പ്രതീകാത്മക ചിത്രം
ഒരു ജെനറേഷന്റെ ഫിഫ ലോകകപ്പിനാണ് ഇത്തവണ പര്യവസാനമാകുന്നത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസി, ബ്രസീലിന്റെ നെയ്മര്‍, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ജര്‍മനിയുടെ മാനുവല്‍ നോയര്‍, മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗുയെര്മോ ഒച്ചോഅ എന്നിവരൊന്നും 2030 ലോകകപ്പില്‍ ഉണ്ടായേക്കില്ല... എന്നാല്‍, സ്പെയിനിന്റെ ലാമിന് യമാല്‍, നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ട്, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ, ബ്രസീലിന്റെ വിനിസ്യൂസ് ജൂണിയര്‍, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗം എന്നിങ്ങനെ നീളുന്ന നെക്സ്റ്റ് ജെനറേഷന് താരങ്ങളുടെ തിളക്കവും 2026 ലോകകപ്പില്‍ കണ്ടു...
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോയുടെ കരിയറിലെ ട്രോഫി ശേഖരത്തില്‍ ഇടംപിടിക്കാത്ത ഒരേയൊരു പ്രധാന ട്രോഫി ലോകകപ്പാണ്. ആറ് ലോകകപ്പ് കളിച്ച റിക്കാര്‍ഡ് ലയണല്‍ മെസിക്കൊപ്പം പങ്കിടുന്ന താരം. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനോട് പോര്‍ച്ചുഗല്‍ തോല്‍ക്കുന്നതിന് തൊട്ടുമുമ്പ്, 2026 ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോയും പ്രഖ്യാപിച്ചിരുന്നു. 41കാരനായ റൊണാള്‍ഡോ ആറ് ലോകകപ്പുകളിലായി 27 മത്സരങ്ങളില്‍ പങ്കെടുക്കുകയും 2,150 മിനിറ്റ് കളിക്കുകയും 11 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
റൊണാള്‍ഡോയ്ക്ക് മുമ്പ് പോര്‍ച്ചുഗല്‍ ഒരു രാജ്യാന്തര കിരീടം നേടിയിട്ടില്ല. റൊണാള്‍ഡോയ്ക്ക് കീഴില്‍ 2016ല്‍ യൂറോ കപ്പും 2019ലും 2025ലും യുവേഫ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ സ്വന്തമാക്കി. കരിയറില്‍ 1000 ഗോളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് സിആര്‍7.
നെയ്മര്‍ ജൂണിയര്‍
ഈ തലമുറയിലെ ഏറ്റവും വലിയ പ്രതിഭയുള്ള കളിക്കാരില്‍ ഒരാളാണ് നെയ്മര്‍. നിരന്തരമായ പരിക്കുകള്‍ നെയ്മറെന്ന പ്രതിഭയെ തളര്‍ത്തി. 34-ാം വയസില്‍ വിരമിക്കുമ്പോള്‍ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് സ്വന്തം. ബ്രസീലിനായി 129 മത്സരങ്ങളില്‍ നിന്നായി 80 ഗോള്‍ നേടി. 2010 മുതല്‍ ബ്രസീല്‍ ദേശീയ ടീമിനായി കളിക്കുന്ന നെയ്മര്‍, 2012 ഒളിമ്പിക്സില്‍ ടീമിനെ വെള്ളി മെഡലിലേക്കും 2016-ല്‍ സ്വര്‍ണ മെഡലിലേക്കും നയിച്ചു. അവസാന രാജ്യാന്തര മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ നോര്‍വെയ്ക്കെതിരേ ഗോള്‍ നേടിയാണ് നെയ്മര്‍ മടങ്ങിയത്. 2010-ല്‍ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് നെയ്മര്‍ ബ്രസീല്‍ ജഴ്സിയില്‍ തന്റെ ആദ്യ മത്സരം കളിച്ചത്. അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മത്സരവും അതേ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു.
ലൂക്ക മോഡ്രിച്ച്
ഫുട്ബോള്‍ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍. കിരീട നേട്ടങ്ങളിലേക്ക് ക്രൊയേഷ്യന്‍ ടീമിനെ എത്തിക്കാനായില്ലെങ്കിലും എക്കാലവും ഓര്‍മിക്കാവുന്ന നേട്ടത്തിലെത്തിച്ചു; 2018 റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലെത്തി. ആ ലോകകപ്പിലെ മികച്ച താരവും മോഡ്രിച്ചായിരുന്നു. 2022ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരുമായി.
കെവിന് ഡി ബ്രൂയിന്
ബെല്‍ജിയന്‍ ഫുട്ബോളിന്റെ സുവര്‍ണ തലമുറയിലെ അംഗമായ കെവിന് ഡി ബ്രൂയിനും ലോകകപ്പ് വേദിയോട് വിടചൊല്ലും. ബെല്‍ജിയം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം പന്തുതട്ടിയിട്ടും പ്രധാന ട്രോഫികളൊന്നും നേടായിട്ടില്ലെന്ന ദുഃഖമുണ്ടാകും ഈ മിഡ്ഫീല്‍ഡ് ഓള് റൗണ്ടറിന്. ജര്‍മനിയുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍, മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചോഅ തുടങ്ങിയവരും 2030 ലോകകപ്പില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്.
Tags : GenZ FifaWorldCup Football Sports SundayDeepika