യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.
ലക്നോ: വിവാഹം കഴിഞ്ഞ് പതിനാറാം ദിവസം നവവധുവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്.
രഘുവിപുര സ്വദേശിനിയായ ശ്രീദേവിയുടെ (21) മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെടുത്തത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ 26നാണ് ബദായൂൻ സ്വദേശിയായ യുവാവുമായി ശ്രീദേവിയുടെ വിവാഹം നടന്നത്.
എന്നാൽ വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് ആരോപണം. പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി പിന്നീട് ഭർതൃഗൃഹത്തിലേക്ക് തിരികെ പോകാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ ഒമ്പതാം തീയതി വീട്ടുകാരോട് പറയാതെ പുറത്തുപോയ ശ്രീദേവിയെ കാണാതാവുകയായിരുന്നു. കുടുംബം നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി നദിക്ക് സമീപത്തേക്ക് പോകുന്നത് കണ്ടതായി ചില ഗ്രാമവാസികൾ അറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഞായറാഴ്ച നദിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
സ്ത്രീധന പീഡനമാണ് തന്റെ മകളുടെ മരണത്തിന് ഇടയാക്കിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ശ്രീദേവിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Tags : Death NewlywedWoman River DowryHarassment