കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ
തൃശൂർ: അമല, ജൂബിലി ആശുപത്രികൾക്കെതിരേ നടക്കുന്നത് നഴ്സുമാരുടെ സമരമല്ല യുഎൻഎയുടെ സ്പോണ്സേഡ് പൊറാട്ടുനാടകമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. യുഎൻഎ സമരത്തിന്റെ പേരിൽ തൃശൂർ അതിരൂപതയെയും അധ്യക്ഷനെയും അവഹേളിക്കുന്നതിനെതിരേ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് ഒരു മഹിതമായ ചരിത്രമുണ്ട്. ചിലർ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെയും മറ്റും തെറ്റിദ്ധാരണയുണ്ടാക്കുന്പോൾ എന്താണു സത്യമെന്ന് വെളിപ്പെടുത്താനാണ് തൃശൂർ അതിരൂപത പ്രതിരോധ സംഗമം സംഘടിപ്പിച്ചെതന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികളുടെ സംഘടിത ശ്രമങ്ങൾക്ക് നേരേയുള്ള ശക്തമായ എതിർപ്പാണ് ഈ സംഗമം.
ആതുരശുശ്രൂഷാ മേഖലയിൽ ഇതുവരെയും സർക്കാർ, നിയമ സംവിധാനങ്ങളോടുചേർന്നു മാത്രമാണു സഭ പ്രവർത്തിച്ചിട്ടുള്ളത്. സാധാരണക്കാരന് കൈത്താങ്ങാകുന്ന ജൂബിലി, അമല ആശുപത്രികൾക്കെതിരേ നടക്കുന്ന ഒരു പൊറാട്ടുനാടകവും വിലപ്പോകില്ല. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് ആശ്രയമായ ഈ ആശുപത്രികളെ തകർത്ത് ആർക്കൊക്കെയോ ഇവിടേക്കു കടന്നുവരാനുണ്ടെന്ന സൂചനയാണ് യുഎൻഎ സമരം. ആരാണ് ഇതിനു പിന്നിലെന്ന ആശങ്കയാണ് ഉയർന്നുവരേണ്ടതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
എന്തിനോവേണ്ടി സമരത്തിനിറങ്ങിത്തിരിച്ച നഴ്സുമാർ യുഎൻഎയുടെ ആസൂത്രിത കച്ചവടതാത്പര്യം തിരിച്ചറിയണം. ഒഴിവു വരുന്നതനുസരിച്ച് തിരിച്ചെടുക്കാമെന്ന മാനജ്മെന്റ് മനോഭാത്തേനക്കാൾകൂടുതലെന്താണു നൽകേണ്ടത്? എന്തിനായിരുന്നു സഭാ കേന്ദ്രത്തിലേക്കുള്ള തിരക്കിട്ട മാർച്ച്? സഭാവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പം അണിനിരന്ന് അതിരൂപതാധ്യക്ഷന്റെ വസതിയിലേക്ക് ഇരച്ചുകയറിയതെന്തിന്?സമരത്തിന്റെ മറവിലുള്ള കാപട്യങ്ങൾ കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അടവുനയവുമായി എത്തുന്ന യുഎൻഎയുടെ കുഴലൂത്തുകാരുടെ പദ്ധതികൾ ഇവിടെ നടപ്പാകില്ല. വിദ്യാഭ്യാസ, ആതുരസേവന രംഗത്തെ സേവനങ്ങൾ സഭ മുന്നോട്ടുകൊണ്ടുപോകുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
Tags : Mar Jose Pulikkal UNA Amala Jubilee Hospitals Drama Struggle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash