SUNDAY DEEPIKA
ഭൂഗോള കാല്‍പ്പന്ത് പോരാട്ടം കേരളത്തിന് എന്നും ഒരു വികാരമാണ്. അത്തരമൊരു നാട്ടില്‍ പന്ത് തട്ടി, ഒടുവില്‍ ആ ലോകകപ്പ് വേദിയില്‍ കളികാണാന്‍ ഭാഗ്യം ലഭിക്കുന്നതു വികാരനിര്‍ഭരം. എന്റെ മകനും കുടുംബവും ഡാളസില്‍ ഉള്ളതുകൊണ്ടു മാത്രം സിദ്ധിച്ച ഭാഗ്യമാണ് 2026 ഫിഫ ലോകകപ്പ് കാണാന്‍ സാധിച്ചെന്നത്. ടെക്സസ് സ്റ്റേറ്റിലുള്ള ഡാളസ്, ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ നടന്ന ഒരു വാം അപ്പ് ഉള്‍പ്പെടെ ഏഴ് മത്സരങ്ങള്‍ കാണാന്‍ സാധിച്ചു. അതില്‍ എനിക്ക് ഏറ്റവും ആവേശകരമായത് സ്പെയിന് x ഫ്രാന്‍സ് സെമി ഫൈനലായിരുന്നു. അതുപോലെ ഇംഗ്ലണ്ട് x ക്രൊയേഷ്യ, ജപ്പാന് x സ്വീഡന് പോരാട്ടങ്ങളും ആവേശകരമായിരുന്നു.
ടെലിവിഷനില്‍ മാത്രം ലോകകപ്പ് കണ്ടുശീലിച്ച എന്നെ സംബന്ധിച്ച്, ഏതൊ ഒരു സ്വപ്ന ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. ആ വിസ്മയത്തില്‍നിന്ന് ഞാന്‍ ഇതുവരെ വിട്ടുണര്ന്നിട്ടുമില്ല. കളികള്‍ മാത്രമല്ല, സ്റ്റേഡിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം വിസ്മയിപ്പിക്കുന്നതാണ്. 78-ാം വയസിലേക്കു കടക്കുന്ന എന്നെ സംബന്ധിച്ച് മൈതാനത്ത് ഒന്നുകൂടി കളിക്കാന്‍ മനസ് വെമ്പിപ്പോയി എന്നതാണ് വാസ്തവം. കാരണം, ഡൈവ് ചെയ്താല്‍ മെത്തയില്‍ വീഴുന്നതുപോലെ മാത്രമേ ഈ മൈതനങ്ങള് നമ്മെ ഫീല്‍ ചെയ്യിക്കൂ.
ഇതെല്ലാം കാണുമ്പോള്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ മഹാരാജാസ് സ്റ്റേഡിയമാണ് മനസിലേക്ക് എത്തിയത്. ഹാര്‍ഡ് കോര്‍ട്ട് ടെന്നീസിലേതുപോലുള്ള സ്റ്റേഡിയമായിരുന്നു അന്നത്തേത്. ആ അനുഭവവും നേട്ടവുമാണ് ഇന്ന് എനിക്ക് അമേരിക്കയില്‍ ലോകകപ്പ് കാണാനും ആ കാഴ്ചകളും വിശേഷങ്ങളും "ദീപിക'യിലൂടെ പങ്കുവയ്ക്കാനും വഴിതെളിച്ചതെന്നതു കാലംകരുതിവച്ചതാകാം...
സ്ട്രോക്ക് ഉണ്ടായതിനാല്‍ ശരീരപ്രശ്നങ്ങള്‍ ധാരാളം. മക്കള്‍ (മകന് നിഖിലും മരുമകള്‍ രാജിക വിജയനും) നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ് അമേരിക്കയിലേക്ക് എത്തിയത്. ലോകകപ്പിനു മുമ്പുതന്നെ ഇവിടെ എത്തി. അതുകൊണ്ടുതന്നെ ഡാളസ് സ്റ്റേഡിയം അടക്കം നേരത്തേ സന്ദര്‍ശിക്കാന്‍ സാധിച്ചു. ഫ്രാന്‍സ് x സ്പെയിന് സെമിക്കായി 1500 ഡോളര്‍ (1.45 ലക്ഷം രൂപ) മുടക്കിയാണ് ടിക്കറ്റ് എടുത്തത്. അതുകൊണ്ടുതന്നെ സ്പെയിനിന്റെ ടിക്കി-ടാക്കയുടെ ഇപ്പോഴത്തെ സൗന്ദര്യത്തിനു നേരിട്ടു സാക്ഷ്യംവഹിക്കാനായി.
ഈ ലോകകപ്പില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കളിക്കാരന് സ്പെയിനിന്റെ ലെഫ്റ്റ് ബാക്കായ മാര്‍ക്ക് കുക്കറെയ്യയാണ്. അതുപോലെ ലാമിന് യമാല്‍, പൗ കുബാര്‍സി... ഇവരുടെയെല്ലാം കളി നേരിട്ട് കാണാന്‍ സാധിച്ചത് മനസില്‍ നിറവായി. റീപ്ലേയും വിഎആറും എല്ലാം സ്റ്റേഡിയത്തിലെ വമ്പന്‍ സ്ക്രീനില്‍ വീണ്ടും കാണാമെന്നതും വിസ്മയാനുഭവമായി...
SUNDAY DEEPIKA
ഈ ലോകകപ്പിലെതന്നെ ഏറ്റവും സമ്പൂർണവും സമഗ്രവുമായ ടീം പ്രകടനം. ഫ്രാൻസിനെതിരേ അതായിരുന്നു സ്പെയിൻ കാഴ്ചവച്ചത്. ലയണൽ മെസി, കിലിയൻ എംബപ്പെ, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം, മുഹമ്മദ് സല, സാദിയോ മാനെ, റൊമേലു ലുക്കാക്കു... ഇത്തവണ ലോകകപ്പ് തുടങ്ങിയതു മുതൽ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട പേരുകൾ. അക്കൂട്ടത്തിൽ ലാമിൻ യമാൽ എന്ന പേരും ഉണ്ടായിരുന്നു. പക്ഷേ, ലാമിൻ യമാൽ എപ്പോൾ തിളങ്ങും എന്നതിനെക്കുറിച്ചായിരുന്നു ടൂർണമെന്റ് പാതി പിന്നിട്ടപ്പോൾ മുതൽ കേട്ടുകൊണ്ടിരുന്നത്. യമാൽ തിളങ്ങിയില്ലെന്ന ദുസ്സൂചന ആ ചർച്ചകളിലുണ്ടായിരുന്നു.
ശരിയാണ്, യമാലിന് ഒരു സ്വപ്നരാത്രി ഉണ്ടായിരുന്നില്ല. പക്ഷേ, സ്പാനിഷ് അർമാഡ ഒരു കൂട്ടായ്മയാണ്. ഒരു ടീമാണ്. യമാലിനും അതറിയാം. വ്യക്തിഗത മികവിന്റെ നിമിഷങ്ങൾ വളരെ കുറച്ചുമാത്രം കാണുന്ന, ആകർഷകമായ ടീം ഗെയിമാണ് സ്പെയിനിന്റെ കരുത്ത്. ഫ്രാൻസിനെതിരായ സെമി അതിന്റെ ഉച്ചസ്ഥായിയിലുള്ള പ്രഖ്യാപനവും.
ആർലിംഗടണിലെ ഡ്രസിംഗ് റൂമിന്റെ ഇടനാഴിയിൽ വച്ച് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ "പിള്ളേർക്ക്' ഒരു സന്ദേശം നല്കി. കഴിഞ്ഞ അമ്പത് ദിവസമായി എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെ. "ലോകത്തിലെ ഏറ്റവും മികച്ച ലൈനപ്പാണ് നമുക്കെതിരേ. പക്ഷേ, നമ്മളാണ് ലോകത്തിലെ ഏറ്റവും മികച്ച ടീം'. സ്വയം പ്രചോദിതരായി ആവേശത്തോടെ മൈതാനത്തേക്ക് നീങ്ങുന്ന ഒരുകൂട്ടം പ്രതിഭകളെ മികവിന്റെ കൊടുമുടി കയറ്റുന്ന വാക്കുകൾ! ഫ്രാൻസിനെ ഛിന്നഭിന്നമാക്കി തിരിച്ചുകയറുമ്പോൾ മാർക്ക് കുക്കറെയ്യയുടെ കമന്റ്. "എന്തൊരു കിടുക്കാച്ചി പ്രകടനം!' തൊട്ടുപിന്നാലെ ഡെ ലാ ഫ്യൂന്റെയ്ക്ക് ഒരു ഫോൺകോൾ. ഫിലിപ് രാജാവായിരുന്നു ലൈനിൽ. ഇതേകാര്യം തന്നെയാണ് അദ്ദേഹവും പറഞ്ഞത്. അൽപംകൂടി മാന്യമായ ഭാഷയിലായിരുന്നു എന്നുമാത്രം!
കളിക്കു പിന്നാലെ ലാമിൻ യമാലിന്റെ പോസ്റ്റ്. "ക്ഷമിക്കണം, ക്ഷമിക്കണം'. തുടർച്ചയായ മൂന്ന് വർഷങ്ങൾ. മൂന്ന് ടൂർണമെന്റുകൾ. ഒരേയൊരു ഫലം. 2024ൽ യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ പുറത്താക്കി. 2025ൽ നേഷൻസ് ലീഗ് സെമി ഫൈനലിലും തനിയാവർത്തനം. ഇപ്പോഴിതാ ലോകകപ്പിലും.
തങ്ങൾക്ക് ഒരിക്കലും തൊടാൻ കഴിയില്ലെന്ന് ഉറപ്പുള്ള പന്തിന് പുറകെ ഓടുന്ന ഫ്രാൻസിനെയായിരുന്നില്ല ആരാധകർ പ്രതീക്ഷിച്ചത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരു ചിത്രമായിരുന്നു സ്പെയിൻ. ഫ്രാൻസാകട്ടെ എന്തുചെയ്യണമെന്നറിയാത്ത, ഒരു മറുപടിയുമില്ലാത്ത കളിക്കാരുടെ ഒരു കൂട്ടമായി ചിതറിയ ചിത്രമായി. കളിയുടെ അവസാന പാദംവരെ ഒരു നല്ല ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിയാതെ പോയ ദുരന്തം ഫ്രാൻസ് അർഹിച്ചിരുന്നില്ല എന്നതാണ് സത്യം.
ഇനി എംബപ്പെ-യമാൽ പോരാട്ടമായി കാണുകയാണെങ്കിലും വ്യക്തമായ വിജയിയുണ്ട്. പത്തൊമ്പതുകാരനായ യമാൽ 9-2 എന്ന നിലയിൽ ഏറെ മുന്നിലാണ്. പ്രതീക്ഷകളുടെ അമിതഭാരം ഈ കൗമാരക്കാരനെ സമ്മർദത്തിലാക്കിയില്ല. കോച്ചും ടീമും അതിന് അനുവദിച്ചില്ലെന്നതാണ് കാര്യം. അവരവനെ പൊതിഞ്ഞുപിടിച്ചു. യമാൽ കുറഞ്ഞ അപകടസാധ്യതകൾ മാത്രമേ എടുത്തുള്ളൂ. അതു ഭയമായിരുന്നില്ല. സ്പെയിൻ കൃത്യമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു.
ഏതൊരു സ്പാനിഷ് കളിക്കാരനെ സംബന്ധിച്ചും ശരിയായ കാര്യമാണിത്. നിശ്ചയിച്ച റോൾ കൃത്യമായി മൈതാനത്ത് നടപ്പാക്കിയ അച്ചടക്കം. അതെ, അച്ചടക്കം എന്ന വാക്കാണ് ഇത്തവണത്തെ സ്പാനിഷ് ടീമിന്റെ മുഖമുദ്ര. ഗോൾകീപ്പർ ഉനായ് സിമോൺ തുടങ്ങി റോഡ്രിയും ഓൾമോയും ഫാബിയൻ റൂയിസും പൗ കുബാർസിയും എയ്മെറിക് ലാപോർട്ടെയും വരെ. ഒരു ഫുട്ബോൾ മൈതാനംപോലുമില്ലാത്ത ഗ്രാമത്തിൽനിന്നാണ് കുബാർസിയെന്ന യുവതാരത്തിന്റെ വരവ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് എന്ന പദവിയിലാകും ആ യാത്ര അവസാനിക്കുക. എന്തായാലും ഫ്രാൻസിന് ആശ്വസിക്കാൻ ചെറിയ വകയുണ്ട്. ഫൈനലിൽ ലാപോർട്ടെ ഒഴുക്കുന്ന വിയർപ്പുതുള്ളികൾക്ക് ഫ്രഞ്ച് ഗന്ധവുമുണ്ടാകും!
ശാന്തനായ മൈക്കൽ ഒയർസബാലിന് അഞ്ചു ഗോളുകളുണ്ട്. ലോകകപ്പിൽ മറ്റൊരു സ്പെയിൻകാരനും ഇത്രയുമില്ല. കുക്കറെയ്യയ്ക്ക് രണ്ട് അസിസ്റ്റുകളും പെഡ്രോ പൊറോയ്ക്ക് രണ്ട് ഗോളുകളും. തീർച്ചയായും സ്പെയിനിന്റെ തുടക്കം പതുക്കെയായിരുന്നു. മറ്റുള്ളവർ കരുതിയത് എന്തായാലും അവർ ഭാവനചെയ്തയിടത്താണ് ഇപ്പോഴവർ നിൽക്കുന്നത്. ഫൈനൽ പോരാട്ടം. എതിരാളി മെസിയുടെ അർജന്റീന. നിയന്ത്രിത ടിക്കിടാക്കയുടെ മുന്നേറ്റം.
പന്ത് കൂടുതൽ സമയം കൈവശം വച്ചുള്ള കളിശൈലി സ്പെയിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ലളിതമാണ് യുക്തി. പന്ത് നിങ്ങളുടെ കൈവശമില്ലെങ്കിൽ ഉദ്ദേശിക്കുന്ന രീതിയിൽ എതിരാളികളെ അക്രമിക്കാൻ സാധിക്കില്ല. പരിചയസമ്പന്നരായ റോഡ്രിയും ഫാബിയൻ റൂയിസും ചേർന്ന് മിഡ്ഫീൽഡ് പോരാട്ടത്തിൽ വളരെ എളുപ്പത്തിൽ ജയം കണ്ടു. പിന്തുണയ്ക്കാൻ ഡാനി ഓൾമോയും. സ്പെയിന് പന്ത് നഷ്ടമാകുമ്പോൾ പ്രതിരോധത്തിലേക്കിറങ്ങി കളി ഭംഗിയായി കോർത്തിണക്കാൻ ഓൾമോയ്ക്ക് കഴിഞ്ഞു. സ്പെയിൻ സമ്മർദത്തിലായപ്പോഴൊക്കെ ഫുൾ ബാക്കുകളായ മാർക്ക് കുക്കറെയ്യയും പെഡ്രോ പൊറോയും രക്ഷാകവചമാകുകയും ചെയ്തു.
പന്തിൻമേലുള്ള ശാന്തതയും ആധിപത്യവുമായിരുന്നു ഈ ലോകകപ്പിൽ സ്പെയിനിന്റെ ശക്തി. അവരുടെ പാസിംഗ് നെറ്റ്വർക്കിന്റെ സന്തുലിതാവസ്ഥ അസാധ്യമായി. പന്ത് കൈവശമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്പെയിന്റെ കളിയിൽ ആ തുലനാവസ്ഥയുണ്ട്. ഇത് വർഷങ്ങളുടെ അധ്വാനത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ശൈലിയാണ്. എത്രത്തോളം സമ്പൂർണമായ ടീമാണ് സ്പെയിൻ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഫ്രാൻസിനെതിരായ സെമി.
SUNDAY DEEPIKA
ചരിത്രത്തിന്റെ ശാദ്വലഭൂമിയിൽ രണ്ടായിരത്തിലേറെ വർഷം മുമ്പാണ് ഫുട്ബോൾ എന്ന മാന്ത്രികകലയുടെ കിക്കോഫ്. ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദം. കോടിക്കണക്കിന് ആരാധകരുടെ വികാരവും രാജ്യങ്ങളുടെ അഭിമാനവും. അതിലുപരി വൻ സമ്പദ്വ്യവസ്ഥ. കേവലവിനോദത്തിൽനിന്ന് ഒരുമയുടെ മഹാപ്രസ്ഥാനമായി വളർന്ന കാൽപ്പന്തുകളി ഇപ്പോൾ മറ്റൊരു ലോകകപ്പ് ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിലാണ്.കാൽപ്പന്തുകളിയുടെ ചരിത്രം ഒരു കളിയുടെ ചരിത്രം മാത്രമല്ല; മനുഷ്യന്റെ ആവേശത്തിന്റെയും കൂട്ടായ്മയുടെയും സ്വപ്നങ്ങളുടെയും വിജയഗാഥകൂടിയാണ്.
യുദ്ധം വിസിൽ കേട്ട ദിവസം
1969. പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജീരിയൻ മണ്ണിൽ സ്വന്തം സഹോദരങ്ങൾ തമ്മിൽ വെടിയുതിർക്കുകയായിരുന്നു. ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും ക്രൂരമായ ഘട്ടത്തിൽ.ലക്ഷക്കണക്കിന് മനുഷ്യർ തെരുവിൽ മരിച്ചുവീണു. ആ കനത്ത ഇരുട്ടിലേക്ക് ഒരൊറ്റ ദിവസത്തെ ആയുസുമായി ഒരു അദ്ഭുതം കടന്നുവന്നു. ഒരു അപ്രതീക്ഷിത വാർത്ത നൈജീരിയയിലെ യുദ്ധമുന്നണികളിൽ പരന്നു: "അവർ വരുന്നുണ്ട്!ആ വാർത്ത കേട്ടതും സൈനികരും വിമതരും അവിശ്വസനീയമായ ഒരു തീരുമാനത്തിലെത്തി: "അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഇവിടെ ആരും ആർക്കും നേരേ വെടിയുതിർക്കരുത് ’!നൈജീരിയൻ തലസ്ഥാനമായ ലാഗോസിലെ സ്റ്റേഡിയത്തിലേക്ക് ഇരുവിഭാഗത്തിലും പെട്ട പതിനായിരക്കണക്കിന് മനുഷ്യർ ഒഴുകിയെത്തി.അവർ കാത്തിരുന്നത് ബ്രസീലിൽനിന്ന് കടൽ കടന്നുവരുന്ന ഒരു ഫുട്ബോൾ ക്ലബ്ബിനെയും (സാന്റോസ് എഫ്സി), ആ ക്ലബ്ബിന്റെ പത്താം നമ്പർ ജഴ്സിയണിഞ്ഞ ഒരു കറുത്ത മുത്തിനെയുമായിരുന്നു.
മത്സരത്തിന്റെ വിസിൽ മുഴങ്ങി. ഗാലറിയിൽ ഇരുന്നവർ യുദ്ധവും പട്ടിണിയും മരണഭയവും പൂർണമായി മറന്നു. അയാൾ അവിടെ കളിച്ച ആ രണ്ട് ദിവസങ്ങളിൽ ആ ദേശത്ത് ഒരു തുള്ളി ചോരപോലും വീണില്ല.തോക്കുകളെക്കാൾ വലിയ ശക്തി കാൽപന്തിനുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ, തന്റെ കളി മികവുകൊണ്ട് മാത്രം ഒരു ആഭ്യന്തരയുദ്ധം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്പ്പിച്ച ആ ഫുട്ബോൾ രാജാവിന്റെ പേരായിരുന്നു പെലെ.
വിധിയെ തോൽപ്പിച്ച റഫറി
ഇരുപതുകളുടെ പാതിവഴിയിൽ, ജീവിതം അതിന്റെ എല്ലാ ഭംഗിയോടുംകൂടി മുന്നിൽ നിൽക്കേണ്ട പ്രായത്തിലായിരുന്നു അയാൾക്ക് ആ രോഗം പിടിപെടുന്നത്... അലോപേഷിയ എരിയേറ്റാ— ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം രോമകൂപങ്ങളെത്തന്നെ ശത്രുവായി കണ്ട് നശിപ്പിക്കുന്ന അവസ്ഥ.പക്ഷേ, അയാൾ ഒളിച്ചോടാൻ തയ്യാറായില്ല. തന്റെ കുറവുകളെ മാറ്റിനിർത്തിക്കൊണ്ട് അയാൾ നടന്നുകയറിയത് ലോകത്തിലെ വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്കാണ്. കളി നിയന്ത്രിക്കുന്ന റഫറിയുടെ വേഷത്തിൽ അയാൾ മൈതാനത്തിറങ്ങിയപ്പോൾ കളിക്കാർക്ക് അയാളെ ഭയമായിരുന്നു, അതിരറ്റ ബഹുമാനവും.ലോകത്തിലെ ഏറ്റവും മികച്ച റഫറിക്കുള്ള പുരസ്കാരം തുടർച്ചയായി ആറ് തവണ സ്വന്തമാക്കി റിക്കാർഡ് കുറിച്ചയാൾ. മറ്റാരുമല്ല, ലോകം ഇന്നും ആദരവോടെ വിളിക്കുന്ന പേര്: പിയർലുയിജി കൊളീന.
കണ്ണീരൊപ്പിയ ആ കിറ്റ്
2010 ലെ ഒരു ലാലിഗ മത്സരം....പ്രമുഖരടങ്ങുന്ന കളിക്കാരെല്ലാം തയ്യാറായിരിക്കുന്നു.കൊളംബിയക്കാരനായ ഫാബിയൻ വർഗസിന്റെ മനസ് മാത്രം കലുഷിതമായിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്വന്തം വീടും നാടുമായിരുന്നു ഉള്ളിൽ. നാട്ടിലുള്ളവർ ആ മനുഷ്യനോട് ലേലത്തിൽവയ്ക്കാനായി അവന്റെ ഒരു ജഴ്സി ചോദിച്ചിരുന്നു. അതിൽനിന്നു കിട്ടുന്നതുകൊണ്ട് എന്തെങ്കിലും സഹായം ചെയ്യാമെന്നായിരുന്നു അവരുടെ മനസുനിറയെ.കളിക്കുമുമ്പേ എതിർ ടീമിൽ കളിക്കുന്ന അവനേക്കാൾ പതിന്മടങ്ങ് പ്രശസ്തനായ ആ മനുഷ്യനോടും ഈ ദുരന്തവും സങ്കടവും പറഞ്ഞ് ഫാബിയൻ ലേലത്തിനായി ഒരു ജഴ്സി ചോദിച്ചു"അതിനെന്താ തരാമല്ലോ...എന്ന മറുപടി അയാളുടെ മനസ് നിറച്ചു.അങ്ങനെ കളി തുടർന്നു...പക്ഷേ, കളി കഴിഞ്ഞപ്പോൾ എല്ലാം തകർന്നു പോയി. എതിരില്ലാത്ത എട്ട് ഗോളിന് അയാളുടെ ടീം തോൽക്കുന്നു. പിന്നെ ജഴ്സിയൊന്നും അയാൾ ഓർത്തില്ല. ടീം മുഴുവൻ സങ്കടത്തിലായിരുന്നു. അപ്പോൾ ഒരാൾ അയാളെ കാണാൻ വന്നു.പുറത്തിറങ്ങി ആ കാഴ്ച കണ്ട് ഫാബിയൻ ഞെട്ടി. വന്ന ആ മനുഷ്യൻ ഒരു കിറ്റ് ഫാബിയനു നീട്ടി.തുറന്നു നോക്കിയപ്പോൾ കുറെ ജഴ്സികൾ- സാവി, ഇനിയസ്റ്റാ, പീയൂൾ...ഫാബിയന്റെ മനസ് നിറഞ്ഞു...കൂടെയുണ്ടായിരുന്നവരുടെ സങ്കടത്തിൽ കൂടെ നിൽക്കാൻ സ്വന്തം ജഴ്സി അടക്കം ടീമിന്റെ മുഴുവൻ ജഴ്സിയുമായി വന്ന ആ ബാഴ്സിലോണ കളിക്കാരന്റെ പേരായിരുന്നു- ലയണൽ മെസി.
ഹൃദയംകൊണ്ടൊരു ഒപ്പ്
ഇനി ഒരു ഒപ്പു മാത്രം മതി. എല്ലാ പേപ്പറുകളും തയ്യാർ. തനിക്കും കുടുംബത്തിനുമായി ഒരു പ്രൈവറ്റ് ജെറ്റ്. ഒത്തിരി നാളായി അയാളുടെ സ്വപ്നമായിരുന്നു അത്. അറുപത് മില്യൺ യൂറോ ആയിരുന്നു ചെലവ്.അത്താഴത്തിനിടയിൽ അമ്മ പഴയ കാര്യങ്ങൾ പറഞ്ഞുതുടങ്ങി. മദേരയും പഴയ കാലവുമെല്ലാം. ഓർമയിൽനിന്ന് വാക്കുകളായി. വാഹനങ്ങൾ ഇല്ലാത്ത, നല്ല വഴികൾ ഇല്ലാത്ത ഒരു നാട്. പത്ത് കിലോമീറ്ററോളം കാൽനടയായി സ്കൂളിൽ പോയിരുന്ന കാലം.പിറ്റേന്ന് രാവിലെ കലുഷിതമായിരുന്നു ആ മനസ്. പ്രൈവറ്റ് ജെറ്റ് എന്ന സ്വപ്നം അയാളെ വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.അന്ന് വൈകുന്നേരം ആ മനുഷ്യൻ ഒരു തീരുമാനമെടുത്തു. ബുക്കുചെയ്യുകതന്നെ!കുറച്ചുനാളുകൾക്കു ശേഷം ആ നാട് കണ്ടത് ഗ്രാമങ്ങളിലൂടെ ഓടുന്ന നൂറ് സ്കൂൾ ബസുകളായിരുന്നു. കുട്ടികൾ നിറഞ്ഞ ബസുകൾ... കണ്ണ് നിറഞ്ഞ് മാതാപിതാക്കൾ... മനസുനിറഞ്ഞ് അധ്യാപകർ...പ്രൈവറ്റ് ജെറ്റ് എന്ന ആ സ്വപ്നത്തിനു പകരമായി ഗ്രാമത്തിലെ കുട്ടികൾക്കായി ബസുകൾ വാങ്ങിനൽകിയ ആ മകനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:"Christiano, You remembered where you come from’.ജീവിതത്തിലേക്കൊരു നൃത്തച്ചുവട്അതൊരു സാധാരണ ദിവസമായിരുന്നില്ല. ആ ആശുപത്രിമുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, വെറും അഞ്ച് വയസു മാത്രം പ്രായമുള്ള ആ കുരുന്നിന്റെ കണ്ണുകളിൽ പ്രത്യാശയേക്കാൾ കൂടുതൽ വേദനയായിരുന്നു. ലുക്കീമിയ (രക്താർബുദം) എന്ന മാരക രോഗത്തോട് പോരാടുന്ന, മരുന്നുകളുടെയും കീമോതെറാപ്പിയുടെയും കഠിനമായ ലോകത്ത് തളർന്നുപോയ ഒരു കൊച്ചു മിടുക്കൻ. മാത്യൂസ്.ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിനിടയിലും അവന്റെയുള്ളിൽ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; തന്റെ ജീവനായ, ആ സൂപ്പർതാരത്തെ ഒന്നു നേരിൽ കാണണം.ഒടുവിൽ, 2011 ൽ ആ അത്ഭുതം സംഭവിച്ചു. താരം അവനെ കാണാൻ ആശുപത്രിയിലെത്തി. തന്റെ പ്രിയപ്പെട്ട ഹീറോയെ മുന്നിൽ കണ്ടപ്പോൾ മാത്യൂസിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. താൻ സ്വയം കളിച്ചു ശീലിച്ച, കൈകൾ കൊണ്ടുള്ള ഒരു പ്രത്യേക നൃത്തച്ചുവട് ആ കുഞ്ഞ് ഹീറോയ്ക്ക് കാണിച്ചുകൊടുത്തു. എന്നിട്ട് പതുക്കെ ഒരു വാക്കും ചോദിച്ചു:"അടുത്ത തവണ കളിക്കളത്തിൽ ഗോളടിക്കുമ്പോൾ എനിക്കുവേണ്ടി ഈ ഡാൻസ് കളിക്കാമോ?താരം ഒട്ടും ആലോചിച്ചില്ല, ആ കുരുന്നിന് വാക്ക് കൊടുത്തു.വർഷം 2012. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കളി കാണുന്നു. പെട്ടെന്ന്, ആ മാന്ത്രികൻ എതിരാളികളുടെ പ്രതിരോധക്കോട്ടകൾ തകർത്ത് പന്ത് വലയ്ക്കുള്ളിലാക്കി! സ്റ്റേഡിയം ഇരമ്പി മറിഞ്ഞു. എന്നാൽ ആ താരം പതിവുരീതിയിൽ ഗോളാഘോഷം നടത്തിയില്ല. പകരം, അയാൾ തന്റെ സഹതാരങ്ങളെയും കൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നുവന്നു.ആശുപത്രി കിടക്കയിൽ ശ്വാസമടക്കിപ്പിടിച്ച് ടിവിക്ക് മുന്നിലിരുന്ന മാത്യൂസിന്റെ കണ്ണുകൾ വിടർന്നു. ആ താരം ഒരു അഞ്ച് വയസുകാരന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു! മാത്യൂസ് പഠിപ്പിച്ചു കൊടുത്ത അതേ നൃത്തം അയാൾ ലോകത്തിന് മുന്നിൽ കളിച്ചു കാണിച്ചു.മനുഷ്യസ്നേഹിയായ ആ മാന്ത്രിക താരത്തെ ലോകം വിളിച്ച പേരാണ് ബ്രസീലിന്റെ സ്വന്തം സുൽത്താൻ- നെയ്മർ ജൂണിയർ.
മരണംകുറിച്ച ഗോൾ
അമേരിക്കയിലെ കത്തുന്ന വെയിലിൽ, പതിനായിരക്കണക്കിന് കാണികളുടെ അലർച്ചയ്ക്ക് നടുവിൽ അവൻ ശ്വാസമടക്കി നിൽക്കുകയായിരുന്നു. കൊളംബിയ എന്ന കളിത്തോഴരുടെ നാട്ടിൽനിന്നും ലോകകിരീടം സ്വപ്നം കണ്ടു വന്നതായിരുന്നു അവർ. പക്ഷേ, ഗ്രൂപ്പ് ഘട്ടത്തിലെ ആ നിർണായക മത്സരം അവരുടെ വിധി മാറ്റിമറിക്കാൻ പോവുകയായിരുന്നു.എതിരാളികളായ അമേരിക്കൻ ടീമിന്റെ മുന്നേറ്റനിരക്കാരൻ ഇടതുഭാഗത്തുനിന്നും ഗോൾപോസ്റ്റിന് മുന്നിലേക്ക് പന്ത് ക്രോസ് ചെയ്തു. അപകടം മണത്ത അവൻ, ഒരു മികച്ച ഡിഫെൻഡറുടെ കൃത്യതയോടെ പന്ത് തട്ടിയകറ്റാൻ മുന്നോട്ട് ഡൈവ് ചെയ്തു.പക്ഷേ, കാലം അവനായി കരുതിവച്ചത് മറ്റൊന്നായിരുന്നു. അവന്റെ ബൂട്ടിൽ തട്ടിയ പന്ത് തെറിച്ചുപോയത് സ്വന്തം വലയിലേക്കായിരുന്നു! സ്വന്തം ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് വലയിൽ ചുംബിച്ചപ്പോൾ അവൻ തലയിൽ കൈവച്ച് നിലത്തുകിടന്നു. ഒരു നിമിഷം മൈതാനം നിശബ്ദമായി. ആ ഒരൊറ്റ പിഴവിൽ കൊളംബിയ ലോകകപ്പിൽനിന്നും പുറത്തായി.കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകൾക്കും വാതുവയ്പ്പ് സംഘങ്ങൾക്കും ആ തോൽവിയിൽ കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്. അവരുടെ കണ്ണുകളിൽ പക കത്തിനിന്നിരുന്നു. പക്ഷേ, ഒളിച്ചിരിക്കാൻ അവൻ തയ്യാറായില്ല.1994 ജൂലൈ രണ്ടിന്റെ ആ കറുത്ത രാത്രി. വിഷാദം മറക്കാൻ സുഹൃത്തുക്കളോടൊപ്പം അവൻ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ചില മാഫിയ ഗുണ്ടകൾ അവനെ തിരിച്ചറിയുകയും പരിഹസിക്കാൻ തുടങ്ങുകയും ചെയ്തു. തർക്കത്തിനൊടുവിൽ ക്ലബ്ബിൽനിന്നും പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോൾ ഇരുട്ടിൽനിന്നും മൂന്നുപേർ അവനെ വളഞ്ഞു. അവർ പോക്കറ്റിൽനിന്നു തോക്കുകൾ പുറത്തെടുത്തു. ക്രൂരമായ ആക്രോശങ്ങളോടെ അവർ കാഞ്ചി വലിച്ചു.ഓരോ തവണ വെടിയുതിർക്കുമ്പോഴും ആ കൊലയാളികൾ ഭ്രാന്തമായി അലറിക്കൊണ്ടിരുന്നു: "ഗോൾ... ഗോൾ... ഗോൾ...!ഫുട്ബോൾ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ദാരുണമായ കൊലപാതകം!കാൽപ്പന്തുകളിയുടെ രക്തസാക്ഷിയും കണ്ണീരുമായ അവൻ മറ്റാരുമായിരുന്നില്ല. ആന്ദ്രിയാസ് എസ്കോബാർ.
ചരിത്രം കൈവിട്ട നിമിഷം
1950. ബ്രസീലിൽ ഫിഫ ലോകകപ്പ് അരങ്ങേറാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരുത്തരായ ടീമുകൾ മാറ്റുരയ്ക്കുന്നു. ആ ടൂർണമെന്റിന് ഒരു ചരിത്രപ്രാധാന്യമുണ്ടായിരുന്നു. ആദ്യമായി ഏഷ്യയിൽനിന്ന് ഒരു രാജ്യത്തിന് അവസരം ലഭിച്ചു. അത് ഇന്ത്യയായിരുന്നു!എന്നാൽ, ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യ ലോകകപ്പിൽ നിന്ന് പിന്മാറി.വർഷങ്ങളോളം ഈ തീരുമാനത്തിന് ഒരു കാരണം ലോകമെമ്പാടും പ്രചരിച്ചു: "ഇന്ത്യൻ കളിക്കാർ വെറുംകാലോടെയാണ് കളിച്ചിരുന്നത്. ഫിഫ ബൂട്ട് ധരിച്ച് കളിക്കണമെന്ന് നിർബന്ധിച്ചതിനാൽ ഇന്ത്യ പിന്മാറി. ഒളിമ്പിക്സിൽപോലും ഇന്ത്യൻ താരങ്ങൾ പലപ്പോഴും വെറുംകാലോടെ കളിച്ചിരുന്നതിനാൽ ഈ കഥ വിശ്വസിക്കാൻ എളുപ്പമായി.പിന്നീട് ചരിത്രരേഖകളും ഗവേഷണങ്ങളും മറ്റൊരു സത്യം വെളിപ്പെടുത്തി. ഇന്ത്യ പിന്മാറിയതിന്റെ പ്രധാന കാരണം ബ്രസീലിലേക്കുള്ള ദീർഘയാത്രയുടെ വൻ സാമ്പത്തിക ചെലവ് വഹിക്കാൻ അന്നത്തെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് കഴിഞ്ഞില്ല എന്നതായിരുന്നു. അതോടൊപ്പം, ലോകകപ്പിനേക്കാൾ ഒളിമ്പിക്സിനാണ് അവർ കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ലോകകപ്പ് ഭാവിയിൽ ഇത്രയും വലിയ ആഗോള മഹോത്സവമായി മാറുമെന്ന് അന്നത്തെ അധികൃതർ തിരിച്ചറിഞ്ഞിരുന്നില്ല.
SUNDAY DEEPIKA
മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ സഹ്യാദ്രി മലനിരകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന കാസ് പീഠഭൂമി അപൂർവ സസ്യലതാദികളുടെ കലവറയാണ്.മഴക്കാലത്ത് വർണാഭമായ കാട്ടുപൂക്കൾ വിരിയുന്നതിനാൽ ‘മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര’എന്നാണ് പീഠഭൂമി വിശേഷിപ്പിക്കപ്പെടുന്നത്.സഹ്രസ്രാബ്ദങ്ങൾക്കു മുൻപ് ഡെക്കാൻ ട്രാപ്പ് അഗ്നിപർവത സ്ഫോടനങ്ങളിലൂടെ രൂപംകൊണ്ട ലാവാശിലകളാണ് കാസ് പീഠഭൂമിയുടെ ഭൂമിശാസ്ത്ര അടിത്തറ. കാലക്രമേണ ലാവാ ശിലകൾക്കു മേൽ രൂപപ്പെട്ട നേർത്ത മണ്‍പാളി മഴക്കാലത്ത് നൂറുകണക്കിന് ഇനം കാട്ടുപൂക്കൾക്ക് വാസസ്ഥാനമാവുകയും ചെയ്തു.
കാസ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന പ്രത്യേക ഇനം കാട്ടുചെടിയിൽ നിന്നാണ് കാസ് പീഠഭൂമിക്ക് ഈ പേര് ലഭിച്ചത്. പച്ച ഇലകളും വെളുത്ത പൂക്കളുമുള്ള ചെടി ഇവിടെ ധാരാളമായി കാണപ്പെടുന്നു. ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ കാസ് തടാകം സത്താറ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസായി 100 വർഷങ്ങൾക്ക് മുൻപുതന്നെ വികസിപ്പിച്ചെടുത്തിരുന്നു.
പണ്ടുകാലം മുതൽക്കേ പീഠഭൂമി തനത് ഭൂപ്രകൃതികൊണ്ടും ജൈവവൈവിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നുവെങ്കിലും 2012ൽ യുനെസ്കോ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് കാസ് പീഠഭൂമിക്ക് ആഗോളതലത്തിൽ പ്രശസ്തി ലഭിക്കുന്നത്.മഴക്കാലം കഴിഞ്ഞ് ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളിലാണ് പീഠഭൂമിക്ക് അദ്ഭുതാവഹമായ രൂപാന്തരം സംഭവിക്കുന്നത്. ഇക്കാലയളവിൽ പീഠഭൂമി ലക്ഷക്കണക്കിന് കാട്ടുപൂക്കൾ പൂത്തുലഞ്ഞ് പൂമെത്തയായി മാറും. ‘മഹാരാഷ്ട്രയുടെ പൂക്കളുടെ താഴ്വര’ എന്നു വിളിക്കാൻ കാരണവും ഇതാണ്. കാസ് പീഠഭൂമിയിലെ 850ലധികം ഇനം പുഷ്പിക്കുന്ന സസ്യങ്ങളിൽ പലതും ലോകത്തിനുതന്നെ പുതിയതാണ്. കീടങ്ങളെ പിടിക്കുന്ന മാംസാഹാരികളായ സസ്യങ്ങളും അപൂർവ്വ ഇനം ഓർക്കിഡുകളും ഇതിൽപ്പെടുന്നു. ഇവിടെയുള്ള 624 സസ്യങ്ങൾ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ഒൗദ്യോഗിക പട്ടികയായ ‘റെഡ് ഡാറ്റാ ബുക്കി’ൽ ഇടംപിടിച്ചവയാണ്.ഇതിൽ 39 ഇനം സസ്യങ്ങൾ ലോകത്ത് കാസ് പീഠഭൂമിയിലും അതിന്റെ പരിസരപ്രദേശങ്ങളിലും മാത്രമാണ് വളരുന്നത്. അതുകൊണ്ടുതന്നെ പ്രദേശം നശിച്ചാൽ ഈ സസ്യങ്ങൾ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടും.
മഴക്കാലത്ത് സജീവമാവുന്ന 150ൽ പരം ഇനം ഉഭയജീവികൾ പീഠഭൂമിയുടെ മറ്റൊരു പ്രത്യേകതയാണ്. കടുവ വണ്ടുകൾ, മാലാഖ ചെമ്മീനുകൾ തുടങ്ങി അപൂർവ ഇനം ജീവികളും ഇവിടെയുണ്ട്. അസുലഭ ഒൗഷധസസ്യങ്ങളാണ് മറ്റൊരു പ്രത്യേകത. കാസ് പീഠഭൂമിയിലെ ചെങ്കൽ പാറകൾ സുഷിരങ്ങളുള്ളവയാണ്. മഴക്കാലത്ത് പെയ്യുന്ന വെള്ളം ഈ പാറകൾ സ്പോഞ്ചുപോലെ ആഗിരണം ചെയ്ത് സൂക്ഷിക്കുന്നു. വേനൽക്കാലത്ത് വെള്ളം സാവധാനം ഭൂമിക്കടിയിലൂടെ ഒഴുകി താഴെയുള്ള അരുവികളിലും കാസ് തടാകത്തിലും എത്തും. പീഠഭൂമിക്ക് നാശം സംഭവിച്ചാൽ അത് ജൈവവൈവിധ്യത്തെ മാത്രമല്ല പ്രദേശത്തെ കുടിവെള്ള സ്രോതസിനെയും ബാധിക്കും.വലിയൊരു വിനോദ സഞ്ചാരകേന്ദ്രമായി മാറാൻ സാധ്യതയുള്ളതാണെങ്കിലും അനിയന്ത്രിതമായ വിനോദസഞ്ചാരം ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നതിനാൽ ദിവസം മൂന്നു തവണയായി പരമാവധി 3000 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയുടെ അദ്ഭുതകരമായ ജനിതക കലവറയാണ് കാസ് പീഠഭൂമി. കഠിനമായ പാറക്കെട്ടുകൾക്ക് മുകളിൽ വിരിയുന്ന ലക്ഷക്കണക്കിന് അപൂർവ പുഷ്പങ്ങൾ പ്രകൃതിയുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയാണ്.
SUNDAY DEEPIKA
ഒന്നുമില്ലാത്തത് ലോകത്തെ മാറ്റിമറിക്കുമോ? ഒന്നുമില്ലാത്തതിന് എന്തു വില? എന്നാൽ, മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തങ്ങളിലൊന്നാണ് ഒന്നുമില്ല എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പൂജ്യം എന്ന ചെറിയ ചിഹ്നം. ഇന്നു പൂജ്യം ഉപയോഗിക്കാത്ത ഒരു ദിവസമെങ്കിലും നമ്മുടെ ജീവിതത്തിലുണ്ടോ? ബാങ്ക് അക്കൗണ്ടിൽ തുക കണക്കാക്കുന്പോഴും ഫോൺ നന്പർ എഴുതുന്പോഴും കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്പോഴും ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കുന്പോഴും പൂജ്യം നിശബ്ദമായി അതിന്റെ ജോലി ചെയ്യുന്നു.
ഒരു നിമിഷം ചിന്തിച്ചുനോക്കൂ. പൂജ്യമില്ലെങ്കിൽ ഒരുലക്ഷം, ഒരു കോടി, ഒരു ബില്യൺ എന്നിവ എങ്ങനെ എഴുതും?. കംപ്യൂട്ടർ സാങ്കേതികവിദ്യ, ബാങ്കിംഗ്, ആധുനികശാസ്ത്രം, കൃത്രിമബുദ്ധി എന്നിങ്ങനെയുള്ളവയെല്ലാം ഇന്നത്തെ രൂപത്തിൽ സാധ്യമാകുമായിരുന്നോ? അതിശയകരമായ ഒരു സത്യം ഇതാണ്. ലോകത്തിലെ പ്രധാന പുരാതന സംസ്കാരങ്ങൾക്കൊന്നും യഥാർഥ അർഥത്തിൽ പൂജ്യം അറിയില്ലായിരുന്നു.
ഈജിപ്തുകാർ പിരമിഡുകൾ പണിതു. ഗ്രീക്കുകാർ തത്വചിന്തയ്ക്കും ശാസ്ത്രത്തിനും അടിത്തറയിട്ടു. റോമാക്കാർ മഹാ സാമ്രാജ്യങ്ങളും അദ്ഭുതകരമായ റോഡുകളും നിർമിച്ചു. അവർ ഉപയോഗിച്ചിരുന്നതു റോമന്‍ സംഖ്യാരീതിയായിരുന്നു. അതിൽ I എന്നത് 1, V എന്നത് 5, x എന്നത് 10, L എന്നത് 50, c എന്നത് 100, D എന്നത് 500, M എന്നത് 1000 എന്നിങ്ങനെയാണ് സൂചിപ്പിച്ചിരുന്നത്. ഈ രീതി ചെറിയ കണക്കുകൾക്കു മതിയായിരുന്നെങ്കിലും വലിയ കണക്കുകൂട്ടലുകൾക്കും സങ്കീർണമായ ഗണിതക്രിയകൾക്കും അത് അത്യന്തം പ്രയാസകരമായിരുന്നു. ഇന്നത്തെ ഗണിതശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ സൗകര്യം അതിൽ ഉണ്ടായിരുന്നില്ല.
അപ്പോഴാണ്, ഭാരതം ലോകത്തിനു നൽകിയ ഒരു മഹത്തായ സമ്മാനം ചരിത്രത്തിന്റെ ഗതി മാറ്റിയത്. നൂറ്റാണ്ടുകളായി ഭാരതീയ ഗണിതശാസ്ത്രജ്ഞർ പൂജ്യം എന്ന ആശയം വികസിപ്പിച്ചുകൊണ്ടിരുന്നു. എഡി 628 ൽ മഹാനായ ഗണിതശാസ്ത്രജ്ഞൻ ബ്രഹ്മഗുപ്തൻ പൂജ്യത്തെ വെറും ഒരു ചിഹ്നമെന്നതിലുപരി സ്വന്തം നിയമങ്ങളുള്ള ഒരു സംഖ്യയായി അവതരിപ്പിച്ചു. ഗണിതശാസ്ത്രത്തിലെ വിപ്ലവകരമായ ഒരു നിമിഷമായിരുന്നു അത്.
ഭാരതത്തിൽനിന്ന് ഈ ആശയം അറബ് ലോകത്തേക്കും അവിടെനിന്നു യൂറോപ്പിലേക്കും എത്തി. പിന്നീട്, ആധുനിക ഗണിതശാസ്ത്രത്തിന്റെയും എൻജിനിയറിംഗിന്റെയും കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെയുമൊക്കെ അടിത്തറയായി അതു മാറി. ഇന്ന് നാം ഉപയോഗിക്കുന്ന ഓരോ കംപ്യൂട്ടറിനും ഓരോ മൊബൈൽ ഫോണിനും ഓരോ സാറ്റലൈറ്റിനും പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്നതു ഈ ചെറിയ പൂജ്യമാണ്. ചരിത്രം ഇവിടെ നമുക്കൊരു വലിയ ജീവിതപാഠം നൽകുന്നുണ്ട്.
ഒന്നുമല്ല എന്നു കരുതിയിരുന്നത് എല്ലാറ്റിനും അനിവാര്യമായി മാറി. ഈ കഥ ഗണിതശാസ്ത്രത്തിന്റെ മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെ കഥകൂടിയാണ്. പൂജ്യം ഒറ്റയ്ക്ക് നിൽക്കുന്പോൾ അതിനു സംഖ്യാപരമായി മൂല്യമില്ല. എന്നാൽ, ഒന്നിന്റെ വലതുവശത്ത് അതു വന്നാൽ പത്ത്, ഒരു പൂജ്യം കൂടി വന്നാൽ നൂറ്, വീണ്ടും ഒരു പൂജ്യം കൂടി വന്നാൽ ആയിരം എന്നിങ്ങനെ പൂജ്യങ്ങളുടെ മൂല്യം വർധിക്കുന്നു.
സ്വയം വലിയവനാകാൻ ശ്രമിക്കാതെ മറ്റൊരാളുടെ മൂല്യം വർധിപ്പിക്കുകയാണ് പൂജ്യം ചെയ്യുന്നത്. ജീവിതത്തിൽ വിനയവും അതുതന്നെയല്ലേ സൂചിപ്പിക്കുന്നത്. വിനയത്തെ പലരും ബലഹീനതയായി കരുതാറുണ്ട്. എന്നാൽ, യഥാർഥത്തിൽ മനുഷ്യനെ മഹാനാക്കുന്ന ഏറ്റവും വലിയ ശക്തികളിലൊന്നാണ് വിനയം. വിനയമില്ലാത്ത അറിവ് അഹങ്കാരമായി മാറുന്പോൾ വിനയമില്ലാത്ത സന്പത്ത് ദുരാഗ്രഹമായി അധഃപതിക്കും. വിനയമില്ലാത്ത അധികാരം ഏകാധിപത്യമായി തരംതാഴുന്പോൾ വിനയമില്ലാത്ത കഴിവ് ആത്മപ്രശംസയായി മാറുന്നു.
വിനയമാണ് നമ്മുടെ ജീവിതത്തിലെ എല്ലാ ഗുണങ്ങൾക്കും യഥാർഥ മൂല്യം നൽകുന്നത്. അതായത്, പൂജ്യം മറ്റു സംഖ്യകളുടെ മൂല്യം വർധിപ്പിക്കുന്നതുപോലെ. ഇവിടെ മറ്റൊരു മനോഹരമായ പാഠവുമുണ്ട്. മനുഷ്യൻ ജീവിതം മുഴുവൻ വലുതാകാനാണ് ശ്രമിക്കുന്നത്. കൂടുതൽ പണം, കൂടുതൽ പ്രശസ്തി, കൂടുതൽ അധികാരം, കൂടുതൽ അംഗീകാരം എന്നിങ്ങനെയുള്ളവ നേടാൻ മനുഷ്യൻ ശ്രമിക്കുന്നു.
എന്നാൽ, ചരിത്രം പറയുന്നത് മറ്റൊന്നാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരാണ് ലോകത്തെ യഥാർഥത്തിൽ മാറ്റിയത്. അധ്യാപകൻ തന്റെ വിദ്യാർഥിയുടെ നന്മയ്ക്കുവേണ്ടി അധ്വാനിക്കുന്പോൾ, ഡോക്ടർ തന്റെ രോഗികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ, സ്വയം അർപ്പിക്കുന്നു. മാതാപിതാക്കൾ മക്കൾക്കുവേണ്ടി ജീവിതം പൂർണമായി സമർപ്പിക്കുന്പോൾ സന്നദ്ധപ്രവർത്തകർ ആരുമറിയാതെ സമൂഹത്തെ സേവിക്കുന്നു. അവരുടെ മഹത്വം അവർ സ്വയം ഉയർന്നതുകൊണ്ടല്ല. മറ്റുള്ളവരെ ഉയർത്തിയതുകൊണ്ടാണ്.
ദൈവപുത്രനായ യേശുനാഥൻ വളരെ ലളിതമായി ഇക്കാര്യം നമ്മെ പഠിപ്പിച്ചു. ""സ്വയം ഉയർത്തുന്നവൻ താഴ്ത്തപ്പെടും, സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും'' (മത്തായി 23:12). ലോകം മഹത്വത്തെ അളക്കുന്നതു സന്പത്തിന്റെയും സ്ഥാനത്തിന്റെയും പ്രശസ്തിയുടെയുമൊക്കെ അടിസ്ഥാനത്തിലാണ്.
ഒരു ചെറിയ ചിന്തകൂടി. ആറ് പൂജ്യങ്ങൾ മാത്രം എഴുതിയാൽ അവയ്ക്ക് സംഖ്യാപരമായി യാതൊരു മൂല്യവുമില്ല. എന്നാൽ, അവയുടെ മുൻപിൽ 1 എന്ന് എഴുതിയാൽ അതേ പൂജ്യങ്ങൾക്ക് ഒരു ലക്ഷത്തിന്റെ മൂല്യമായി. പൂജ്യങ്ങൾ മാറിയില്ല. മാറിയത് അവയുടെ സ്ഥാനമാണ്.
നമ്മുടെ ജീവിതവും അതുപോലെയാണ്. അറിവും സന്പത്തും കഴിവും നേട്ടങ്ങളും എല്ലാം വിലപ്പെട്ടതാണ്. എന്നാൽ, അവയ്ക്കു യഥാർഥ അർഥം ലഭിക്കുന്നത് അവ ദൈവവുമായി ബന്ധപ്പെടുന്പോഴാണ്. ദൈവം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാകുന്പോൾ ജോലി സേവനമാകുന്നു. വിജയം നന്ദിയാകുന്നു. ജീവിതം ഒരു ദൗത്യം തന്നെയായി മാറുന്നു. ജീവിതത്തിന്റെ ഏറ്റവും വലിയ നേട്ടം നമ്മളെത്തന്നെ കേന്ദ്രമാക്കുന്നതിലല്ല. ദൈവത്തിനു നമ്മുടെ ഹൃദയത്തിന്റെ കേന്ദ്രസ്ഥാനം നൽകുന്നതിലാണ്. ഒന്നുമല്ലെന്നു തോന്നിയ പൂജ്യം ലോകത്തെ മാറ്റിമറിച്ചു. ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ട് ചെറുതാകാൻ പഠിക്കുന്ന മനുഷ്യനു സ്വന്തം ജീവിതത്തെ മാത്രമല്ല, ലോകത്തെപ്പോലും മാറ്റിമറിക്കാൻ കഴിയും.
SUNDAY DEEPIKA
173 വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയുടെ യാത്രാ ട്രെയിനുകൾക്ക്. ബ്രിട്ടീഷുകാർ ആവിയന്ത്രങ്ങൾ അവരുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതുമുതൽ വിവിധ ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകൾ വരെ നീളുന്നു പൈതൃക ചരിത്രം. 1853 ഏപ്രിൽ 16ന് മുംബൈ മുതൽ താനെ വരെ 34 കിലോമീറ്റർ ആദ്യമായി ഓടിത്തീർത്തതു മുതൽ ഇന്ന് ബുള്ളറ്റ് ട്രെയിൻവരെയെത്തി നിൽക്കുന്നതാണ് ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ കാലഘട്ടം. ഒന്നര നൂറ്റാണ്ടിലധികമുള്ള ആ ദീർഘ ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് അദ്ഭുതപ്പെടുവാൻ രാജ്യതലസ്ഥാനം അവസരമൊരുക്കുന്നതാണ് നാഷണൽ റെയിൽ മ്യൂസിയം എന്ന പ്രദർശനശാല. പല പ്രവിശ്യകളാലും നാട്ടുരാജ്യങ്ങളാലും വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ ഒന്നിപ്പിച്ച റെയിൽവേയുടെ ചരിത്രം അടുത്തറിയാനും ആ ചരിത്രത്തിന്റെ നിർമിതികളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല വർണങ്ങളിലെ എഞ്ചിനുകൾ തൊട്ടറിയാനും നാഷണൽ റെയിൽ മ്യൂസിയം അവസരമൊരുക്കുന്നു.173 വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയുടെ യാത്രാ ട്രെയിനുകൾക്ക്.
ബ്രിട്ടീഷുകാർ ആവിയന്ത്രങ്ങൾ അവരുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതുമുതൽ വിവിധ ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകൾ വരെ നീളുന്നു പൈതൃക ചരിത്രം. 1853 ഏപ്രിൽ 16ന് മുംബൈ മുതൽ താനെ വരെ 34 കിലോമീറ്റർ ആദ്യമായി ഓടിത്തീർത്തതു മുതൽ ഇന്ന് ബുള്ളറ്റ് ട്രെയിൻവരെയെത്തി നിൽക്കുന്നതാണ് ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ കാലഘട്ടം. ഒന്നര നൂറ്റാണ്ടിലധികമുള്ള ആ ദീർഘ ചരിത്രത്തിലേക്ക് തിരിഞ്ഞുനടന്ന് അദ്ഭുതപ്പെടുവാൻ രാജ്യതലസ്ഥാനം അവസരമൊരുക്കുന്നതാണ് നാഷണൽ റെയിൽ മ്യൂസിയം എന്ന പ്രദർശനശാല. പല പ്രവിശ്യകളാലും നാട്ടുരാജ്യങ്ങളാലും വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ ഒന്നിപ്പിച്ച റെയിൽവേയുടെ ചരിത്രം അടുത്തറിയാനും ആ ചരിത്രത്തിന്റെ നിർമിതികളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല വർണങ്ങളിലെ എഞ്ചിനുകൾ തൊട്ടറിയാനും നാഷണൽ റെയിൽ മ്യൂസിയം അവസരമൊരുക്കുന്നു.
ഇന്ത്യയുടെ റെയിൽ ഗതാഗതത്തിന്റെ ചരിത്രം വിളിച്ചോതുന്ന റെയിൽ മ്യൂസിയം ഡൽഹി ചാണക്യപുരിയിൽ 11 ഏക്കറിലാണ്. കാലപ്പഴക്കം വന്ന രാജ്യത്തെ ഐതിഹാസികവും വിഭിന്നവും ചരിത്രപരവുമായ റെയിൽവേ കോച്ചുകളും എഞ്ചിനുകളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന വി.വി.ഗിരി 1971 ഒക്ടോബർ ഏഴിനാണ് റെയിൽ മ്യൂസിയത്തിനു തറക്കല്ലിട്ടത്. 1977 ഫെബ്രുവരി ഒന്നിന് റെയിൽവേ മന്ത്രിയായിരുന്ന കമലാപതി ത്രിപാഠി മ്യൂസിയം പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.നാഷണൽ റെയിൽ മ്യൂസിയം ഒരു റെയിൽവേ യാർഡിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. ഒരു വശത്ത് നാഷണൽ റെയിൽ മ്യൂസിയത്തിന്റെയും ഇന്ത്യൻ റെയിൽവേയുടെയും ചരിത്രവും വികാസവും കഥകളും പുരാവസ്തുക്കളും.
മ്യൂസിയത്തിനു പുറത്താണ് സന്ദർശകരെ ആകർഷിക്കുന്ന കാഴ്ചവസ്തുക്കളുള്ളത്. റെയിൽവേ പാളങ്ങളിൽ അങ്ങിങ്ങായി തൊട്ടുരുമ്മി കിടക്കുന്ന സ്റ്റീം ലോക്കോമോട്ടീവുകളുടെയും ഡീസൽ ലോക്കോമോട്ടീവുകളുടെയും ഇലക്ട്രിക് ലോക്കോമോട്ടീവുകളുടെയും യഥാർഥ എഞ്ചിനുകൾ. നൂറിലധികം വർഷം പഴക്കമുള്ള പാളങ്ങളിൽ ഒരിക്കൽ കൂകിപ്പാഞ്ഞിരുന്ന എഞ്ചിനുകൾ നമ്മുടെ സ്പർശനവും കാത്ത് കിടക്കുകയാണ് നാഷണൽ റെയിൽ മ്യൂസിയം മുറ്റത്ത്.ഇന്ത്യയിലെ രാജഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ആർഭാടകരമായ ട്രെയിൻ യാത്രക്കായി നിർമിച്ചെടുത്ത റോയൽ സലൂണുകൾ, പണ്ടുകാലത്ത് ചരക്കുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന വാഗണുകൾ, രാഷ്ട്രപതിമാർ ഉപയോഗിച്ചിരുന്ന പ്രസിഡന്റ് സലൂണ്‍, യുദ്ധകാലത്ത് സൈനികരെ സുരക്ഷിതമായി പാളങ്ങളിലൂടെ എത്തിച്ചിരുന്ന കവചമുള്ള തീവണ്ടി എന്നിങ്ങനെ കൗതുക കാഴ്ചകൾ റെയിൽ മ്യൂസിയത്തിലുണ്ട്.
50 രൂപ ടിക്കറ്റെടുത്ത് അകത്തുകയറിയാൽ ഇന്ത്യൻ റെയിൽവേയുടെ 150 വർഷത്തെ ചരിത്രം നാഷണൽ റെയിൽ മ്യൂസിയത്തിൽ അനുഭവിച്ചറിയാം. അതിനോടൊപ്പം 20 രൂപ കൂടി ചെലവാക്കിയാലാകട്ടെ റെയിൽ മ്യൂസിയത്തിനു പുറത്തുള്ള ടോയ് ട്രെയിനിൽ മ്യൂസിയത്തിനു ചുറ്റും കറങ്ങുകയും ചെയ്യാം. മൊത്തത്തിൽ പാളങ്ങളെ അടുത്തറിഞ്ഞുള്ള മ്യൂസിയം സന്ദർശനം പാളങ്ങളിലെ ഒരു യാത്രയിലൂടെ പര്യവസാനം കുറിച്ച് ചരിത്രാന്വേഷികൾക്ക് നാഷണൽ റെയിൽ മ്യൂസിയത്തിന്റെ സന്ദർശനം അവസാനിപ്പിക്കാം: ഇന്ത്യൻ റെയിൽവേയുടെ ഭൂതകാലത്തെ കൈയെത്തിപ്പിടിച്ച ഓർമകളുമായി.
SUNDAY DEEPIKA
അമേരിക്കയിൽ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം നാലിന് നടത്തിയ വെടിക്കെട്ടുകളിലെ പടക്കങ്ങളിലൊന്ന് ഷിക്കാഗോ മിഡ് വേ രാജ്യാന്തര വിമാനത്താവളത്തിലേക്ക് അറ്റ്ലാന്റയിൽനിന്ന് വരികയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ ഒരു വിമാനത്തിൽ വീണത് ലോക വാർത്തയായി.
ആരോ കത്തിച്ചു വിട്ട പടക്കം ഇരുനൂറ് അടി പൊക്കത്തിൽ രാത്രി എട്ടരയോടെ വിമാനത്താവളത്തിലേക്ക് താഴുകയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ എയർബസിൽ തട്ടിയതിന്റെ ശബ്ദം കോക്പിറ്റിൽ വ്യക്തമായി കേട്ടതായാണ് പൈലറ്റുമാർ കണ്ട്രോൾ ടവറിൽ വിളിച്ചറിയിച്ചത്.
ദുരന്തമൊന്നും ഉണ്ടായില്ലെങ്കിലും അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. താഴുകയും പറന്നുയരുകയും ചെയ്യുന്ന വിമാനങ്ങൾക്ക് സുരക്ഷാഭീഷണിയായ സംഭവം അവർ ഗൗരവത്തോടെയാണ് കാണുന്നത്. കോക്പിറ്റിനു നേരേയും വ്യോമഗതാഗത നിയന്ത്രകരുടെ കണ്ട്രോൾ ടവറുകളുടെ നേരേയും പായിക്കപ്പെടുന്ന ലേസർ വീചികൾ ലോകമെങ്ങും വൈമാനികരുടെ പേടിസ്വപ്നമാണ്.
വിമാനത്താവളത്തിനു സമീപത്തുനിന്ന് എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന ഇത്തരം സംഭവങ്ങളിൽ പ്രതികളെ മിക്കപ്പോഴും കണ്ടുകിട്ടാറില്ല എന്നതാണ് വാസ്തവം.
ലേസർ വീചികൾ വിമാന സുരക്ഷയെ ബാധിക്കുന്നതെങ്ങനെയെന്ന് നോക്കാം.
പുറത്തെ ഇരുട്ടുമായി പൊരുത്തപ്പെടാൻ ലൈറ്റുകളെല്ലാം ഓഫാക്കി പറന്നുയരുന്ന അല്ലെങ്കിൽ പറന്നിറങ്ങുന്ന കോക്പിറ്റിൽ പെട്ടെന്ന് നിറയുന്ന തീവ്രപ്രകാശത്തിൽ പൈലറ്റുമാരുടെ കണ്ണ് മഞ്ചി നൊടിനേരം കാഴ്ച ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും.
ടേക്ക് ഓഫിലും ലാൻഡിംഗിലും റണ്‍വേയും പരിസരങ്ങളും അതിസൂക്ഷ്മമായി വീക്ഷിക്കേണ്ട വേളയിലാണ്് ഇതുണ്ടാകുന്നത് എന്നോർക്കുക.
വൻപ്രകാശത്തിൽ, കോക്പിറ്റിലെ ഉപകരണങ്ങളുടെ ഡിസ്പ്ലേ നൊടിനേരത്തേക്ക് മറഞ്ഞു പോകുന്നുവെന്നതാണ് അടുത്തത്. വിമാനത്തിന്റെ ഉയരം, വേഗം, ദിശ, എൻജിനുകളുടെ ശക്തി തുടങ്ങിയ കാര്യങ്ങളെല്ലാം സെക്കൻഡുവച്ച് നിരീക്ഷിക്കുന്നതിനിടയിൽ ഉണ്ടാകുന്ന ഓരോ തടസവും സുരക്ഷയെ ബാധിക്കും.
2016 മാർച്ച് രണ്ട് ബുധാനാഴ്ച രാത്രി ദുബായിലേക്കു പറക്കാൻ കോഴിക്കോട് വിമാനത്താവളം റണ്‍വേയിലൂടെ ഓടുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ പ്രകാശം പതിച്ചതാണ് കേരളത്തിൽ ഇത്തരത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ആദ്യ സംഭവങ്ങളിൽ ഒന്ന്.
കോക്പിറ്റിലേക്കു വീശിയ വെളിച്ചത്തിന്റെ ഉറവിടത്തെപ്പറ്റി ആദ്യം അന്വേഷിച്ച പോലീസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയെങ്കിലും എന്തു നടപടിയാണ് ഉണ്ടായതെന്ന് പിന്നീടൊരിടത്തും കണ്ടതില്ല. നൂറുകണക്കിനു ലേസർ സംഭവങ്ങൾ അതിനു മുന്‍പും പിൻപുമുള്ള വർഷങ്ങളിൽ രാജ്യത്തുണ്ടായി എന്നാണ് വ്യോമയാന വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നത്.
2025ൽ കേരളത്തിൽ മാത്രം ഇതേപോലെയുള്ള 39 സംഭവങ്ങൾ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നെടുന്പാശേരി വിമാനത്താവളത്തിലേക്ക് താഴുന്ന വിമാനങ്ങളുടെ നേരേ ലേസർ വീചികൾ വരുന്നുവെന്ന പരാതിയിൽ കഴിഞ്ഞ വർഷം ജൂണിൽ ജില്ലാ ഭരണാധികാരികൾ അന്വേഷണം നടത്തിയിരുന്നു. കല്യാണ ആഘോഷങ്ങൾ, ഡിജെ പാർട്ടികൾ, ഉൽസവങ്ങൾ എന്നിവയോടനുബന്ധിച്ചാണ് ലേസർ അടിക്കുന്നത് എന്നായിരുന്നു വിമാനത്താവളം ഡയറക്ടറുടെയും പോലീസ് അധികൃതരുടെയും അന്വേഷണം കണ്ടെത്തിയത്. അതേത്തുടർന്ന്, വിമാനത്താവളത്തിന് അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിൽ ലേസർ തടഞ്ഞ് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 42 ലേസർ പായിക്കലുകളാണ് 2024 ൽ കേരളത്തിലെ വിമാനത്താവള പരിസരങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഇതിൽ മുന്നിൽ. 2024-2025 കാലത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും 22 സംഭവങ്ങൾ വീതവും കൊച്ചിയിൽ 15 സംഭവങ്ങളുണ്ടായി.
ആകാശത്തുനിന്ന് താഴ്ന്നിറങ്ങിവരുന്ന യന്ത്രഭീമനെ കൈപ്പിടിയിൽ ഒതുക്കുന്നു എന്ന തോന്നൽ നൽകുന്ന ആഹ്ലാദമാണ് ലേസർ പായിക്കുന്നവരെ നയിക്കുന്ന വികാരമെന്ന് ചില മനഃശാസ്ത്ര പഠനങ്ങൾ പറയുന്നു.
SUNDAY DEEPIKA
തോരാമഴ പെയ്ത് അകവും പുറവും തണുക്കുന്ന മിഥുനം, കർക്കടകമാണ് ആനകൾക്കും ചികിത്സാകാലം. ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ 35 ഗജവീരന്മാർ ഈ മാസം സുഖചികിത്സയിലാണ്. ആനകളുടെ ആയുരാരോഗ്യത്തിന് ജൂലൈ ഒന്നു മുതൽ 30 വരെ ചിട്ടയിലാണ് ചികിത്സ. ആനകളുടെ തൂക്കത്തിന് അനുസരിച്ചാണ് ഒൗഷധക്കൂട്ടുകൾ ചേർത്ത ഭക്ഷണക്രമം നിശ്ചയിക്കുന്നത്. ആനയൊന്നിന് ശരാശരി മൂന്ന് കിലോ അരിയുടെ ചോറിനൊപ്പം ചെറുപയർ, മഞ്ഞൾപ്പൊടി, ച്യവനപ്രാശം, മിനറൽ മിക്സ്ചർ, ടോണിക് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് മരുന്നുരുള തയാറാക്കുന്നത്.
കരിദേഹമാകെ നനച്ച്, കല്ലും ചെത്തി മിനുക്കിയ ചകിരിയും ഉപയോഗിച്ച് മൂന്നു വീതം പാപ്പാന്മാരാണ് തേച്ചു കുളിപ്പിക്കുക. ആനമേനിയുടെ ഓരോ ഇഞ്ചും ചകിരിയും കല്ലും എത്തുന്നത് അറിയണമെന്നതിനാൽ ഒരാനയെ കുളിപ്പിക്കാൻ ചുരുങ്ങിയത് മൂന്നു മണിക്കൂർ വേണം. കുളി കഴിഞ്ഞാൽ പുല്ല്, പനന്പട്ട, വാഴത്തണ്ട് തുടങ്ങിയവ നൽകും. രാവിലെ ഏഴോടെ ചോറ് തയാറാക്കി ഓരോ ആനയുടെയും പേരെഴുതിയ 35 സ്റ്റീൽ ബക്കറ്റുകളിലേക്ക് പകർന്നുവയ്ക്കും. നന്നായി തണുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നത്തൂർ കോട്ടയുടെ വടക്കുവശത്ത് നിരയായി നിർത്തി പാപ്പാന്മാർ ഒൗഷധക്കൂട്ട് ഉരുളകളാക്കി ആനവായിൽ നൽകും. മദപ്പാടിലുള്ള ആനകൾക്ക് കെട്ടുതറയിൽ മരുന്നുചോറെത്തിച്ച് നൽകുകയും തുന്പിക്കൈയിൽ തനിയെ വാരി തിന്നുകയുമാണ് പതിവ്.
ആനക്കോട്ടയിലെ സുഖചികിത്സ ആരംഭിക്കുന്നത് 38 വർഷം മുൻപാണ്. പൂമുള്ളി നീലകണ്ഠൻ നന്പൂതിരിപ്പാട്, ആവണപറന്പ് മഹേശ്വരൻ നന്പൂതിരിപ്പാട്, ഡോ.കെ.സി. പണിക്കർ, ഡോ.രാധാകൃഷ്ണ കൈമൾ എന്നിവർ ഉൾപ്പെട്ട വിദഗ്ധസമിതിയുടെ നിർദേശം അനുസരിച്ചാണ് ചികിത്സയുടെ തുടക്കം. ആദ്യകാലങ്ങളിൽ കർക്കടകം ഒന്നിന് തുടങ്ങി 41 ദിവസമായിരുന്നു ചികിത്സ. പിന്നീട് ജൂലൈയിലേക്കു മാറ്റി.
ചികിത്സയ്ക്ക് ഒൻപതു ലക്ഷം
ഇക്കൊല്ലം ആനചികിത്സയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഒൻപത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. അരി 3150 കിലോ, ചെറുപയർ 1050 കിലോ, റാഗി 1050 കിലോ, മഞ്ഞൾപ്പൊടി 105 കിലോ, ഉപ്പ് 105 കിലോ, അഷ്ടചൂർണം 105 കിലോ, ച്യവനപ്രാശം 262.5 കിലോ, മിനറൽ മിക്സചർ 262.5 കിലോ തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. ഏഷ്യയിലെ ഏറ്റവും ഭാരമുള്ള നാട്ടാനയായ നന്ദനും ആനപ്രേമികളുടെ ഹരമായ ഇന്ദ്രസെന്നും ഉൾപ്പെടെ 35 ആനകളാണ് കോട്ടയിലുള്ളത്. ഇതിൽ മൂന്ന് പിടിയാനകളും ഒന്ന് മോഴ ആനയുമാണ്. ആയുർവേദവും അലോപ്പതിയും സമീകരിച്ച് ഓരോ ആനയുടെയും ഘടന വിലയിരുത്തിയാണ് ചികിത്സ നൽകുന്നത്.
വേനൽക്കാലത്തെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ക്ഷീണം മാറ്റുവാനും ആരോഗ്യം വീണ്ടെടുക്കാനും ആവിഷ്കരിച്ചതാണ് സുഖചികിത്സയെന്ന് ദേവസ്വം ആന പരിപാലന വിദഗ്ധസമിതിയംഗം ഡോ.കെ. വിവേക് പറഞ്ഞു. പതിവ് തീറ്റകൾക്ക് പുറമെ സമീകൃത പോഷകാഹാരം, മണിക്കൂറുകൾ നീളുന്ന തേച്ചുകുളി, വിശ്രമം എന്നിവ അടങ്ങുന്നതാണ് സുഖ ചികിത്സ. പ്രായം, തൂക്കം അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഭക്ഷണക്രമം. ചികിത്സയ്ക്കു മുൻപ് ജൂണിൽ ആനകളുടെ രക്തം പരിശോധിക്കുകയും തൂക്കം രേഖപ്പെടുത്തുകയും ചെയ്യും. ശാസ്ത്രീയ പരിശോധനകൾക്കുശേഷം വിരമരുന്ന് നൽകും. ഒപ്പം ദഹന ശുദ്ധിക്കുള്ള ആയുർവേദ മരുന്നുകളും. ചികിത്സയ്ക്കുശേഷം പരിശോധനകൾ ആവർത്തിക്കും. ചികിത്സ കഴിയുന്പോൾ ആനകളിൽ ശരീരഭാരവർധന ഉണ്ടാകുന്നതായും ധാതുലവണങ്ങളുടെ കുറവുകൾ പരിഹരിക്കപ്പെടുന്നതായും കാണാം. ആനകളുടെ അഴകും ആയുസും ആരോഗ്യവും വർധിക്കുന്നു. ചികിത്സവഴി മദപ്പാട് സമയവും ക്രമീകരിക്കപ്പെടുന്നു. ചികിത്സ പൂർത്തിയാകുന്പോൾ തൂക്കം 200 മുതൽ 500 കിലോ വരെ കൂടും.
എഴുന്നള്ളിപ്പിൽനിന്നുള്ള വരുമാനം ഒരു മാസത്തെ തീറ്റച്ചെലവിന് തികയില്ല. കോട്ട കാണാൻ വരുന്നവരുടെ പ്രവേശന ഫീസ്, പാർക്കിംഗ് ഫീസ് എന്നിവയൊന്നും ചെലവിന്റെ അടുത്തെങ്ങും എത്തില്ല. ദേവസ്വം ബോർഡ് വൻതുകയാണ് ആനകളുടെ സംരക്ഷണത്തിന് വകയിരുത്തുന്നത്. ഓരോ ആനയ്ക്കും മൂന്നു വീതം പാപ്പാൻമാരുണ്ട്. ഇവർക്ക് സർക്കാർ സ്കെയിലിൽ ശന്പളം, താമസ സൗകര്യം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ ഒക്കെയുണ്ട്.
അടിയന്തരാവസ്ഥയിൽ തുറന്ന കോട്ട
ഗുരുവായൂരപ്പന്റെ ആനകൾ പുന്നത്തൂർ കോട്ടയിൽ വാസം തുടങ്ങിയത് 51 വർഷം മുൻപാണ്. 1975 ജൂണ്‍ 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറ്റേന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ ശീവേലിക്കു ശേഷമായിരുന്നു മൂന്നു കിലോമീറ്റർ അകലമുള്ള പുതിയ വാസസ്ഥലത്തേക്കുള്ള ആനകളുടെ ഘോഷയാത്ര. ആനകളെ നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവനായിരുന്നു. വഴിയോരത്ത് ആനകളെ വരവേൽക്കാൻ ആനപ്രേമികളുടെ വൻസംഘമുണ്ടായിരുന്നു. അന്ന് പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കവാടത്തിൽ ആനകൾക്ക് കടക്കാൻ പാകത്തിൽ പുതിയൊരു പാലം പണിതിരുന്നു. ആനത്തലവൻ കേശവൻ രണ്ടു തവണ ചവിട്ടി പാലത്തിന്റെ ഉറപ്പു നോക്കിയതിനുശേഷം ബാക്കി ആനകളും പാലം കടന്ന് കോട്ടയിലെത്തിയപ്പോൾ വെടിക്കെട്ടോടെയായിരുന്നു അതിഥികൾക്ക് നാട്ടുകാരുടെ വരവേല്പ്. പുന്നത്തൂർ കോവിലകത്തിന്റെ ആസ്ഥാനമായിരുന്ന പുന്നത്തൂർ കോട്ടയിലെ 9.75 ഏക്കർ സ്ഥലം 1.60 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ ദേവസ്വം വാങ്ങുകയായിരുന്നു. ഇപ്പോൾ 18.5 ഏക്കറിലേക്ക് ആനക്കോട്ട വളർന്നിട്ടുണ്ട്. ഗുരുവായൂരിൽ ദേവസ്വത്തിന്റെ വിവിഐപി ഗസ്റ്റ്ഹൗസായ ശ്രീവത്സം സ്ഥിതിചെയ്യുന്ന സ്ഥലം സാമൂതിരി കോവിലകം ആയിരുന്നു. എട്ടുകെട്ടും മാളികയും കുളപ്പുരയും പടിപ്പുരയും തെങ്ങിൻതോട്ടവുമുള്ള പറന്പിലാണ് മുൻപ് ദേവസ്വത്തിന്റെ ആനകളെ കെട്ടിയിരുന്നത്. നടയ്ക്കിരുത്തിയ ആനകളുടെ എണ്ണം 25 ആയതോടെ സ്ഥലപരിമിതിക്കു പരിഹാരമായാണ് പുന്നത്തൂർ രാജാക്കൻമാരുടെ ആസ്ഥാനമായ കോട്ടയും രണ്ടു ക്ഷേത്രങ്ങളും രണ്ടു കുളങ്ങളുമുള്ള ഒൻപതേ മുക്കാൽ ഏക്കർ സ്ഥലത്തേക്കുള്ള മാറ്റം. ആനകൾക്ക് കുടിക്കാനും കുളിക്കാനുമുള്ള വെള്ളം ടാങ്കർ ലോറിയിൽ എത്തിക്കും. ഇപ്പോൾ പ്രായം കൂടിയ കരിവീരൻ 1961 ൽ നടയ്ക്കിരുത്തിയ എഴുപതുകാരൻ രാധാകൃഷ്ണനാണ്. പ്രായക്കുറവ് 2011ൽ നടയ്ക്കിരുത്തിയ ഇരുപത്തെട്ടുകാരൻ അയ്യപ്പൻകുട്ടി. കോട്ടയിലെ മാലിന്യം ദിവസേന കരാടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നു. കോട്ടയിലെ ആനകളുടെ എണ്ണം 67 വരെ എത്തിയ കാലമുണ്ട്.പത്തു കൊല്ലമായി ഗുരുവായൂർ അന്പലനടയിൽ ഒരാനയെയും നടയിരുത്തിയിട്ടില്ല. നാട്ടാന പരിപാലന നിയമം കർശനമായതോടെ ആനയെ നടയിരുത്താൻ നിയമം അനുവദിക്കുന്നില്ല. ആനയെ വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പത്തു ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച് പ്രതീകാത്മകമായി നടയിരുത്തുകയാണ്.
SUNDAY DEEPIKA
നമ്മുടെ പ്രഭാതങ്ങൾ ഇന്ന് ആരംഭിക്കുന്നത് പത്രം നിവർത്തിയോ റേഡിയോ ട്യൂണ്‍ ചെയ്തോ അല്ല, മറിച്ച് മൊബൈൽ സ്ക്രീനുകളിൽ വിരലുകൾ പായിച്ചുകൊണ്ടാണ്. ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് ഷോർട്സുകളും ടിക് ടോക് തരംഗങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് അധികകാലം ആയിട്ടില്ല. എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട് നമ്മുടെ പോപ്പ് കൾച്ചറിനെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു മാധ്യമം ചരിത്രത്തിലുണ്ടായിട്ടില്ല. കേവലം മുപ്പത് സെക്കൻഡിൽ വിനോദം നൽകുന്ന കൊച്ചു വീഡിയോകൾ വലിയൊരു സാംസ്കാരിക പരിവർത്തനത്തിനാണ് വഴിതുറന്നിരിക്കുന്നത്. പണ്ടൊക്കെ സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോകണമായിരുന്നു, അല്ലെങ്കിൽ ടെലിവിഷന്‍ മുന്നിൽ കൃത്യസമയത്ത് ഇരിക്കണമായിരുന്നു.
അവിടെ പ്രേക്ഷകൻ ഒരു നിഷ്ക്രിയ ഘടകമായിരുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പ്രേക്ഷകൻതന്നെയാണ് ഉള്ളടക്കം നിർമിക്കുന്നത്. ജനപ്രിയ സിനിമാ ഗാനമോ, ഡയലോഗോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം അതിനെ അടിസ്ഥാനമാക്കി ലക്ഷക്കണക്കിന് റീലുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമ നിർമിക്കുന്നവർ നൽകുന്ന കാഴ്ചകളെ അതേപടി വിഴുങ്ങുന്നതിന് പകരം, അതിനെ സ്വന്തം ഭാവനയ്ക്കനുസരിച്ച് പുനർനിർമിക്കാനുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയ പുതുതലമുറയ്ക്ക് നൽകുന്നു.
ഇവിടെയാണ് പഴയകാല ജനപ്രിയ സംസ്കാരത്തെ ഓർക്കേണ്ടത്. അക്കാലത്ത് ഒരു സിനിമയിലെ കോമഡിയോ പാട്ടോ ഹിറ്റായാൽ മാസങ്ങളോളം പ്രേക്ഷകരുടെ മനസിൽ നിൽക്കുമായിരുന്നു. ക്യാന്പസുകളിലും ചായക്കടകളിലും ആഴ്ചകളോളം നീളുന്ന ചർച്ചകളായിരുന്നു അവ. എന്നാൽ ഇന്നത്തെ റീൽ സംസ്കാരത്തിൽ ഒരു ട്രെൻഡിന്റെ ആയുസ് പരമാവധി ഒരാഴ്ച മാത്രമാണ്. ഈ വാരം ഇൻസ്റ്റാഗ്രാമിനെ ഇളക്കിമറിക്കുന്ന ഓഡിയോ ട്രെൻഡ് അടുത്ത വാരം ആരും ഓർക്കില്ല. ഹൈപ്പും യാഥാർഥ്യവും തമ്മിലുള്ള സംഘർഷംഈ ട്രെൻഡ് സിനിമകളുടെ വിജയപരാജയങ്ങളെപ്പോലും ഇന്ന് നിശ്ചയിക്കുന്നുണ്ട്. തിയറ്ററുകളിൽ വലിയ ചലനമുണ്ടാക്കാത്ത പല ചെറിയ ചിത്രങ്ങളും അതിലെ ഏതെങ്കിലും ഒരു രംഗമോ പാട്ടോ റീലുകളിൽ തരംഗമാകുന്നതോടെ ഒടിടിയിൽ വൻ വിജയമായി മാറുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്.
അതേസമയം, റീലുകളിലെ "ഹൈപ്പ്’ കണ്ട് തിയറ്ററിലെത്തുന്ന പ്രേക്ഷകൻ രണ്ടര മണിക്കൂർ സിനിമ കാണുന്പോൾ നിരാശനാകുന്ന അവസ്ഥയുമുണ്ട്. കാരണം, മുപ്പത് സെക്കൻഡിൽ ത്രില്ലടിപ്പിക്കുന്ന വേഗതയും ദൃശ്യഭംഗിയും ഒരു പൂർണചിത്രത്തിന് നിലനിർത്താൻ കഴിഞ്ഞെന്ന് വരില്ല. സിനിമയുടെ ആത്മാവ് അതിന്റെ തിരക്കഥയുടെ ഒഴുക്കിലാണ്, അല്ലാതെ റീലുകളിലെ കട്ട്-ടു-കട്ട് വിഷ്വലുകളിലല്ല.ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യർക്കുപോലും തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും പോപ്പ് കൾച്ചർ വേദിയൊരുക്കുന്നു. സിനിമയിലെ മുൻനിര താരങ്ങൾ പോലും തങ്ങളുടെ ചിത്രങ്ങളുടെ പ്രമോഷനായി റീൽ ഇൻഫ്ലുവൻസർമാരെ തേടിപ്പോകുന്നത് ഈ മാധ്യമത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.
SUNDAY DEEPIKA
സ്വന്തം പാട്ടുകളിൽ ഏതാണ് കൂടുതലിഷ്ടമെന്ന് ഒരു ഗായകനോടോ സംഗീതസംവിധാകനോടോ ചോദിച്ചുനോക്കുക. അവർക്ക് ദാ, ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നു പറയാൻ അത്രയെളുപ്പം സാധിക്കില്ല. മക്കളിൽ ആരോടാണ് കൂടുതൽ സ്നേഹം എന്നതുപോലുള്ള ചോദ്യമാണല്ലോ അതും.എന്നാൽ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ, ഹൃദയംതൊട്ട നിമിഷങ്ങളെ അടയാളപ്പെടുത്തിയ ഒന്നോ അതിലേറെയോ പാട്ടുകളുണ്ടായിരിക്കും. വർഷമെത്ര കഴിഞ്ഞാലും അവ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കും. ഗായകൻ പാപോണ്‍ പറയുന്നത് അങ്ങനെയൊരു പ്രിയഗാനത്തെക്കുറിച്ചാണ്. അദ്ദേഹത്തിനു മാത്രമല്ല, ലക്ഷക്കണക്കിനു സംഗീതപ്രേമികൾക്ക് ഏറെയിഷ്ടമാണ് ആ പാട്ട്!
പത്താം വർഷത്തിൽ
പത്തുവയസു തികയുന്പോൾ പുത്തൻപോലെ തിളങ്ങുകയാണ് സുൽത്താൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലെ ബുല്ലേയാ എന്ന പാട്ട്. പത്തുവർഷമെന്നത് ഒരു പാട്ടിനെ സംബന്ധിച്ച് അത്ര വലിയ കാലയളവല്ല. അന്‍പതു കടന്ന പാട്ടുകൾ പലതും ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷേ, പഴയകാലമല്ല. പ്രത്യേകിച്ച് ഹിന്ദി സിനിമാപ്പാട്ടുകളിൽ മെലഡികൾ വിടരാൻ മടിക്കുന്ന സമയമാണ്. വരികളിൽ കൂടുതലും അസംബന്ധങ്ങളും ഈണങ്ങൾ ബഹളമയവുമാണ്. അപ്പോൾ പൂപോലെ സുഗന്ധം പരത്തുന്ന ആ പാട്ട് കേൾക്കാതെപോകുവതെങ്ങനെ!
യുട്യൂബിൽ ഒരു ചാനലിൽ മാത്രം ഇരുപത്തെട്ടര കോടി തവണ പ്ലേ ചെയ്യപ്പെട്ടിരിക്കുന്നു ബുല്ലേയാ എന്ന ആ പാട്ട്. എന്താണ് അതിന്റെ പ്രത്യേകതയെന്നല്ലേ. അർഥമുള്ള വരികൾ, ഗസൽപോലെ ലളിതസുന്ദരമായ ഈണം, ഒന്നു തലോടി ആശ്വസിപ്പിക്കുന്നതുപോലെ പാപോണിന്റെ ശബ്ദം...
അമൂല്യം സ്നേഹം
ലോകത്ത് എവിടെയും പരിപാടികൾക്കു പോകുന്പോൾ, യാത്രചെയ്യുന്പോൾ ഒരാളെങ്കിലും വന്നു പറയും- ഒന്നു പാടൂ ആ പാട്ടെന്ന്. പലരുടെയും ഫേവറിറ്റ് പാട്ടാണത്. അമൂല്യമാണ് അവർ തരുന്ന സ്നേഹം- പാപോണ്‍ പറയുന്നു.
പാട്ട് പുറത്തിറങ്ങിയ സമയത്ത് കുട്ടികളായിരുന്ന പല കേൾവിക്കാരും ഇന്ന് അതു കേൾക്കുന്നത് പുതിയ ഉൾക്കാഴ്ചയോടൊണ്. പുതിയ കേൾവിക്കാരായി എന്നുതന്നെ പറയാം. ഒരു പുതിയ മ്യൂസിക്കൽ ലാൻഡ്സ്കേപ്പിലാണ് ആ കേൾവി. പുതിയ തലമുറ ആ പാട്ടുമായി വളരെ ശക്തമായി കണക്ട് ചെയ്യപ്പെടുന്നുവെന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും പാപോണ്‍ പറഞ്ഞു. ജെൻ സീ ആ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു, സ്വന്തം അനുഭവങ്ങളെയും വികാരങ്ങളെയും താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ സ്വന്തമാക്കുന്നു.ഒരു ഗായകനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത്. നല്ല സംഗീതത്തിന് എക്സ്പയറി ഡേറ്റ് ഇല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.ഇർഷാദ് കമീലിന്റെ വരികൾക്ക് വിശാലും ശേഖറും ചേർന്നാണ് ഈ പാട്ടിന് ഈണമൊരുക്കിയത്. എപ്പോൾ കേട്ടാലും മനസിനു കുളിർമ പകരും ബുല്ലേയാ...
മെഹ്ഫിൽസ് വിത്ത് പാപോണ്‍
ആസാമിൽ 1975ൽ ജനിച്ച പാപോണിന്റെ യഥാർഥ പേര് അംഗരാഗ് മൊഹന്ത എന്നാണ്. മാതാപിതാക്കളായ ഖഗൻ മൊഹന്തയും അർച്ചന മൊഹന്തയും സംഗീതജ്ഞർ. ആസാമീസ് നാടോടിസംഗീതവും പുത്തൻ ഇലക്ട്രോണിക് മ്യൂസികും ശാസ്ത്രീയ സംഗീതവും ഒരുപോലെ വഴങ്ങുമെന്നതാണ് പാപോണിന്റെ പ്രത്യേകത. ഹിന്ദിക്കു പുറമേ ആസാമീസ്, ബംഗാളി, ഒഡിയ, മറാത്തി, തമിഴ് ഭാഷകളിലും ഒട്ടേറെ പാട്ടുകൾ പാടി. പാപോണ്‍ ആൻഡ് ദ ഈസ്റ്റ് ഇന്ത്യ കന്പനി എന്ന ബാൻഡിന്റെ സ്ഥാപകനും ലീഡ് വോക്കലിസ്റ്റുമാണ്.
സംഗീതയാത്രയിൽ പുതിയൊരു പാതയിലാണ് പാപോണ്‍ ഇപ്പോൾ. പുതിയ തലമുറയ്ക്ക് ഗസലുകളെ കൂടുതൽ പരിചയപ്പെടുത്താൻ സഹായിക്കുന്നവിധം മെഹ്ഫിൽസ് വിത്ത് പാപോണ്‍ എന്ന പരിപാടിക്ക് ലോകമെങ്ങും വേദികളുണ്ട്. മനോഹരമായ കവിതയും ക്ലാസിക്കൽ വേരുകൾ നഷ്ടപ്പെടുത്താത്ത കണ്ടംപററി മ്യൂസിക്കും ചേരുന്ന ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഇർഷാദ് തന്നെ. കാതോർക്കാം...
SUNDAY DEEPIKA
മലയാള സിനിമാ അഭിനേതാക്കളുടെ താങ്ങും തണലുമാണ് അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്) എന്ന സംഘടന. എന്നാൽ സമീപകാലത്ത് സംഘടന നേരിട്ടുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകൾ ചെറുതല്ല. ആരോപണങ്ങളും രാജിവയ്ക്കലുകളും വിഴുപ്പലക്കലുകളും കുതികാൽവെട്ടുകളുമൊക്കെയായി വാർത്തകളിൽ നിറയുന്ന അമ്മയുടെ ഭാവി തന്നെ അവതാളത്തിലാകുന്നതുപോലെയാണ് സാഹചര്യം. വിവാദങ്ങളുടെയും ആഭ്യന്തര കലഹങ്ങളുടെയും വേലിയേറ്റങ്ങളിൽ പതറാതെ സംഘടനയെ മുന്നോട്ടു നയിക്കാൻ പുതിയൊരു ദിശാബോധം ആവശ്യമാണെന്ന് സിനിമാപ്രേമികളും അമ്മയിലെ അംഗങ്ങളും ഒരുപോലെ തിരിച്ചറിയുന്നുണ്ട്.
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല അമ്മ നേരിടുന്ന പ്രതിസന്ധികൾ. വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും ഒടുവിലത്തെ ഇരന്പലായിരുന്നു അടുത്തിയിടെ കണ്ടത്. പ്രതിസന്ധികൾ വരുന്പോൾ കൂടെ നിൽക്കേണ്ട സംഘടന ചിലപ്പോഴെങ്കിലും പക്ഷപാതപരമായി പെരുമാറുന്നു എന്ന വിമർശനമാണ് കലഹങ്ങൾക്കെല്ലാം തിരികൊളുത്തിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ്
അമ്മയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പ് സംഭവിച്ചത് 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമാണ്. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച പറ്റി എന്നാരോപിച്ച് ഒരുപറ്റം നടിമാർ രാജി വയ്ക്കുകയും ഡബ്ല്യുസിസി (വുമണ്‍ ഇൻ സിനിമ കളക്റ്റീവ്) എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ചെയ്തു. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. പിന്നീട് കുറ്റാരോപിതനായ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ ശ്രമിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
ഭരണസമിതി ഒന്നടങ്കം രാജിവച്ചു
മലയാള സിനിമയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകൾ അമ്മയെ വലിയ പ്രതിസന്ധിയിലാക്കി. ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായതോടെയാണ് മുൻ ഭരണസമിതി ഒന്നടങ്കം രാജിവയ്ക്കേണ്ടി വന്നത്.
അമ്മ സുരക്ഷിതം, തിരിച്ചടി
സംഘടനയുടെ തീരുമാനങ്ങൾ ചുരുക്കം ചിലരിലേക്ക് ഒതുങ്ങുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. നടൻ തിലകനോടും മകൻ ഷമ്മി തിലകനോടും മറ്റും സംഘടന സ്വീകരിച്ച നടപടികൾ വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നവരെ അപ്രഖ്യാപിത വിലക്കുകളിലൂടെ ഒതുക്കുന്നു എന്ന ആരോപണം അസ്വാരസ്യങ്ങളുടെ ആഴം കൂട്ടി. യുവതാരങ്ങളുടെയും സ്ത്രീകളുടെയും ശബ്ദങ്ങൾക്ക് സംഘടനയ്ക്കുള്ളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലും ശക്തമായി. പരന്പരാഗതമായ ആണ്‍കോയ്മ സംഘടനയെ നിയന്ത്രിക്കുന്നു എന്ന വിമർശനവും പല കോണുകളിൽനിന്നും ഉയർന്നു.
ശ്വേതയും അൻസിബയും നയിക്കുന്ന നേതൃത്വത്തിൽ അമ്മ സുരക്ഷിതമായിരിക്കും എന്ന് സ്വപ്നം കണ്ടവർക്കൊരു തിരിച്ചടിയായിരുന്നു പിന്നീട് വന്ന വിവാദങ്ങൾ.
ധ്യാന്‍ സന്നദ്ധന്!
ഇത്രയും കാലം മുതിർന്ന താരങ്ങളുടെ തണലിലാണ് സംഘടന മുന്നോട്ട് പോയതെങ്കിൽ ഇനി മാറ്റത്തിന്റെ കാറ്റു വീശണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നടൻ ധ്യാൻ ശ്രീനിവാസൻ ചുമതല ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചുവെന്ന് സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമാണ്. അനുഭവസന്പത്തിന്റെ കരുത്തുമായി മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന മുതിർന്ന തലമുറയും മാറ്റത്തിന്റെ ആവേശവുമായി യുവനിരയും കൈകോർക്കുന്ന ഒരു പുതിയ ഭരണസമിതിയാണ് ഇനിയുണ്ടാകേണ്ടത്.
തെറ്റുകൾ തിരുത്തി പരിഭവങ്ങൾ മറന്ന് മലയാള സിനിമയിലെ എല്ലാ കലാകാരന്മാരും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ആ നല്ല നാളെ അമ്മയിൽ പിറവിയെടുക്കട്ടെ....
SUNDAY DEEPIKA
ചലച്ചിത്ര പിന്നണി ഗായകനും ഗാനരചയിതാവിനും സംഗീത സംവിധായകനും റോയൽറ്റി വേണമെന്ന അവകാശവാദം കേരളത്തിൽ കത്തിപ്പടരുന്ന കാലം. ഒരു പ്രമുഖ ടെലിവിഷൻ ചാനൽ അവതാരക ഈ റോയൽറ്റി വിവാദത്തെക്കുറിച്ച് എം. എസ്. വിശ്വനാഥനോട് ചോദിക്കുന്നു. റോയൽറ്റി എന്താണെന്ന് പോലും അറിയില്ല എന്ന് എം.എസ്.വിയുടെ തമിഴും മലയാളവും കലർന്ന ഭാഷാശൈലിയിലെ മറുപടി. എല്ലാ ഗാനങ്ങളുടെയും ശരിയായ ഉടമസ്ഥാവകാശം ആസ്വാദകർക്കാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഇത് വെറും വാക്കുകളല്ല. സംഗീതം നൽകുന്നത് ഈശ്വരനാണെന്നു വിശ്വസിച്ച എം.എസ്.വി. ജീവിതത്തിലൊരിക്കലും ഒരു കണക്കെടുപ്പും നടത്തിയിട്ടില്ല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഏഴായിരത്തിൽപ്പരം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഈ മഹാപ്രതിഭ .എന്നാൽ ജീവിച്ചിരുന്ന കാലത്ത് അതേക്കുറിച്ച് ഒരു ധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
ഗാനരചയിതാവ് എഴുതുന്ന വരികളിൽ ഒളിഞ്ഞുകിടക്കുന്ന സംഗീതം കണ്ടെത്തി പുറത്ത് കൊണ്ടുവരിക മാത്രമാണ് സംഗീത സംവിധായകന്റെ ചുമതലയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഗാന രചയിതാവാണോ സംഗീത സംവിധായകനാണോ പ്രധാനി എന്ന ചിന്ത ഒളിഞ്ഞും തെളിഞ്ഞും കത്തിനിന്ന കാലത്തായിരുന്നു എം.എസ്.വിയുടെ ഈ തുറന്നുപറച്ചിൽ. എന്തിനധികം ഗാനരചയിതാവും സംഗീത സംവിധായകനും തമ്മിൽ ഉണ്ടാവേണ്ടത് ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പാട്ടുകൾ വിജയിച്ചിട്ടുണ്ടെങ്കിൽ അത് ടീം വർക്കിന്റെ ഫലമാണെന്നും അദ്ദേഹം പറയുമായിരുന്നു. മലയാളത്തിൽ 76 സിനിമകളുടെ സംഗീത സംവിധായകനായി എം.എസ്. വിശ്വനാഥൻ പ്രവർത്തിച്ചിട്ടുണ്ട്. നീലഗിരിയുടെ സഖികളെ... കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ... ഹൃദയവാഹിനി ഒഴുകുന്നു നീ... ആ നിമിഷത്തിന്റെ നിർവൃതിയിൽ... ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി... തുടങ്ങിയ നിരവധി നിരവധി ഗാനങ്ങൾ.
102 ഗാനങ്ങളാണ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പിയുമായി ചേർന്ന് എം.എസ്.വി. സൃഷ്ടിച്ചത്.സംഗീതത്തിന് ഒരു ദൈവം ഉണ്ടെങ്കിൽ അത് എം.എസ്. വിശ്വനാഥനാണ് എന്നാണ് ശ്രീകുമാരൻ തന്പി എപ്പോഴും പറയുന്നത്. വളരെ വേഗതയിലാണ് വിശ്വേട്ടൻ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 1971ൽ പുറത്തിറങ്ങിയ ലങ്കാദഹനം സിനിമയിലെ ഏഴു പാട്ടുകൾ വെറും ആറുമണിക്കൂർ കൊണ്ടാണ് ഒരുക്കിയത്-ശ്രീകുമാരൻ തന്പി പറയുന്നു.
പി. ജയചന്ദ്രന്റെ ഏറ്റവും മനോഹരമായ ഗാനം എന്ന് പല നിരൂപകൻമാരും പറയുന്ന പഞ്ചവടിയിലെ മായാസീതയോ... , തിരുവാഭരണം ചാർത്തി വിടർന്നു... സ്വർഗനന്ദിനി സ്വപ്ന വിഹാരിണി... ഉൾപ്പെടെ ഗാനങ്ങൾ ഇങ്ങനെ വളരെ വേഗത്തിൽ തീർത്തതാണ്.
വേനലിൽ ഒരു മഴ എന്ന ചിത്രത്തിലെ ഏതു പന്തൽ കണ്ടാലും അത് കല്യാണ പന്തൽ... എന്ന ഗാനം കൈയ്യിൽ കിട്ടിയ ഉടനെ സിന്ധുഭൈരവി രാഗത്തിൽ ഇന്ന് കേൾക്കുന്ന ട്യൂണിൽ എം.എസ്.വി. പാടുകയായിരുന്നുവെന്നും ശ്രീകുമാരൻ തന്പി ഓർമിക്കുന്നു.
കെ.ജെ. യേശുദാസ് പാടി പ്രേംനസീർ അതേ ഭാവതീവ്രതയിൽ അഭിനയിച്ച ലങ്കാ ദഹനത്തിലെ ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി... എന്ന ഗാനം ഒന്നിച്ചിരുന്ന് സൃഷ്ടിച്ച കഥ ശ്രീകുമാരൻ തന്പി ഓർമിക്കുന്നു. ആദ്യം വേഗതയിലുള്ള ഒരു ഈണമാണ് വിശ്വേട്ടൻ മൂളിയത്. സിനിമയിലെ ഗാനസന്ദർഭത്തെക്കുറിച്ചും ഗാനസാഹിത്യത്തെക്കുറിച്ചും പറഞ്ഞപ്പോൾ വിശ്വേട്ടൻ ചോദിച്ചത് കടവൂൾക്കു കൂടി അങ്ക ഇടം കെടക്കാതെയാ... എന്നാണ്. പിന്നീടാണ് ശിവരഞ്ജിനി രാഗം ആധാരമാക്കി, ശോകം കലർന്ന ഈണത്തിൽ ഗാനം ചിട്ടപ്പെടുത്തിയത്. ശ്രീകുമാരൻ തന്പി- എം.എസ്. വിശ്വനാഥൻ കൂട്ടുകെട്ടിൽ പിറന്നതാണ് ജീവിതം ഒരു ഗാനം എന്ന ചിത്രത്തിലെ സത്യനായകാ മുക്തിദായകാ...എന്ന അനശ്വരഗാനം.
SUNDAY DEEPIKA
ടെലിവിഷനിൽ ഏറ്റവുമധികം കാഴ്ചക്കാരുള്ള കായിക ഇനങ്ങളുടെ നിരയിലേക്കെത്താൻ കുതിക്കുകയാണ് അമേരിക്കൻ കാള സവാരി. പ്രമുഖ ചാനൽ നെറ്റ്വർക്കുകളും വന്പൻ നിക്ഷേപകരും ബുൾ-റൈഡിംഗിനു പിന്നാലെയാണിപ്പോൾ. ബ്രസീലിൽ ഫുട്ബോളിനു പിന്നാലെ ഏറ്റവും ജനപ്രിയമായ സ്പോർട്ട് ആണ് ബുൾ-റൈഡിംഗ് ഇന്ന്. അപകടവും ആവേശവും ഒരുപോലെ ചേരുന്ന കായിക ഇനത്തിന്റെ വിശേഷങ്ങൾ...
സ്പോർട്സിലെ ഏറ്റവും അപകടകരമായ എട്ടു നിമിഷങ്ങൾ!- അമേരിക്കൻ ബുൾ-റൈഡിംഗിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. കുതിച്ചു ചാടുകയും കുതറുകയും പന്പരംപോലെ കറങ്ങുകയും ചെയ്യുന്ന, എഴുനൂറോളം കിലോ ഭാരമുള്ള കാള.
ബക്കിംഗ് ബുൾ എന്നു വിളിക്കുന്ന ഇവ ഒരു മനുഷ്യൻ പുറത്തുകയറിയാൽ മുൻകാലുകളിൽ ഉൗന്നി പിൻകാലുകൾ പറത്തി അയാളെ കുടഞ്ഞെറിയും. ഈ കാളകൾക്കു മുകളിൽ കയറിയാണ് റൈഡിംഗ്.
മുൻകാലുകൾക്കു പിന്നിലായി കെട്ടിയ വടത്തിൽ ഒരു കൈകൊണ്ടു പിടിച്ച് മറ്റേ കൈ എവിടെയും തൊടാതെ റൈഡർ എട്ടു സെക്കൻഡുകൾ പൂർത്തിയാക്കണം. മിക്കപ്പോഴും അതിനകം അയാൾ പിടിവിട്ടു തെറിച്ചുവീണിരിക്കും. അപ്പോഴും അണയാത്ത ആവേശത്തിന്റെ കുളന്പടികൾ മുഴങ്ങുന്നുണ്ടാവും.
കൈക്കരുത്തും മനക്കരുത്തും
മരമടിയും ജല്ലിക്കെട്ടും മഞ്ചുവിരട്ടും കണ്ടും കേട്ടും ശീലിച്ച നമുക്ക് അമേരിക്കൻ കാളസവാരിയോട് പരിചയംതോന്നും. ഇവയിൽ ഏത്, എവിടെ ആദ്യംതുടങ്ങിയെന്ന് ഉറപ്പിച്ചുപറയുകവയ്യ.
കൃഷിയും കാലിവളർത്തലുമായി കൂട്ടിയിണക്കപ്പെട്ട് വളർന്നുവന്ന കായിക ഇനങ്ങളാണ് ഇതെല്ലാം. മെയ്യും മനസും കരുത്തുറ്റതാണെന്ന് കാളയെയും കുതിരയെയും മെരുക്കിയൊതുക്കി തെളിയിക്കുന്ന അപകടകരമായ കളികൾ.
ധൈര്യവും വൈദഗ്ധ്യവും സമംചേർത്ത് ജയിച്ചുനേടുന്ന ആത്മവിശ്വാസം. കാണികളിൽ കുതിരശക്തിക്കണക്കിൽ പ്രവഹിക്കുന്ന അഡ്രിനാലിൻ!
പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് കൗബോയ്സിലേക്ക് എത്തുന്നതാണ് ബുൾ-റൈഡിംഗിന്റെ ചരിത്രം. കരുത്തിന്റെ കളികളെ പൊതുവായി വിളിക്കുന്ന റോഡിയോ സ്പോർട്സിന് തുടക്കമിട്ടത് അവരാണ്- കാളസവാരിയും അവയുമായുള്ള മൽപ്പിടിത്തങ്ങളും അടക്കം.
സ്പാനിഷ്, മെക്സിക്കൻ കരുത്തന്മാർവഴി വടക്കേ അമേരിക്കയിൽ ഇന്നത്തെ റോഡിയോയുടെ അടിത്തറയുറച്ചു. മത്സരങ്ങളും കരുത്തിന്റെ പ്രകടനങ്ങളും പതിവായി. കാളകൾ ക്ഷീണിച്ച് ഒതുങ്ങുന്നതുവരെ അവയുടെ പുറത്ത് സവാരി നടത്തുന്ന റൈഡർമാർ ഉണ്ടായിരുന്നത്രേ മുന്‍പ്!
പ്രഫഷണൽ റൈഡിംഗ്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റോഡിയോ മത്സരങ്ങൾക്ക് കൃത്യമായ ചട്ടക്കൂടുകൾ ഒരുങ്ങിത്തുടങ്ങി. ജനപ്രീതിയും ഉയർന്നു. 1936ൽ കൗബോയ്സിന്റെ ഒരു സംഘം കൗബോയ്സ് ടർട്ടിൽ അസോസിയേഷനു രൂപംകൊടുത്തു. ഇന്നത്തെ പ്രഫഷണൽ റോഡിയോ കൗബോയ്സ് അസോസിയേഷന്റെ (പിആർസിഎ) ആദ്യരൂപമായിരുന്നു അത്.
കുതിരസവാരിയടക്കമുള്ള മറ്റു റോഡിയോ ഇനങ്ങളേക്കാൾ ജനപ്രീതി ബുൾ-റൈഡിംഗിനു ലഭിച്ചു. കാളകൾ കൂടുതൽ ആക്രമണകാരികളാണെന്നതും അതുമൂലം മത്സരത്തിനുണ്ടാകുന്ന അനിശ്ചിതത്വവും ഇതിനു കാരണമായി.
1992ലാണ് പരന്പരാഗത റോഡിയോയിൽനിന്നു മാറി ബുൾ-റൈഡിംഗിൽ മാത്രം ശ്രദ്ധയൂന്നിയ റൈഡർമാർ ചേർന്ന് പ്രഫഷണൽ ബുൾ റൈഡേഴ്സ് (പിബിആർ) എന്ന സംഘടനയ്ക്കു തുടക്കമിട്ടത്. അതോടെ കാളസവാരി ആഗോള ഇവന്റുകളായി ഉയർന്നു. ടെലിവിഷൻ ഡീലുകളും വിജയികൾക്ക് അതിശയിപ്പിക്കുന്ന സമ്മാനത്തുകകളും വന്നു.
മുഖ്യധാരാ കായിക ഇനമായി മാറിയ ബുൾ-റൈഡിംഗിൽ താരോദയങ്ങളുണ്ടായി- കാളകളും റൈഡർമാരും ഉൾപ്പെടെ! ബൊഡേഷ്യസ്, ബുഷ് വാക്കർ, റെഡ് റോക്ക് തുടങ്ങിയ പേരുകളുള്ള കാളകളും, ടഫ് ഹെഡെമാൻ, ലേൻ ഫ്രോസ്റ്റ്, ജെ.ബി. മോണി തുടങ്ങിയ റൈഡർമാരും ന്യൂജെൻ കൗബോയ്സിനു പ്രചോദനമായി.
അമേരിക്കയ്ക്കും മെക്സിക്കോയ്ക്കും പുറമേ ബ്രസീൽ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അർജന്റീന, ഗ്വാട്ടിമാല, നിക്കരാഗ്വേ, ഹോണ്ടുറാസ്, കോസ്റ്ററിക്ക, പനാമ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുൾ-റൈഡിംഗ് നടക്കുന്നു. ഇവയെല്ലാം പിബിആർ നിയമങ്ങൾ അനുസരിച്ചാണ് സംഘടിപ്പിക്കുന്നത്. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സംഘടനകൾ ഈ രംഗത്തു സജീവമാണ്. റൈഡർമാർക്കുള്ള സുരക്ഷാ ഉപാധികൾ ഏറ്റവും മെച്ചപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഫോക്സ് നേഷൻ അടക്കമുള്ള വൻകിട ടെലിവിഷൻ നെറ്റ് വർക്കുകൾ പിബിആറുമായി കരാറിലുണ്ട്. പിബിആർ ഫ്രൈഡേ നൈറ്റ് ലൈവ് പോലുള്ള പരിപാടികൾക്ക് ഇപ്പോൾ ദശലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്. റിയാലിറ്റി സീരീസുകളും ഏറെ ജനപ്രിയം.
സോഷ്യൽ മീഡിയ ബുൾ-റൈഡിംഗിനെ വലിയ ആവേശത്തോടെ ചർച്ചചെയ്യുന്നു. പിബിആർ ലോകമെന്പാടുമായി വർഷംതോറും ഇരുനൂറിലേറെ ഇവന്റുകളാണ് നടത്തുന്നത്. ആയിരത്തിലേറെ പ്രഫഷണൽ റൈഡർമാർ സംഘടനയ്ക്കു കീഴിലുണ്ട്.
കാടൻ കരുത്തിന്റെ പ്രകടനങ്ങളിൽനിന്ന് ബുൾ-റൈഡിംഗ് പതിനായിരങ്ങൾ ഒത്തുചേരുന്ന അരീനകളിലേക്കും ദശലക്ഷങ്ങൾ കാണുന്ന ടിവി സ്ക്രീനുകളിലേക്കും എത്തി. അപ്പോഴും കൃത്യമായ ലക്ഷ്യബോധവും വൈദഗ്ധ്യവും അതിന്റെ അളവുകോലുകളായി തുടരുന്നു. ആവേശം പതിന്മടങ്ങു പെരുകുന്നു...
തർക്കങ്ങൾ
മൃഗാവകാശ, ക്ഷേമ സംഘടനകളും ബുൾ-റൈഡിംഗ് ആരാധകരും തമ്മിൽ ഈ വിനോദത്തിന്റെ പല വശങ്ങളെക്കുറിച്ചും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. കാളകളിൽ കെട്ടുന്ന ഫ്ളാങ്ക് സ്ട്രാപ്പ് അവയ്ക്കു പരിക്കേല്പിക്കുമെന്നതാണ് പ്രധാന വിഷയം.
കാളകളെ വേഗത്തിൽ ച്യൂട്ടുകളിൽനിന്നു പുറത്തുചാടിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രോഡുകൾ, ബൂട്ടുകൊണ്ട് കാളയുടെ വശങ്ങളിൽ സമ്മർദമേൽപ്പിക്കുന്ന സ്പർസ് എന്നിവയും വിവാദങ്ങൾക്കു കാരണമാകാറുണ്ട്. എന്നാൽ പിബിആർ നിയമങ്ങൾ കാളകളെ ഒരുതരത്തിലും പീഡിപ്പിക്കാൻ അനുവദിക്കുന്നില്ല.
റൈഡിംഗ് നിയമങ്ങൾ, ഉപകരണങ്ങൾ
കരുത്ത്, ചടുലത, പ്രായം എന്നിവ നോക്കിയാണ് കാളകളുടെ തെരഞ്ഞെടുപ്പ്. ഓരോന്നിനും പ്രത്യേക പേരും നന്പറുമുണ്ടാകും. ഉയർന്ന റാങ്കുള്ള റൈഡർമാർക്ക് സ്വന്തം കാളകളെ തെരഞ്ഞെടുക്കാം. കാളയുടെ പുറത്തുകയറി വടത്തിൽ പിടിയുറപ്പിച്ചാൽ റൈഡർ തയാറാണെന്ന സൂചന നൽകും.
ബക്കിംഗ് ച്യൂട്ട് എന്ന ചെറിയ കവാടം തുറക്കുന്നതോടെ കാള അരീനയിലേക്ക് ഇരച്ചുകയറും. റൈഡർ ചുരുങ്ങിയത് എട്ടു സെക്കൻഡ് നേരം കാളയുടെ പുറത്തുണ്ടാകണം. കുതറിയെറിയാൻ ശ്രമിക്കുന്ന കാളയെ ഒരു കൈകൊണ്ടുമാത്രം വടത്തിൽ പിടിച്ച് കാളയെ നിയന്ത്രിക്കാം.
മറ്റേ കൈകൊണ്ട് എവിടെയും തൊടാൻ അനുവാദമില്ല. എട്ടു സെക്കൻഡ് പൂർത്തീകരിച്ചാൽ സ്കോർ നേടാം. വിവിധ റൗണ്ടുകളും റൈഡർക്കും കാളയ്ക്കും പോയിന്റുകളും ഉണ്ടാവും. മത്സരം വിലയിരുത്താൻ വിവിധ ജഡ്ജുമാരുണ്ടാകും. റൈഡർമാരുടെയും കാളകളുടെയും സുരക്ഷയ്ക്കായി വിവിധ ഗിയറുകൾ ഉപയോഗിക്കാറുണ്ട്.
ബുൾ റോപ്: ബുൾ-റൈഡിംഗിലെ പ്രധാന ഉപകരണമാണ് ഈ കാളക്കയർ. പോളിപ്രൊഫൈലിൻ, പുല്ല് തുടങ്ങിയവ മെടഞ്ഞെടുക്കുന്ന വടമാണിത്. ഇതിനു മധ്യത്തിലായി തുകൽകൊണ്ട് ഉറപ്പിച്ച, പിടിക്കാനുള്ള ഭാഗമുണ്ടാകും. റൈഡറുടെ കൈ വഴുതാതിരിക്കാനുള്ള ഉപാധിയും ലോഹമണിയും കയറിലുണ്ടാകും.
ചാപ്സ്: വിവിധ നിറങ്ങളും പാറ്റേണുകളുമുള്ള തുകൽകൊണ്ടു നിർമിക്കുന്ന ചാപ്സ് റൈഡിംഗിനെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം റൈഡറുടെ കാലുകൾക്ക് സംരക്ഷണം നൽകുന്നു.
വെസ്റ്റ്: ഉയർന്ന സാന്ദ്രതയുള്ള ഫോം ഉപയോഗിച്ചു നിർമിച്ച വെസ്റ്റ് പരിക്കും വേദനയും കുറയ്ക്കാൻ റൈഡറെ സഹായിക്കും.
കൈയുറകൾ: കാളക്കയറിൽ പിടിക്കുന്പോൾ വേദനയൊഴിവാക്കാൻ തുകൽകൊണ്ടു നിർമിച്ച കൈയുറകൾ ഉപയോഗിക്കുന്നു. മെച്ചപ്പെട്ട ഗ്രിപ്പിനുവേണ്ടി റോസിൻ പുരട്ടാറുണ്ട്.
ബൂട്ട്സ്: ലോഹനിർമിത സ്പർ ഉള്ള കൗബോയ് ബൂട്ടുകൾ വളരെ നിർണായകമാണ്. കാളയെ നിയന്ത്രിക്കാനും ഇതുകൊണ്ടു സാധിക്കും.
മൗത്ത് ഗാർഡ്, ഹെഡ് ഗിയർ: പല്ലുകൾ സംരക്ഷിക്കാനുള്ള മൗത്ത് ഗാർഡുകൾ, തലയ്ക്കുള്ള ഹെൽമെറ്റ് എന്നിവ പരക്കേ ഉപയോഗിക്കപ്പെടുന്നവയാണ്.
ആവേശം ജ്വലിപ്പിച്ച് ജല്ലിക്കെട്ടും മഞ്ചുവിരട്ടും
തമിഴിൽ മഞ്ചു എന്നാൽ കാളയെന്നാണ് അർഥം. തുറസായ സ്ഥലത്തെ ആൾക്കൂട്ടത്തിനിടയിലേക്ക് ഒരേസമയം ഒട്ടേറെ കാളകളെ അഴിച്ചുവിടുന്നതാണ് മഞ്ചുവിരട്ട്. ജല്ലിക്കെട്ടിൽ കാളകളെ ക്രമമായി മാത്രമേ അഴിച്ചുവിടൂ.
പ്രത്യേക പരിശീലനം ലഭിച്ച കാളകളെ മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളി കൊന്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കണം. വെറുംകൈയോടെ മാത്രമേ കാളയെ കീഴ്പ്പെടുത്താൻ അനുവാദമുള്ളൂ.
കാങ്കേയം, പുലിയകുലം, തിരുച്ചെങ്ങോട്, ബാർഗുർ, ഉന്പളച്ചേരി തുടങ്ങിയ ഇനം കാളകളെയാണ് ജല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. മധുരയ്ക്കു സമീപത്തുള്ള അലങ്കനല്ലൂരാണ് ജല്ലിക്കെട്ടിന് പ്രശസ്തമായ സ്ഥലം.
ജല്ലിക്കെട്ടിനിടെ ഒട്ടേറെ മരണങ്ങളും ഇതുസംബന്ധിച്ച് നീണ്ടനാളത്തെ കോടതിവ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. ആവേശത്തിന് അതിരില്ല..
വി.ആർ.