പ്രതീകാത്മക ചിത്രം
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില്‍ ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്‍, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില്‍ അല്ല, ഫുട്ബോളില്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്‍ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള്‍ വൈരം. ഫിഫ ലോകകപ്പില്‍ വല്ലപ്പോഴും മാത്രമെത്തുന്ന കോള്‍ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില്‍ വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്‍. അതായത് 14
വര്‍ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്‍ലന്‍ഡിനെ അര്‍ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്‍ഷന്‍ ഹൈപ്പര്‍ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്‍. യൂറോപ്പില്‍ കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്‍ജന്റീനയും തമ്മില്‍ എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്‍ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്‍ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്‍ജന്റീനയില്‍നിന്ന് വെറും 450 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്‍ഡ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല്‍ അര്‍ജന്റീനക്കാര്‍ അവകാശപ്പെടുന്നിടം. എന്നാല്‍, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര്‍ അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്‍ജന്റൈന്‍ സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ കപ്പല്‍ വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്‍ജന്റൈന്‍ സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്‍ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്‍ക്കാര്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്‍ജന്റീന കളത്തില്‍. ആ മത്സരം രണ്ടു കാര്യങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്‍. മത്സരം അര്‍ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല്‍ അല്ലാത്തൊരു പൊളിറ്റിക്കല്‍ പ്രസ്താവന നടത്തി. “ഞങ്ങള്‍ രാജ്യത്തിന്റെ പതാകയെയാണ് ഉയര്‍ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്‍റ്റി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്‍. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില്‍ അര്‍ജന്റീന ഒപ്പം. എന്നാല്‍, 47-ാം മിനിറ്റില്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അര്‍ജന്റൈന്‍ ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില്‍ സിമയോണിയെ പിന്‍കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്‍വിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്.
2005ല്‍ അര്‍ജന്റൈന്‍ ദേശീയ സീനിയര്‍ ടീം അരങ്ങേറ്റം നടത്തിയെങ്കിലും മെസി ഇതുവരെ ഇംഗ്ലണ്ടിനെതിരേ കളിച്ചിട്ടില്ല. 2005 നവംബറില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും സൗഹൃദ മത്സരം കളിച്ചെങ്കിലും മെസി ടീമില്‍ ഇല്ലായിരുന്നു. തന്റെ അവസാന ലോകകപ്പ് കളിക്കുന്ന മെസിക്ക്, മാറഡോണയെപ്പോലെ ഇംഗ്ലണ്ടിനെതിരേ അര്‍ന്റീനയെ ജയത്തിലെത്തിക്കാനുള്ള അസുലഭ നിമിഷമായിരിക്കാം വന്നിരിക്കുന്നത്.
ദേശീയതയുടെ ചുവയുള്ള ഇക്കാര്യത്തിലും മാറഡോണയ്ക്കൊപ്പമെത്താന് മെസിക്കു സാധിക്കുമോ..? അതിന് ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, ബുക്കായൊ സാക്ക തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് അനുവദിക്കുമോ..? ഏതായാലും മൈതാനത്ത് യുദ്ധം ഉറപ്പായി... അവസാന ചിരി ആരുടേതെന്നതിനായി കാത്തിരിക്കാം...
Tags : Argentina England FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Tennis Cricket Badminton