എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങിൽ കൊച്ചുമകൾ അപ്സര അന്ത്യകർമങ്ങൾ ചെയ്യുന്നു.
മൈസൂരു: ജനസാഗരത്തെ സാക്ഷിനിർത്തി ഗാനകോകിലം എസ്. ജാനകി അഗ്നിയിൽ ലയിച്ചു. കർണാടക സർക്കാരിന്റെ പൂർണസംസ്ഥാന ബഹുമതികളോടെ മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിലായിരുന്നു സംസ്കാരം. വേദമന്ത്രങ്ങളുടെ അകന്പടിയിൽ പേരക്കുട്ടി അപ്സരയാണു ചിതയിൽ തിരികൊളുത്തിയത്.
പതിവുവേഷമായ വെള്ള കോട്ടണ്‍സാരിയായിരുന്നു അന്ത്യയാത്രയിലും എസ്. ജാനകിയെ അണിയിച്ചിരുന്നത്. പിങ്ക് റോസാപ്പൂക്കള്‍ തുന്നിച്ചേര്‍ത്ത സാരിയുടെ കരകളിൽ തിരുപ്പതി ഭഗവാന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു, ഏറെ ഇഷ്ടമുള്ള കൃഷ്ണവിഗ്രഹം ഗായികയുടെ വലംകൈയിലും. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. മരുമകള്‍ ഉമ മുരളി കൃഷ്ണ, അപ്സരയുടെ ഭര്‍ത്താവ് ഗണേഷ് എന്നിവരും അന്ത്യകർമങ്ങളിൽ പങ്കാളികളായി.
കേരളത്തിനുവേണ്ടി ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ സംസ്കാരത്തിൽ പങ്കെടുത്ത് അന്തിമോപചാരം അര്‍പ്പിച്ചു. കർണാടക സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 8.45 മുതൽ മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം പതിനായിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്.
പിന്നണിഗായകരായ ചിത്ര, സുജാത മോഹന്‍, വിജയ് പ്രകാശ്, രാജേശ് കൃഷ്ണന്, സംഗീതസംവിധായിക ഹംസലേഖ, നടന്മാരായ ശ്രീനാഥ്, വിനോദ് രാജ്, കര്‍ണാടക ഫിലം ചേംബര്‍ പ്രസിഡന്റ് ജയമാല, നടി ഭാരതി വിഷ്ണുവര്ധന് തുടങ്ങിയവർ ഗായികയ്ക്കു യാത്രാമൊഴിയുമായെത്തി.
വൈകുന്നേരം നാലരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം ഫാം ഹൗസിലേക്കു കൊണ്ടുവരിക യായിരുന്നു.
Tags : S. Janaki Janasagaram respects Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash