സി.പി. രാധാകൃഷ്ണൻ, സുകുമാരൻനായർ
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാച്ഛാദനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
“നിങ്ങളാണ് എല്ലാമെന്നു കരുതരുത്, എല്ലാം മന്നത്ത് പദ്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണു പ്രസിഡന്റ്, ഞാനാണു സെക്രട്ടറി അതുകൊണ്ട് അവർ വരരുത്, നിങ്ങൾ വരരുത് എന്നു പറയരുത്. എല്ലാവർക്കും വരാനാകണം’’-എന്നായിരുന്നു പ്രസംഗത്തിനിടയിൽ സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു എൻഎസ്എസ് നേതൃത്വം അത്തരമൊരു തീരുമാനമെടുത്തത്. ബംഗാൾ ഗവർണറായിരിക്കേ തനിക്കും പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതായി സി.വി. ആനന്ദബോസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പിനുശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെരുന്നയിലെ പ്രശ്നങ്ങൾക്കു ഡൽഹിയിലെ സ്മൃതിമണ്ഡപം ഒരു ബദലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസ് അസുഖങ്ങളെത്തുടർന്ന് പങ്കെടുത്തില്ല. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, മന്നത്തിന്റെ ചെറുമകൾ എസ്. നീരദ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : India Sukumaran Nair CP Radhakrishnan Vice President Criticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash