കോർ നില തുല്യമാക്കിയെന്ന് കരുതിയെങ്കിലും ഓഫ്സൈഡ് ആയതിനാൽ പിഎസ്ജിക്ക് ഗോൾ നഷ്ടമായി. പിന്നാലെ എസ്റ്റെബാൻ ലെപോൾ റെന്നസ് ലീഡ് ഇരട്ടിയാക്കി.
മത്സരം അവസാനിക്കാൻ 19 മിനിറ്റ് ശേഷിക്കേ ടോറസ് പിഎസ്ജിക്കായി ആദ്യ ഗോൾ നേടി. തുടർന്ന് 82-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ സ്കോർ തുല്യമാക്കി പിഎസ്ജിക്ക് സമനിലയൊരുക്കി.
Sports
കോൽക്കത്ത: മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാൾ പതിനേഴാം തവണയും ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു.
വിംഗർ എഡ്മണ്ട് ലാൽറിൻഡിക്കെയുടെ ഹാട്രിക്ക് മികവിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തകർപ്പൻ ജയം. ഫൈനലിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. 138 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ ബഗാനൊപ്പമെത്തി ഈസ്റ്റ് ബംഗാൾ.
തുടക്കത്തിൽ ബഗാൻ ആക്രമണത്തിൽ മേൽക്കൈ നേടിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ 10, 12 മിനിറ്റുകളിലെ ഗോൾ നേട്ടം അവരുടെ കളിയിലെ താളം തെറ്റിച്ചു.
പത്താം മിനിറ്റിൽ ലക്ഷ്യം കണ്ട ബിപിൻ സിംഗാണ് അവരുടെ സ്കോറിംഗിന് തുടക്കമിട്ടത്. 12, 22, 44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകൾ. 33-ാം മിനിറ്റിൽ മൻവീർ സിങ് ബഗാനുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാനായില്ല.
2004ലാണ് ഈസ്റ്റ് ബംഗാൾ ഇതിന് മുന്പ്് ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയത്. 22 വർഷം മുന്‍പ് നടന്ന ഫൈനലിലും ബഗാനായിരുന്നു എതിരാളി.
Sports
നഗോയ (ജപ്പാൻ): ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിനു പ്രൗഢഗംഭീരമായ തുടക്കം.
നേരത്തേ ഗെയിംസിന് ആതിഥ്യം വഹിച്ച ജാപ്പനീസ് നഗരങ്ങളായ ടോക്കിയോയിലും ഹിരോഷിമയിലും തെളിച്ച ദീപങ്ങൾക്കൊപ്പം നഗോയയിൽ തെളിച്ച ദീപവും ചേർന്നാണ് ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ ഒൗദ്യോഗിക ദീപമായി മാറിയത്.
2011ലെ ബലോൻ ദ്യോര്‍ ജേതാവായ വനിതാ ഫുട്ബോൾ താരം ഹോമാരേ സോവാ, മുൻ ലോക നാലാം നന്പർ ടെന്നീസ് താരം കിമികോ ഡാറ്റെ എന്നിവരും ഗോതോയും ചേർന്ന് ഒൗദ്യോഗിക ഗെയിംസ് ദീപത്തിലേക്ക് അഗ്നി പകർന്നു.
സെപ്റ്റംബർ 19 മുതൽ ഒക്്ടോബർ നാല് വരെയാണ് 20-മത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
Sports
കൊളംബോ: ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഗ്രൗണ്ടിൽ പരസ്പരം കൊന്പുകോർത്ത ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിനും ലങ്കൻ താരം അസിത ഫെർണാണ്ടോയ്ക്കുമെതിരേ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി).
ഇരുവർക്കും മാച്ച് ഫീയുടെ 25 ശതമാനം വീതം പിഴ ചുമത്തി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചതിന് ജയ്സ്വാളിനും ഫെർണാണ്ടോയ്ക്കും ഓരോ ഡീമെറിറ്റ് പോയിന്റും ചുമത്തി.
‘താരങ്ങൾ, സ്റ്റാഫ്, അംപയർ, മാച്ച് റഫറി അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വ്യക്തിയുമായി അനുചിതമായ ശാരീരിക സന്പർക്കം പുലർത്തുന്നതുമായി’ ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ഇരു താരങ്ങളും ലംഘിച്ചതായി കണ്ടെത്തിയതായി ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗസിന്റെ 17-ാം ഓവറിൽ ജയ്സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിന് ശേഷമാണ് ഇരുവരും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത്.
ഇരു താരങ്ങളും കുറ്റം സമ്മതിക്കുകയും മാച്ച് റഫറിമാരുടെ എമിറേറ്റ്സ് ഐസിസി എലൈറ്റ് പാനൽ നിർദേശിച്ച ശിക്ഷകൾ അംഗീകരിക്കുകയും ചെയ്തതിനാൽ വിഷയത്തിൽ ഒൗദ്യോഗികമായ മറ്റ് ഹിയറിംഗുകൾ ഉണ്ടാകില്ല.
Sports
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം സമ്മാനത്തുക 1033 കോടി രൂപയായെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷത്തേ ക്കാൾ 20 ശതമാനം വർധന.
സിംഗിൾസ് മത്സര ജേതാക്കൾക്ക് 52 കോടി രൂപ ലഭിക്കും. കഴിഞ്ഞ വർഷം 47.85 കോടി രൂപയാണ് നൽകിയത്. ഓഗസ്റ്റ് 30 മുതലാണ് ഇത്തവണത്തെ യുഎസ് ഓപ്പണ്‍ ആരംഭിക്കുന്നത്. മിക്സഡ് ഡബിൾസ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും.
സിംഗിൾസിലെ റണ്ണറപ്പിന് 26.79 കോടി രൂപയും ആദ്യറൗണ്ടിൽത്തന്നെ പുറത്താകുന്ന താരത്തിന് 1.33 കോടിയും ലഭിക്കും. ഡബിൾസ് വിജയികൾക്ക് 9.57 കോടി രൂപയാണ് സമ്മാനത്തുക. ഗ്രാൻഡ് സ്ലാമുകളിൽ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്നത് യുഎസ് ഓപ്പണിലാണ്.
Sports
മതിലകം: സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ് 28 മുതൽ 30 വരെ മതിലകത്ത് നടക്കും.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ കോസ്മോസിന്റെ സഹകരണത്തോടെയാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
28ന് ഉച്ചയ്ക്ക് രണ്ടിന് മതിലകം സെന്റ് ജോസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കായികമന്ത്രി ഒ.ജെ. ജനീഷ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. കെ.കെ. വത്സരാജ് എംഎൽഎ അധ്യക്ഷത വഹിക്കും.
14 ജില്ലകളെ പ്രതിനിധീകരിച്ച് 28 പുരുഷ-വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Sports
കളമശ്ശേരി: 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച് കോട്ടയം.
രാജഗിരി കാന്പസ് കോർട്ടിൽ നടന്ന ഒന്നാം സെമി ഫൈനലിൽ തൃശൂരിനെ 54-33ന് പരാജയപ്പെടുത്തിയാണ് കോട്ടയം ഫൈനൽ അങ്കത്തിന് അവസരം നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ കോട്ടയം മുന്നേറ്റം കാഴ്ചവച്ചു. കോട്ടയത്തിനു വേണ്ടി അഭിമന്യു എം. 19 പോയിന്റ് നേടിയപ്പോൾ ഫിലിപ്സണ്‍ മനീഷ് 13 പോയിന്റുമായി പിന്തുണ നൽകി. സ്കോർ: കോട്ടയം- 54. തൃശൂർ- 33.
വനിതാ വിഭാഗത്തിൽ ആലപ്പുഴ ഫൈനലിൽ കടന്നു. ആദ്യ സെമിയിൽ കോഴിക്കോടിനെ (48- 49) സ്കോറിന് പരാജയപ്പെടുത്തിയാണ് ആലപ്പുഴയുടെ മുന്നേറ്റം.
രണ്ടാം സെമിയിലെ എറണാകുളം- തിരുവനന്തപുരം വിജയികളെ ആലപ്പുഴ ഫൈനലിൽ നേരിടും.
Sports
ആംസ്റ്റൽവീൻ: ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ട പ്രഹരം. പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഇയിലെ അവസാന മത്സരത്തിൽ അർജന്റീനയോട് 5-3 സ്കോറിന് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. കരുത്തരായ ഓസ്ട്രേലിയയെ (0-0) സമനിലയിൽ തളച്ചെങ്കിലും ഇന്ത്യൻ വനിതകളുടെ മുന്നേറ്റവും അവസാനിച്ചു.
ആംസ്റ്റൽവീനിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഇയിൽ മത്സരം തുടങ്ങി 39 സെക്കൻഡുകൾക്കുള്ളിൽ അർജന്റീനയുടെ ജോക്വിൻ ടോസ്കാനി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ നിക്കോളാസ് ഡി ലാ ടോറെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, സുഖ്ജീത് സിംഗ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി പ്രതീക്ഷ പകർന്നു.
മൂന്നാം ക്വാർട്ടറിൽ അർജന്റീനയുടെ ടോമാസ് ഡൊമെനെ രണ്ട് ഗോളുകൾ നേടിയപ്പോൾ നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്കാനി അവരുടെ അഞ്ചാം ഗോൾ സ്വന്തമാക്കി. അവസാന രണ്ട് മിനിറ്റുകളിൽ സുഖ്ജീത് സിംഗും ഹാർദിക് സിംഗും ഓരോ ഗോൾ വീതം നേടിയെങ്കിലും ഇന്ത്യക്ക് ആശ്വാസ ഗോളുകളായി മാറി. പൂൾ ഇയിൽ അവസാന സ്ഥാനക്കാരായ ഇന്ത്യ വെള്ളിയാഴ്ച നടക്കുന്ന ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ബെൽജിയത്തെ നേരിടും.
ഇന്ത്യൻ വനിതകളുടെ ഹോക്കി ലോകകപ്പ് സെമി സ്വപ്നം പോലിഞ്ഞു. നിർണായകമായ പൂൾ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ മറികടക്കാൻ ഇന്ത്യക്കായില്ല. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
കൂടുതൽ ഗോളുകൾ സ്കോർ ചെയ്തതിന്റെ ആനുകൂല്യമാണ് ഓസ്ട്രേലിയയ്ക്ക് ഗുണകരമായത്. ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കണമെങ്കിൽ ചെറിയ മാർജിനിലെങ്കിലും ജയം അനിവാര്യമായിരുന്നു. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചായിരുന്നു സെമിയിൽ പ്രവേശിച്ചത്.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടു മത്സര പരമ്പരയിലെ അവസാന മത്സരത്തിനാണ് ഇന്ന് കൊളംബോയില്‍ തുടക്കമാകുന്നത്; ടീം ഇന്ത്യക്കു ലങ്കയിൽ ഓണപ്പരീക്ഷ. ആദ്യ മത്സരത്തില്‍ 165 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം, ഇന്ത്യക്കെതിരേ 2008നുശേഷം ശ്രീലങ്കയ്ക്കു പരമ്പര ജയം നേടാനായിട്ടില്ല.
ഇന്ത്യക്കു പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ വമ്പന്‍ ടീമുകള്‍ക്കെതിരേയും ശ്രീലങ്ക ഒരു പരമ്പര നേടിയിട്ടു പത്ത് വര്‍ഷം പിന്നിട്ടു. ഈ നാണക്കേടുകള്‍ അവസാനിപ്പിക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനും ഒരു ജയം തേടിയാണ് ലങ്ക ഇറങ്ങുന്നത്.
സ്പിന്നിനെ തുണയ്ക്കുന്ന സ്വന്തംനാട്ടിലെ പിച്ചില്‍ എതിര് ടീമിലെ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്റെ അഭാവം ലങ്കന്‍ സംഘത്തിനുണ്ട്. മുത്തയ്യ മുരളീധരനുശേഷം രംഗണ ഹെറാത്തായിരുന്നു ലങ്കയ്ക്കു സ്വന്തം നാട്ടില്‍ മുന്‍തൂക്കം നല്കിയ അവസാന സ്പിന്നര്‍.
ഇന്ത്യക്കെതിരേ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ, അരങ്ങേറ്റക്കാരനായ കേശര നുവാന്ത എന്നീ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ മാനവ് സുതാര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയം നടത്തിയത്.
സ്വന്തം മണ്ണില്‍ സമാനമായ സാഹചര്യങ്ങളില്‍ നടന്ന കഴിഞ്ഞ മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ സജീവമായി. രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്റ് 57.58 ശതമാനം ആകും.
കാലാവസ്ഥ അനുകൂലം
ഗാലെയില്‍ മഴയായിരുന്നെങ്കില്‍ കൊളംബോയില്‍ സമ്മിശ്ര കാലാവസ്ഥയാണ്. വെള്ളിയാഴ്ച ആദ്യ പരിശീലന സെഷനില്‍ 30 ഡിഗ്രി സെല്‍ഷസില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിയര്‍ത്തൊഴുകി. മഴയുടെ പ്രശ്നം ഗാലെയെ അപേക്ഷിച്ച് കുറവായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നെറ്റ്സില്‍ കൂടുതല്‍ നേരം ചിലവിട്ടു. ഇടംകൈ സ്പിന്‍ ഓപ്ഷനുകളായിരുന്നു ശുഭ്മാന്‍ ഗില്‍ കൂടുതലും നേരിട്ടത്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഇടംകൈയന്‍ സ്പിന്നറായ പ്രഭാത് ജയസൂര്യയുടെ പന്തില്‍ ഗില്‍ പുറത്തായിരുന്നു.
ഓഫ് സ്പിന്നര്‍ സാരന്‍ഷ് ജെയില്‍ തുടര്‍ച്ചയായി പന്ത് എറിഞ്ഞു. രണ്ടാം ടെസ്റ്റില്‍ സാരന്‍ഷ് കളിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിനു പുറത്തിരിക്കേണ്ടിവന്നേക്കും. ഗാലെയില്‍ കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.
ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനിത് 31-ാം ടെസ്റ്റ്. 31 ടെസ്റ്റും വ്യത്യസ്ത മൈതാനങ്ങളിലായിരുന്നു എന്നതാണ് ശ്രദ്ധേയം. 2015ലാണ് ശ്രീലങ്ക അവസാനമായി ഇന്ത്യക്കെതിരേ ഒരു ടെസ്റ്റ് ജയിച്ചത്.
Sports
ഫ്ളോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ഇന്റര്‍ മയാമിയുടെ അര്‍ജന്റൈന്‍ താരമായ ലയണല്‍ മെസിക്കു പിഴശിക്ഷ.
ഇന്റര്‍ മയാമിയും ഫിലാഡല്‍ഫിയ യൂണിയനും തമ്മില്‍ നടന്ന മത്സരത്തിനിടെ ലയണല്‍ മെസി എതിര് താരത്തിന്റെ പിന്കഴുത്തില് അടിച്ചതിനാണ് ശിക്ഷ. എന്നാല്‍, പിഴ എത്ര തുകയാണെന്നതും വെളിപ്പെടുത്തിയിട്ടില്ല. മെസിക്കൊപ്പം ഇന്റര്‍ മയാമി താരമായ ഇയാന്‍ ഫ്രേയ്ക്കും പിഴയുണ്ട്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ക്വിന്‍ സള്ളിവനുമായി നടന്ന വാക്കേറ്റത്തിനിടെയാണ് മെസി അദ്ദേഹത്തിന്റെ പിന്കഴുത്തില് അടിച്ചത്.
മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. ഇന്റര്‍ മയാമിയുടെ രണ്ടാം ഗോള്‍ നേടിയത് മെസിയായിരുന്നു. അച്ഛന് ഹൊര്‍ഹെ മെസിയുടെ നിര്യാണത്തിനുശേഷം ലയണല്‍ മെസി ആദ്യമായി ഗോള്‍ നേടിയ മത്സരമായിരുന്നു അത്.
Sports
സിഡ്നി: ലോകപ്രശസ്തമായ സിഡ്നി മാരത്തണിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വൻ വിവാദം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന മെഡലിൽ സിഡ്നിയിലെ സ്റ്റേഡിയത്തിനു പകരം ജർമനിയിലെ മ്യൂണിക് സ്റ്റേഡിയത്തിന്റെ ചിത്രം അച്ചടിച്ചതാണു തിരിച്ചടിയായത്.
സിഡ്നിയിലെ അലയൻസ് സ്റ്റേഡിയത്തിനു പകരം ജർമനിയിലെ അലയൻസ് അറീനയാണു മെഡലിൽ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. സിഡ്നി മാരത്തണിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ മെഡലിന്റെ ചിത്രം പങ്കുവച്ചതോടെയാണ് കായികപ്രേമികൾ ഈ അബദ്ധം കണ്ടെത്തിയത്.
സിഡ്നി ഹാർബർ ബ്രിഡ്ജും സിഡ്നി ഓപ്പറ ഹൗസും ഉൾപ്പെടുന്ന മനോഹരമായ റൂട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സ്റ്റേഡിയങ്ങളുടെ പേരിലെ സാമ്യം കാരണം ഡിസൈനർമാർക്ക് അമളി പറ്റിയത്. ഈമാസം 30ന് നടക്കുന്ന മാരത്തണിൽ 40,000ത്തോളം കായികതാരങ്ങളാണു പങ്കെടുക്കുന്നത്.
പൂർണമായും സിഡ്നിയുടെ അടയാളങ്ങൾ അടങ്ങിയ ഒരു വശവും ആദിവാസി കലാകാരനായ അംബ്രോസ് കില്ലിയൻ രൂപകല്പന ചെയ്ത തദ്ദേശീയ കലാരൂപം ഉൾപ്പെടുത്തിയ മറുവശവുമാണ് മെഡലിനുള്ളത്. എന്നാൽ, ഈ പിഴവിൽ തനിക്കു പങ്കില്ലെന്ന് അംബ്രോസ് കില്ലിയൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം യുകെയിൽ നടന്ന ഗ്രേറ്റ് നോർത്ത് റണ്ണിലും സമാനമായരീതിയിൽ മെഡലിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയത് വാർത്തയായിരുന്നു.
Sports
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് 11 റൺസിന് ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു. സ്കോർ: കൊല്ലം 20 ഓവറിൽ 202/6. ട്രിവാൻഡ്രം 20 ഓവറിൽ 191/7.
അരുൺ പൗലോസ് (32 പന്തിൽ 62), ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് (30 പന്തിൽ 43) എന്നിവരാണ് കൊല്ലത്തിന്റെ ടോപ് സ്കോറർമാർ.
ട്രിവാൻഡ്രം റോയൽസിനായി ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് (34 പന്തിൽ 53) അർധസെഞ്ചുറി നേടി.
Sports
കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന്റെ (കെഎഫ്എ) 2025-26 സീസണിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ദീപിക തൃശൂര്‍ യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ സെബി മാളിയേക്കലിന്.
ജഗത് ലാല്‍ (ദേശാഭിമാനി-ഫോട്ടോഗ്രഫി), കെ.എം. ജയേഷ് (റിപ്പോര്‍ട്ടര്‍ ചാനല്‍-വീഡിയോ സ്റ്റോറി) എന്നിവര്‍ മറ്റു മാധ്യമ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
സീനിയര്‍ വിഭാഗത്തില്‍ വി. അര്ജുന് (കോഴിക്കോട്), പി. മാളവിക (കാസര്‍ഗോഡ്) എന്നിവര്‍ മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.
ഗോകുലം കേരള എഫ്സി മികച്ച ക്ലബ്ബായും മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമി മികച്ച അക്കാദമിയായും തെരഞ്ഞെടുക്കപ്പെട്ടു. ഷഫീഖ് എം. ഹസന്, ഡോ. പി.വി. പ്രിയ എന്നിവര്‍ മികച്ച പരിശീലകര്‍ക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി.
Sports
ലൊസാന്‍: ലൊസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സില് ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു വെള്ളി.
സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 88.05 മീറ്റര്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോ പായിച്ചു.
ശ്രീലങ്കയുടെ റുമേഷ് പതിരാഗെയ്ക്കാണ് സ്വര്‍ണം. 88.14 മീറ്റര്‍ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
Sports
കളമശേരി: 51-ാമത് സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് രാജഗിരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം.
ആദ്യദിനം നടന്ന മത്സരങ്ങളില്‍ ആലപ്പുഴ 88-20നു കാസര്‍ഗോഡിനെയും കോഴിക്കോട് 91-9 മലപ്പുറത്തെയും കോട്ടയം 97-22നു പത്തനംതിട്ടയെയും എറണാകുളം 77-33ന് ഇടുക്കിയെയും തോല്‍പ്പിച്ചു.