National
ന്യൂഡൽഹി: ഭക്ഷണ പാക്കേജുകളുടെ മുൻഭാഗത്ത് പോഷകവിവരങ്ങളും അപകടസാധ്യതയുള്ള ചേരുവകളും (പഞ്ചസാര, ഉപ്പ്, കൊഴുപ്പ്) രേഖപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയെ സുപ്രീംകോടതി വിമർശിച്ചു.
Kerala
കൊച്ചി: മരണപ്പാച്ചില് നടത്തുന്ന സ്വകാര്യബസുകള്ക്കും നടപടിയെടുക്കാത്ത അധികൃതര്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനം.
പൊലിസിനെയും കോടതിയെയും നിയമത്തെയും ഭയക്കാതെ നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന നിലയിലാണു സ്വകാര്യ ബസുകളെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്ശിച്ചു.
സമയം പാലിക്കണം എന്നതിന്റെ പേരില് നിയമലംഘനം നടത്തുകയാണ്. നടപടിയെടുക്കേണ്ട അധികൃതര് ഉറക്കത്തിലാണോ? ട്രാഫിക് പൊലിസിന്റെ പരാജയമാണിത്. കഴിഞ്ഞതവണ കോടതി ശക്തമായി നിര്ദേശം നല്കിയതിനു ശേഷവും ഇത്തരം സംഭവങ്ങള് ആവര്ത്തിക്കുകയാണ്.
ബസുകള്ക്കെതിരേ നടപടിയെടുത്താല് സമരം ചെയ്യുമെന്ന വെല്ലുവിളി അനുവദിക്കാനാകില്ല. 11, 12 ക്ലാസുകളില് ട്രാഫിക് നിയമങ്ങള് പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകള് മരണപ്പാച്ചില് നടത്തി അപകടമുണ്ടാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള് കോടതിയില് പ്രദര്ശിപ്പിച്ചാണ് കോടതി വിമര്ശനമുന്നയിച്ചത്.
Kerala
ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം. നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നുംചെയ്തില്ലെന്ന് വിമർശനം ഉയർന്നു.
പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചർച്ചയിൽ ആരോപണമുയർന്നത്. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. എന്നാൽ കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും ചർച്ചയിൽ വിമർശനം ഉയർന്നു.
എന്നാൽ കേരളം താങ്ങുവില താഴ്ത്തി. കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങളും കൈവിട്ടുവെന്നും ചർച്ചയിൽ ആരോപണമുണ്ടായി.
സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിച്ചു. അടിസ്ഥാനവിഭാഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നൽകിയത്. ഇനിയെങ്കിലും പഠിക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Kerala
ആലപ്പുഴ: സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി ജി.സുധാകരൻ എംഎൽഎ വീണ്ടും രംഗത്ത്. കോഴിക്കോട് സമ്മേളനത്തിൽ തെറ്റ് തിരുത്തുമെന്ന് പറയുന്ന സിപിഎം, പാർട്ടി സെക്രട്ടറിയെ മാറ്റിയാൽ പോരായിരുന്നോയെന്ന് സുധാകരൻ ചോദിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ തിരുത്ത് തലയ്ക്ക് ഒരടി കൊടുത്തിട്ട് അവിടെ ഇരിക്കാൻ പറയുന്നതു പോലെയാണ്. പാർട്ടിയിലുണ്ടായ അധഃപതനത്തിൽ നിന്ന് ഇനിയും നേതൃത്വം എഴുന്നേറ്റിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടൂ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗമെന്താണെന്ന് അറിയാത്തവർ പോലും പൊളിറ്റ് ബ്യൂറോയിലുണ്ട്.
ആദ്യം വർഗമെന്താണെന്ന് പഠിക്കണം. ഒന്നാംക്ലാസും രണ്ടാംക്ലാസുമല്ല അത് വർക്കിംഗ് ക്ലാസാണ്. തെരഞ്ഞെടുപ്പുകളിലെ പരാജയത്തിൽ എം.വി.ഗോവിന്ദൻ മാത്രമാണോ സമാധാനം പറയേണ്ടത്. തന്നെ ചീത്ത പറഞ്ഞാൽ കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്താമെന്ന് വിചാരിക്കുന്ന ചില ആളുകളുണ്ട്. 2020നുശേഷം പിണറായി വിജയൻ തന്നോട് മര്യാദ കാണിച്ചിട്ടില്ല. പാർട്ടിയിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വന്നശേഷമാണിത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയല്ല പാർട്ടിയിൽ നിന്ന് ഒഴിവായത്. തനിക്ക് ഒരു അച്ഛനേയുള്ളൂ. പല അച്ഛൻമാരുള്ളവരായിരിക്കാം അത്തരം പ്രസ്താവനകൾ നടത്തുന്നത്. ഇത്തരക്കാരെ നയിക്കുന്ന എം.എ. ബേബിക്ക് തന്നെ വിമർശിക്കാൻ എന്ത് അവകാശമാണുള്ളതെന്നും സുധാകരൻ ചോദിച്ചു.
കൊള്ളയും അഴിമതിയും കാട്ടിയതിനാലാണ് റിപ്പോർട്ടർ ടിവി ഓഫീസിൽ റെയഡ് നടത്തിയതെന്നും അവർ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഹൈക്കോടതി.
പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണമെന്ന് സർക്കാർ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദീന്റെ വിമർശനം.
ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. തുടർന്ന് ഹാജരായ സ്റ്റേറ്റ് അറ്റോർണി വിഷയത്തിൽ വാദം കേൾക്കണമെന്ന് അറിയിച്ചു. ഇതോടെ, പ്രോസിക്യൂഷൻ അനുമതി വേണോ എന്നതിൽ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹർജി കോടതി മാറ്റിവെച്ചു.
Kerala
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് രൂക്ഷവിമർശനം ഉയർന്നത്. തോൽവി പിണറായി വിജയന്റെ കൂടി തോൽവിയാണ്.
കാരണഭൂതൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കാസർഗോഡ് ജില്ലയിൽനിന്നുള്ള പ്രതിനിധി തുറന്നടിച്ചു. 2021ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും ജനങ്ങളുടെ പൾസ് മനസിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും പ്രതിനിധി ചൂണ്ടിക്കാട്ടി.
യോഗത്തിൽ അവതരിപ്പിച്ച പാർട്ടിരേഖയും വിമർശനത്തിന് വിധേയമായി. പാർട്ടിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ രേഖയിലെ നിർദേശങ്ങൾ പര്യാപ്തമല്ലെന്നായിരുന്നു വിമർശനം ഉയർന്നു. കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പ്രതിനിധിയാണ് പേരെടുത്തുപറയാതെ പിണറായിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. കാരണഭൂതൻ എന്ന പ്രയോഗം പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു വിമർശനം.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരായ എല്ലാവരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022ൽ നടന്ന മെഗാ തിരുവാതിരയുടെ പാട്ടിലാണ് പിണറായി വിജയനെ കാരണഭൂതൻ എന്ന് വിശേഷിപ്പിച്ചത്. അതേ പ്രയോഗം തന്നെയാണ് ഇപ്പോൾ പാർട്ടിക്കുള്ളിലെ വിമർശനത്തിന്റെ ഭാഗമായി വീണ്ടും ഉയർന്നിരിക്കുന്നത്.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംരക്ഷണം നൽകണമെന്ന നിലപാടാണ് പ്രതിനിധികൾ സ്വീകരിച്ചത്. അതേസമയം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും വിമർശനം ഉയർന്നു.
Movies
ആശ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷ് സംസാരിച്ച അവതാരകയോട് നടി ഉർവശി നടത്തിയ പരാമർശം വലിയ ചർച്ചകൾക്കിട വച്ചിരുന്നു. അവതാരക ഇംഗ്ലീഷിൽ സംസാരിച്ചപ്പോൾ ‘കേരളത്തിൽ നിന്നുകൊണ്ട് എന്തിനാണ് ഇംഗ്ലിഷിൽ ഈ കടുകു വറക്കുന്നത് എന്ന് ഉർവശി തമാശ രൂപേണ ചോദിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
തുടർന്ന് ഐ ആം ദ് സോറി ചേച്ചി എന്ന് അവതാരക മറുപടി നൽകുകയും, സ്നേഹത്തോടെ നാട്ടിലെ ഭാഷയിൽ സംസാരിച്ചാൽ എല്ലാവർക്കും മനസിലാകുമല്ലോ എന്ന് ഉർവശി തിരുത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയുമായി എത്തിയ ഒരാൾ പങ്കുവച്ച കുറിപ്പിന് താഴെയാണ് നിർമാതാവ് സുപ്രിയ മേനോൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
അവതാരക സാഹചര്യം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചും, മറ്റൊരാളെ പരസ്യമായി ചെറുതാക്കി കാണിക്കുന്ന പ്രവണതയെ വിമർശിച്ചുമാണ് സോഷ്യൽ മീഡിയയിൽ ഒരാൾ കുറിപ്പ് പങ്കുവച്ചത്: വിമർശനങ്ങൾ സ്വകാര്യമായി ആകാം, എന്നാൽ ബഹുമാനം പരസ്യമായി നൽകണം. സ്വന്തം നിലപാട് വ്യക്തമാക്കാൻ വേണ്ടി മറ്റൊരാളുടെ തൊഴിലിനെയോ കഴിവിനെയോ ഒരിക്കലും ചെറുതാക്കി കാണിക്കരുത്. ആ നിമിഷത്തെ ദക്ഷ രവീന്ദ്രനാഥ് കൈകാര്യം ചെയ്ത മാന്യതയും പ്രൊഫഷണലിസവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
ഈ കുറിപ്പിന് മറുപടിയായാണ് സുപ്രിയ മേനോൻ കമന്റ് ചെയ്തത്. ‘‘ഇവിടെ ഇംഗ്ലിഷ് സംസാരിക്കുന്നതിനെ ചൊല്ലിയുള്ള ഈ തുടർച്ചയായ തർക്കം എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല.
പൊതുമധ്യത്തിലേക്ക് ഇറങ്ങിയ കാലം മുതൽ ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്ന ആളെന്ന നിലയിൽ, എനിക്ക് ഇത് എപ്പോഴും ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. നമ്മൾ നമ്മുടെ മക്കളെ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലും കോളജുകളിലും അയച്ച് പഠിപ്പിക്കുന്നു.
ഒരു അവസരം കിട്ടുമ്പോഴേക്കും നമ്മുടെ ആളുകൾ വിദേശത്തേക്ക് ചേക്കേറുന്നു, ലോകമെമ്പാടും വലിയൊരു പ്രവാസി സമൂഹമായി നമ്മൾ മാറുകയും ചെയ്യുന്നു.
എന്നിട്ടും, ഒരാൾ ഇംഗ്ലിഷ് സംസാരിക്കുമ്പോൾ അത് വലിയ അഹങ്കാരത്തിന്റെയോ ധാർഷ്ട്യത്തിന്റെയോ ലക്ഷണമായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണ്? മറ്റൊരു ഭാഷയിൽ സംസാരിച്ചതുകൊണ്ട് മാത്രം മലയാളത്തോടുള്ള സ്നേഹവും അഭിമാനവും കുറഞ്ഞുപോകുന്നത് എന്തിനാണ്? ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.’’ സുപ്രിയ മേനോൻ കുറിച്ചു.
Kerala
ഇരിട്ടി: മുഖ്യമന്ത്രിക്കെതിരേ സമസ്ത നടത്തിയ വിമർശനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേതെന്നും സ്ത്രീശക്തീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇരിട്ടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. വലിയ ഗൗരവത്തിലാണ് പാർട്ടി സംഭവത്തെ കാണുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണം.
സർക്കാരിന്റെ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തൽ. ഓണാഘോഷം ഇത്ര സംതൃപ്തമായി കേരളത്തിൽ ആഘോഷിച്ച കാലഘട്ടമില്ല.
എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നത് വൈദ്യുതി വകുപ്പിൽ മാത്രമാണ്. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുകയാണെന്നും ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ജീപ്പ് സ്റ്റേഷനിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീടിന് മുന്നിൽ പൊലിസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചത് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ്. താൻ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സുരക്ഷ ഏർപ്പെടുത്തുന്നതിന് വകുപ്പുതല നടപടിക്രമങ്ങളുണ്ട്.
ജീപ്പ് സ്റ്റേഷൻ എന്ന തരത്തിലുള്ള പ്രചാരണം തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും പിണറായി ആരോപിച്ചു. തന്റെ വീടിന് മുന്നിൽ പൊലിസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി ഒരു പൊലിസ് വാഹനത്തിൽ പൊലിസുകാർ വന്ന് പോയിരുന്നു.
പിന്നീട് വാഹനം ഗതാഗതയോഗ്യമല്ലാതായതോടെ അവിടെത്തന്നെ കിടന്നതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം അവിടെനിന്ന് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്ന് പൊലിസ് അറിയിച്ചിരുന്നു. എന്നാൽ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ലെന്നും ഇതിന് പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലിസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി മന്ദിരങ്ങൾക്ക് മുന്നിൽ ഇപ്പോഴും പൊലിസ് ഔട്ട്പോസ്റ്റ് ഡ്യൂട്ടിയിലുള്ളവരുണ്ടെന്നും ഇതെല്ലാം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. തന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ പൊലിസിനോട് ആവശ്യപ്പെട്ടിട്ടില്ല. വീടിന് മുന്നിലുള്ള പൊലിസ് വാഹനത്തെ പൊലിസ് സ്റ്റേഷൻ എന്ന നിലയിൽ അവതരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ശശി തരൂർ എംപിക്കെതിരേ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. ഇംഗ്ലീഷിൽ വലിയ പദസമ്പത്തുള്ള തരൂർ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതെന്തിനെന്നാണു വിമർശനം. നിരവധി പേരാണ് തരൂരിനെതിരേ രംഗത്തെത്തിയത്. എക്സ് പോസ്റ്റിലൂടെയാണ് തരൂർ നേപ്പാൾ ദുരന്തം സംബന്ധിച്ച ആശങ്ക പങ്കുവച്ചത്.
കാഠ്മണ്ഡുവിലേക്ക് എത്തുമ്പോൾ അവിടെ നടന്ന ദുരന്തത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് തരൂർ പറഞ്ഞു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കാഠ്മണ്ഡുവിലേക്ക് വിമാനം കയറുമ്പോൾ മലനിരകളിൽ അരങ്ങേറിയ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നില്ല.
ഇവിടെ എത്തിയ ശേഷമാണ് വലിയ ജീവഹാനിയെക്കുറിച്ചും രണ്ടായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന വിവരവും അറിയുന്നത്- അദ്ദേഹം എക്സിൽ കുറിച്ചു. വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 19 പാലങ്ങളെങ്കിലും തകർന്നു, ബെത്രാവതി-രസുവഗാധി ഹൈവേയുടെ 40 കിലോമീറ്റർ ഒലിച്ചുപോയി, എട്ട് ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചു -തരൂർ പറഞ്ഞു.
National
കൊച്ചി: സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്ജിയില് സത്യവാങ്മൂലം സമര്പ്പിക്കാത്ത നടപടിയില് സംസ്ഥാനസര്ക്കാരിനെ വിമര്ശിച്ച് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള് അറിയിക്കണമെന്ന് കോടതി നിര്ദേശിച്ചതിനെത്തുടര്ന്ന് കേന്ദ്രസര്ക്കാര് സത്യവാങ്മൂലം സമര്പ്പിച്ചെങ്കിലും സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിമര്ശനമുണ്ടായത്.
പിന്നാക്കവിഭാഗങ്ങളിലെ അര്ഹരായവര്ക്കു മുഴുവന് സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണ പട്ടിക പുതുക്കാന് സാമൂഹിക, സാമ്പത്തിക സര്വേ നടപടികള് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അടിയന്തരമായി പൂര്ത്തിയാക്കണമെന്ന 2010ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്സ് പ്ലാനിംഗ് ആന്ഡ് വിജിലന്സ് കമ്മീഷന് ട്രസ്റ്റ് സമര്പ്പിച്ച കോടതിയലക്ഷ്യ ഹര്ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സെപ്റ്റംബര് എട്ടിനകം സത്യവാങ്മൂലം സമര്പ്പിക്കണമെന്നു സംസ്ഥാന പിന്നാക്ക വികസന ഡയറക്ടര്ക്കും പിന്നാക്കവിഭാഗ കമ്മീഷന് സെക്രട്ടറിക്കും കോടതി നിര്ദേശം നല്കി.
ആറു മാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സര്വേ നടത്തി സംവരണപ്പട്ടിക പുതുക്കല്നടപടികള് പൂര്ത്തിയാക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കായിരുന്നു നിര്ദേശം. എന്നാല്, 2021ലെ 105 -ാം ഭരണഘടനാ ഭേദഗതിക്കുമുമ്പായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്കുശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനസര്ക്കാരുകള്ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്ക്കാര് സത്യവാങ്മൂലം നല്കിയിരിക്കുന്നത്.
2017ലെ കോടതി നിര്ദേശപ്രകാരം 2011ലെ സാമൂഹിക,സാമ്പത്തിക, ജാതി സെന്സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള് സംബന്ധിച്ച റിപ്പോര്ട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് 2023 മേയ് 23ന് കൈമാറിയതായി സത്യവാങ്മൂലത്തില് പറയുന്നു.
ഹര്ജിയിലെ ആവശ്യവുമയി ബന്ധപ്പെട്ട വിവരങ്ങളായതിനാല് കേന്ദ്ര സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങള്ക്കൂടി പരിഗണിച്ചു വേണം സത്യവാങ്മൂലം സമര്പ്പിക്കേണ്ടതെന്ന് സംസ്ഥാന സര്ക്കാരിനു കോടതി നിര്ദേശം നല്കി. തുടര്ന്ന് ഹര്ജി സെപ്റ്റര് 11ന് പരിഗണിക്കാന് മാറ്റി.
Kerala
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ വിജയികളായ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ പാറ്റ പരാമർശത്തോടെ കുട്ടികളോട് വിവാദ ചോദ്യങ്ങൾ ഉന്നയിച്ച കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മേലിനെതിരെ പ്രതിഷേധം കനക്കുന്നു.
ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ് ഉൾപ്പെടെയുള്ള ഭരണകക്ഷിയിലുള്ളവരും പ്രതിപക്ഷത്തെ എംഎൽഎമാരും രൂക്ഷമായാണ് വിസയുടെ നടപടിയെ വിമർശിച്ചത്. മോഹൻ കുന്നുമ്മേൽ ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളഞ്ഞ് രാഷട്രീയക്കാരനായി അധപതിച്ചുപോയെന്നാണ് കോണ്ഗ്രസിലെയും എൽഡിഎഫിലെയും നേതാക്കൾ ആരോപിക്കുന്നത്.
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്നും വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കാൻ ബിജെപി എംഎൽഎ വി. മുരളീധരൻ സംഘടിപ്പിച്ച വിജയതാരകം പരിപാടിയിലായിരുന്നു മോഹനൻ കുന്നുമ്മേൽ പാറ്റ പരാമർശം നടത്തിയത്. കുട്ടികളോട് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ആരും മറുപടി പറഞ്ഞിരുന്നില്ല.
ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി ഭരണ- പ്രതിപക്ഷ അംഗങ്ങൾ വിമർശനവും പ്രതിഷേധവുമായി രംഗത്തെത്തിയത്.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിന് ഹൈക്കോടതി വിമർശനം. നേരിട്ട് ഹാജരാകാനുള്ള കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ വഴി അവധി അപേക്ഷ നൽകിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണെന്നും വില്ലേജ് ഓഫീസല്ലെന്നും ജസ്റ്റീസ് ബദറുദ്ദീൻ വിമർശിച്ചു.
ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനമെടുത്തത് അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി നിർദേശം. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരനായ ദിപിൻ എടവനയോട് ഹൈക്കോടതി നിർദേശിച്ചു.
മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതെന്നും ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹർജിയിലുള്ളത്.
National
ന്യൂഡല്ഹി: എഥനോള് കലര്ത്തിയ പെട്രോള് രാജ്യത്താകെ നിര്ബന്ധമാക്കിയതു വാഹനങ്ങളും ജനങ്ങളുടെ ജീവിതവും നശിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി. ഇ20 പെട്രോള് ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കോണ്ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇ20 യുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമേറിയതാണ്. പരിപ്പില് എന്തോ കുഴപ്പമുണ്ടെന്നു സാധാരണ പറയാറുണ്ട്. എന്നാലിവിടെ പരിപ്പ് മുഴുവന് കറുത്തതാണ്” (ദാല് മേം കുച്ച് കാലാ ഹേ, മഗര് യഹാം പൂരീ ദാല് ഹീ കാലീ ഹേ)-ഇ20 പെട്രോള് നിര്ബന്ധമാക്കിയതില് വന് അഴിമതിയുണ്ടെന്ന സൂചനയോടെ രാഹുല് പറഞ്ഞു. ഇ20 പെട്രോള് നയത്തിനെതിരായ വിമര്ശനം ശക്തമാക്കിയ രാഹുല് ഇന്നലെ എക്സില് പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
വളരെയധികം അഴിമതി നടക്കുന്നതിനാല് തനിക്കും പാര്ട്ടിക്കും സമര ക്രമീകരണം നടത്തേണ്ടതായി വന്നിരിക്കുകയാണെന്നും രാഹുല് വ്യക്തമാക്കി. ക്രമീകരിക്കേണ്ട കാര്യങ്ങളുടെ പട്ടിക വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാനും അവരുടെ വാഹനങ്ങള് നശിപ്പിക്കാനുമാണ് ഇ20 ഇന്ധന മിശ്രണ നയത്തിലൂടെ ലക്ഷ്യമിടുന്നത്. അക്ഷരാര്ഥത്തില് ജനങ്ങളില്നിന്നു നേരിട്ടു പണം തട്ടിയെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
ഇ20 പെട്രോള് നിര്ബന്ധമാക്കിയതിനെതിരേ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില് ആം ആംദ്മി പാര്ട്ടിയും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കേജരിവാള് കഴിഞ്ഞദിവസം നടത്തിയ മാര്ച്ച് പോലീസ് തടഞ്ഞിരുന്നു. എല്ലാ പമ്പുകളിലും ഉപഭോക്താക്കള്ക്കു ശുദ്ധമായ പെട്രോള് കൂടി നല്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
ഇ20 പെട്രോള് ഉപയോഗം വാഹനങ്ങളുടെ റബര് ഭാഗങ്ങള്ക്കും മറ്റും കേടു വരുത്തുമെന്ന് ആദ്യം പറഞ്ഞ വാഹന നിര്മാതാക്കളുടെ സംഘടനയായ (സിയാം- സൊസൈറ്റി ഓഫ് ഇന്ത്യന് ഓട്ടോമൊബൈല് മാനുഫാക്ചറേഴ്സ്) പിന്നീടത് പിന്വലിച്ചു.
അതേസമയം, ഇ20 പെട്രോള് ഗുണനിലവാര മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെന്ന് സര്ക്കാരും എണ്ണക്കമ്പനികളും അവകാശപ്പെട്ടു. വാഹനങ്ങളുടെ മൈലേജ് അല്പം കുറയാന് സാധ്യതയുണ്ടെന്ന് സര്ക്കാര് സമ്മതിക്കുന്നുണ്ടെങ്കിലും വ്യാപകമായ എന്ജിന് തകരാറുകള് ഉണ്ടാകുമെന്ന വാദം തള്ളിക്കളഞ്ഞു.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില് പ്രോസിക്യൂഷന് ഉത്തരവ് പ്രതി ആര്. ചന്ദ്രശേഖരന് ചോര്ത്തി നല്കിയത് മനഃപൂര്വമാണെന്ന് ഹൈക്കോടതി. കേസില് പ്രതിയായ കെ.എ. രതീഷിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്ശം.
കേസില് സര്ക്കാര് നല്കിയ പ്രോസിക്യൂഷന് അനുമതിയുടെ പകര്പ്പ് ആദ്യം ആര്. ചന്ദ്രശേഖരനാണ് ലഭിച്ചത്. പിന്നാലെ ചന്ദ്രശേഖരന് വാര്ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ വിമര്ശനം.
ഉത്തരവിന്റെ പകര്പ്പ് മനപൂര്വ്വം നല്കിയതാണെന്നും അതില് ആര്ക്കും സംശയമില്ലെന്നും ജസ്റ്റീസ് എ. ബദറുദീന് വിമര്ശിച്ചു. ഉത്തരവ് ചോര്ന്നതില് അന്വേഷണം നടക്കുന്നുണ്ടെന്ന് സര്ക്കാര് മറുപടി നല്കി.
അഴിമതി കേസുകളില് ഉള്പ്പെട്ട ആളുകളെ നിയമിക്കുമ്പോള് സര്ക്കാര് കൂടുതല് ജാഗ്രത പാലിക്കണമെന്നും അത്തരം നിയമനങ്ങള് സര്ക്കാരിനെ കളങ്കപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹര്ജി അടുത്ത ആഴ്ച പരിഗണിക്കാന് മാറ്റി.
അതേസമയം, കെ.എ. രതീഷ് രാജിവെച്ച കാര്യം സര്ക്കാര് കോടതിയെ അറിയിച്ചു. അഴിമതിക്കേസില് വിചാരണ കാത്തുനില്ക്കുന്ന ഒരു പ്രതി എങ്ങനെയാണ് സര്ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതെന്ന് ഹൈക്കോടതി വിമര്ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
Movies
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തര് മന്തറിൽ നടന്ന സമരത്തെക്കുറിച്ച് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. താൻ ഉദേശിച്ചത് തെറ്റായ രീതിയിലാണ് പലരും വ്യാഖ്യാനിച്ചതെന്ന് പേളി സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. വിദ്യാർഥികളുടെയും പോലീസുകാരുടെയും സുരക്ഷയെക്കുറിച്ചോർത്ത് താൻ പങ്കുവച്ച കുറിപ്പാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്നും പേളി പറഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും പേളിയുടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാനായില്ല എന്നാണ് കമന്റ് ബോക്സിൽ നിന്നും സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ക്ലാരിഫിക്കേഷൻ വീഡിയോ തികച്ചും അഭിനയമാണെന്നു നിരവധി പേർ കമന്റ് ചെയ്തു. പോയ ഫോളോവേഴ്സ് ഇനി തിരിച്ചു വരില്ലെന്നും സാഫ്രോൺ ചേച്ചി എന്നും തുടങ്ങി കടുത്ത വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഈ വിശദീകരണത്തിന് മറ്റൊരു വിശദീകരണം പറയേണ്ടി വരുമെന്നും പരിഹാസമുയർന്നു. കേരള ഹൗസ് സിനിമയിൽ ജയിലിൽ നിന്നിറങ്ങുന്ന കൊച്ചിൻ ഹനീഫ കത്ത് വായിക്കുന്ന ടോണിലാണ് പേളി വീഡിയോ ചെയ്തതെന്നും ചിലർ വിമർശിക്കുന്നു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപിയുടെ പാർലമെന്റ് മാർച്ചിനു നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ പോലീസിനെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിത അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് വ്യക്തമാക്കി.
പോലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ കടുത്ത താക്കീത്. കേസിൽ വിശദമായ വാദം ചൊവ്വാഴ്ച കേൾക്കുമെന്ന് കോടതി അറിയിച്ചു. അതിനിടെ സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഒരു ജവാനാണെന്ന് സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിഷേധത്തിനു നേരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. മാർച്ച് നേരിട്ടതിൽ അടിമുടി ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ആർഎഎഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു. മാർച്ച് നിയന്ത്രിക്കാൻ വിന്യസിച്ച ഉദ്യോഗസ്ഥർക്ക് മതിയായ നിർദേശങ്ങൾ നൽകുന്നതിൽ വീഴ്ചപറ്റി.
സേനാംഗങ്ങൾ പലരും സ്വയം സുരക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾ പോലും പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സമരക്കാരെ നേരിടുന്ന സേനാംഗങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിന് സേന കർശന നിയന്ത്രണവും ഏർപ്പെടുത്തി.
Kerala
മലപ്പുറം: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കുഞ്ഞാലിക്കുട്ടി അവഗണിക്കുകയാണെന്ന് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.
മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് മുന്നണി ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്ന വിമർശനങ്ങൾ ഉയർന്നത്. ഏതെങ്കിലും വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയാണെന്നും ഇടനിലക്കാരില്ലാതെ അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
വികസന ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യത്തിലോ മറ്റ് സുപ്രധാന വിഷയങ്ങളിലോ യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല. പൊതുപരിപാടികളിൽ കോൺഗ്രസ് നേതാക്കളെ നിരന്തരം അവഗണിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി വലിയ പ്രതീക്ഷയോടെ ഓടിനടന്ന് പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ നിലവിൽ തീർത്തും നിരാശരാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
Movies
ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മഞ്ഞുമ്മൽ ബോയ്സ് തഴയപ്പെട്ടതിൽ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ. പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണമെന്നും ചന്തു തുറന്നടിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തുവിന്റെ വിമർശനം.
2050ൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപ്പിക്കുക. അവർ ദേശീയ അവാർഡ് ജേതാക്കളുടെ പട്ടികയിലൂടെ കടന്നുപോവുകയും പ്രശംസിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ അന്നത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്നോ അവർക്കറിയില്ല. സ്ക്രീനിൽ കാണുന്നത് മാത്രം അവർ വിലയിരുത്തും.
മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരമുള്ള പല ചിത്രങ്ങൾക്കും അംഗീകാരം ലഭിക്കുകയും ചെയ്തെങ്കിൽ, അവർ സ്വാഭാവികമായും എന്തുകൊണ്ടെന്ന് ചോദിക്കും.
പ്രതിഭയേക്കാൾ ഭരണകക്ഷിയുമായുള്ള അടുപ്പം അവാർഡുകളെ സ്വാധീനിച്ചു എന്നതാണ് ആളുകൾ നൽകുന്ന ഉത്തരമെങ്കിൽ, ചരിത്രം അതാവും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലനിൽക്കാം, പക്ഷേ അത് എങ്ങനെ നേടി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നിലനിൽക്കും.
പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്. അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായി നിലകൊള്ളണം.
അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ, ചരിത്രം ഇവയെ അക്കാലത്തെ മികച്ച ചിത്രങ്ങളായി ഓർക്കില്ല. പ്രതിഭയേക്കാൾ അധികാരത്തിന് പ്രാധാന്യം നൽകിയപ്പോൾ വിജയിച്ച ചിത്രങ്ങളായിട്ടായിരിക്കും അവയെ ഓർമ്മിക്കുക.
‘നാഷനൽ സിനിമാറ്റിക് അവാർഡ്സ്’ എന്ന ഹാഷ്ടാഗോടെയാണ് ചന്തു സലിംകുമാറിന്റെ പോസ്റ്റ്. നിരവധി പേർ ചന്തുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ പോലെ നിരൂപകപ്രശംസ നേടിയ സിനിമകൾക്ക് ഒരു പുരസ്കാരം പോലും ലഭിച്ചില്ല എന്നതാണ് സിനിമാപ്രേമികളെ നിരാശരാക്കിയത്.
National
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാച്ഛാദനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
“നിങ്ങളാണ് എല്ലാമെന്നു കരുതരുത്, എല്ലാം മന്നത്ത് പദ്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണു പ്രസിഡന്റ്, ഞാനാണു സെക്രട്ടറി അതുകൊണ്ട് അവർ വരരുത്, നിങ്ങൾ വരരുത് എന്നു പറയരുത്. എല്ലാവർക്കും വരാനാകണം’’-എന്നായിരുന്നു പ്രസംഗത്തിനിടയിൽ സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു എൻഎസ്എസ് നേതൃത്വം അത്തരമൊരു തീരുമാനമെടുത്തത്. ബംഗാൾ ഗവർണറായിരിക്കേ തനിക്കും പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതായി സി.വി. ആനന്ദബോസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പിനുശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെരുന്നയിലെ പ്രശ്നങ്ങൾക്കു ഡൽഹിയിലെ സ്മൃതിമണ്ഡപം ഒരു ബദലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസ് അസുഖങ്ങളെത്തുടർന്ന് പങ്കെടുത്തില്ല. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, മന്നത്തിന്റെ ചെറുമകൾ എസ്. നീരദ തുടങ്ങിയവർ പ്രസംഗിച്ചു.
National
ചെന്നൈ: ജനനായകൻ സിനിമാ നിർമാതാവിന് സർക്കാർ പദവി നൽകി വിജയ് സർക്കാർ. സിനിമ നിർമാതാവായ കെ. വെങ്കട്ടനാരായണയെ ഡഹിയിൽ തമിഴ്നാട് സർക്കാർ പ്രതിനിധിയായാണ് നിയമനം നൽകിയത്. നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
ജനനായകൻ സിനിമാ നിർമാതാവും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. വെങ്കട്ടരമണ ബംഗലൂരുവിൽ സ്ഥിരതാമസമായ വെങ്കട്ടനാരായണയ്ക്ക് ഒരു വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്.
വിജയ്യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകൻ സിനിമ നിർമിച്ചാൽ പ്രശ്നങ്ങൾ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിർമാതാവിന് 500 കോടിയുടെ നഷ്ടമെന്നാണ് കോടതിയിൽ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി. മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചിൽ വിജയ് പറഞ്ഞത്. തുടർന്നാണ് വെങ്കട്ടരമണയ്ക്ക് ഇപ്പോൾ സർക്കാർ പദവി നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അവതാര പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.
ഭരണത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുകയാണ് വേണ്ടതെന്നും ആദ്യം ചെയ്യേണ്ടത് അതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഭരിക്കുമ്പോൾ അവതാരങ്ങൾ അടുത്തുകൂടാൻ നോക്കുമെന്നും അവരെ അകറ്റി നിർത്തുകയാണ് വേണ്ടതെന്നുമുള്ള പിണറായിയുടെ വർഷങ്ങൾക്ക് മുന്നേയുള്ള പ്രസംഗം മുൻ നിർത്തിയാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം അവതാര പ്രയോഗം നടത്തിയത്.
Kerala
കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും വിമർശനം ഉയർന്നു.
ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങൾ പറയുന്നതാണ് അദ്ദേഹം കേൾക്കുന്നതെന്നുമായിരുന്നു വിമർശനം. ബിനോയ് വിശ്വത്തെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം.
സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേർക്ക് ശക്തമായ വിമർശനം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Kerala
കോട്ടയം: നൂറ്റിനാല്പതു വര്ഷം മുടക്കമില്ലാതെ പ്രസാധനം ചെയ്യപ്പെടുന്ന ദീപിക ഒരു വിസ്മയമാണ്. 140 വര്ഷം മുമ്പ് എന്റെ ഗ്രാമത്തില് വൈദ്യുതി വെളിച്ചം എത്തിയിരുന്നില്ല. മൂന്നാം ക്ലാസ് വരെ പഠിച്ചവരും ഗ്രാമത്തിലുണ്ടായിരുന്നില്ല. ഗ്രാമത്തില് പത്താം ക്ലാസ് പാസായ ആദ്യത്തെയാള് എന്റെ അച്ഛനായിരുന്നു. ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷ ഉദ്ഘാടനപ്രസംഗത്തില് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഓര്മകള് പങ്കുവച്ചു.
വിമര്ശനങ്ങളെ ഉള്ക്കൊള്ളാന് ജനപ്രതിനിധികള്ക്ക് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അദ്ദേഹത്തിന്റെ പ്രസംഗത്തില് പറഞ്ഞതിനെ ഉപരാഷ്ട്രപതി പിന്തുണച്ചു. വിമര്ശനങ്ങളുണ്ടായാല് മാത്രമേ സമൂഹത്തില് സത്യം പുലരുകയുള്ളു. ഇഷ്ടമുള്ളവരെ പ്രകീര്ത്തിക്കുകയും ഇഷ്ടമില്ലാത്തവരെ വിമര്ശിക്കുകയും ചെയ്യുന്നതില് കാര്യമില്ല. തെറ്റുകാണിക്കുന്ന ഭരണാധികാരികളെ മാന്യമായ ഭാഷയില് വിമര്ശിക്കുന്നതാണ് പത്രധര്മം.
ലോകത്തിലെ തന്നെ ഏറ്റവും ക്ലേശകരമായി ജോലിയിലൊന്നാണ് രാഷട്രീയപ്രവര്ത്തനം. അസാധ്യമായത് സാധ്യമാക്കുകയെന്നതാണ് രാഷ്ട്രീയപ്രവര്ത്തനത്തിന്റെ പൊരുള്. പൗരന്മാരെന്ന നിലയില് നേതാക്കളെയും ഭരണാധികളെയും വിമര്ശിക്കാന് ജനങ്ങള്ക്ക് കടമയും അവകാശവുമുണ്ട്. തെറ്റു തിരുത്തും വരെ വിമര്ശനം തുടരുകയും വേണം. ദീപിക ധാര്മികതയില് ഉറച്ച് പത്രധര്മം നിറവേറ്റുന്നുണ്ടെന്ന തിരിച്ചറിവാണ് ഈ ചടങ്ങിലേക്ക് വരാന് എനിക്കു നിമിത്തമായത്.
കാലാവസ്ഥ മോശമാണെങ്കില് ഹെലികോപ്റ്ററില് കൊച്ചിയില്നിന്ന് കോട്ടയത്തേക്ക് പോകാനാകുമോ എന്ന് പ്രിന്സിപ്പൽ സെക്രട്ടറി ശനിയാഴ്ച രാത്രി എന്നോട് ആശങ്ക പറഞ്ഞിരുന്നു. വേണ്ടിവന്നാല് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്ര റോഡ് മാര്ഗമാക്കാമെന്ന് ഞാന് നിര്ദേശിച്ചു. അതിനുള്ള ക്രമീകരണങ്ങള് ഉടന് ചെയ്യാന് ഞാന് പറഞ്ഞു. കാലാവസ്ഥ അനുകൂലമായതോടെ എനിക്കും ഗവര്ണര്ക്കും മുഖ്യമന്ത്രിക്കും ഒരുമിച്ച് ഹെലികോപ്റ്ററില് ഇവിടേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരാന് കഴിഞ്ഞതില് സന്തോഷം.
നസ്രാണി ദീപിക ആദ്യമായി അച്ചടിച്ച മരപ്രസ് കാണാനിടയായപ്പോള് എനിക്കു വിസ്മയം തോന്നി. ഇന്നും അത് ഭദ്രമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതില് സന്തോഷം തോന്നി. മാധ്യമങ്ങള്ക്കുമുണ്ട് ഒരു മിഷന് ദൗത്യം. ജനങ്ങളുടെ അവകാശ സംരക്ഷണം, പാര്ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം, സാമൂഹിക നീതി ഉറക്കാക്കല്, മതസൗഹാര്ദം ഊട്ടിവളര്ത്തുക എന്നിവയൊക്കെ ഇതില് പ്രധാനമാണ്. സ്വന്തം സമുദായത്തിന്റെ ഉന്നമനംപോലെ മറ്റു സമുദായങ്ങളുടെ ഉന്നമനത്തിലും നാം ലക്ഷ്യം വയ്ക്കണം.
വസുധൈവകുടുംബകം എന്നത് അപ്പോള് മാത്രമേ സാധ്യമാകു. മാനവികതയും സമൂഹനന്മയും പുലരണം. തെറ്റും ശരിയും എന്താണെന്ന് സമൂഹത്തെ അറിയിക്കുന്നതില് ദീപിക സത്യസന്ധമായ പത്രപ്രവര്ത്തനമാണ് നടത്തുന്നത്. പത്രം ഉടമയുടെ നിലപാടില് അധിഷ്ഠിതമായി മാത്രമേ പല മാധ്യമങ്ങളിലും റിപ്പോര്ട്ടര്മാര്ക്കും എഡിറ്റര്മാര്ക്കും പ്രവര്ത്തിക്കാനാകൂ. എന്നാല് ദീപിക വസ്തുതയില് അധിഷ്ഠിതമായ വാര്ത്ത സത്യസന്ധമായി തയാറാക്കാന് റിപ്പോര്ട്ടര്മാര്ക്ക് സ്വാതന്ത്ര്യം നല്കുന്ന പത്രമാണ്.
വാര്ത്തയില് വെള്ളം ചേര്ക്കാന് ദീപിക അനുവദിക്കില്ല. ശാസ്ത്രവികസനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയവയില് വലിയ ചലനങ്ങള് സൃഷ്ടിക്കാന് മാധ്യമങ്ങള് ചാലകശക്തിയാണ്. ജനങ്ങളില് ശുഭാപ്തിവിശ്വാസം ജനിപ്പിക്കുകയെന്നത് വലിയ പത്രധര്മമാണ്. ഒരുമയോടെ നിലകൊണ്ട് ദേശ വികസനസംരംഭങ്ങളില് പങ്കാളികളാകാന് ജനങ്ങള് മുന്നോട്ടുവരണമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ബോധിപ്പിച്ചു.
Kerala
കോട്ടയം: താന് ഉള്പ്പെടെയുള്ള ഭരണകര്ത്താക്കള് വിമര്ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്ശനങ്ങള് ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കോട്ടയം മാമ്മന് മാപ്പിള ഹാളില് ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള് വ്യക്തമാക്കുന്നത്. എല്ലാവര്ക്കും അഭിപ്രായം പ്രകടിപ്പിക്കാന് സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
അതുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്ശനങ്ങള് ഉണ്ടാകുമ്പോള് തെറ്റുതിരുത്താന് തയാറാകണം. അത്തരമൊരു തിരുത്തല് ശക്തിയായി മുന്നോട്ടുപോകാന് കേരളത്തിലെ മാധ്യമങ്ങള്ക്ക് കഴിയട്ടെ. അതില് നിര്ണായ പങ്കുവഹിക്കാന് ദീപികയ്ക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോഴുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ വസ്ത്രധാരണം വിമർശനങ്ങളേറ്റുവാങ്ങുന്നു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വെള്ള ഷർട്ടും കറുത്ത ബ്ലേസറുമിട്ടാണ് വിജയ് എത്തിയത്.
എന്നാൽ, ഷർട്ടിന്റെ ആദ്യ ബട്ടണുകൾ ഇടാത്തതിനാൽ ഇതിനുള്ളിൽ വിജയ് ധരിച്ച ബനിയൻ കാണുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോൾ കുറച്ച് ശ്രദ്ധ കാണിക്കണമെന്ന് ഒരു പറ്റം വിമർശിക്കുന്നു. എന്നാൽ വിജയ് വളരെ റിലാക്സ്ഡ് ആയിട്ടാണ് പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നും ചിലപ്പോൾ അത് ശ്രദ്ധിച്ചുകാണില്ലെന്നും മറ്റൊരു കൂട്ടർ വാദിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളില്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ബ്ലേസറിനൊപ്പം ധരിച്ച ഷർട്ട് അലസമായിട്ടതാണ് ചിലരെ ചൊടിപ്പിച്ചത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ വിമർശനം. സി.കെ.ചന്ദ്രപ്പനുശേഷം സിപിഐയ്ക്ക് കൊള്ളാവുന്ന സെക്രട്ടറിയില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ചിഞ്ചു റാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മന്ത്രിയായത് വിഭാഗീയതയുടെ ഫലമാണ്. സിപിഐ സിപിഎമ്മിന്റെ ബി ടീമാണ്. പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു.
പിണറായിക്ക് ലാളിത്യമില്ല. തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നുമാണ് വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റാണെന്നും അംഗങ്ങൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ ചേരിപ്പോരും തമ്മിൽതല്ലും. ബിജെപിയിൽ നിന്ന് ചിലർ പണം പറ്റിയെന്നും ഇത് തോൽവിക്ക് കാരണമായെന്നും വിമർശനം ഉയർന്നു.
എം.വി.ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്തരം ഒരു വിമർശനം ഉയർന്നത്. പാർട്ടി കമ്മീഷനെ വച്ചാൽ തെളിവുകൾ നൽകാൻ തയാറാണെന്നും ഒരു വിഭാഗം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പാർട്ടിയെ തളർത്തുമെന്ന് ചിലർ വ്യക്തമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മണ്ഡലം പിടിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
Movies
തമിഴ്നാട് മന്ത്രിസഭാ തീരുമാനങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിശാൽ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങളാണ് വിശാൽ ചോദ്യം ചെയ്തത്.
എഗ്മൂർ എംഎൽഎ രാജ്മോഹനാണ് ഫിലിം ടെക്നോളജി ആൻഡ് സിനിമാറ്റോഗ്രാഫ് ആക്ട് വകുപ്പ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ സിനിമയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള മുഖ്യമന്ത്രി വിജയ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ എക്സിൽ കുറിച്ചു.
മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകിയതിനു പിന്നാലെയാണ് വിശാലിന്റെ വിമർശനം.
തമിഴ് സിനിമാ മേഖല നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തര പരിഷ്കാരങ്ങൾ ആവശ്യമാണെന്നും വിശാൽ ചൂണ്ടിക്കാട്ടി.
രാജ്മോഹനെ തരംതാഴ്ത്തി പറയുകയല്ലെന്നും എന്നാൽ സിനിമാ സംഘടനകളുടെയും നിർമാതാക്കളുടെയും പ്രശ്നങ്ങൾ നേരിട്ടറിയാവുന്ന ഒരാളാണ് ഈ പദവിയിൽ വരേണ്ടതെന്നും വിശാൽ വ്യക്തമാക്കി.
തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാൻ മൂന്ന് ആവശ്യങ്ങളാണ് വിശാൽ മുഖ്യമന്ത്രി വിജയ്യുടെ മുന്നിൽവച്ചത്. ജനങ്ങളുടെ ബാധ്യത കുറയ്ക്കുന്നതിനും സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്നതിനുമായി സർക്കാർ മേൽനോട്ടത്തിൽ സിനിമ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുക.
‘ഒരു രാജ്യം ഒരു നികുതി’ എന്ന നയം നിലവിലുണ്ടായിട്ടും തമിഴ്നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്ന ഇരട്ട നികുതി സമ്പ്രദായം നിർത്തലാക്കുക. കഴിഞ്ഞ ഒൻപത് വർഷമായി പരിഹരിക്കപ്പെടാത്ത ചെറുകിട ബഡ്ജറ്റ് സിനിമകൾക്കുള്ള സബ്സിഡി തുക വർധിപ്പിക്കുക എന്നിവയാണവ.
Kerala
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാർട്ടി നേരിട്ട പ്രതിസന്ധികൾക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോയെന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.
Kerala
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിനു പിന്നാലെ ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം.
തെരഞ്ഞെടുപ്പ് പരാജയം മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ മേൽ മാത്രം ചുമത്തേണ്ടെന്നും എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമുള്ള ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന വരെ വിമർശന വിധേയമായി.
കൂട്ടായ ഉത്തരവാദിത്വം പാർട്ടി പ്രവർത്തനങ്ങളിൽ എല്ലാവർക്കുമുണ്ടെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിൽ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശൈലി പ്രധാന കാരണമായെന്നായിരുന്നു വിമർശനം. ഇത്തരത്തിലുള്ള ശൈലി തിരുത്തിയേ മതിയാകൂ എന്നും നിർദേശമുയർന്നു.
പരാജയപ്പെടുമ്പോൾ എല്ലാക്കാലത്തും ‘ഞങ്ങൾ പരിശോധിച്ചു വരികയാണ്, പഠിച്ച ശേഷം ആവശ്യമെങ്കിൽ തിരുത്തും’ തുടങ്ങിയ പ്രസ്താവനകളിൽ കാര്യമില്ല. വോട്ടുകളുടെ കണക്കുനിരത്തി പാർട്ടിയുടെ അടിത്തറ ശക്തമാണ് എന്നൊക്കെ പറയുന്ന പതിവുരീതിക്കു പകരം വസ്തുതകൾ വസ്തുതകളായി കാണാന് തയാറാകണം. പാർട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പലപ്പോഴും പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും ആരോപണം ഉയർന്നു.
സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുമ്പോഴും പ്രവർത്തകരിൽ ചങ്കിടിപ്പേറുന്നുണ്ട്. എന്താണ് അദ്ദേഹം പറയുക എന്നകാര്യത്തിൽ അദ്ദേഹത്തിനുതന്നെ ഉറപ്പില്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ കാണുമ്പോൾ സെക്രട്ടറി കൂടുതൽ ജാഗ്രത പാലിക്കണമെന്നും വിമർശനം ഉയർന്നു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനെതിരേയും രൂക്ഷവിമർശനം ഉയർന്നു. പയ്യന്നൂരിലെ പാർട്ടിക്കുള്ളിലെ ഫണ്ട് ക്രമക്കേട് ഉൾപ്പെടെയുള്ളത് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിക്കാട്ടിയപ്പോഴും ആരോപണവിധേയനോട് ചേർന്നുനിന്ന പാർട്ടി നിലപാട് ജനങ്ങളിൽ പാർട്ടിവിരുദ്ധ വികാരം ഉയർത്താൻ ഇടയാക്കി.
പ്രശ്നം പാർട്ടിക്കുളളിൽ പരിഹരിക്കപ്പെടാൻ ശ്രമിക്കേണ്ടവർ ഇതിനു തയാറായില്ല. ആരോപണവിധേയനായ വ്യക്തിയെതന്നെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ താൻ മത്സരിക്കുമെന്ന് വി. കുഞ്ഞികൃഷ്ണൻ നടത്തിയ പ്രഖ്യാപനത്തെ പാർട്ടി വേണ്ടരീതിയിൽ ഉൾക്കൊള്ളാഞ്ഞതാണ് പയ്യന്നൂരിൽ തോൽവിക്കു കാരണമെന്നും വിമർശനം ഉയർന്നു.
ടി.കെ. ഗോവിന്ദൻ ഉന്നയിച്ച തളിപ്പറമ്പിലെ സ്ഥാനാർഥിവിഷയം വേണ്ട രീതിയിൽ ഉൾക്കൊള്ളാഞ്ഞത് അവിടുത്തെ പരാജയത്തിലേക്ക് നയിച്ചു. തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ വേണ്ട നീക്കങ്ങൾ ഉണ്ടായില്ലെന്നു മാത്രമല്ല ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടാലും ഒരു കുഴപ്പമില്ലെന്നും ടി.കെ. ഗോവിന്ദനൊപ്പം ടി.കെ. ഗോവിന്ദൻ മാത്രമേ ഉണ്ടാകൂ എന്ന എം.വി. ജയരാജന്റെ അഭിപ്രായ പ്രകടനവും പാർട്ടി അനുഭാവികളെ പ്രകോപിച്ചതായും ചിലർ ചൂണ്ടിക്കാട്ടി. യോഗം ഇന്നും തുടരും.
Kerala
കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പില് പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില് ചേര്ന്ന സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനവുമായി നേതാക്കൾ.
പയ്യന്നൂര്, തളിപ്പറമ്പ് വിഷയങ്ങളില് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാടിനെതിരേ കടുത്ത വിമര്ശനം ഉയര്ന്നതായാണ് സൂചന. ജില്ലാ സെക്രട്ടറിയുടെ നിലപാടുകള് പ്രശ്നം കൂടുതല് വഷളാക്കിയെന്ന ആരോപണവും ഉയർന്നു. യോഗം രാത്രി വൈകും വരെ നീണ്ടു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ മുതിര്ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അഴീക്കോടന് മന്ദിരത്തില് യോഗം ചേര്ന്നത്.
പാര്ട്ടിയുടെ ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും യുഡിഎഫ് നേടിയ ഞെട്ടിക്കുന്ന വിജയമാണു യോഗത്തില് ചൂടേറിയ ചര്ച്ചയ്ക്കു വഴിയൊരുക്കിയത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച് പാര്ട്ടിവിട്ട വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില് യുഡിഎഫ് പിന്തുണയോടെ ജയിച്ചത് പാര്ട്ടിക്കു വലിയ ആഘാതമായി.
തളിപ്പറമ്പില്, എം.വി. ഗോവിന്ദന്റെ പിന്ഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്ഥിയാക്കിയതില് പ്രതിഷേധിച്ച് പാര്ട്ടി വിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദന് യുഡിഎഫ് പിന്തുണയില് ജയിച്ചതും ചര്ച്ചയായി.
പ്രത്യേകിച്ച് പയ്യന്നൂരില് ദീര്ഘകാലമായി നിലനില്ക്കുന്ന വിഭാഗീയതയും പ്രാദേശിക നേതൃത്വം അത് കൈകാര്യം ചെയ്ത രീതിയും ആഭ്യന്തര കലഹവും ഇത്തവണത്തെ തോല്വിക്ക് വഴിതെളിച്ചെന്ന് അംഗങ്ങള് ചൂണ്ടിക്കാട്ടി. പാര്ട്ടി പ്രവര്ത്തകരുടെയും അനുഭാവികളുടെയും വോട്ടില് ഉണ്ടായ വലിയ ചോര്ച്ച ചര്ച്ചയില് ചൂണ്ടിക്കാട്ടപ്പെട്ടു.
മട്ടന്നൂരില്നിന്ന് കെ.കെ. ശൈലജയെ മാറ്റി പേരാവൂരില് മത്സരിപ്പിച്ചതും പരാജയം ഏറ്റുവാങ്ങിയതും ധര്മടത്ത് ആറ് റൗണ്ട് വോട്ടെണ്ണല് കഴിഞ്ഞിട്ടും പിണറായി വിജയനു ലീഡ് ഉറപ്പിക്കാന് കഴിയാതിരുന്ന സ്ഥിതിയും യോഗം വിലയിരുത്തി. ഇന്നും നാളെയും ജില്ലാ കമ്മിറ്റി യോഗംകൂടി ചേരുന്നതോടെ ചര്ച്ചകളും വിമർശനങ്ങളും കൂടുതല് ശക്തമായി തുടരുമെന്നാണ് സൂചന.
Kerala
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ സംസ്ഥാന നേതൃത്വത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം. പിണറായി വിജയനെ മാറ്റിനിർത്തണമെന്നും പ്രതിപക്ഷ നേതാവായി മറ്റൊരാളെ കണ്ടെത്തണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം തയാറായില്ല.
പിണറായി വിജയന് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണ്. തോറ്റശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ലെന്നുമാണ് വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നു. പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ലായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തെരഞ്ഞെടുത്തതിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്.
International
ടെൽ അവീവ്: ഇസ്രേലി സൈനികൻ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തെ അപമാനിക്കുന്ന ചിത്രം കടുത്ത വിമർശനത്തിനിടയാക്കി.
തെക്കൻ ലബനനിൽ ഇസ്രേലി അതിർത്തിയോടു ചേർന്ന ഡെബെൽ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലാണു സംഭവം നടന്നത്. ഇസ്രേലി സൈനികൻ രൂപത്തിന്റെ ചുണ്ടിൽ സിഗരറ്റ് ഘടിപ്പിക്കാൻ ശ്രമിക്കുന്നതാണു ചിത്രത്തിലുള്ളത്.
ബുധനാഴ്ച പുറത്തുവന്ന ചിത്രം ഇസ്രേലി സൈനികർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നാണു റിപ്പോർട്ട്.
സൈനികന്റെ പ്രവൃത്തി ഇസ്രേലി മൂല്യങ്ങൾക്കു നിരക്കാത്തതാണെന്ന് ഇസ്രേലി സൈന്യം പ്രതികരിച്ചു. ഏതാനും ആഴ്ചകൾക്കു മുന്പാണ് ചിത്രം പകർത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സേന അറിയിച്ചു.
ഏപ്രിലിൽ ഇതേ ഗ്രാമത്തിൽത്തന്നെ ഇസ്രേലി സൈനികർ ക്രൂശിതരൂപം കൂടം ഉപയോഗിച്ചു തകർക്കുന്ന ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടു സൈനികർക്ക് 30 ദിവസത്തെ ജയിൽശിക്ഷ നല്കിയെന്ന് ഇസ്രേലി സേന അറിയിച്ചു.
അടുത്തിടെ ജറൂസലം നഗരത്തിൽ പട്ടാപ്പകൽ ഒരു കന്യാസ്ത്രീ ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം കോട്ടകളിലെ പരാജയത്തിലും വോട്ട് ചോർച്ചയിലും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പ്രതിക്കൂട്ടിലേക്ക്.
കെ.കെ. രാഗേഷിനെതിരേ ജില്ലയിൽ പോസ്റ്റർ പ്രചാരണവും സൈബർ ആക്രമണവും വ്യാപകമായി. രാഗേഷിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി പി. ജയരാജനെ തിരിച്ചു കൊണ്ടുവരണമെന്നാണു സൈബർ സഖാക്കളുടെ ആവശ്യം.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷിനു കഴിയാത്തതാണു സിപിഎം പാർട്ടി കോട്ടയായ പയ്യന്നൂരിൽ എൽഡിഎഫിനു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയപ്പോൾത്തന്നെ ശരിയായ കണക്ക് വിശദീകരിക്കാൻ പയ്യന്നൂരിലെ ഏരിയാ-ബ്രാഞ്ച്-ലോക്കൽ കമ്മിറ്റികളിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനു സാധിക്കാത്തതും പരാജയകാരണമായി ചൂണ്ടിക്കാണിക്കുന്നു.
തളിപ്പറന്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയ്ക്കെതിരേ ലോക്കൽ-ബ്രാഞ്ച് കമ്മിറ്റികളിൽ എതിർപ്പ് അറിയിച്ചപ്പോഴും നടപടി സ്വീകരിക്കാതെ ശ്യാമളയെത്തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെ, തളിപ്പറന്പ് എന്ന പാർട്ടിക്കോട്ടയിലും പരാജയം സിപിഎം രുചിച്ചറിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ വിജയം നേടാത്തത് സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെ.കെ. രാഗേഷിന്റെ പരാജയമായി ചൂണ്ടിക്കാട്ടുന്നു.
Movies
നടിയും ടെലിവിഷൻ താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുഖ്യമന്ത്രിയുടെ ഉപദേശങ്ങള് അനുസരിച്ചതുകൊണ്ട് തനിക്ക് നാട്ടില് ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം.
മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചത് കൊണ്ട് തനിക്ക് നാട്ടിലുണ്ടായിരുന്ന എല്ലാ സല്പ്പേരും നഷ്ടപ്പെട്ടുവെന്നും ശ്രീവിദ്യ പറയുന്നു.
ചൂട് കനക്കുന്നത് കാരണം പാലിക്കേണ്ട മുൻകരുതൽ എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞ നിർദേശങ്ങൾ പാലിച്ചതാണ് വിനയായതെന്ന് നടി പറയുന്നു.
11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്ദേശിച്ചിരുന്നു. ഈ നിർദേശം പാലിച്ചതാണ് തനിക്ക് വിനയായതെന്നാണ് പുതിയ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ നടി പറയുന്നത്. ‘‘പോയപ്പോ ആർക്ക് പോയി?? കുഞ്ഞമ്പു നായരുടെ മോൾക്ക് പോയി’’ എന്നാണ് വീഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
‘‘പ്രിയപ്പെട്ട കേരള ചീഫ് മിനിസ്റ്റര് പിണറായി വിജയന് സാര്, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇനി മുതല് നിങ്ങള് പറയുന്ന ഒരു കാര്യവും ഞാന് അനുസരിക്കില്ല. കാരണം കുറച്ചുദിവസങ്ങള്ക്ക് മുന്നേ നിങ്ങളൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
ചൂട് കൂടിവരുകയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മണി മുതല് മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞായിരുന്നു പോസ്റ്റ്. ഒരു കേരള സിവിലിയന് എന്ന നിലയ്ക്ക് ഞാന് അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു.
ഇന്ന് എന്റെ നാട്ടില് ഒരു തെയ്യം ഉണ്ടായിരുന്നു. ആ പോസ്റ്റിൽ സണ്ഗ്ലാസ് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. ഞാന് സണ്ഗ്ലാസ് വച്ചിട്ടാണ് പോയത്. കാരണം മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതാണ്. ഇപ്പോള് എന്നെ നാട്ടില് പറയുന്നതെന്താണെന്ന് അറിയാമോ? ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരമെന്ന്, കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനാ നടന്നിരുന്നത്? ഇപ്പോള് ഓള്ക്ക് സണ്ഗ്ലാസ് വച്ചാലേ തെയ്യത്തിനെ കാണൂന്ന്.
ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള് ഇത് വച്ചിട്ട് തെയ്യത്തിനെ കാണാന് പോവാന്ന് കരുതി. അതുവല്ല, മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുമ്പോള് പറയണ്ടേ, സണ്ഗ്ലാസ് വച്ചിട്ട് വരുന്ന പെണ്പിള്ളാരെയൊന്നും കുറ്റം പറയുന്ന നാട്ടുകാര്ക്ക് തക്കതായ ശിക്ഷ തരണമെന്ന്.
അതെന്താ നിങ്ങള് ഇടാത്തത്. ഞാനിപ്പോള് അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താ എന്റെ നാട്ടില്. ഞാനുണ്ടാക്കിയ എല്ലാ സല്പ്പേരും നിങ്ങള് കളഞ്ഞില്ലേ’’, ശ്രീവിദ്യ ചോദിച്ചു.
അതേസമയം തമാശരൂപേണ ശ്രീവിദ്യ പോസ്റ്റ് ചെയ്ത വീഡിയോക്ക് കടുത്ത വിമര്ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പറഞ്ഞ ഗൗരവകരമായ വിഷയങ്ങളെ തമാശയാക്കരുതെന്നാണ് കമന്റില് ഒരു വിഭാഗം പറയുന്നത്.
വിവരകേട് പറയല്ലെന്ന് ഒരു കൂട്ടർ പറയുന്നു. വൈറൽ ആകാൻ ശ്രമിക്കുകയാണോ, 'ബുദ്ധി ശൂന്യത ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്', 'ദാരിദ്ര്യം...എല്ലാവരും ഒന്ന് ചിരിച്ചു കൊടുത്തേ... , എന്നിങ്ങനെ പോകുന്നു കമന്റുകള്.
National
ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾക്ക് രാഷ്ട്രീയനിറം നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇതിനെതിരേ മുൻകാലങ്ങളിൽ എതിർപ്പ് ഉന്നയിച്ചവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അവർ ദീർഘകാലം വില നൽകേണ്ടിവരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
വിവിധ കാരണങ്ങളാൽ നടപ്പിലാക്കാൻ വൈകിപ്പോയ വനിതാ സംവരണ നിയമം നടപ്പിലാക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് ആവശ്യമായ മൂന്ന് ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിനെത്തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് ഒരു സംസ്ഥാനത്തിനും മണ്ഡല പുനർനിർണയത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. മണ്ഡല പുനർനിർണയത്തിന്റെ ഫലമായി ഒരു സംസ്ഥാനത്തെയും ലോക്സഭാ സീറ്റുകളുടെ അനുപാതം കുറയില്ല. സീറ്റുകളുടെ വർധനയും നിലവിലെ അനുപാതത്തിന് അനുസരിച്ചായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ബില്ലുകൾ പാസാക്കുന്നതിന്റെ പൂർണ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നൽകാമെന്നു പറഞ്ഞ മോദി, ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമായി ഇതിനെ കാണേണ്ടതില്ലെന്നും വ്യക്തമാക്കി. ദേശീയതാത്പര്യം മുൻനിർത്തിയുള്ള തീരുമാനമാണു സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകൾ ഭരണനിർവഹണത്തിന്റെ ഭാഗമാകുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
തൃശൂർ: സംസ്ഥാനത്തു ഭരണമാറ്റം ആവശ്യമാണെന്നു പറഞ്ഞ സാഹിത്യ അക്കാദമി പ്രസിഡന്റ കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നെന്നു പലവട്ടം പറഞ്ഞിട്ടുള്ള സച്ചിദാനന്ദന്റെ വിചിത്രമായ പ്രതികരണമായി കേരളമിതിനെ കണക്കാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്ന മുദ്രാവാക്യം തുടങ്ങിവച്ചത് എം.എൻ. കാരശേരിയാണ്. അതിന് ഇക്കുറി കൈപൊക്കുന്നതു സച്ചിദാനന്ദനും സാറാ ജോസഫുമാണ്. ഇന്നത്തെ കാന്പയിൻ സ്വഭാവം അന്നുണ്ടായിരുന്നില്ല. കോടികൾ മുടക്കി കനഗോലുവിനെ ഇറക്കി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന കോണ്ഗ്രസിന്റെ പ്രചാരണത്തിന് പല അടരുകളുണ്ട്. സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമൊക്കെ അതിന്റെ ഭാഗമാണ്.
ഇടതുപക്ഷത്തെ തകർത്ത് കോണ്ഗ്രസിനെ ഭരണമേൽപ്പിക്കുകയെന്നതു ബിജെപി തന്ത്രമാണ്. ഇതു തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദനും സാറാ ജോസഫും അറിഞ്ഞോ അറിയാതെയോ ഗൂഢപദ്ധതിയുടെ ഭാഗമാകുകയാണെന്നും കരിവെള്ളൂർ മുരളി കുറിച്ചു.
Kerala
തിരുവനന്തപുരം: വിമർശനത്തിന് താൻ അതീതനല്ലെന്നും സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും തന്നെ വിമർശിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ വർഗീയത ആരു പറഞ്ഞാലും എതിർക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ അവരെക്കുറിച്ചു പറയുമ്പോൾ പ്രായവും ഇരിക്കുന്ന സ്ഥാനവുമൊക്കെ നോക്കി അവർ ഉപയോഗിച്ച വാചകങ്ങളൊന്നും ഉപയോഗിക്കില്ല. പക്ഷേ വർഗീയത പറഞ്ഞാൽ വർഗീയതയെ എതിർക്കുകതന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അത് യുഡിഎഫിന്റെ നിലപാടാണ്. ആര് വർഗീയത പറഞ്ഞാലും അതിനെ എതിർക്കും. അതിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. ഈ സർക്കാർ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം പ്ലാൻ ചെയ്ത് നടത്തുന്ന ഭൂരിപക്ഷ വർഗീയവാദത്തിന്റെ തുടർച്ചയാണ് സജി ചെറിയാന്റെ വർഗീയ പരാമർശം. ഇത് ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. അതിനു മുൻപ് മുഖ്യമന്ത്രിയുടെ പിആർ ഏജൻസി ഡൽഹിയിലെ മാധ്യമങ്ങൾക്ക് ലഘുവിവരണം നൽകി. അതേകാര്യം മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. പിന്നീട് നിഷേധിച്ചു. അത് മുഖ്യമന്ത്രി നൽകിയതാണെന്ന് ആ പത്രവും വ്യക്തമാക്കിയിട്ടുണ്ട്. അതേകാര്യം കേരളത്തിൽവന്ന് ചില സമുദായ നേതാക്കളെക്കൊണ്ട് പറയിച്ചു. അതിനുശേഷം എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവന വന്നു.
അതിനും പിന്നാലെയാണ് സജി ചെറിയാന്റെ പരാമർശം. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമർശമാണ് മന്ത്രി സജി ചെറിയാൻ നടത്തിയത്. രണ്ട് ജില്ലകളിൽ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാൻ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാൻ യോഗ്യതയില്ല. ഒരു തവണ ഇറങ്ങിപ്പോയതാണ്. മന്ത്രിയെ തിരുത്തിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണ്.
മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർത്തും. സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സിപിഎം തുടങ്ങിയ പ്ലാനിംഗാണ് ഇത്. മുഖ്യമന്ത്രി നടത്തിയ അഭിമുഖം മുതൽ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. സ്വയം പറയാൻ പറ്റാത്തത് മറ്റുള്ളവരെ കൊണ്ട് പറയിച്ചിട്ട്, പറഞ്ഞതിൽ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Kerala
കൊല്ലം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ.
മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയാറാകണം. വർഗീയധ്രുവീകരണ നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷവും വർഗീയതയും ചർച്ചയാകുന്നിടത്ത് പിഡിപിയുടെ മേൽ തീവ്രവാദ ചാപ്പ കുത്തുന്നതു ലീഗിനെതിരേയുള്ള ആരോപണങ്ങൾ മറയ്ക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില് സിപിഎം വേണ്ടവിധത്തില് സീറ്റും വോട്ടും പിന്തുണയും നല്കിയില്ലെന്ന് കേരള കോണ്ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയില് വിമര്ശനം.
വടക്കന് ജില്ലകളില്നിന്നുള്ള പ്രതിനിധികളാണ് സിപിഎമ്മില്നിന്നുണ്ടായ ദുരനുഭവങ്ങള് നിരത്തിയത്. പ്രചാരണത്തില് സഹകരിച്ചില്ല, വോട്ട് മറിച്ചുകുത്തി തുടങ്ങി വിമര്ശനങ്ങളുണ്ടായി.
മലബാറിലെ കുടിയേറ്റ കര്ഷകര്ക്ക് താഴേത്തട്ടില് സിപിഎമ്മിനൊപ്പം പ്രവര്ത്തിക്കുന്നതിലെ അതൃപ്തി തുറന്നടിച്ചു.
National
ന്യൂഡൽഹി: എന്എസ്എസ് നേതൃത്വത്തിനെതിരായ തന്റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.
എൻഎസ്എസിനെതിരായ വിമർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണർ നിലപാട് മാറ്റിയത്.
എന്എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില് തനിക്ക് പുഷ്പാര്ച്ചന നടത്താന് അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.
മന്നം സമാധിയില് പുഷ്പാര്ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര് സമുദായംഗത്തിന്റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്ഹി എന്എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.
തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ അത് തന്റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
"ബംഗാള് ഗവര്ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള് ഞാന് ആദ്യം വിളിച്ചവരിലൊരാള് എന്എസ്എസ് ജനറല് സെക്രട്ടറിയാണ്. ഗവര്ണറായി ചുമതലയേല്ക്കുന്നതിന് മുന്പ് മന്നം സമാധിയില് പുഷ്പാര്ച്ചന നടത്തണമെന്ന് ഞാന് ആഗ്രഹം പ്രകടിപ്പിച്ചു. ഞാന് അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര് തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില് കയറ്റി അയക്കുകയും ചെയ്തു. എന്നാല് സമാധിയില് പുഷ്പാര്ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'
"എനിക്ക് സമാധിയില് പുഷ്പാര്ച്ചന നടത്താന് അവകാശമില്ലേ? നായര് സമുദായത്തിലെ ഓരോരുത്തര്ക്കും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില് പോയി ആദരവ് അര്പ്പിക്കാന് അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന് പെരുന്നയില് പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.
അതേസമയം, ആനന്ദ ബോസിന്റെ ആരോപണങ്ങള് തള്ളിയ എന്എസ്എസ് ജനറല്സെക്രട്ടറി ജി. സുകുമാരന് നായര് അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
International
ന്യൂയോർക്ക്: സൈനികനീക്കത്തിലൂടെ വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടിയ അമേരിക്കൻ നടപടി യുഎൻ തത്വങ്ങളുടെ ലംഘനമാണെന്ന വിമർശനം പരക്കേ ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റേതു നിയമവിരുദ്ധ നടപടിയാണെന്നാണ് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നലെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു.
വെനസ്വേലയിലാകട്ടെ മഡുറോയെ പിന്തുണച്ചും യുഎസ് നടപടിയെ സ്വാഗതം ചെയ്തും പ്രകടനങ്ങൾ നടന്നു. ട്രംപിന്റേത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും യുക്രെയ്നെ കീഴടക്കാൻ തക്കം പാർത്തു കഴിയുന്ന റഷ്യക്കും തായ്വാനെ കീഴടക്കാൻ കാത്തുകഴിയുന്ന ചൈനയ്ക്കും ഉത്തേജനം പകരുന്നതാണ് ഈ നടപടിയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടിവന്നാൽ വെനസ്വേലയിലേതുപോലെ ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലേക്കും കടന്നുകയറുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അസ്വസ്ഥതയ്ക്കിടയാക്കിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ജാഗ്രതാനിർദേശം നൽകുകയും അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിലും ഭീതി വർധിപ്പിക്കുന്നു.
Kerala
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനത്തെ പരിഹസിച്ച് സിപിഎം രാജ്യസഭാ എംപി ജോണ് ബ്രിട്ടാസ് നടത്തുന്ന വിമർശനം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
പുതിയ തൊഴിലുറപ്പു നിയമം കൊണ്ടുവന്നു രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണരെ പട്ടിണിയിലേക്കു തള്ളിവിടുന്ന ബിജെപി സർക്കാരിനെയോ പ്രധാനമന്ത്രിയെയോ അദ്ദേഹം വിമർശിക്കുന്നില്ല. വിമർശനത്തിന്റെ മുന രാഹുൽ ഗാന്ധിക്കു നേരേയാണ്. ഇത് എന്തിനു വേണ്ടിയാണെന്നും ആർക്കു വേണ്ടിയാണെന്നും അരിയാഹാരം കഴിക്കുന്നവർക്കു മനസിലാകും.
ബിജെപി കേന്ദ്ര നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ജോണ് ബ്രിട്ടാസ് എന്നത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ രാജ്യസഭയിൽ പറഞ്ഞത് കേട്ടതാണ്.
പ്രധാനമന്ത്രി കഴിഞ്ഞ സെഷനിൽ കഷ്ടിച്ച് രണ്ടോ മൂന്നോ വട്ടമാണ് പാർലമെന്റ് നടപടികളിൽ പങ്കെടുത്തത്. അതേക്കുറിച്ച് പറയാൻ ബ്രിട്ടാസിന്റെ നാവ് പൊന്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. എ.പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു.
ഇത് എതിരാളികൾ ആയുധമാക്കി. എ.പത്മകുമാറിനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. മുൻ എംഎൽഎ കെ.സി. രാജഗോപാലൻ പഞ്ചായത്തിൽ മത്സരിച്ചതിനെതിരെയും വിമർശനമുയർന്നു.
മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായി. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തേൽപ്പിക്കാൻ ശ്രമിച്ചെന്നും കെ.സി.രാജഗോപാലൻ ആരോപിച്ചിരുന്നു.
ഇത് അച്ചടക്കലംഘനമാണ്. പരസ്യ പ്രതികരണം നടത്തിയതിൽ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ഡിജിറ്റൽ-സാങ്കേതിക സര്വകലാശാലകളിലെ വിസി നിയമനത്തിൽ ഗവര്ണറുമായി സമവായത്തിലെത്തിയതിലാണ് നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.
യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചത് ഒറ്റയ്ക്കാണെന്നും പിഎം ശ്രീക്ക് സമാനമായ ആക്ഷേപം വിസി നിയമന സമവായത്തിലും ഉയരുമെന്നും നേതാക്കള് മുന്നറിയിപ്പ് നൽകി.
ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയര്ന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കള് എതിര്ത്തു. തീരുമാനം രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കള് യോഗത്തിൽ ഓര്മിപ്പിച്ചു.
വിസി നിയമനത്തിലെ സമവായം പാർട്ടി അറിഞ്ഞില്ലെന്നും പാർട്ടിയുമായി ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും യോഗത്തിൽ നേതാക്കൾ ആരോപിച്ചു. എന്നാൽ വിമർശനം ഉയർന്ന സാഹചര്യത്തിലും പിണറായി വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സർക്കാർ നിലപാട് ഇതെന്ന് മുഖ്യമന്ത്രി ആവര്ത്തിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കനത്ത തോല്വിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മേയർ ആര്യാ രാജേന്ദ്രൻ .
ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. "Not an inch back' എന്നെഴുതി വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്ശനങ്ങള്ക്ക് ആര്യാ രാജേന്ദ്രന് മറുപടി നല്കിയത്.
നേരത്തെ, ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് മുൻ കൗൺസിലർ ഗായത്രി ബാബു ഉന്നയിച്ചത്. "പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം' എന്നിങ്ങനേയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്.
ആര്യയുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രി വിമർശനം ഉന്നയിച്ചത്. വിവാദമായതോടെ കുറിപ്പ് അവർ പിന്വലിച്ചിരുന്നു.
അതേസമയം, ഗായത്രി ബാബുവിനെ തള്ളി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
National
ഇംഫാൽ: മണിപ്പുരിൽ കുക്കി ദുരിതാശ്വാസ ക്യാന്പിൽ മെയ്തെയ് വിഭാഗക്കാരനായ ബിജെപി എംഎൽഎ സന്ദർശനം നടത്തിയതിനെതിരേ രൂക്ഷ വിമർശവുമായി കുക്കി സംഘടനകൾ.
മുൻ സ്പീക്കർകൂടിയായ യുമ്നാം ഖേംചന്ദ് സിംഗ് ആണ് ഉഖ്റുൾ ജില്ലയിലെ കുക്കി ദുരിതാശ്വാസ ക്യാന്പിൽ തിങ്കളാഴ്ച സന്ദർശനം നടത്തിയത്.
കണക്കുകൂട്ടിയുള്ള രാഷ്ട്രീയ അഭ്യാസമെന്നാണ് ഖേംചന്ദ് സിംഗിന്റെ സന്ദർശനത്തെ കുക്കി സംഘടനകളുടെ അപ്പെക്സ് ബോഡിയായ കുക്കി ഇൻപി ഉഖ്റുൾ വിശേഷിപ്പിച്ചത്.
എംഎൽഎയെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് സംഘടന അറിയിച്ചു. കുക്കി-സോ നേതാക്കളെ മുൻകൂട്ടി അറിയിക്കാതെയാണ് എംഎൽഎ ക്യാന്പ് സന്ദർശിച്ചതെന്ന് കുക്കി-സോ കൗൺസിൽ കുറ്റപ്പെടുത്തി
Movies
വിവാദങ്ങളുടെ തോഴനാണ് ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാന്റെ മകനും സംവിധായകനുമായ ആര്യന് ഖാന്. സ്വകാര്യ പരിപാടിക്കായി ബംഗളൂരുവിലെത്തിയ ആര്യന് നഗരത്തിലെ ഒരു പബ്ബിലെത്തുന്നതും കൈവീശി സ്നേഹം പ്രകടിപ്പിച്ച ആരാധകർക്കുനേരെ -നടുവിരല്- ഉയര്ത്തിക്കാണിച്ചു പ്രതികരിച്ചതുമാണ് പതിയ വിവാദം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആര്യനെതിരെ വലിയ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.
2018 ആക്രമണക്കേസ് ഉള്പ്പെടെ വിവാദഭൂതകാലമുള്ള ബിഡിഎ ചെയര്മാന് എന്.എ. ഹാരിസിന്റെ മകന് നല്പാഡ് ഹാരീസ്, കര്ണാടക മന്ത്രി സമീര് അഹമ്മദ് ഖാന്റെ മകന് സയിദ് ഖാന് എന്നിവരോടൊപ്പമായിരുന്നു ആര്യന്റെ പബ്ബ് സന്ദര്ശനം. അശോക് നഗര് പോലീസ് സ്റ്റേഷന് പരിധിയിലുള്ള പബ്ബിലാണ് ആര്യന് ഖാന് എത്തിയത്. ആര്യന് പൊതുസ്ഥലത്ത് രണ്ടു കൈയുടെയും നടുവിരല് ഉയര്ത്തി, മോശമായ ആഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില് കാണാം.
വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചതിനെത്തുടര്ന്ന് കേസെടുക്കാന് സമൂഹത്തിന്റെ നാനാതുറയിലുള്ളവര് ബംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല് കര്ണാടക പോലീസ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. ആര്യന് ഖാന്റെ ഒപ്പമുണ്ടായിരുന്ന നല്പാഡ് നിരവധി നിയമനടപടികള് നേരിടുന്ന ഉന്നതന്റെ പുത്രനാണ്. പബ്ബില് ഇവര് എന്തൊക്കെ ചെയ്തുകൂട്ടിയെന്ന് റിപ്പോര്ട്ടില്ല. പബ്ബില് ഉണ്ടായിരുന്നവര്ക്കുനേരേ നടുവിരല് ഉയര്ത്തിക്കാണിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് റിപ്പോര്ട്ട്.
ആര്യന് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിനു പിന്നിലെ കാരണവും വ്യക്തമല്ല. എന്തായാലും സംഭവത്തില് വന് പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. സെലിബ്രിറ്റികള്ക്ക് തോന്നിയതെന്തും ചെയ്യാമോ എന്നാണ് നാട്ടുകാര് ചോദിക്കുന്നത്. സംഭവം, വിവാദമായതോടെ, ഷാരൂഖ് ഖാന്റെ പ്രതികരണമാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല് ബോളിവഡ് സൂപ്പര്താരം ഇതിനോടു പ്രതികരിച്ചിട്ടില്ല.