മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനത്തിനിരയായ യുവതി ജീവനൊടുക്കി. എഞ്ചിജിനീയറായ വൈഷ്ണവി പ്രവീൺ ജരാണ്ടെ (23) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഓങ്കാർ സഞ്ജയ് ഘിസാരെ (28), ഇയാളുടെ മാതാപിതാക്കളായ സഞ്ജയ് മഹാദേവ് ഘിസാരെ (49), രൂപാലി സഞ്ജയ് ഘിസാരെ (42) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഈ വർഷം മെയിലാണ് യുവതിയുടെ വിവാഹം നടന്നത്. വൈഷ്ണവിയുടെ കുടുംബം സ്ത്രീധനമായി 45 ലക്ഷം രൂപയും 10 പവൻ സ്വർണം നൽകിയിരുന്നു. എന്നാൽ കാർ വാങ്ങുന്നതിനായി വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
വൈഷ്ണവിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഓങ്കാർ സഞ്ജയ് ഘിസാരെക്കും മാതാപിതാക്കൾക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മരണസമയത്ത് യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.