കാസ് പീഠഭൂമിയിലെ പുഷ്പവിസ്മയം
മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ സഹ്യാദ്രി മലനിരകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന കാസ് പീഠഭൂമി അപൂർവ സസ്യലതാദികളുടെ കലവറയാണ്.മഴക്കാലത്ത് വർണാഭമായ കാട്ടുപൂക്കൾ വിരിയുന്നതിനാൽ ‘മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര’എന്നാണ് പീഠഭൂമി വിശേഷിപ്പിക്കപ്പെടുന്നത്.സഹ്രസ്രാബ്ദങ്ങൾക്കു മുൻപ് ഡെക്കാൻ ട്രാപ്പ് അഗ്നിപർവത സ്ഫോടനങ്ങളിലൂടെ രൂപംകൊണ്ട ലാവാശിലകളാണ് കാസ് പീഠഭൂമിയുടെ ഭൂമിശാസ്ത്ര അടിത്തറ. കാലക്രമേണ ലാവാ ശിലകൾക്കു മേൽ രൂപപ്പെട്ട നേർത്ത മണ്പാളി മഴക്കാലത്ത് നൂറുകണക്കിന് ഇനം കാട്ടുപൂക്കൾക്ക് വാസസ്ഥാനമാവുകയും ചെയ്തു.
കാസ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന പ്രത്യേക ഇനം കാട്ടുചെടിയിൽ നിന്നാണ് കാസ് പീഠഭൂമിക്ക് ഈ പേര് ലഭിച്ചത്. പച്ച ഇലകളും വെളുത്ത പൂക്കളുമുള്ള ചെടി ഇവിടെ ധാരാളമായി കാണപ്പെടുന്നു. ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ കാസ് തടാകം സത്താറ നഗരത്തിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസായി 100 വർഷങ്ങൾക്ക് മുൻപുതന്നെ വികസിപ്പിച്ചെടുത്തിരുന്നു.
പണ്ടുകാലം മുതൽക്കേ പീഠഭൂമി തനത് ഭൂപ്രകൃതികൊണ്ടും ജൈവവൈവിധ്യംകൊണ്ടും ശ്രദ്ധേയമായിരുന്നുവെങ്കിലും 2012ൽ യുനെസ്കോ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് കാസ് പീഠഭൂമിക്ക് ആഗോളതലത്തിൽ പ്രശസ്തി ലഭിക്കുന്നത്.മഴക്കാലം കഴിഞ്ഞ് ഓഗസ്റ്റ് - ഒക്ടോബർ മാസങ്ങളിലാണ് പീഠഭൂമിക്ക് അദ്ഭുതാവഹമായ രൂപാന്തരം സംഭവിക്കുന്നത്. ഇക്കാലയളവിൽ പീഠഭൂമി ലക്ഷക്കണക്കിന് കാട്ടുപൂക്കൾ പൂത്തുലഞ്ഞ് പൂമെത്തയായി മാറും. ‘മഹാരാഷ്ട്രയുടെ പൂക്കളുടെ താഴ്വര’ എന്നു വിളിക്കാൻ കാരണവും ഇതാണ്. കാസ് പീഠഭൂമിയിലെ 850ലധികം ഇനം പുഷ്പിക്കുന്ന സസ്യങ്ങളിൽ പലതും ലോകത്തിനുതന്നെ പുതിയതാണ്. കീടങ്ങളെ പിടിക്കുന്ന മാംസാഹാരികളായ സസ്യങ്ങളും അപൂർവ്വ ഇനം ഓർക്കിഡുകളും ഇതിൽപ്പെടുന്നു. ഇവിടെയുള്ള 624 സസ്യങ്ങൾ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ഒൗദ്യോഗിക പട്ടികയായ ‘റെഡ് ഡാറ്റാ ബുക്കി’ൽ ഇടംപിടിച്ചവയാണ്.ഇതിൽ 39 ഇനം സസ്യങ്ങൾ ലോകത്ത് കാസ് പീഠഭൂമിയിലും അതിന്റെ പരിസരപ്രദേശങ്ങളിലും മാത്രമാണ് വളരുന്നത്. അതുകൊണ്ടുതന്നെ പ്രദേശം നശിച്ചാൽ ഈ സസ്യങ്ങൾ ഭൂമിയിൽനിന്നു തുടച്ചുനീക്കപ്പെടും.
മഴക്കാലത്ത് സജീവമാവുന്ന 150ൽ പരം ഇനം ഉഭയജീവികൾ പീഠഭൂമിയുടെ മറ്റൊരു പ്രത്യേകതയാണ്. കടുവ വണ്ടുകൾ, മാലാഖ ചെമ്മീനുകൾ തുടങ്ങി അപൂർവ ഇനം ജീവികളും ഇവിടെയുണ്ട്. അസുലഭ ഒൗഷധസസ്യങ്ങളാണ് മറ്റൊരു പ്രത്യേകത. കാസ് പീഠഭൂമിയിലെ ചെങ്കൽ പാറകൾ സുഷിരങ്ങളുള്ളവയാണ്. മഴക്കാലത്ത് പെയ്യുന്ന വെള്ളം ഈ പാറകൾ സ്പോഞ്ചുപോലെ ആഗിരണം ചെയ്ത് സൂക്ഷിക്കുന്നു. വേനൽക്കാലത്ത് വെള്ളം സാവധാനം ഭൂമിക്കടിയിലൂടെ ഒഴുകി താഴെയുള്ള അരുവികളിലും കാസ് തടാകത്തിലും എത്തും. പീഠഭൂമിക്ക് നാശം സംഭവിച്ചാൽ അത് ജൈവവൈവിധ്യത്തെ മാത്രമല്ല പ്രദേശത്തെ കുടിവെള്ള സ്രോതസിനെയും ബാധിക്കും.വലിയൊരു വിനോദ സഞ്ചാരകേന്ദ്രമായി മാറാൻ സാധ്യതയുള്ളതാണെങ്കിലും അനിയന്ത്രിതമായ വിനോദസഞ്ചാരം ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്നതിനാൽ ദിവസം മൂന്നു തവണയായി പരമാവധി 3000 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി പ്രകൃതിയുടെ അദ്ഭുതകരമായ ജനിതക കലവറയാണ് കാസ് പീഠഭൂമി. കഠിനമായ പാറക്കെട്ടുകൾക്ക് മുകളിൽ വിരിയുന്ന ലക്ഷക്കണക്കിന് അപൂർവ പുഷ്പങ്ങൾ പ്രകൃതിയുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയാണ്.
Tags : SundayDeepika