വിയറ്റ്നാമിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചിമിൻ സിറ്റിയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട 17ൽ 16 ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങിയതായും എംബസി എക്സിൽ പറഞ്ഞു. ഫു ക്വോകിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നയാളുടെ നില ഗുരുതരമാണ്.
വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിലെ ഹോൺ മെയ് റുട്ട് എൻഗോയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇന്ത്യയിൽനിന്നുള്ള 32 വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേർ മരിച്ചു. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി.
മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമ കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലവ്നി തോമസും.
വിയറ്റ്നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് എല്ലാ സഹായവും അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും മൂന്നു പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്, വെള്ളമണൽ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, ദ്വീപ് ഹോപ്പിംഗ് ഉല്ലാസയാത്രകൾ എന്നിവയ്ക്കു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
Tags : Vietnam Boat Disaster Survivors India Bodies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash