Kerala
കൊച്ചി: വൈപ്പിനിൽ അനധികൃതമായി തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. പള്ളിപ്പുറം സ്വദേശി ബൈജു എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിഹോൺ എന്ന ട്രോളിംഗ് ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കരയോട് ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ട് കുടുങ്ങിയത്. ഇവർ പിടിച്ച മത്സ്യങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് അടക്കും.
പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ ഫിഷറീസ് സ്വീകരിക്കുമെന്ന് വൈപ്പിൻ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ആര്യ അറിയിച്ചു. ഫോർട്ട് കൊച്ചി കോസ്റ്റൽ സിഐ സംഗീത് ജോബ്, മറൈന്‍ എൻഫോഴ്സ്മെന്റ് എസ്ഐ മഞ്ജിത്ത് ലാൽ, എഎസ്ഐ അനീഷ്, റോയ്, സുജീഷ്, പ്രണവ്, ഡിക്സ്ൺ, സുനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
International
മസ്കറ്റ്: ഒമാനിലെ മത്ര പ്രവിശ്യയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദേശികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവർ ഫ്രാൻസിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 9.15ഓടെയാണ് അപകടം ഉണ്ടായത്. 23 ഫ്രഞ്ച് വിനോദസഞ്ചാരികളും, കപ്പൽ ക്യാപ്റ്റനും, ഒരു ടൂർ ഗൈഡും ഉൾപ്പെടെ 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് 2.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.
അപകടം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUNDAY DEEPIKA
വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ കെട്ടുവള്ളങ്ങൾ നൂറ്റാണ്ടുകൾക്കുമുന്‍പുതന്നെ ധാരാളം ഉപയോഗിച്ചിരുന്ന ഒരിടമുണ്ട്. ആലപ്പുഴയോ കുമരകമോ അല്ല, കൊല്ലത്തെ മണ്‍റോ തുരുത്താണ് അത്.
പാചകത്തിനും ഉറക്കത്തിനും കെട്ടുറപ്പുള്ള ഒരു ചെറിയ മുറി, ചരക്കു കയറ്റാനുള്ള സൗകര്യം. ദിവസങ്ങളോളം യാത്രചെയ്യാൻ സൗകര്യമുള്ളതായിരുന്നു ഈ വള്ളങ്ങൾ. കുടുംബ സമേതമുള്ള തീർഥാടന യാത്രകൾക്കും, വെള്ളപ്പൊക്കമുണ്ടാകുന്ന കാലങ്ങളിൽ സുരക്ഷിതകേന്ദ്രമായും ഇവ ഉപയോഗിച്ചു. അഷ്ടമുടി- കായംകുളം കായലുകൾ വഴി, ആലപ്പുഴ തോടുകടന്ന് കോട്ടപ്പുറത്തെത്തി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോകുമായിരുന്നത്രേ കുടുംബങ്ങൾ. ഏതാണ്ട് രണ്ടാഴ്ചയെടുക്കുന്ന യാത്ര! ഇന്നത് ഭാവനയിൽ കാണാനേ കഴിയൂ.
അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയ്ക്കുള്ള ദ്വീപസമൂഹമാണ് മണ്‍റോ തുരുത്ത്. യാത്രികർക്ക് പ്രിയപ്പെട്ട ഇടമാണ് ഇപ്പോൾ ഇത്. കൊല്ലം പട്ടണത്തിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ ദൂരം. റെയിൽവേ സൗകര്യവുമുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മണ്‍റോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേരു ലഭിച്ചത്.
ചെറിയ വള്ളങ്ങളിൽ കണ്ടൽക്കാടുകൾ കണ്ടുള്ള യാത്രകൾ, മണ്‍റോ സായിപ്പിന്റെ ബംഗ്ലാവ്, ദേവാലയങ്ങൾ, കൃഷിയിടങ്ങൾ, രുചികരമായ ഭക്ഷണം... കാണാനും അറിയാനും ആസ്വദിക്കാനും തുരുത്തിൽ ഒട്ടേറെയുണ്ട്. റിസോർട്ടുകൾ അടക്കം താമസസൗകര്യങ്ങളും ലഭ്യമാണ്.
ഡെൽറ്റാ പ്രദേശം എന്ന നിലയിൽ പ്രാധാന്യമുള്ള ജൈവവൈവിധ്യ പ്രദേശമാണ് ഇവിടം. കടലിനോടു ചേരുന്നതിനാൽ മത്സ്യസന്പത്തും ധാരാളം.
NRI
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ് യുഎസ്എയുടെ വാർഷിക പൊതുയോഗവും 2026ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓറഞ്ചുബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റില്‍ നടന്നു.
വൈസ് പ്രസിഡന്റ് ജയപ്രകാശ് നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കൂടുതൽ യുവാക്കളെ തുഴച്ചിൽക്കാരായി കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ട്രഷറർ വിശാൽ വിജയൻ കണക്കുകൾ അവതരിപ്പിച്ചു.
Kerala
മലപ്പുറം: പൊന്നാനിയിൽ കടലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ബുധനാഴ്ച വൈകുന്നേരം മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ നശിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു പാലപ്പെട്ടി അജ്മേര്‍ നഗരിൽ കടലേറ്റം. വളളത്തിൽ ഉണ്ടായിരുന്ന എഞ്ചിനുകൾക്കും കേടുപറ്റിയിട്ടുണ്ട്.
District News
ചാവക്കാട്: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ടു വഞ്ചിയിൽ നിന്ന് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം സ്നേഹതീരം ഇഷ്ത്താക്കിരി ആണ്ടി മകൻ ശിവന്റെ (55) മൃതദേഹമാണ് മുനക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനു സമീപം പുഴയിൽ കണ്ടെത്തിയത്.
തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയിൽ നിന്നാണ് കടലിൽ വീണത്. ഞായറാഴ്ച രാവിലെ കടപ്പുറം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വഞ്ചിയിൽ നിന്ന് ശിവൻ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സഹതൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തുവെങ്കിലും ശിവൻ താഴ്ന്നുപോയി. തീരദേശ പോലീസ്, ഫിഷറീസ് ബോട്ട്, മത്സ്യത്തൊഴിലാളികൾ എന്നിവർ ഉടനെ തെരച്ചിലിന് ഇറങ്ങി. രാത്രിയിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഇന്നലെ രാവിലെ വീണ്ടും തെരച്ചിലിന് ഇറങ്ങുന്നതിനിടയിലാണ് മൃതദേഹം ചേറ്റുവ പുഴയിൽ കണ്ടത്. പോലീസ് നടപടികൾ സ്വീകരിച്ചു. ഭാര്യ: സുജാത. മക്കൾ: അശ്വതി, അശ്വനി, അക്ഷയ. മരുമക്കൾ: നിതിൻ, മിഥുൻ.
District News
അരീക്കോട്: താനൂർ തൂവൽ തീരം ബീച്ചിൽ 2023 മേയ് ഏഴിനുണ്ടായ ബോട്ടപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സംബന്ധിച്ചും അന്വേഷണ റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ രണ്ടാംഘട്ട പൊതുതെളിവെടുപ്പും ഹിയറിംഗും സമാപിച്ചു.
പുതിയ ബോട്ടുകൾക്ക് നൽകിവരുന്ന ലൈസൻസ് സന്പ്രദായം കൂടുതൽ കർക്കശമാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ബോട്ട് ഫിറ്റ്നസ് പരിശോധനക്ക് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുക, ബോട്ടിൽ സഞ്ചരിക്കുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങുകയും ആളുകളുടെ എണ്ണത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, താനൂർ പാലം പുനർനിർമിക്കുക, രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളും ആളുകളും ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ ഉണ്ടെന്ന് ഉറപ്പാക്കുക, ബോട്ട് യാത്രക്കാരുടെ ശ്രദ്ധക്ക് നോട്ടീസ് ബോർഡ് സ്ഥാപിക്കുക, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾ സൗകര്യമൊരുക്കുക, ജലാശയ അപകടങ്ങൾക്കെതിരേ കാന്പയിൻ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് തെളിവെടുപ്പിൽ ഉയർന്നത്.
സെപ്റ്റംബർ 10 മുതൽ തുടങ്ങിയ പൊതുതെളിവെടുപ്പിലൂടെ ജലഗതാഗത മേഖലയിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട പരിഹാര മാർഗങ്ങൾ ശിപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിംഗ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക, മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
അരീക്കോട് ഗ്രാമപഞ്ചായത്ത് എൻ.വി. ഇബ്രാഹിം മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹിയറിംഗിൽ ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ കുസാറ്റ് ഷിപ് ബിൽഡിംഗ് ടെക്നോളജി വിഭാഗം റിട്ട. പ്രഫസർ ഡോ. കെ.പി. നാരായണൻ, കമ്മീഷൻ മെന്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജ് ടി.കെ. രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ ജോയിന്റ് സെക്രട്ടറി ആർ. ശിവപ്രസാദ്, കമ്മീഷൻ അഭിഭാഷകൻ ടി.പി. രമേഷ്, ഡെപ്യൂട്ടി കളക്ടർ വി.ടി. ഘോളി, ഏറനാട് തഹസിൽദാർ എം. മുകുന്ദൻ, ഡെപ്യൂട്ടി തഹസിൽദാർ കെ. സരിത കുമാരി, പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
International
ന്യൂഡൽഹി: കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്നുപേർക്ക് ദാരുണാന്ത്യം. മൊസാംബിക്കിലുണ്ടായ അപകടത്തിൽ മലയാളിയടക്കം അഞ്ചുപേരെ കാണാതായെന്ന് അധികൃതർ പറഞ്ഞു.
എംടി സീ ക്വസ്റ്റ് എന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്.
കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.
NRI
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദമ്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറിയത്.
ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.
കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.
സമുദ്രയാത്രാ പ്രിയനായ നിക്കിന്റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്.
ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.
ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു.
കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.
ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്
പണി പൂർത്തിയാക്കി, അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.
District News
ജൂലൈ 15നകം റജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം
വിഴിഞ്ഞം: അനധികൃത ഉല്ലാസ സ്പീഡ് ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കുമെതിരെ നടപടിക്കൊരുങ്ങി അധികൃതർ. ജൂലൈ 15 നുള്ളിൽ നിയമാനുസൃത ഫീസടച്ച് രജിസ്റ്റർ ചെയ്യാത്ത യാനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനു പരി അവയെ നശിപ്പിച്ച് കളയാനുമാണ് തീരുമാനം.
ജില്ലയിൽ പൂവാർ പൊഴിക്കര, നെയ്യാർ ഡാം, വേളി, വർക്കല കാപ്പിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായി 400-ൽപ്പരം ഇൻലാന്റ് ഉല്ലാസബോട്ടുകൾ ഉള്ളതായി അധികൃതർ പറയുന്നു.
കൂടാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കടലിലും നാല്പതോളം ഉല്ലാസബോട്ടുകൾ സർവീസ് തുടരുന്നുണ്ട്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ചു കൂടുതൽ എണ്ണം സർവീസ് നടത്തുന്നതായ ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു.
ജില്ലയിൽ ഏറ്റവുമധികം ഉല്ലാസ ബോട്ടുകൾ സഞ്ചാരികളുമായി സർവീസ് നടത്തുന്നത് നെയ്യാറിന്റെ പതനസ്ഥലമായ പൂവാർ പൊഴിക്കരയിലാണ്. ഇവിടെ മാത്രം നാന്നൂറോളം സ്പീഡ് ബോട്ടുകൾ ഉള്ളതായാണറിവ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായതിനാൽ പരിശോധനക്കെത്തുന്നവരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാനും ഇവിടെ എളുപ്പമാണ്.
ഇത്തരക്കാരെ കുടുക്കുന്നതിനു കൂടെയാണു നിയമം കർശനമാക്കുന്നത്. കൂടാതെ വൻകിട റിസോർട്ട് ഉടമകൾ നെയ്യാർ കൈ യേറി അനധികൃതമായി നിരവധി ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾ നിർമിച്ചിട്ടുള്ളതായും പരാതിയുണ്ട്. സഞ്ചാരികളായെത്തുന്നവരിൽനിന്നു വൻ തുക ഈടാക്കി വർഷങ്ങളായി വാടകക്ക് നൽകുന്നവർക്കെതിരെയും ഇതുവരെയും നടപടിയെടുക്കാനായിട്ടില്ല.
ഉന്നത രാഷ്ട്രീയക്കാരുടെ പിൻബലത്തിലാണ് റിസോർട്ട് കാരുടെ വിലസൽ. പുതിയ നിയമമനുസരിച്ച് ഇത്തരത്തിലുള്ള നിർമിതികളും രജിസ്ട്രേഷൻ പരിധിയിൽ വരുമെന്നാണറിവ്. വിഴിഞ്ഞം തുറമുഖ വകുപ്പ് അധികൃതർക്കാണ് രജിസ്ട്രേനും ലൈസൻസും നൽകാനുമുള്ള അധികാരം. അടുത്ത കാലത്തായി നിയമലംഘനം നടത്തി ഓട്ടം നടത്തിയ നിരവധി ഉല്ലാസ ബോട്ടുകൾ പിടികൂടി പിഴയീടാക്കിയെങ്കിലും ഇപ്പോഴു നിയമലംഘനം തുടരുന്നുണ്ട്.
സഞ്ചാരികളെ കാൻവാസ് ചെയ്യുന്നതിനുള്ള ബോട്ട് ക്ലബുകാരുടെ മത്സരവും അധികൃതർ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ അമിത ഫീസ് ഇടാക്കലുമെല്ലാം നിരന്തരതർക്കങ്ങൾക്കും കാരണമായതായി പോലീസ് പറയുന്നു.
നിയമവിരുദ്ധമായി നെയ്യാറിലിറങ്ങുന്ന ബോട്ടുകൾക്കെതിരെ പോലീസ് നടപടികളും തുടരുന്നുണ്ട്. നിയമം കർശനമാക്കുന്നതോടെ നിശ്ചിതയോഗ്യതയുള്ളവരെ കൊണ്ട് ബോട്ട് ഓടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.