പ്രതീകാത്മക ചിത്രം
തൃശൂർ: മദ്യലഹരിയിൽ വെളിപ്പെടുത്തിയ രഹസ്യത്തെത്തുടർന്ന് വയോധികയുടെ കൊലപാതകം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പോലീസ് കണ്ട്രോള് റൂമിലേക്ക് അനില്‍ എന്നയാളാണ് കൊലപാതക വിവരം വിളിച്ചറിയിക്കുന്നത്. താന്‍ ഗുരുവായൂരും പരിസരത്തും അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ്. റെയില്‍വേ ഗേറ്റിനടുത്ത വാടകവീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി തള്ളിയിട്ടുണ്ട്. തന്റെ പരിചയക്കാരനായ സുരേഷ് എന്നയാളാണ് പ്രതി. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ അയാള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നും പോലീസിൽ അറയിക്കുകയായിരുന്നു.
വിവരമറിഞ്ഞുടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘം സ്ഥലത്തെത്തി. വാടക കെട്ടിടത്തിന്റെ താത്കാലിക മുറിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സുരേഷിനെ കണ്ടെത്തി. കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രം ഉപയോഗിച്ച് കല്ലുകെട്ടിത്താഴ്തിയ മൃതദേഹവും കണ്ടെത്തി. മൃതദേഹം രാത്രിതന്നെ ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചോദ്യം ചെയ്യലില്‍ പ്രതി സുരേഷ് വെളിപ്പെടുത്തിയത്- കുറുപ്പംപടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു സുരേഷ്. നാട്ടില്‍ നില്ക്കാന് വയ്യാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുവായൂരെത്തി. സുഹൃത്തിന്റെ സഹായത്താല്‍ റെയില്‍വേ ഗേറ്റിന് സമീപം വാടകയ്ക്ക് താമസിച്ചു.
ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രതി വയോധികയെ പരിചയപ്പെടുന്നത്. താനും ഒറ്റയ്ക്കാണു കഴിയുന്നതെന്നും അഭയം നല്‍കാമെന്നും പറഞ്ഞാണ് കഴിഞ്ഞ ഒമ്പതിന് വയോധികയെ വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പുറത്തുപോയി മദ്യപിച്ചെത്തി പ്രതി വയോധികയെ ശാരീരികമായി ഉപദ്രവിച്ചു. അതിനിടെ ബോധരഹിതയായ വയോധിക മരിച്ചെന്നു കരുതി കല്ലുകെട്ടി കിണറ്റില്‍ ഇട്ടു. തൊട്ടടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് താമസിച്ചു. പിന്നീടാണ് സുഹൃത്തുമൊന്നിച്ച് മദ്യപിക്കുന്നതും കൊലപാതക വിവരം സുഹൃത്തിനോട് വെളിപ്പെടുത്തുന്നതും.
Tags : Murder Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash