ടാറ്റാ കണ്‍സൾട്ടൻസി സർവീസസ്
മുംബൈ: ടാറ്റാ കണ്‍സൾട്ടൻസി സർവീസസ് 8900 എൻജിനിയർമാരുടെ ഒരു വലിയ ടീം രൂപീകരിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിൽ പുതിയ കന്പനികളെ ഏറ്റെടുക്കാനുമുള്ള തയാറെടുപ്പിൽ. ആർട്ടിഫിഷൽ ഇന്റലിജൻസ് തങ്ങളുടെ ഒൗട്ട്സോഴ്സിംഗ് ബിസിനസിനെ തകർക്കില്ലെന്നും പകരം പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കന്പനി വിശ്വസിക്കുന്നതെന്ന് ടിസിഎസിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ആശങ്കകൾക്കിടയിലാണ് ടിസിഎസിന്റെ ഈ പുതിയ നീക്കം പുറത്തുവരുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് കാരണം എൻജിനിയറിംഗ് ടീമുകളുടെ ആവശ്യം കുറയുമെന്നും, പ്രോജക്റ്റുകൾ തീർക്കാനുള്ള സമയപരിധി ചുരുങ്ങുമെന്നും, ഉത്പാദനക്ഷമതയിലുണ്ടാകുന്ന ലാഭത്തിന്റെ പങ്ക് ക്ലയന്റുകൾ ആവശ്യപ്പെടുന്നതോടെ പ്രോജക്ട് നിരക്കുകൾ കുറയുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു. ഇത് ഇന്ത്യയുടെ 315 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐടി സേവന വ്യവസായത്തെ ആകെ തകിടം മറിച്ചേക്കാമെന്നാണ് അവരുടെ ആശങ്ക. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ സേവന കന്പനിയാണ് ടിസിഎസ്.
“ഞങ്ങളുടെ ആകെ ജീവനക്കാരിൽ 1 % മുതൽ 1.5 % വരെ പേരെ എഫ്ഡിഇ (Forward-Deployed Engineers) എന്ന് വിളിക്കാവുന്ന റോളുകളിലേക്ക് മാറ്റാൻ ഞങ്ങൾ തയാറെടുക്കുകയാണ്,’’ ടിസിഎസ് സിഇഒ കെ. കൃതിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജൂണ്‍ അവസാനത്തെ ടിസിഎസിന്റെ ആകെ ജീവനക്കാരുടെ എണ്ണം കണക്കിലെടുത്താൽ, കൃതിവാസൻ പറഞ്ഞ ശതമാനം ഏകദേശം 5,900 മുതൽ 8,900 വരെ ജീവനക്കാരായി മാറും. എന്നാൽ ഇതിനായി കന്പനി പുറത്തുനിന്ന് പുതിയ ആളുകളെ എടുക്കുമോ അതോ നിലവിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് വർഷങ്ങളായി ഏറ്റെടുക്കലുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വന്തം നിലയിലുള്ള വളർച്ചയെ മാത്രം ആശ്രയിച്ചിരുന്ന കന്പനി 2025 അവസാനത്തോടെ ആ നയം മാറ്റി. ഇതിന്റെ തുടർച്ചയായി എഐ, ഡാറ്റ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ കന്പനികളെ ഏറ്റെടുക്കുന്ന കാര്യവും അവർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
“ഞങ്ങളുടെ തന്ത്രപരമായ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന അവസരങ്ങളാണ് ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്,’’ ടിസിഎസ് സിഎഫ്ഒ സമീർ സെക്സറിയ പറഞ്ഞു.
Tags : TCS Form Team Engineers Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds